ന്യായാധിപന്മാർ 19:1-30
19 ഇസ്രായേലിൽ രാജാവില്ലാതിരുന്ന ആ കാലത്ത്,+ എഫ്രയീംമലനാട്ടിലെ+ ഉൾപ്രദേശത്ത് താമസിച്ചിരുന്ന ഒരു ലേവ്യൻ യഹൂദയിലെ ബേത്ത്ലെഹെമിലുള്ള+ ഒരു സ്ത്രീയെ ഉപപത്നിയാക്കി.*
2 എന്നാൽ ആ സ്ത്രീ ലേവ്യനോട് അവിശ്വസ്തത കാണിച്ചു. സ്ത്രീ ലേവ്യനെ വിട്ട് യഹൂദയിലെ ബേത്ത്ലെഹെമിലുള്ള സ്വന്തം അപ്പന്റെ വീട്ടിലേക്കു പോയി നാലു മാസം അവിടെ താമസിച്ചു.
3 സ്ത്രീയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാൻ ഭർത്താവ് സ്ത്രീയുടെ അടുത്തേക്കു പോയി. ലേവ്യനോടൊപ്പം പരിചാരകനും രണ്ടു കഴുതയും ഉണ്ടായിരുന്നു. അങ്ങനെ സ്ത്രീ ലേവ്യനെ അപ്പന്റെ വീട്ടിലേക്കു കൊണ്ടുപോയി. ലേവ്യനെ കണ്ടപ്പോൾ സ്ത്രീയുടെ അപ്പൻ സന്തോഷത്തോടെ അയാളെ സ്വീകരിച്ചു.
4 മൂന്നു ദിവസം തന്നോടൊപ്പം താമസിക്കാൻ യുവതിയുടെ അപ്പൻ, അതായത് ലേവ്യന്റെ അമ്മായിയപ്പൻ, അയാളെ പറഞ്ഞ് സമ്മതിപ്പിച്ചു. അവർ തിന്നുകയും കുടിക്കുകയും ചെയ്തു. രാത്രി ലേവ്യൻ അവിടെ താമസിച്ചു.
5 നാലാം ദിവസം അതിരാവിലെ അവർ പോകാൻ ഒരുങ്ങിയപ്പോൾ യുവതിയുടെ അപ്പൻ മരുമകനോടു പറഞ്ഞു: “എന്തെങ്കിലും കഴിച്ചിട്ടേ പോകാവൂ, അല്ലെങ്കിൽ ക്ഷീണിച്ചുപോകും.”
6 അങ്ങനെ അവർ രണ്ടും ഇരുന്ന് തിന്നുകയും കുടിക്കുകയും ചെയ്തശേഷം യുവതിയുടെ അപ്പൻ ലേവ്യനോടു പറഞ്ഞു: “ഇന്നു രാത്രി ഇവിടെ താമസിച്ച് സന്തോഷിച്ചുകൊള്ളുക.”*
7 പക്ഷേ ആ പുരുഷൻ പോകാനായി എഴുന്നേറ്റു. എന്നാൽ അമ്മായിയപ്പൻ നിർബന്ധിച്ചുകൊണ്ടിരുന്നതിനാൽ അന്നു രാത്രിയും അവിടെ താമസിച്ചു.
8 അഞ്ചാം ദിവസം അതിരാവിലെ പോകാൻ എഴുന്നേറ്റപ്പോൾ യുവതിയുടെ അപ്പൻ, “എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ക്ഷീണിച്ചുപോകും” എന്നു പറഞ്ഞു. അങ്ങനെ വൈകുംവരെ അവർ അവിടെ ചുറ്റിപ്പറ്റി നിന്നു. അവർ രണ്ടും ഭക്ഷണം കഴിച്ചുകൊണ്ട് അവിടെ ഇരുന്നു.
9 ലേവ്യൻ ഉപപത്നിയോടും പരിചാരകനോടും ഒപ്പം പോകാൻ എഴുന്നേറ്റപ്പോൾ അമ്മായിയപ്പൻ, അതായത് യുവതിയുടെ അപ്പൻ, പറഞ്ഞു: “ഇതാ, ഇപ്പോൾത്തന്നെ വൈകുന്നേരമായി. രാത്രി ഇവിടെ തങ്ങുക. പകൽ കഴിയാറായല്ലോ. ഇന്ന് ഇവിടെ താമസിച്ച് സന്തോഷിച്ചുകൊള്ളുക. നാളെ അതിരാവിലെ എഴുന്നേറ്റ് വീട്ടിലേക്കു* പോകാം.”
10 എന്നാൽ അന്നു രാത്രികൂടി അവിടെ താമസിക്കാൻ ലേവ്യനു താത്പര്യമില്ലായിരുന്നു. ലേവ്യൻ യാത്ര ചെയ്ത് യബൂസ് വരെ, അതായത് യരുശലേം+ വരെ, എത്തി. ഉപപത്നിയും പരിചാരകനും കോപ്പിട്ട രണ്ടു കഴുതകളും ലേവ്യനോടൊപ്പമുണ്ടായിരുന്നു.
