ന്യായാധിപന്മാർ 15:1-20
15 കുറച്ച് നാൾ കഴിഞ്ഞ് ഗോതമ്പുകൊയ്ത്തിന്റെ സമയത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയെയുംകൊണ്ട് ഭാര്യയെ കാണാൻ ചെന്നു. “ഞാൻ കിടപ്പറയിൽ* എന്റെ ഭാര്യയുടെ അടുത്ത് ചെല്ലട്ടെ” എന്നു പറഞ്ഞു. എന്നാൽ അകത്ത് കടക്കാൻ ഭാര്യയുടെ അപ്പൻ അനുവദിച്ചില്ല.
2 ഭാര്യയുടെ അപ്പൻ പറഞ്ഞു: “‘നീ അവളെ വെറുത്തുകാണും’+ എന്നു വിചാരിച്ച് ഞാൻ അവളെ നിന്റെ തോഴനു കൊടുത്തു.+ അവളുടെ അനിയത്തി അവളെക്കാൾ സുന്ദരിയല്ലേ? മറ്റവൾക്കു പകരം ഇവളെ എടുത്തുകൊള്ളുക.”
3 എന്നാൽ ശിംശോൻ അവരോട്, “ഇത്തവണ ഞാൻ ഫെലിസ്ത്യരെ എന്തെങ്കിലും ചെയ്‌താൽ അവർക്ക് എന്നെ കുറ്റപ്പെടുത്താനാകില്ല” എന്നു പറഞ്ഞു.
4 അങ്ങനെ ശിംശോൻ പോയി 300 കുറുക്കന്മാരെ പിടിച്ചു. കുറെ പന്തങ്ങളും എടുത്തു. ശിംശോൻ കുറുക്കന്മാരുടെ വാലുകൾ തമ്മിൽ കൂട്ടിക്കെട്ടി; രണ്ടു കുറുക്കന്മാരുടെ വാലുകൾക്കിടയിൽ ഓരോ പന്തവും കെട്ടിവെച്ചു.
5 ശിംശോൻ പന്തങ്ങൾക്കു തീ കൊളുത്തി കുറുക്കന്മാരെ ഫെലിസ്ത്യരുടെ വിളഞ്ഞുകിടന്ന വയലുകളിലേക്കു വിട്ടു. അവരുടെ കറ്റയും വിളവും മുന്തിരിത്തോട്ടവും ഒലിവുതോട്ടവും ഉൾപ്പെടെ എല്ലാം കത്തിനശിച്ചു.
6 അപ്പോൾ ഫെലിസ്ത്യർ, “ആരാണ് ഇതു ചെയ്‌തത്” എന്നു ചോദിച്ചു. “തിമ്നക്കാരന്റെ മരുമകൻ ശിംശോനാണ് ഇതു ചെയ്‌തത്. കാരണം ശിംശോന്റെ ഭാര്യയെ അയാൾ ശിംശോന്റെ തോഴനു+ കൊടുത്തുകളഞ്ഞു” എന്ന് അവർക്കു വിവരം കിട്ടി. അപ്പോൾ ഫെലിസ്ത്യർ ചെന്ന് ശിംശോന്റെ ഭാര്യയെയും ഭാര്യയുടെ അപ്പനെയും ചുട്ടുകൊന്നു.+
7 അപ്പോൾ ശിംശോൻ അവരോടു പറഞ്ഞു: “ഇങ്ങനെയാണു നിങ്ങൾ ചെയ്യുന്നതെങ്കിൽ നിങ്ങളോടു പ്രതികാരം ചെയ്യാതെ ഞാൻ അടങ്ങില്ല.”+
8 ശിംശോൻ അവരെയെല്ലാം ഒന്നൊന്നായി കൊന്ന് ഒരു വലിയ സംഹാരം നടത്തി. അതിനു ശേഷം ഏതാം പാറയിലെ ഒരു ഗുഹയിൽ* ചെന്ന് താമസിച്ചു.
9 പിന്നീട് ഫെലിസ്ത്യർ വന്ന് യഹൂദയിൽ പാളയമടിച്ച് ലേഹിയിൽ എല്ലായിടത്തും ചുറ്റിനടന്നു.+
10 അപ്പോൾ യഹൂദയിലുള്ളവർ, “നിങ്ങൾ എന്തിനാണു ഞങ്ങൾക്കെതിരെ വന്നിരിക്കുന്നത്” എന്നു ചോദിച്ചു. അതിന് അവർ, “ഞങ്ങൾ ശിംശോനെ പിടിക്കാനാണു* വന്നിരിക്കുന്നത്; അയാൾ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങൾ അയാളോടും ചെയ്യും” എന്നു പറഞ്ഞു.
