ഉത്തമഗീതം 5:1-16
5 “എന്റെ സോദരീ, എന്റെ മണവാട്ടീ,ഞാൻ എന്റെ തോട്ടത്തിൽ+ കടന്നിരിക്കുന്നു.
എന്റെ മീറയും+ സുഗന്ധവ്യഞ്ജനങ്ങളും ഞാൻ ശേഖരിച്ചു.
എന്റെ തേനടയും* തേനും ഞാൻ കഴിച്ചു.എന്റെ വീഞ്ഞും പാലും ഞാൻ കുടിച്ചു.”+
“പ്രിയ സ്നേഹിതരേ, ഭക്ഷിക്കൂ!
കുടിച്ച് പ്രേമപ്രകടനങ്ങളാൽ ഉന്മത്തരാകൂ!”+
2 “ഞാൻ ഉറക്കത്തിലാണ്. എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു.+
അതാ, എന്റെ പ്രിയൻ മുട്ടിവിളിക്കുന്ന ശബ്ദം!
‘എന്റെ സോദരീ, എന്റെ പ്രിയേ,എന്റെ പ്രാവേ, കളങ്കമറ്റവളേ, വാതിൽ തുറന്നുതരൂ!
മഞ്ഞുതുള്ളികൾ വീണ് എന്റെ തല നനഞ്ഞിരിക്കുന്നു.രാത്രിയിലെ ഹിമകണങ്ങളാൽ എന്റെ മുടിച്ചുരുളുകൾ ഈറനണിഞ്ഞിരിക്കുന്നു.’+
3 ഞാൻ പുറങ്കുപ്പായം ഊരിവെച്ചിരിക്കുകയാണ്.
അതു വീണ്ടും ധരിക്കണോ?
ഞാൻ കാലുകൾ കഴുകിയതാണ്.
ഇനിയും അത് അഴുക്കാക്കണോ?
4 എന്റെ പ്രിയൻ വാതിൽപ്പഴുതിൽനിന്ന് കൈ വലിച്ചു.അപ്പോൾ, എന്നുള്ളം അവനെ ഓർത്ത് വികാരപരവശമായി.
5 എന്റെ പ്രിയനു വാതിൽ തുറന്നുകൊടുക്കാൻ ഞാൻ എഴുന്നേറ്റു.എന്റെ കൈകളിൽനിന്ന് മീറയുംകൈവിരലുകളിൽനിന്ന് മീറത്തൈലവുംഓടാമ്പലിൻപിടികളിലേക്ക് ഇറ്റിറ്റുവീണു.
6 എന്റെ പ്രിയനായി ഞാൻ വാതിൽ തുറന്നു.അപ്പോഴേക്കും എന്റെ പ്രിയൻ പോയിക്കഴിഞ്ഞിരുന്നു.
അവൻ പോയതിൽ എനിക്കാകെ നിരാശ തോന്നി.*
ഞാൻ അന്വേഷിച്ചെങ്കിലും അവനെ കണ്ടില്ല.+
ഞാൻ വിളിച്ചെങ്കിലും അവൻ വിളി കേട്ടില്ല.
7 നഗരത്തിൽ റോന്തു ചുറ്റുന്ന കാവൽക്കാർ എന്നെ കണ്ടു.
അവർ എന്നെ അടിച്ചു, എന്നെ മുറിവേൽപ്പിച്ചു.
മതിലിലെ കാവൽക്കാർ എന്റെ മേലാട* എടുത്തുമാറ്റി.
8 യരുശലേംപുത്രിമാരേ, ഞാൻ നിങ്ങളെക്കൊണ്ട് ആണയിടുവിക്കുന്നു:
എന്റെ പ്രിയനെ കണ്ടാൽഞാൻ പ്രണയപരവശയാണെന്ന് അവനോടു പറയണം.”
9 “സ്ത്രീകളിൽ അതിസുന്ദരീ,മറ്റു കാമുകന്മാരെക്കാൾ നിന്റെ പ്രിയന് എന്താണ് ഇത്ര പ്രത്യേകത?
ഞങ്ങളെക്കൊണ്ട് ഇങ്ങനെയൊരു ആണയിടുവിക്കാൻ മാത്രംമറ്റു കാമുകന്മാരെക്കാൾ നിന്റെ പ്രിയന് എന്താണ് ഇത്ര പ്രത്യേകത?”
10 “എന്റെ പ്രിയൻ ശോഭയുള്ളവൻ, ചുവന്നുതുടുത്തവൻ.പതിനായിരം പേർക്കിടയിൽ അവൻ തലയെടുപ്പോടെ നിൽക്കുന്നു.
11 അവന്റെ തല സ്വർണം, തനിത്തങ്കം.
അവന്റെ മുടിച്ചുരുളുകൾ കാറ്റത്ത് ഇളകിയാടുന്ന ഈന്തപ്പനയോലകൾപോലെ.*അതിന്റെ നിറമോ കാക്കക്കറുപ്പും.
12 അവന്റെ കണ്ണുകൾ അരുവികൾക്കരികെ ഇരിക്കുന്ന പ്രാവുകൾപോലെ.അവ പാലിൽ കുളിച്ചുനിൽക്കുന്നു.നിറഞ്ഞ കുളത്തിന്റെ കരയിൽ* അവ ഇരിക്കുന്നു.
13 അവന്റെ കവിൾത്തടം സുഗന്ധവ്യഞ്ജനച്ചെടികളുടെ തടംപോലെ,+കൂനകൂട്ടിയിട്ടിരിക്കുന്ന സുഗന്ധസസ്യങ്ങൾപോലെ.
അവന്റെ ചുണ്ടുകൾ ലില്ലികൾ, അവയിൽനിന്ന് മീറത്തൈലം ഇറ്റിറ്റുവീഴുന്നു.+
14 അവന്റെ കൈകൾ പീതരത്നം പതിച്ച സ്വർണദണ്ഡുകൾ.
അവന്റെ വയറ്, മിനുക്കിയെടുത്ത ആനക്കൊമ്പുകൊണ്ടുള്ളത്;
അതിൽ നിറയെ ഇന്ദ്രനീലക്കല്ലു പതിച്ചിരിക്കുന്നു.
15 അവന്റെ കാലുകൾ തങ്കച്ചുവടുകളിൽ ഉറപ്പിച്ച മാർബിൾത്തൂണുകൾ.
അവന്റെ ആകാരം ലബാനോൻപോലെ; ദേവദാരുപോലെ+ സമാനതകളില്ലാത്തത്.
16 അവന്റെ വായ്* തനി മധുരംതന്നെ.അവൻ എല്ലാംകൊണ്ടും അഭികാമ്യൻ.+
യരുശലേംപുത്രിമാരേ, ഇതാണ് എന്റെ പ്രിയൻ, എന്റെ പ്രേമഭാജനം.”
അടിക്കുറിപ്പുകള്
^ അഥവാ “തേനീച്ചക്കൂടും.”
^ മറ്റൊരു സാധ്യത “അവൻ സംസാരിച്ചപ്പോൾ എന്റെ ദേഹി എന്നെ വിട്ട് പോയി.”
^ അഥവാ “മൂടുപടം.”
^ മറ്റൊരു സാധ്യത “ഈന്തപ്പഴക്കുലകൾപോലെ.”
^ മറ്റൊരു സാധ്യത “നീരുറവയുടെ വക്കത്ത്.”
^ അക്ഷ. “അണ്ണാക്ക്.”