11 അവർ യബൂസിന് അടുത്ത് എത്തിയപ്പോൾ സന്ധ്യയാകാറായിരുന്നു. അപ്പോൾ പരിചാരകൻ യജമാനനോട്, “നമുക്കു യബൂസ്യരുടെ ഈ നഗരത്തിലേക്കു ചെന്ന് അവിടെ രാത്രിതങ്ങിയാലോ” എന്നു ചോദിച്ചു.
12 എന്നാൽ യജമാനൻ പറഞ്ഞു: “ഇസ്രായേല്യരുടേതല്ലാത്ത ഒരു അന്യനഗരത്തിലേക്കു നമ്മൾ പോകരുത്. നമുക്കു ഗിബെയ+ വരെ യാത്ര ചെയ്യാം.”
13 തുടർന്ന് ലേവ്യൻ പരിചാരകനോടു പറഞ്ഞു: “വരൂ, നമുക്ക് ആ സ്ഥലങ്ങളിൽ ഒന്നിൽ എത്തിപ്പെടാൻ ശ്രമിക്കാം. ഗിബെയയിലോ രാമയിലോ+ നമുക്കു രാത്രിതങ്ങാം.”
14 അങ്ങനെ അവർ യാത്ര തുടർന്നു. അവർ ബന്യാമീന്റെ പ്രദേശമായ ഗിബെയയ്ക്കടുത്ത് എത്തുമ്പോഴേക്കും സൂര്യൻ അസ്തമിച്ചുതുടങ്ങിയിരുന്നു.
15 അങ്ങനെ അവർ യാത്ര നിറുത്തി രാത്രിതങ്ങാനായി ഗിബെയയിലേക്കു ചെന്നു. അവർ നഗരത്തിനുള്ളിൽ പ്രവേശിച്ച് അവിടത്തെ പൊതുസ്ഥലത്ത്* ഇരുന്നു. എന്നാൽ രാത്രിതങ്ങാൻ ആരും അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയില്ല.+
16 ഒടുവിൽ അന്നു വൈകുന്നേരം, പ്രായമായ ഒരു മനുഷ്യൻ പണി കഴിഞ്ഞ് വയലിൽനിന്ന് വന്നു. അയാൾ എഫ്രയീംമലനാട്ടിൽനിന്നുള്ളവനായിരുന്നു.+ കുറച്ച് കാലമായി ഗിബെയയിലാണു താമസിച്ചിരുന്നത്. എന്നാൽ ആ നഗരത്തിൽ താമസിച്ചിരുന്നവർ ബന്യാമീന്യരായിരുന്നു.+
17 നഗരത്തിലെ പൊതുസ്ഥലത്ത് ഇരിക്കുന്ന യാത്രക്കാരനെ കണ്ടപ്പോൾ ആ വൃദ്ധൻ ചോദിച്ചു: “എവിടെനിന്നാണു വരുന്നത്, എവിടേക്കു പോകുന്നു?”
18 ലേവ്യൻ പറഞ്ഞു: “ഞങ്ങൾ യഹൂദയിലെ ബേത്ത്ലെഹെമിൽനിന്ന് എഫ്രയീംമലനാട്ടിലെ ഒരു ഉൾപ്രദേശത്തേക്കു പോകുകയാണ്. ഞാൻ അവിടത്തുകാരനാണ്. യഹൂദയിലെ ബേത്ത്ലെഹെമിൽ+ പോയതാണു ഞാൻ. ഇപ്പോൾ യഹോവയുടെ ഭവനത്തിലേക്കു പോകുകയാണ്.* പക്ഷേ ഇവിടെ ആരും എന്നെ അവരുടെ വീട്ടിൽ സ്വീകരിക്കുന്നില്ല.
19 കഴുതകൾക്കുള്ള തീറ്റിയും വയ്ക്കോലും+ ഞങ്ങളുടെ കൈവശം ധാരാളമുണ്ട്. എനിക്കും ഇവൾക്കും പരിചാരകനും വേണ്ട അപ്പവും+ വീഞ്ഞും ഞങ്ങളുടെ കൈയിലുണ്ട്. ഞങ്ങൾക്കു വേറെയൊന്നും ആവശ്യമില്ല.”
20 എന്നാൽ വൃദ്ധൻ പറഞ്ഞു: “നിങ്ങൾക്കു സമാധാനം! നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഞാൻ തരാം. ദയവുചെയ്ത് രാത്രി ഈ പൊതുസ്ഥലത്ത് കഴിയരുത്.”
21 അങ്ങനെ വൃദ്ധൻ അവരെ വീട്ടിലേക്കു കൊണ്ടുപോയി അവരുടെ കഴുതകൾക്കു തീറ്റി* കൊടുത്തു. പിന്നെ അവർ കാലുകൾ കഴുകി, അവർ തിന്നുകയും കുടിക്കുകയും ചെയ്തു.
