ആവർത്തനം 25:1-19
25 “രണ്ടു പേർ തമ്മിൽ തർക്കം ഉണ്ടായിട്ട് അവർ ന്യായാധിപന്മാരുടെ മുമ്പാകെ ഹാജരാകുമ്പോൾ+ ന്യായാധിപന്മാർ അവർക്കു മധ്യേ വിധി കല്പിച്ച് നീതിമാനെ നിരപരാധി എന്നും ദുഷ്ടനെ കുറ്റക്കാരൻ എന്നും വിധിക്കണം.+
2 ദുഷ്ടൻ അടിക്ക് അർഹമായത് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ+ ന്യായാധിപൻ അയാളെ നിലത്ത് കമിഴ്ത്തിക്കിടത്തി താൻ കാൺകെ അയാളെ അടിപ്പിക്കണം. അയാളുടെ ദുഷ്ചെയ്തിയുടെ കാഠിന്യമനുസരിച്ചാണ് എത്ര അടി കൊടുക്കണമെന്നു നിശ്ചയിക്കേണ്ടത്.
3 അയാളെ 40 അടിവരെ അടിക്കാം;+ അതിൽ കൂടുതലാകരുത്. അതിൽ കൂടുതൽ അടിച്ചാൽ നിന്റെ സഹോദരൻ നിന്റെ മുന്നിൽ അപമാനിതനായിത്തീരും.
4 “ധാന്യം മെതിച്ചുകൊണ്ടിരിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്.+
5 “സഹോദരന്മാർ ഒരുമിച്ച് താമസിക്കുമ്പോൾ അവരിൽ ഒരാൾ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ ആ കുടുംബത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കരുത്. ആ സ്ത്രീയുടെ ഭർത്താവിന്റെ സഹോദരൻ അവളുടെ അടുത്ത് ചെന്ന് അവളെ വിവാഹം കഴിച്ച് ഭർത്തൃസഹോദരധർമം* അനുഷ്ഠിക്കണം.+
6 ആ സ്ത്രീയിൽ അയാൾക്ക് ഉണ്ടാകുന്ന മൂത്ത മകൻ, മരിച്ചുപോയ സഹോദരന്റെ പേര് നിലനിറുത്തും.+ അങ്ങനെ, മരണമടഞ്ഞവന്റെ പേര് ഇസ്രായേലിൽനിന്ന് അറ്റുപോകാതിരിക്കും.+
7 “എന്നാൽ സഹോദരന്റെ വിധവയെ വിവാഹം കഴിക്കാൻ അയാൾക്കു സമ്മതമല്ലെങ്കിൽ ആ വിധവ നഗരകവാടത്തിലുള്ള മൂപ്പന്മാരുടെ അടുത്ത് ചെന്ന് ഇങ്ങനെ പറയണം: ‘സഹോദരന്റെ പേര് ഇസ്രായേലിൽ നിലനിറുത്താൻ എന്റെ ഭർത്തൃസഹോദരൻ തയ്യാറാകുന്നില്ല. എന്നെ വിവാഹം കഴിച്ച് ഭർത്തൃസഹോദരധർമം* അനുഷ്ഠിക്കാൻ അയാൾക്കു സമ്മതമല്ല.’
8 അപ്പോൾ അയാളുടെ നഗരത്തിലെ മൂപ്പന്മാർ അയാളെ വിളിച്ചുവരുത്തി അയാളോടു സംസാരിക്കണം. എന്നാൽ അയാൾ, ‘എനിക്ക് ഈ സ്ത്രീയെ വിവാഹം കഴിക്കാൻ താത്പര്യമില്ല’ എന്നു തറപ്പിച്ചുപറയുകയാണെങ്കിൽ
9 അയാളുടെ സഹോദരന്റെ വിധവ മൂപ്പന്മാർ കാൺകെ അയാളുടെ അടുത്ത് ചെന്ന് അയാളുടെ കാലിൽനിന്ന് ചെരിപ്പ് ഊരിയിട്ട്+ അയാളുടെ മുഖത്ത് തുപ്പണം. എന്നിട്ട്, ‘സഹോദരന്റെ ഭവനം പണിയാത്തവനോട് ഇങ്ങനെയാണു ചെയ്യേണ്ടത്’ എന്നു പറയണം.
10 അതിനു ശേഷം ഇസ്രായേലിൽ അയാളുടെ കുടുംബപ്പേര്,* ‘ചെരിപ്പ് അഴിക്കപ്പെട്ടവന്റെ കുടുംബം’ എന്നായിരിക്കും.
11 “രണ്ടു പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ അതിലൊരുവന്റെ ഭാര്യ ഭർത്താവിനെ രക്ഷിക്കാനായി ഇടയ്ക്കു കയറുകയും കൈ നീട്ടി, ഭർത്താവിനെ അടിക്കുന്നവന്റെ ജനനേന്ദ്രിയത്തിൽ കയറിപ്പിടിക്കുകയും ചെയ്താൽ
12 നിങ്ങൾ സ്ത്രീയുടെ കൈ വെട്ടിക്കളയണം. നിങ്ങൾക്ക്* ആ സ്ത്രീയോടു കനിവ് തോന്നരുത്.
13 “നിങ്ങളുടെ സഞ്ചിയിൽ ഒരു തൂക്കത്തിനുതന്നെ ചെറുതും വലുതും ആയ രണ്ടു തൂക്കക്കട്ടികൾ ഉണ്ടാകരുത്.+
14 നിങ്ങളുടെ വീട്ടിൽ ചെറുതും വലുതും ആയ രണ്ടു തരം അളവുപാത്രങ്ങളും* ഉണ്ടായിരിക്കരുത്.+
15 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്ത് നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കണമെങ്കിൽ നേരും കൃത്യതയും ഉള്ള തൂക്കങ്ങളും അളവുകളും നിങ്ങൾ ഉപയോഗിക്കണം.+
16 കാരണം ഇങ്ങനെയുള്ള അന്യായങ്ങൾ പ്രവർത്തിക്കുന്ന എല്ലാവരെയും നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാണ്.+
17 “നിങ്ങൾ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോരുമ്പോൾ വഴിയിൽവെച്ച് അമാലേക്ക് നിങ്ങളോടു ചെയ്തത് എന്താണെന്ന് ഓർക്കുക:+
18 നിങ്ങൾ ക്ഷീണിച്ച് തളർന്നിരിക്കുമ്പോൾ അമാലേക്ക് നിങ്ങൾക്കെതിരെ വന്ന് നിങ്ങളിൽ പിന്നിലായിപ്പോയവരെയെല്ലാം ആക്രമിച്ചു. അമാലേക്കിനു ദൈവഭയമില്ലായിരുന്നു.
19 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത തരുമ്പോൾ+ നിങ്ങൾ അമാലേക്കിനെക്കുറിച്ചുള്ള ഓർമപോലും ആകാശത്തിൻകീഴിൽനിന്ന് നീക്കിക്കളയണം.+ നിങ്ങൾ ഇക്കാര്യം മറക്കരുത്.