ആവർത്തനം 24:1-22
24 “ഒരാൾ ഒരു സ്ത്രീയെ വിവാഹം കഴിച്ചശേഷം ആ സ്ത്രീയിൽ ഉചിതമല്ലാത്ത എന്തെങ്കിലും കണ്ട് അവളോട് അനിഷ്ടം തോന്നിയാൽ അയാൾ ഒരു മോചനപത്രം എഴുതി+ കൈയിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് പറഞ്ഞയയ്ക്കണം.+
2 അയാളുടെ വീട്ടിൽനിന്ന് പോന്നശേഷം ആ സ്ത്രീക്കു മറ്റൊരാളുടെ ഭാര്യയാകാം.+
3 രണ്ടാമത്തെ പുരുഷനും ആ സ്ത്രീയെ വെറുത്തിട്ട്* ഒരു മോചനപത്രം എഴുതി കൈയിൽ കൊടുത്ത് വീട്ടിൽനിന്ന് പറഞ്ഞയയ്ക്കുകയോ, അല്ലെങ്കിൽ രണ്ടാമതു വിവാഹം കഴിച്ച പുരുഷൻ മരിച്ചുപോകുകയോ ചെയ്താൽ
4 അവളെ ഉപേക്ഷിച്ച ആദ്യഭർത്താവ്, അശുദ്ധയായ അവളെ വീണ്ടും ഭാര്യയായി സ്വീകരിക്കാൻ പാടില്ല. അത് യഹോവയ്ക്ക് അറപ്പാണ്. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്തിന്മേൽ നിങ്ങൾ പാപം വരുത്തിവെക്കരുത്.
5 “വിവാഹം കഴിഞ്ഞ ഉടനെ ഒരു പുരുഷൻ സൈന്യത്തിൽ സേവിക്കരുത്; അയാളെ മറ്റ് ഉത്തരവാദിത്വങ്ങളും ഏൽപ്പിക്കരുത്. ഒരു വർഷത്തേക്ക് അയാൾ അവയിൽനിന്നെല്ലാം ഒഴിഞ്ഞുനിന്ന് വീട്ടിൽ താമസിച്ച് ഭാര്യയെ സന്തോഷിപ്പിക്കണം.+
6 “ഒരാളുടെ തിരികല്ലോ അതിന്റെ മേൽക്കല്ലോ ആരും പണയമായി വാങ്ങരുത്.+ അങ്ങനെ ചെയ്യുന്നയാൾ അയാളുടെ ഉപജീവനമാർഗമാണു* പണയമായി വാങ്ങുന്നത്.
7 “ഒരാൾ തന്റെ ഇസ്രായേല്യസഹോദരന്മാരിൽ ഒരാളെ തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി പെരുമാറി ആ സഹോദരനെ വിൽക്കുകയും ചെയ്താൽ+ അയാളെ നിങ്ങൾ കൊന്നുകളയണം.+ നിങ്ങൾ നിങ്ങൾക്കിടയിൽനിന്ന് തിന്മ നീക്കിക്കളയണം.+
8 “കുഷ്ഠരോഗബാധ* ഉണ്ടായാൽ ലേവ്യപുരോഹിതന്മാർ നൽകുന്ന നിർദേശങ്ങളെല്ലാം നിങ്ങൾ ശ്രദ്ധാപൂർവം പാലിക്കണം.+ ഞാൻ അവരോടു കല്പിച്ചതുപോലെതന്നെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
9 നിങ്ങൾ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്ന വഴിക്കു നിങ്ങളുടെ ദൈവമായ യഹോവ മിര്യാമിനോടു ചെയ്തത് എന്താണെന്ന് ഓർക്കുക.+
10 “അയൽക്കാരന് എന്തെങ്കിലും വായ്പ കൊടുക്കുമ്പോൾ+ അയാൾ തരാമെന്നു പറഞ്ഞ പണയവസ്തു വാങ്ങാൻ നീ അയാളുടെ വീടിന് അകത്തേക്കു കയറിച്ചെല്ലരുത്.
11 വായ്പ വാങ്ങിയവൻ പണയവസ്തു കൊണ്ടുവന്ന് തരുന്നതുവരെ നീ പുറത്ത് നിൽക്കണം.