22 അവർ അങ്ങനെ സന്തോഷിച്ചിരിക്കുമ്പോൾ, നഗരത്തിലെ ചില ആഭാസന്മാർ ആ വീടു വളഞ്ഞ് വാതിലിൽ ശക്തിയായി ഇടിച്ചു. അവർ വീട്ടുടമസ്ഥനായ വൃദ്ധനോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “നിന്റെ വീട്ടിൽ വന്ന ആ മനുഷ്യനെ ഇറക്കിവിടുക, ഞങ്ങൾക്ക് അയാളെ ഭോഗിക്കണം.”*+
23 അപ്പോൾ വീട്ടുടമസ്ഥൻ പുറത്ത് ചെന്ന് അവരോടു പറഞ്ഞു: “അരുത് എന്റെ സഹോദരന്മാരേ, ഈ പാപം ചെയ്യരുതേ. ഈ മനുഷ്യൻ അതിഥിയായി എന്റെ വീട്ടിൽ വന്നതാണ്. ദയവായി ഇങ്ങനെയൊരു വഷളത്തം അയാളോടു ചെയ്യരുതേ.
24 കന്യകയായ എന്റെ മകളും ഈ മനുഷ്യന്റെ ഉപപത്നിയും ഇവിടെയുണ്ട്. അവരെ ഞാൻ നിങ്ങളുടെ അടുത്ത് കൊണ്ടുവരാം. വേണമെങ്കിൽ അവരെ നശിപ്പിച്ചുകൊള്ളൂ.*+ എന്നാൽ ഈ മനുഷ്യനോട് ഇത്തരമൊരു വഷളത്തം ചെയ്യരുതേ.”
25 എന്നാൽ വൃദ്ധൻ പറഞ്ഞത് അവർ വകവെച്ചില്ല. അപ്പോൾ ആ ലേവ്യൻ ഉപപത്നിയെ+ പിടിച്ച് അവരുടെ മുന്നിലേക്ക് ഇറക്കിവിട്ടു. അവർ ആ സ്ത്രീയെ ബലാത്സംഗം ചെയ്തു; രാത്രി മുഴുവൻ പീഡിപ്പിച്ചു. ഒടുവിൽ പുലർച്ചെ അവർ സ്ത്രീയെ വിട്ടയച്ചു.
26 സ്ത്രീ വന്ന് യജമാനൻ താമസിച്ചിരുന്ന ആ വീടിനു മുന്നിൽ തളർന്ന് വീണു, വെളിച്ചമാകുംവരെ അവിടെ കിടന്നു.
27 സ്ത്രീയുടെ യജമാനൻ രാവിലെ എഴുന്നേറ്റ് യാത്ര തുടരാനായി വാതിൽ തുറന്ന് പുറത്ത് വന്നപ്പോൾ ഉപപത്നി വീടിന്റെ വാതിൽപ്പടിയിൽ കൈ വെച്ച് കിടക്കുന്നതു കണ്ടു.
28 ലേവ്യൻ സ്ത്രീയോടു പറഞ്ഞു: “എഴുന്നേൽക്കൂ, നമുക്കു പോകാം.” പക്ഷേ പ്രതികരണമൊന്നുമുണ്ടായില്ല. അപ്പോൾ ലേവ്യൻ സ്ത്രീയെ എടുത്ത് കഴുതപ്പുറത്ത് വെച്ച് സ്വന്തം വീട്ടിലേക്കു പോയി.
29 വീട്ടിൽ എത്തിയപ്പോൾ ലേവ്യൻ ഒരു അറവുകത്തി എടുത്ത് ഉപപത്നിയെ 12 കഷണമാക്കി മുറിച്ച് ഇസ്രായേലിലെ ഓരോ പ്രദേശത്തേക്കും ഒരു കഷണം വീതം കൊടുത്തയച്ചു.
30 അതു കണ്ടവരെല്ലാം ഇങ്ങനെ പറഞ്ഞു: “ഇസ്രായേല്യർ ഈജിപ്ത് ദേശത്തുനിന്ന് പോന്നതുമുതൽ ഇന്നുവരെ ഇങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ല, കണ്ടിട്ടുമില്ല. ഇതെക്കുറിച്ച് ആലോചിച്ചശേഷം എന്തു ചെയ്യണമെന്നു തീരുമാനിച്ച് ഞങ്ങളെ അറിയിക്കുക.”+
അടിക്കുറിപ്പുകള്
^ അഥവാ “നിന്റെ ഹൃദയം സന്തോഷിപ്പിച്ചുകൊള്ളുക.”
^ അക്ഷ. “കൂടാരത്തിലേക്ക്.”
^ അഥവാ “പൊതുചത്വരത്തിൽ.”
^ മറ്റൊരു സാധ്യത “ഞാൻ യഹോവയുടെ ഭവനത്തിൽ സേവിക്കുകയാണ്.”
^ അഥവാ “തീറ്റമിശ്രിതം.”
^ അഥവാ “അയാളുമായി ബന്ധപ്പെടണം.”
^ അഥവാ “പീഡിപ്പിച്ച് നിങ്ങൾക്കു തോന്നുന്നതുപോലെ അവരോടു ചെയ്തുകൊള്ളുക.”