നെഹമ്യ 5:1-19
5 എന്നാൽ, ജനത്തിലെ പുരുഷന്മാരും അവരുടെ ഭാര്യമാരും അവരുടെ ജൂതസഹോദരന്മാർക്കെതിരെ വലിയ മുറവിളി കൂട്ടി.+
2 ചിലർ പറഞ്ഞു: “ഞങ്ങളുടെ പുത്രന്മാരും പുത്രിമാരും എല്ലാംകൂടെ ഞങ്ങൾ കുറെയധികം പേരുണ്ട്. പട്ടിണി കിടന്ന് ചാകാതിരിക്കാൻ ഞങ്ങൾക്കു ധാന്യം കിട്ടണം.”
3 വേറെ ചിലരാകട്ടെ, “ക്ഷാമകാലത്ത് ധാന്യം കിട്ടാൻ ഞങ്ങൾ ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയംവെക്കുകയാണ്” എന്നു പറഞ്ഞു.
4 മറ്റു ചിലരുടെ പരാതി ഇതായിരുന്നു: “രാജാവിനു കപ്പം* കൊടുക്കാൻ ഞങ്ങൾക്കു ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഈടുവെച്ച് പണം കടം വാങ്ങേണ്ടിവന്നു.+
5 ഞങ്ങളുടെ സഹോദരന്മാരുടെ അതേ ചോരയും മാംസവും ആണ് ഞങ്ങളുടേതും. അവരുടെ മക്കളെപ്പോലെതന്നെയാണു ഞങ്ങളുടെ മക്കളും. എന്നിട്ടും, ഞങ്ങൾക്കു ഞങ്ങളുടെ മക്കളെ അടിമകളായി വിടേണ്ടിവരുന്നു. ഞങ്ങളുടെ പെൺമക്കളിൽ ചിലർ ഇതിനോടകം അടിമകളായിക്കഴിഞ്ഞിരിക്കുന്നു.+ എന്നാൽ, ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും മറ്റുള്ളവരുടെ കൈവശമിരിക്കുന്നിടത്തോളം ഇത് അവസാനിപ്പിക്കാനുള്ള ശക്തി ഞങ്ങൾക്കില്ല.”
6 അവരുടെ മുറവിളിയും പരാതിയും കേട്ടപ്പോൾ എനിക്കു വല്ലാതെ ദേഷ്യം വന്നു.
7 ഞാൻ ഇതിനെക്കുറിച്ച് മനസ്സിരുത്തി ചിന്തിച്ചു. എന്നിട്ട്, പ്രധാനികളോടും ഉപഭരണാധികാരികളോടും അവരുടെ തെറ്റു ചൂണ്ടിക്കാണിച്ചുകൊണ്ട്, “നിങ്ങൾ നിങ്ങളുടെ സ്വന്തം സഹോദരന്മാരിൽനിന്നാണു പലിശ* ഈടാക്കുന്നത്”+ എന്നു പറഞ്ഞു.
കൂടാതെ, അവരുടെ ഈ പ്രവൃത്തി കാരണം ഞാൻ ഒരു വലിയ യോഗം വിളിച്ചുകൂട്ടുകയും ചെയ്‌തു.
8 ഞാൻ അവരോടു പറഞ്ഞു: “ജനതകൾക്കു വിൽക്കപ്പെട്ടിരുന്ന നമ്മുടെ ജൂതസഹോദരന്മാരിൽ കഴിയുന്നത്ര പേരെ ഞങ്ങൾ തിരികെ വാങ്ങിയതാണ്. എന്നിട്ട് ഇപ്പോൾ, നിങ്ങളുടെ ആ സ്വന്തം സഹോദരങ്ങളെ നിങ്ങൾ വിൽക്കുകയാണോ?+ ഞങ്ങൾ വീണ്ടും അവരെ തിരികെ വാങ്ങണമെന്നാണോ?” അതോടെ അവരുടെ വായടഞ്ഞു; അവർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
9 തുടർന്ന് ഞാൻ പറഞ്ഞു: “നിങ്ങൾ ഈ ചെയ്യുന്നതു ശരിയല്ല. നമ്മുടെ ശത്രുക്കളായ ഈ ജനതകൾ നമ്മളെ അപമാനിക്കാതിരിക്കാൻ നിങ്ങൾ ദൈവഭയത്തോടെ+ നടക്കേണ്ടതല്ലേ?
10 മാത്രമല്ല, അവർക്കു പണവും ധാന്യങ്ങളും കടം കൊടുക്കാൻ ഞാനും എന്റെ സഹോദരങ്ങളും പരിചാരകന്മാരും ഉണ്ട്. അതുകൊണ്ട്, പലിശയ്ക്കു കടം കൊടുക്കുന്നതു നമുക്കു ദയവായി അവസാനിപ്പിക്കാം.+
11 ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും ദയവുചെയ്ത് തിരികെ കൊടുക്കണം.+ ഒപ്പം, അവരിൽനിന്ന് നൂറിലൊന്ന്* എന്ന കണക്കിൽ പലിശയായി വാങ്ങിയിട്ടുള്ള പണം, ധാന്യം, പുതുവീഞ്ഞ്, എണ്ണ എന്നിവയും മടക്കിക്കൊടുക്കണം.”
