ഇയ്യോബ് 28:1-28
28 “വെള്ളി കുഴിച്ചെടുക്കാൻ ഖനികളുണ്ട്;സ്വർണം ശുദ്ധീകരിക്കാൻ സ്ഥലവുമുണ്ട്.+
2 ഇരുമ്പു മണ്ണിൽനിന്ന് എടുക്കുന്നു,പാറകളിൽനിന്ന് ചെമ്പ് ഉരുക്കിയെടുക്കുന്നു.*+
3 മനുഷ്യൻ ഇരുട്ടിനെ കീഴടക്കുന്നു;അന്ധകാരത്തിലും ഇരുളിലും അയിരു* തേടിആഴങ്ങളുടെ അതിരുകളോളം ചെല്ലുന്നു.
4 ജനവാസസ്ഥലങ്ങൾക്ക് അകലെ അവൻ ആഴത്തിൽ ഒരു കുഴി കുഴിക്കുന്നു,മനുഷ്യസഞ്ചാരമില്ലാതെ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിൽ അവൻ കുഴിക്കുന്നു;ചിലർ അതിലേക്കു കയറിൽ ഇറങ്ങി, തൂങ്ങിക്കിടന്ന് പണിയെടുക്കുന്നു.
5 മണ്ണിനു മീതെ ആഹാരം വിളയുന്നു,താഴെയോ, തീകൊണ്ട് എന്നപോലെ ഇളകിമറിയുന്നു.*
6 അവിടെ കല്ലുകളിൽ ഇന്ദ്രനീലമുണ്ട്;മണ്ണിൽ സ്വർണമുണ്ട്.
7 ഇരപിടിയൻ പക്ഷികൾക്ക് അവിടേക്കുള്ള വഴി അറിയില്ല;ചക്കിപ്പരുന്തിന്റെ കണ്ണുകൾ അവിടം കണ്ടിട്ടില്ല.
8 ക്രൂരമൃഗങ്ങൾ അതുവഴി നടന്നിട്ടില്ല;യുവസിംഹം അവിടെ ഇരതേടി പോയിട്ടില്ല.
9 മനുഷ്യൻ തീക്കല്ലിൽ അടിക്കുന്നു;മലകളുടെ അടിസ്ഥാനം ഇളക്കി അവയെ മറിച്ചിടുന്നു.
10 അവൻ പാറകളിൽ നീർച്ചാലുകൾ+ വെട്ടുന്നു;എല്ലാ അമൂല്യവസ്തുക്കളിലും അവന്റെ കണ്ണ് ഉടക്കുന്നു.
11 അവൻ നദിയുടെ ഉറവകളെ അണകെട്ടി നിറുത്തുന്നു;മറഞ്ഞിരിക്കുന്നവയെ വെളിച്ചത്ത് കൊണ്ടുവരുന്നു.
12 എന്നാൽ ജ്ഞാനം! അത് എവിടെ കണ്ടെത്താം?+എവിടെയാണു വിവേകത്തിന്റെ ഉറവിടം?+
13 ഒരു മനുഷ്യനും അതിന്റെ വില+ മനസ്സിലാക്കുന്നില്ല,ജീവനുള്ളവരുടെ ദേശത്ത് അതു കാണാനാകില്ല.
14 ‘അത് എന്നിലില്ല’ എന്ന് ആഴമുള്ള വെള്ളവും
‘അത് എന്റെ കൈയിലില്ല’ എന്നു കടലും പറയുന്നു.+
15 തനിത്തങ്കം കൊടുത്താലും അതു കിട്ടില്ല;എത്ര വെള്ളി തൂക്കിക്കൊടുത്താലും അതു ലഭിക്കില്ല.+
16 ഓഫീർസ്വർണമോ+ ഇന്ദ്രനീലമോ അപൂർവമായ നഖവർണിക്കല്ലോ നൽകിയാലുംഅതു വാങ്ങാനാകില്ല.
17 സ്വർണവും സ്ഫടികവും അതിനു തുല്യമല്ല;മേത്തരമായ സ്വർണപാത്രം* കൊടുത്താലും അതു കിട്ടില്ല.+
18 പവിഴക്കല്ലിനെയും പളുങ്കിനെയും കുറിച്ച് പറയുകയേ വേണ്ടാ;+ഒരു സഞ്ചി നിറയെ ജ്ഞാനത്തിന് ഒരു സഞ്ചി നിറയെ മുത്തുകളെക്കാൾ വിലയുണ്ട്.
19 കൂശിലെ ഗോമേദകവുമായി+ അതിനെ താരതമ്യം ചെയ്യാനേ പറ്റില്ല;തനിത്തങ്കം കൊടുത്താലും അതു വാങ്ങാനാകില്ല.
20 എന്നാൽ ജ്ഞാനം എവിടെനിന്ന് വരുന്നു?എവിടെയാണു വിവേകത്തിന്റെ ഉറവിടം?+
21 സകല ജീവജാലങ്ങളുടെയും കണ്ണിൽനിന്ന് അതു മറച്ചുവെച്ചിരിക്കുന്നു;+ആകാശത്തിലെ പക്ഷികളിൽനിന്ന് അത് ഒളിപ്പിച്ചിരിക്കുന്നു.
22 ‘അതെപ്പറ്റി കേട്ടിട്ടുണ്ടെന്നേ ഉള്ളൂ’ എന്ന്‌നാശവും മരണവും പറയുന്നു.
23 എന്നാൽ അതു കണ്ടെത്താനുള്ള വഴി ദൈവത്തിന് അറിയാം;അത് എവിടെയുണ്ടെന്നു ദൈവത്തിനു മാത്രമേ അറിയൂ.+
24 ദൈവം ഭൂമിയുടെ അതിരുകളോളം കാണുന്നു;ആകാശത്തിനു കീഴിലുള്ളതെല്ലാം ദൈവത്തിനു ദൃശ്യമാണ്.+
25 കാറ്റിനു ശക്തി* പകരുകയും+വെള്ളം അളന്നുനോക്കുകയും ചെയ്തപ്പോൾ,+
26 മഴയ്‌ക്ക്+ ഒരു നിയമം വെക്കുകയുംഇടിമുഴക്കത്തിനും കാർമേഘത്തിനും വഴി നിശ്ചയിക്കുകയും ചെയ്തപ്പോൾ,+
27 ദൈവം ജ്ഞാനം കണ്ടു; അതിനെക്കുറിച്ച് വർണിച്ചു;ദൈവം അതു സ്ഥാപിക്കുകയും പരിശോധിച്ചുനോക്കുകയും ചെയ്‌തു.
28 എന്നിട്ട് മനുഷ്യനോടു പറഞ്ഞു:
‘യഹോവയെ ഭയപ്പെടുന്നതാണു ജ്ഞാനം,+തെറ്റിൽനിന്ന് അകന്നിരിക്കുന്നതാണു വിവേകം.’”+
അടിക്കുറിപ്പുകള്‍
^ അക്ഷ. “ഒഴിക്കുന്നു.”
^ അക്ഷ. “കല്ല്.”
^ ഈ പരാമർശം ഖനനത്തെക്കുറിച്ചായിരിക്കാനാണു സാധ്യത.
^ അഥവാ “ശുദ്ധീകരിച്ച സ്വർണംകൊണ്ടുള്ള പാത്രം.”
^ അക്ഷ. “ഭാരം.”