12 എന്നാൽ അയാൾ ബുദ്ധിമുട്ടിലാണെങ്കിൽ അയാളുടെ പണയവസ്തു കൈവശം വെച്ചുകൊണ്ട് നീ ഉറങ്ങാൻപോകരുത്.+
13 സൂര്യൻ അസ്തമിക്കുമ്പോഴേക്കും നീ ആ പണയവസ്തു അയാൾക്കു തിരികെ കൊടുത്തിരിക്കണം; അയാൾ തന്റെ വസ്ത്രവുമായി കിടന്നുറങ്ങട്ടെ.+ അപ്പോൾ അയാൾ നിന്നെ അനുഗ്രഹിക്കും. അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായി കണക്കിടും.
14 “നിന്റെ നഗരത്തിലുള്ള,* ദാരിദ്ര്യവും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു കൂലിക്കാരനെ, അയാൾ നിന്റെ സഹോദരനോ നിന്റെ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിയോ ആകട്ടെ, നീ ചതിക്കരുത്.+
15 അതാതു ദിവസം സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് നീ അയാളുടെ കൂലി കൊടുക്കണം.+ അയാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവനും തനിക്കു കിട്ടുന്ന കൂലികൊണ്ട് നിത്യവൃത്തി കഴിക്കുന്നവനും ആണല്ലോ. മറിച്ചായാൽ, അയാൾ നിനക്ക് എതിരെ യഹോവയോടു നിലവിളിക്കുകയും അതു നിനക്കു പാപമായിത്തീരുകയും ചെയ്യും.+
16 “മക്കളുടെ പ്രവൃത്തികൾക്കു പിതാക്കന്മാരും പിതാക്കന്മാരുടെ പ്രവൃത്തികൾക്കു മക്കളും മരണശിക്ഷ അനുഭവിക്കരുത്.+ ഓരോരുത്തനും ചെയ്ത പാപത്തിന് അവനവൻതന്നെ മരണശിക്ഷ അനുഭവിക്കണം.+
17 “നീ നിങ്ങൾക്കിടയിൽ വന്നുതാമസിക്കുന്ന വിദേശിയുടെയും അനാഥന്റെയും* നീതി നിഷേധിക്കരുത്;+ ഒരു വിധവയുടെ വസ്ത്രം പണയമായി വാങ്ങുകയുമരുത്.+
18 നീ ഈജിപ്തിൽ അടിമയായിരുന്നെന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്ന് മോചിപ്പിച്ചതാണെന്നും ഓർക്കണം.+ അതുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ ഞാൻ നിന്നോടു കല്പിക്കുന്നത്.
19 “നിന്റെ വയലിലെ വിളവെടുക്കുമ്പോൾ ഒരു കറ്റ അവിടെ മറന്നുവെച്ചാൽ അത് എടുക്കാൻ നീ തിരിച്ചുപോകരുത്. അതു നിന്റെ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും വിധവയ്ക്കും വേണ്ടി വിട്ടേക്കുക.+ അപ്പോൾ നിന്റെ ദൈവമായ യഹോവ നിന്റെ പ്രവൃത്തികളെയൊക്കെ അനുഗ്രഹിക്കും.+
20 “നീ നിന്റെ ഒലിവ് മരം തല്ലി വിളവെടുക്കുമ്പോൾ അവയുടെ ഓരോ കൊമ്പിലും വീണ്ടുംവീണ്ടും തല്ലരുത്. അതിൽ ശേഷിക്കുന്നതു നിന്റെ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതാണ്.+
21 “നിന്റെ മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോൾ, ശേഷിച്ചവ ശേഖരിക്കാൻ നീ തിരികെ പോകരുത്. നിന്റെ ദേശത്ത് വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും വിധവയ്ക്കും ആയി നീ അവ വിട്ടേക്കണം.
22 നീ ഈജിപ്ത് ദേശത്ത് അടിമയായിരുന്നെന്ന് ഓർക്കണം. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ ഞാൻ നിന്നോടു കല്പിക്കുന്നത്.
അടിക്കുറിപ്പുകള്
^ അഥവാ “തിരസ്കരിച്ചിട്ട്.”
^ അഥവാ “ജീവനാണ്.”
^ “കുഷ്ഠം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിനു വിപുലമായ അർഥമാണുള്ളത്. പകരുന്ന തരത്തിലുള്ള പല ചർമരോഗങ്ങളും, വസ്ത്രങ്ങളിലും വീടുകളിലും കാണുന്ന ചില അണുബാധകളും ഇതിൽ ഉൾപ്പെടാം.
^ അക്ഷ. “കവാടങ്ങൾക്കുള്ളിലുള്ള.”
^ അഥവാ “പിതാവില്ലാത്ത കുട്ടിയുടെയും.”