ഉൽപത്തി 39:1-23
39 യിശ്മായേല്യർ+ യോസേഫിനെ ഈജിപ്തിലേക്കു+ കൊണ്ടുവന്നു. അവിടെവെച്ച്, ഫറവോന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനും കാവൽക്കാരുടെ മേധാവിയും ആയ പോത്തിഫർ+ എന്ന ഈജിപ്തുകാരൻ യോസേഫിനെ അവരുടെ കൈയിൽനിന്ന് വാങ്ങി.
2 യഹോവ കൂടെയുണ്ടായിരുന്നതിനാൽ+ യോസേഫ് ചെയ്തതെല്ലാം സഫലമായിത്തീർന്നു. അങ്ങനെ യോസേഫിന് ഈജിപ്തുകാരനായ തന്റെ യജമാനന്റെ വീടിന്റെ ചുമതല ലഭിച്ചു.
3 യഹോവ യോസേഫിന്റെകൂടെയുണ്ടെന്നും യോസേഫ് ചെയ്യുന്നതെല്ലാം യഹോവ സഫലമാക്കുന്നെന്നും യജമാനൻ കണ്ടു.
4 ദിവസങ്ങൾ കഴിയുംതോറും യോസേഫിനെ പോത്തിഫറിനു കൂടുതൽക്കൂടുതൽ ഇഷ്ടമായി. യോസേഫ് യജമാനന്റെ വിശ്വസ്തപരിചാരകനായിത്തീർന്നു. പോത്തിഫർ യോസേഫിനെ വീട്ടിലെ കാര്യസ്ഥനായി നിയമിക്കുകയും തനിക്കുള്ളതെല്ലാം ഭരമേൽപ്പിക്കുകയും ചെയ്തു.
5 യോസേഫിനെ കാര്യസ്ഥനായി നിയമിച്ച് തനിക്കുള്ളതെല്ലാം ഭരമേൽപ്പിച്ചതുമുതൽ യഹോവ യോസേഫിനെപ്രതി ആ ഈജിപ്തുകാരനെ അനുഗ്രഹിച്ചു. അയാളുടെ വീട്ടിലും വയലിലും ഉള്ള എല്ലാത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.+
6 ഒടുവിൽ അയാൾ തനിക്കുള്ളതെല്ലാം യോസേഫിനെ ഏൽപ്പിച്ചു. കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അയാൾക്കു ചിന്തിക്കേണ്ടിവന്നില്ല. യോസേഫ് വളർന്ന് സുമുഖനും സുന്ദരനും ആയിത്തീർന്നു.
7 അങ്ങനെയിരിക്കെ, യജമാനന്റെ ഭാര്യ യോസേഫിനെ നോട്ടമിട്ടു. “എന്നോടുകൂടെ കിടക്കുക” എന്ന് ആ സ്ത്രീ യോസേഫിനോടു പറഞ്ഞു.
8 എന്നാൽ അതിനു സമ്മതിക്കാതെ യോസേഫ് യജമാനന്റെ ഭാര്യയോടു പറഞ്ഞു: “ഞാൻ ഇവിടെയുള്ളതുകൊണ്ട് ഈ വീട്ടിലെ കാര്യങ്ങളെക്കുറിച്ചൊന്നും യജമാനനു ചിന്തിക്കേണ്ടതില്ലെന്ന് അറിയാമല്ലോ. യജമാനൻ എല്ലാം എന്നെ ഏൽപ്പിച്ചിരിക്കുന്നു.
9 ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല. നിങ്ങൾ യജമാനന്റെ ഭാര്യയായതിനാൽ നിങ്ങളെയല്ലാതെ മറ്റൊന്നും എനിക്കു വിലക്കിയിട്ടുമില്ല. ആ സ്ഥിതിക്ക്, ഇത്ര വലിയൊരു തെറ്റു ചെയ്ത് ഞാൻ ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ?”+
10 ആ സ്ത്രീ എല്ലാ ദിവസവും യോസേഫിനോട് ഇതുതന്നെ പറയുമായിരുന്നു. എന്നാൽ, അവളോടൊപ്പം കിടക്കാനോ അവളോടൊപ്പമായിരിക്കാനോ യോസേഫ് ഒരിക്കലും സമ്മതിച്ചില്ല.