12 അപ്പോൾ അവർ പറഞ്ഞു: “ഞങ്ങൾ മടക്കിക്കൊടുത്തുകൊള്ളാം. അവരിൽനിന്ന് ഇനി ഒന്നും ആവശ്യപ്പെടുകയുമില്ല. അങ്ങ് പറയുന്നതുപോലെതന്നെ ഞങ്ങൾ ചെയ്യാം.” അതുകൊണ്ട്, ഞാൻ പുരോഹിതന്മാരെ വിളിപ്പിച്ചു. വാക്കു പാലിക്കുമെന്ന് അവരെക്കൊണ്ട് പുരോഹിതന്മാരുടെ മുന്നിൽവെച്ച് സത്യം ചെയ്യിച്ചു.
13 കൂടാതെ, വസ്ത്രത്തിന്റെ മടക്കുകൾ കുടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു: “വാക്കു പാലിക്കാത്തവരെയെല്ലാം സത്യദൈവം തന്റെ ഭവനത്തിൽനിന്നും തന്റെ അവകാശത്തിൽനിന്നും ഇതേ വിധത്തിൽ കുടഞ്ഞുകളയട്ടെ. അയാളെ ഇതുപോലെ കുടഞ്ഞുകളഞ്ഞ് ഒന്നുമില്ലാത്തവനാക്കട്ടെ.” അപ്പോൾ, സഭ മുഴുവനും “ആമേൻ!”* എന്നു പറഞ്ഞു. അവർ യഹോവയെ സ്തുതിച്ചു. ജനം വാക്കു പാലിച്ചു.
14 ഇനി മറ്റൊരു കാര്യം: അർഥഹ്‌ശഷ്ട+ രാജാവിന്റെ വാഴ്ചയുടെ 20-ാം വർഷമാണു+ ഞാൻ യഹൂദാദേശത്തിന്റെ ഗവർണറായി+ നിയമിതനാകുന്നത്. അന്നുമുതൽ അവന്റെ 32-ാം ഭരണവർഷംവരെയുള്ള+ 12 വർഷം ഞാനോ എന്റെ സഹോദരന്മാരോ ഗവർണർക്ക് അവകാശപ്പെട്ട ഭക്ഷണവിഹിതം വാങ്ങിയിട്ടില്ല.+
15 പക്ഷേ, എനിക്കു മുമ്പുണ്ടായിരുന്ന ഗവർണർമാർ ജനത്തെ ഭാരപ്പെടുത്തിയിരുന്നു. അപ്പത്തിനും വീഞ്ഞിനും വേണ്ടി അവർ ദിവസേന 40 ശേക്കെൽ* വെള്ളിയാണ് ജനത്തിന്റെ കൈയിൽനിന്ന് വാങ്ങിയിരുന്നത്. ഇതിനു പുറമേ, അവരുടെ പരിചാരകരും ജനത്തെ ബുദ്ധിമുട്ടിച്ചിരുന്നു. പക്ഷേ, ദൈവഭയമുള്ളതുകൊണ്ട്+ ഞാൻ അതു ചെയ്‌തില്ല.+
16 മാത്രമല്ല, ഞാനും മതിൽപ്പണിയിൽ പങ്കെടുത്തു. ജോലി ചെയ്യാൻ എന്റെ എല്ലാ പരിചാരകരും അവിടെ എത്തിയിരുന്നു. ഞങ്ങൾ സ്വന്തമായി ഒരു നിലംപോലും സമ്പാദിച്ചില്ല.+
17 ഉപഭരണാധികാരികളും 150 ജൂതന്മാരും എന്നോടൊപ്പമാണു ഭക്ഷണം കഴിച്ചിരുന്നത്. കൂടാതെ, ജനതകളിൽനിന്ന് ഞങ്ങളുടെ അടുത്ത് വരുന്നവർക്കും ആഹാരം കൊടുത്തിരുന്നു.
18 ദിവസേന ഒരു കാള, ഏറ്റവും നല്ല ആറു ചെമ്മരിയാട്, പക്ഷികൾ എന്നിവയെയാണ് എനിക്കുവേണ്ടി* പാകം ചെയ്തിരുന്നത്. പത്തു ദിവസത്തിലൊരിക്കൽ എല്ലാ തരം വീഞ്ഞും ഇഷ്ടംപോലെ വിളമ്പുമായിരുന്നു. എങ്കിലും, ഗവർണർക്ക് അവകാശപ്പെട്ട ഭക്ഷണവിഹിതം ഞാൻ ആവശ്യപ്പെട്ടില്ല. കാരണം, ജനം അപ്പോൾത്തന്നെ ആകെ ഭാരപ്പെട്ടിരിക്കുകയായിരുന്നു.
19 എന്റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാൻ ചെയ്തതൊക്കെയും ഓർത്ത് എന്നിൽ പ്രസാദിക്കേണമേ.*+
അടിക്കുറിപ്പുകള്‍
^ അഥവാ “കൊള്ളപ്പലിശ.”
^ അഥവാ “(മാസംതോറും) ഒരു ശതമാനം.”
^ അഥവാ “അങ്ങനെതന്നെയാകട്ടെ!”
^ അഥവാ “എന്റെ ചെലവിൽ.”
^ അഥവാ “ചെയ്തതിന്റെയെല്ലാം പേരിൽ എന്നെ എന്നെന്നും ഓർക്കേണമേ.”