എസ്ഥേർ 6:1-14
6 അന്നു രാത്രി രാജാവിന് ഉറക്കം വന്നില്ല. അതുകൊണ്ട്, അക്കാലത്തെ ചരിത്രപുസ്തകം+ കൊണ്ടുവരാൻ രാജാവ് കല്പിച്ചു; അതു രാജാവിനെ വായിച്ചുകേൾപ്പിച്ചു.
2 അഹശ്വേരശ് രാജാവിനെ വകവരുത്താൻ* ബിഗ്ധാനും തേരെശും ഗൂഢാലോചന നടത്തിയതിനെക്കുറിച്ച് മൊർദെഖായി അറിയിച്ച കാര്യം അതിൽ രേഖപ്പെടുത്തിയിരിക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവർ രണ്ടു പേരും രാജാവിന്റെ വാതിൽക്കാവൽക്കാരായ കൊട്ടാരോദ്യോഗസ്ഥന്മാരായിരുന്നു.+
3 അപ്പോൾ രാജാവ്, “ഇതിനു മൊർദെഖായിക്ക് എന്തു ബഹുമതിയും അംഗീകാരവും ആണ് കൊടുത്തത്” എന്നു ചോദിച്ചു. രാജാവിന്റെ അടുത്ത പരിചാരകർ, “ഒന്നും ചെയ്തിട്ടില്ല” എന്നു പറഞ്ഞു.
4 പിന്നീടു രാജാവ്, “ആരാണ് അങ്കണത്തിൽ” എന്നു ചോദിച്ചു. ഹാമാൻ അപ്പോൾ, താൻ ഒരുക്കിയ സ്തംഭത്തിൽ മൊർദെഖായിയെ തൂക്കുന്നതിനെക്കുറിച്ച്+ രാജാവിനോടു സംസാരിക്കാൻ രാജകൊട്ടാരത്തിന്റെ പുറത്തെ അങ്കണത്തിൽ+ വന്ന് നിൽപ്പുണ്ടായിരുന്നു.
5 അപ്പോൾ രാജാവിന്റെ പരിചാരകർ, “ഹാമാനാണ്+ അങ്കണത്തിൽ നിൽക്കുന്നത്” എന്നു പറഞ്ഞു. അപ്പോൾ രാജാവ്, “അയാൾ അകത്ത് വരട്ടെ” എന്നു കല്പിച്ചു.
6 ഹാമാൻ അകത്ത് വന്നപ്പോൾ രാജാവ് ഹാമാനോട്, “രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് എന്താണു ചെയ്തുകൊടുക്കേണ്ടത്” എന്നു ചോദിച്ചു. അപ്പോൾ ഹാമാൻ മനസ്സിൽ പറഞ്ഞു: “എന്നെയല്ലാതെ മറ്റാരെയാണു രാജാവ് ബഹുമാനിക്കുക?”+
7 അതുകൊണ്ട് ഹാമാൻ രാജാവിനോടു പറഞ്ഞു: “രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്കുവേണ്ടി
8 രാജാവ് ധരിക്കുന്ന രാജകീയവസ്ത്രം+ കൊണ്ടുവരട്ടെ. കൂടാതെ, രാജാവ് സവാരിക്ക് ഉപയോഗിക്കുന്ന, തലയിൽ രാജകീയശിരോവസ്ത്രം അണിഞ്ഞ ഒരു കുതിരയും വേണം.
9 പിന്നെ ആ വസ്ത്രവും കുതിരയും രാജാവിന്റെ ശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുവന്റെ ചുമതലയിൽ ഏൽപ്പിക്കുക. രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയെ അവർ ആ വസ്ത്രം അണിയിക്കുകയും നഗരത്തിലെ പൊതുസ്ഥലത്തുകൂടി* കുതിരപ്പുറത്ത് എഴുന്നള്ളിച്ച് ‘രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ കാര്യത്തിൽ ഇങ്ങനെ ചെയ്യും!’ എന്ന് ആ വ്യക്തിയുടെ മുന്നിൽ വിളിച്ചുപറയുകയും വേണം.”+
10 ഉടൻതന്നെ രാജാവ് ഹാമാനോടു പറഞ്ഞു: “വേഗം പോയി വസ്ത്രവും കുതിരയും കൊണ്ടുവന്ന് നീ ഇപ്പോൾ പറഞ്ഞതുപോലെയെല്ലാം രാജകൊട്ടാരത്തിന്റെ കവാടത്തിൽ ഇരിക്കുന്ന ജൂതനായ മൊർദെഖായിക്കു ചെയ്തുകൊടുക്കുക. നീ പറഞ്ഞതിൽ ഒന്നും വിട്ടുകളയരുത്.”
11 അങ്ങനെ ഹാമാൻ രാജവസ്ത്രവും കുതിരയും ആയി വന്നു. എന്നിട്ട് മൊർദെഖായിയെ+ ആ വസ്ത്രം അണിയിച്ച്, “രാജാവ് ബഹുമാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ കാര്യത്തിൽ ഇങ്ങനെ ചെയ്യും!” എന്നു മൊർദെഖായിക്കു മുന്നിൽ വിളിച്ചുപറഞ്ഞുകൊണ്ട് നഗരത്തിലെ പൊതുസ്ഥലത്തുകൂടി കുതിരപ്പുറത്ത് എഴുന്നള്ളിച്ചു.
12 അതിനു ശേഷം, മൊർദെഖായി രാജകൊട്ടാരത്തിന്റെ കവാടത്തിലേക്കു മടങ്ങി. പക്ഷേ ഹാമാൻ തല മൂടിക്കൊണ്ട് ദുഃഖത്തോടെ തിടുക്കത്തിൽ വീട്ടിലേക്കു പോയി.
13 തനിക്കു സംഭവിച്ചതെല്ലാം ഹാമാൻ ഭാര്യ സേരെശിനോടും+ എല്ലാ സ്നേഹിതരോടും വിവരിച്ചപ്പോൾ അയാളുടെ ഉപദേഷ്ടാക്കളും ഭാര്യ സേരെശും അയാളോടു പറഞ്ഞു: “ഇപ്പോൾ മൊർദെഖായിയുടെ മുന്നിൽ നിങ്ങൾ തോൽക്കാൻതുടങ്ങിയിരിക്കുന്നു. മൊർദെഖായി ഒരു ജൂതനാണോ, എങ്കിൽ അയാളെ വെല്ലാൻ കഴിയില്ല. നിങ്ങൾ അയാളുടെ മുന്നിൽ തോറ്റുപോകുമെന്ന് ഉറപ്പാണ്.”
14 അവർ ഹാമാനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ രാജാവിന്റെ കൊട്ടാരോദ്യോഗസ്ഥന്മാർ വന്ന് എസ്ഥേർ ഒരുക്കിയ വിരുന്നിനു ഹാമാനെ തിടുക്കത്തിൽ കൂട്ടിക്കൊണ്ടുപോയി.+