11 ഒരു ദിവസം ജോലി ചെയ്യാൻ യോസേഫ് വീടിന് അകത്ത് ചെന്നപ്പോൾ മറ്റു ദാസന്മാർ ആരും അവിടെയുണ്ടായിരുന്നില്ല.
12 അപ്പോൾ അവൾ യോസേഫിന്റെ വസ്ത്രത്തിൽ കടന്നുപിടിച്ച്, “എന്റെകൂടെ കിടക്കുക!” എന്നു പറഞ്ഞു. എന്നാൽ യോസേഫ് തന്റെ വസ്ത്രം അവളുടെ കൈയിൽ ഉപേക്ഷിച്ച് പുറത്തേക്ക് ഓടിപ്പോയി.
13 യോസേഫ് വസ്ത്രം തന്റെ കൈയിൽ ഉപേക്ഷിച്ച് പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ
14 ആ സ്ത്രീ അലറിക്കരഞ്ഞ് ദാസന്മാരെ വിളിച്ച് അവരോടു പറഞ്ഞു: “നമ്മുടെ മാനം കെടുത്താനായി അയാൾ ഒരു എബ്രായനെ കൊണ്ടുവന്നിരിക്കുന്നു! അവൻ എന്നോടൊപ്പം കിടക്കാൻ എന്റെ അടുത്ത് വന്നു. ഞാൻ അലറിക്കരഞ്ഞപ്പോൾ
15 എന്റെ നിലവിളി കേട്ട് അവൻ ഉടുതുണി ഉപേക്ഷിച്ച് പുറത്തേക്ക് ഓടിക്കളഞ്ഞു.”
16 യജമാനൻ വീട്ടിൽ വരുന്നതുവരെ അവൾ ആ വസ്ത്രം അവളുടെ അടുത്ത് വെച്ചുകൊണ്ടിരുന്നു.
17 അവൾ അയാളോടും അങ്ങനെതന്നെ പറഞ്ഞു: “നിങ്ങൾ ഇവിടെ കൊണ്ടുവന്ന ആ എബ്രായദാസൻ എന്റെ അടുത്ത് വന്ന് എന്നെ അപമാനിക്കാൻ ശ്രമിച്ചു.
18 പക്ഷേ ഞാൻ നിലവിളിച്ചപ്പോൾ അവൻ അവന്റെ വസ്ത്രം ഉപേക്ഷിച്ചിട്ട് പുറത്തേക്ക് ഓടിക്കളഞ്ഞു.”
19 “ഇങ്ങനെയെല്ലാം നിങ്ങളുടെ ദാസൻ എന്നോടു ചെയ്തു” എന്നു ഭാര്യ പറഞ്ഞതു കേട്ട ഉടനെ യജമാനന്റെ കോപം ആളിക്കത്തി.
20 അങ്ങനെ അയാൾ യോസേഫിനെ പിടിച്ച്, രാജാവ് തടവുകാരെ സൂക്ഷിച്ചിരുന്ന തടവറയിൽ ഏൽപ്പിച്ചു. യോസേഫ് അവിടെ കഴിഞ്ഞു.+
21 എന്നാൽ യഹോവ യോസേഫിനോടുകൂടിരുന്ന് യോസേഫിനോട് അചഞ്ചലമായ സ്നേഹം കാണിച്ചു. തടവറയുടെ മേലധികാരിക്കു യോസേഫിനോട് ഇഷ്ടം തോന്നാൻ ദൈവം ഇടവരുത്തി.+
22 അതുകൊണ്ട്, മേലധികാരി അവിടെയുള്ള എല്ലാ തടവുകാരുടെയും ചുമതല യോസേഫിനെ ഏൽപ്പിച്ചു; യോസേഫിന്റെ നിർദേശപ്രകാരമാണ് അവർ എല്ലാം ചെയ്തിരുന്നത്.+
23 യോസേഫിന്റെ ചുമതലയിലുള്ള ഒന്നിനെക്കുറിച്ചും തടവറയുടെ മേലധികാരിക്ക് അന്വേഷിക്കേണ്ടിവന്നില്ല. കാരണം യഹോവ യോസേഫിന്റെകൂടെയുണ്ടായിരുന്നു. യോസേഫ് ചെയ്തതെല്ലാം യഹോവ സഫലമാക്കി.+