എസ്ര 1:1-11
1 യഹോവ യിരെമ്യയിലൂടെ പറഞ്ഞതു+ നിറവേറാനായി, പേർഷ്യൻ രാജാവായ കോരെശിന്റെ*+ വാഴ്ചയുടെ ഒന്നാം വർഷം യഹോവ കോരെശിന്റെ മനസ്സുണർത്തി. അങ്ങനെ പേർഷ്യൻ രാജാവായ കോരെശ് രാജ്യത്ത് ഉടനീളം ഇങ്ങനെയൊരു വിളംബരം നടത്തുകയും അതിലെ വാക്കുകൾ രേഖപ്പെടുത്തിവെക്കുകയും ചെയ്തു:+
2 “പേർഷ്യൻ രാജാവായ കോരെശ് ഇങ്ങനെ പറയുന്നു: ‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ എല്ലാ രാജ്യങ്ങളും എനിക്കു തന്നു.+ യഹൂദയിലെ യരുശലേമിൽ ദൈവത്തിന് ഒരു ഭവനം പണിയാൻ എന്നെ നിയോഗിക്കുകയും ചെയ്തു.+
3 ആ ദൈവത്തിന്റെ ജനത്തിൽപ്പെട്ടവർ ഇവിടെയുണ്ടെങ്കിൽ അവരുടെ ദൈവം അവരുടെകൂടെയുണ്ടായിരിക്കട്ടെ. അവർ യഹോവയുടെ ഭവനം സ്ഥിതി ചെയ്തിരുന്ന,* യഹൂദയിലെ യരുശലേമിലേക്കു ചെന്ന് ഇസ്രായേലിന്റെ ദൈവത്തിന്റെ ഭവനം പുതുക്കിപ്പണിയട്ടെ; ആ ദൈവമാണു സത്യദൈവം.
4 മടങ്ങിപ്പോകുന്നവരെ+ ഇവിടെ തുടരുന്ന അവരുടെ അയൽക്കാർ* സഹായിക്കേണ്ടതാണ്. യരുശലേമിലെ ദൈവഭവനത്തിലേക്കു സ്വമനസ്സാലെ നൽകുന്ന കാഴ്ചകൾക്കു+ പുറമേ അവർ അവർക്കു വളർത്തുമൃഗങ്ങൾ, സ്വർണം, വെള്ളി, മറ്റു സാധനസാമഗ്രികൾ എന്നിവയും നൽകണം.’”
5 അപ്പോൾ, യരുശലേമിൽ ചെന്ന് യഹോവയുടെ ഭവനം പുതുക്കിപ്പണിയാനായി യഹൂദയുടെയും ബന്യാമീന്റെയും പിതൃഭവനത്തലവന്മാരും* പുരോഹിതന്മാരും ലേവ്യരും തയ്യാറെടുത്തു. അങ്ങനെ ചെയ്യാൻ സത്യദൈവം അവരുടെയെല്ലാം മനസ്സിൽ തോന്നിച്ചു.
6 അവരുടെ ചുറ്റും താമസിച്ചിരുന്നവർ സ്വമനസ്സാലെയുള്ള കാഴ്ചകൾ, വളർത്തുമൃഗങ്ങൾ, സ്വർണവും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ, മറ്റു സാധനസാമഗ്രികൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ നൽകി അവരെ സഹായിച്ചു.
7 നെബൂഖദ്നേസർ രാജാവ് യരുശലേമിലെ യഹോവയുടെ ഭവനത്തിൽനിന്ന് എടുത്ത് അയാളുടെ ദൈവത്തിന്റെ ഭവനത്തിൽ വെച്ചിരുന്ന ഉപകരണങ്ങൾ കോരെശ് രാജാവ് പുറത്ത് എടുപ്പിച്ചു.+
8 ധനകാര്യവിചാരകനായ മിത്രെദാത്തിന്റെ മേൽനോട്ടത്തിലാണു പേർഷ്യൻ രാജാവായ കോരെശ് അവ പുറത്ത് എടുപ്പിച്ചത്. മിത്രെദാത്ത് അവ എണ്ണി യഹൂദാതലവനായ ശേശ്ബസ്സരിനെ*+ ഏൽപ്പിച്ചു.
9 ഇത്രയുമായിരുന്നു അവയുടെ എണ്ണം: കൊട്ടയുടെ ആകൃതിയിലുള്ള സ്വർണപാത്രങ്ങൾ 30, കൊട്ടയുടെ ആകൃതിയിലുള്ള വെള്ളിപ്പാത്രങ്ങൾ 1,000, പകരം ഉപയോഗിക്കാനുള്ള പാത്രങ്ങൾ 29,
10 സ്വർണംകൊണ്ടുള്ള ചെറിയ കുഴിയൻപാത്രങ്ങൾ 30, വെള്ളികൊണ്ടുള്ള ചെറിയ കുഴിയൻപാത്രങ്ങൾ 410, മറ്റ് ഉപകരണങ്ങൾ 1,000.
11 സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള ഉപകരണങ്ങളുടെ മൊത്തം എണ്ണം 5,400 ആയിരുന്നു. ബാബിലോണിൽ ബന്ദികളായി കഴിഞ്ഞിരുന്നവരെ+ യരുശലേമിലേക്കു കൊണ്ടുപോയ സമയത്ത് ശേശ്ബസ്സർ ഇവയെല്ലാം കൂടെക്കൊണ്ടുപോയി.
അടിക്കുറിപ്പുകള്
^ അഥവാ “സൈറസിന്റെ.”
^ മറ്റൊരു സാധ്യത “യഹോവ വസിക്കുന്ന.”
^ അക്ഷ. “അവന്റെ സ്ഥലത്തെ പുരുഷന്മാർ.”
^ പദാവലിയിൽ “പിതൃഭവനം” കാണുക.