11 അപ്പോൾ യഹൂദയിലെ 3,000 പുരുഷന്മാർ ഏതാം പാറയിലെ ഗുഹയിലേക്കു ചെന്ന് ശിംശോനോടു പറഞ്ഞു: “നമ്മളെ ഭരിക്കുന്നതു ഫെലിസ്ത്യരാണെന്നു നിനക്ക് അറിഞ്ഞുകൂടേ?+ എന്തിനാണു നീ ഞങ്ങളോട് ഇങ്ങനെ ചെയ്‌തത്?” ശിംശോൻ പറഞ്ഞു: “അവർ എന്നോടു ചെയ്‌തതേ ഞാൻ അവരോടും ചെയ്തിട്ടുള്ളൂ.”
12 എന്നാൽ അവർ പറഞ്ഞു: “നിന്നെ പിടിച്ച് ഫെലിസ്ത്യരെ ഏൽപ്പിക്കാനാണു ഞങ്ങൾ വന്നത്.” അപ്പോൾ ശിംശോൻ പറഞ്ഞു: “നിങ്ങൾ എന്നെ ഉപദ്രവിക്കില്ലെന്നു സത്യം ചെയ്യുക.”
13 അവർ പറഞ്ഞു: “ഇല്ല, ഞങ്ങൾ നിന്നെ കൊല്ലില്ല. നിന്നെ പിടിച്ചുകെട്ടി അവരെ ഏൽപ്പിക്കുകയേ ഉള്ളൂ.”
അങ്ങനെ അവർ ശിംശോനെ രണ്ടു പുതിയ കയറുകൊണ്ട് ബന്ധിച്ച് ആ പാറയിൽനിന്ന് കൊണ്ടുപോയി.
14 ലേഹിയിൽ എത്തിയപ്പോൾ ശിംശോനെ കണ്ട് ഫെലിസ്ത്യർ വിജയാരവം മുഴക്കി. അപ്പോൾ യഹോവയുടെ ആത്മാവ് ശിംശോനു ശക്തി പകർന്നു.+ ശിംശോന്റെ കൈയിൽ കെട്ടിയിരുന്ന കയർ കത്തിക്കരിഞ്ഞ നൂലുപോലെ കൈയിൽനിന്ന് അറ്റുപോയി.+
15 അപ്പോൾ ഒരു ആൺകഴുതയുടെ പച്ചത്താടിയെല്ല് ശിംശോന്റെ കണ്ണിൽപ്പെട്ടു. ശിംശോൻ ചെന്ന് അത് എടുത്ത് 1,000 പേരെ കൊന്നു.+
16 പിന്നെ ശിംശോൻ പറഞ്ഞു:
“ഒരു കഴുതയുടെ താടിയെല്ലുകൊണ്ട് ഒരു കൂമ്പാരം, രണ്ടു കൂമ്പാരം!
ഒരു കഴുതയുടെ താടിയെല്ലുകൊണ്ട് ഞാൻ 1,000 പേരെ കൊന്നു.”+
17 ഇങ്ങനെ പറഞ്ഞശേഷം ശിംശോൻ ആ താടിയെല്ല് എറിഞ്ഞുകളഞ്ഞു. ശിംശോൻ ആ സ്ഥലത്തിനു രാമത്ത്-ലേഹി*+ എന്നു പേര് വിളിച്ചു.
18 പിന്നെ ശിംശോനു വല്ലാതെ ദാഹിച്ചു. ശിംശോൻ യഹോവയോട് ഇങ്ങനെ നിലവിളിച്ചു: “അങ്ങാണ് അടിയനിലൂടെ ഈ മഹാരക്ഷ വരുത്തിയത്. എന്നിട്ട് ഇപ്പോൾ ഞാൻ ദാഹിച്ച് മരിച്ച് ഈ അഗ്രചർമികളുടെ കൈയിൽ അകപ്പെടണോ?”
19 ദൈവം അപ്പോൾ ലേഹിയിൽ ഒരു പിളർപ്പ് ഉണ്ടാക്കി. അതിലൂടെ ഒഴുകിവന്ന വെള്ളം+ കുടിച്ചപ്പോൾ ശിംശോനു ചൈതന്യം* വീണ്ടുകിട്ടി, ശിംശോൻ ഉന്മേഷവാനായി. ആ സ്ഥലത്തിനു ശിംശോൻ ഏൻ-ഹക്കോരെ* എന്നു പേരിട്ടു; അത് ഇന്നും ലേഹിയിലുണ്ട്.
20 ശിംശോൻ ഫെലിസ്ത്യരുടെ കാലത്ത് 20 വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി.+
അടിക്കുറിപ്പുകള്‍
^ അഥവാ “ഉള്ളറയിൽ.”
^ അഥവാ “വിടവിൽ.”
^ അഥവാ “പിടിച്ചുകെട്ടാനാണ്.”
^ അർഥം: “താടിയെല്ലിന്റെ കുന്ന്.”
^ അഥവാ “ശക്തി.”
^ അർഥം: “വിളിക്കുന്നവന്റെ നീരുറവ.”