പുറപ്പാട് 15:1-27
15 മോശയും ഇസ്രായേല്യരും അപ്പോൾ യഹോവയെ സ്തുതിച്ച് ഈ പാട്ടു പാടി:+
“ഞാൻ യഹോവയെ പാടി സ്തുതിക്കട്ടെ. ദൈവം മഹോന്നതനായല്ലോ.+
കുതിരയെയും കുതിരക്കാരനെയും ദൈവം കടലിലേക്കു ചുഴറ്റി എറിഞ്ഞു.+
2 യാഹ്* എന്റെ ശക്തിയും ബലവും. കാരണം ദൈവം എനിക്കു രക്ഷയായിരിക്കുന്നു.+
ഇതാണ് എന്റെ ദൈവം, ഞാൻ ദൈവത്തെ സ്തുതിക്കും;+ എന്റെ പിതാവിൻദൈവം,+ ഞാൻ ദൈവത്തെ വാഴ്ത്തും.+
3 യഹോവ യുദ്ധവീരൻ.+ യഹോവ എന്നല്ലോ തിരുനാമം.+
4 ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും ദൈവം കടലിൽ എറിഞ്ഞു.+ഫറവോന്റെ വീരയോദ്ധാക്കൾ ചെങ്കടലിൽ താണുപോയി.+
5 ആർത്തിരമ്പി വന്ന വെള്ളം അവരെ മൂടി. ആഴങ്ങളിലേക്ക് ഒരു കല്ലുകണക്കെ അവർ ആണ്ടുപോയി.+
6 യഹോവേ, അങ്ങയുടെ വലങ്കൈ മഹാശക്തിയുള്ളത്.+യഹോവേ, അങ്ങയുടെ വലങ്കൈക്കു ശത്രുക്കളെ തകർക്കാനാകും.
7 അങ്ങയ്ക്കെതിരെ എഴുന്നേൽക്കുന്നവരെ അങ്ങയുടെ ശ്രേഷ്ഠമാഹാത്മ്യത്തിൽ അങ്ങ് തകർക്കും.+അങ്ങ് കോപാഗ്നി അയയ്ക്കുന്നു. അത് അവരെ വയ്ക്കോൽ എന്നപോലെ തിന്നുകളയുന്നു.
8 അങ്ങയുടെ മൂക്കിൽനിന്നുള്ള ഒരു നിശ്വാസത്താൽ വെള്ളം ധാരാളമായി ഒന്നിച്ചുകൂടി.അണതീർത്തതുപോലെ പ്രളയജലം നിശ്ചലമായി നിന്നു.ഇളകിമറിയുന്ന വെള്ളം സാഗരഹൃദയത്തിൽ ഉറഞ്ഞുപോയി.
9 ശത്രു പറഞ്ഞു: ‘ഞാൻ അവരെ പിന്തുടർന്ന് പിടികൂടും!
എനിക്കു തൃപ്തിയാകുംവരെ ഞാൻ കൊള്ളമുതൽ പങ്കിടും!
ഞാൻ എന്റെ വാൾ ഊരും! എന്റെ കൈ അവരെ കീഴടക്കും!’+
10 എന്നാൽ അങ്ങ് ശ്വാസം അയച്ചപ്പോൾ കടൽ അവരെ മൂടി.+ഈയംകണക്കെ അവർ പെരുവെള്ളത്തിൽ മുങ്ങിത്താണു.
11 യഹോവേ, ദൈവങ്ങളിൽ അങ്ങയ്ക്കു തുല്യനായി ആരുണ്ട്?+
വിശുദ്ധിയിൽ അതിശ്രേഷ്ഠനായ അങ്ങയെപ്പോലെ ആരുണ്ട്?+
അങ്ങ് ഭയാദരവോടെയുള്ള സ്തുതിക്ക് അർഹനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും അല്ലോ.+
12 അങ്ങ് വലങ്കൈ നീട്ടി. ഭൂമി അവരെ വിഴുങ്ങിക്കളഞ്ഞു.+
13 അങ്ങ് മോചിപ്പിച്ച* ജനത്തെ+ അചഞ്ചലസ്നേഹത്തോടെ അങ്ങ് നയിച്ചിരിക്കുന്നു.സ്വന്തം ശക്തിയാൽ അങ്ങ് അവരെ അങ്ങയുടെ വിശുദ്ധനിവാസത്തിലേക്കു നയിക്കും.
14 ജനതകൾ കേൾക്കട്ടെ;+ അവർ പേടിച്ചുവിറയ്ക്കും.അതിവേദന* ഫെലിസ്ത്യനിവാസികളെ പിടികൂടും.
15 അപ്പോൾ ഏദോമിലെ പ്രഭുക്കന്മാർ* ഭയചകിതരാകും.മോവാബിലെ പ്രബലഭരണാധികാരികളെ* പരിഭ്രമം പിടികൂടും.+
കനാൻനിവാസികളുടെ ധൈര്യം ക്ഷയിച്ചുപോകും.+
16 ഭയവും ഭീതിയും അവരുടെ മേൽ വീഴും.+യഹോവേ, അങ്ങയുടെ ജനം കടന്നുപോകുംവരെ,
അങ്ങ് ഉളവാക്കിയ ജനം+ കടന്നുപോകുംവരെ,+
അങ്ങയുടെ കൈയുടെ മാഹാത്മ്യത്താൽ അവർ കല്ലുപോലെ നിശ്ചലരാകും.
17 അങ്ങ് അവരെ കൊണ്ടുവന്ന് അങ്ങയുടെ അവകാശപർവതത്തിൽ നടും.+യഹോവേ, അങ്ങയുടെ നിവാസത്തിനായി അങ്ങ് നിശ്ചയിച്ച് ഒരുക്കിയ സ്ഥലത്ത്,
യഹോവേ, അങ്ങയുടെ കരങ്ങൾ സ്ഥാപിച്ച ഒരു വിശുദ്ധസ്ഥലത്തുതന്നെ.
18 യഹോവ എന്നുമെന്നേക്കും രാജാവായി വാഴും.+
19 ഫറവോന്റെ കുതിരകൾ ചെന്നപ്പോൾ, യുദ്ധരഥങ്ങളോടും കുതിരപ്പടയാളികളോടും കൂടെ അവ കടലിലേക്കു ചെന്നപ്പോൾ,+യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി.+ഇസ്രായേൽ ജനമോ കടലിനു മധ്യേ, ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി.”+
20 അപ്പോൾ അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചിക ഒരു തപ്പു കൈയിൽ എടുത്തു. സ്ത്രീകളെല്ലാം തപ്പു കൊട്ടി നൃത്തച്ചുവടുകളോടെ മിര്യാമിനെ അനുഗമിച്ചു.
21 മിര്യാം പുരുഷന്മാരുടെ ഗാനത്തിനു പ്രതിഗാനമായി പാടിയത്:
“യഹോവയെ പാടി സ്തുതിക്കുവിൻ. കാരണം നമ്മുടെ ദൈവം മഹോന്നതനായിരിക്കുന്നു.+
കുതിരയെയും കുതിരക്കാരനെയും കടലിലേക്കു ചുഴറ്റി എറിഞ്ഞിരിക്കുന്നു.”+
22 പിന്നീട് മോശ ഇസ്രായേലിനെ ചെങ്കടലിങ്കൽനിന്ന് നയിച്ച് ശൂർ വിജനഭൂമിയിലേക്കു കൊണ്ടുപോയി. അവർ മൂന്നു ദിവസം ആ വിജനഭൂമിയിലൂടെ സഞ്ചരിച്ചിട്ടും എങ്ങും വെള്ളം കണ്ടെത്തിയില്ല.
23 അവസാനം അവർ മാറയിൽ* എത്തിച്ചേർന്നു.+ എന്നാൽ അവിടത്തെ വെള്ളം കയ്പുള്ളതായിരുന്നതുകൊണ്ട് അതും അവർക്കു കുടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് മോശ അതിനു മാറ എന്നു പേരിട്ടത്.
24 അപ്പോൾ ജനം, “ഞങ്ങൾ എന്തു കുടിക്കും” എന്നു പറഞ്ഞ് മോശയ്ക്കെതിരെ പിറുപിറുത്തുതുടങ്ങി.+
25 മോശ യഹോവയെ വിളിച്ചപേക്ഷിച്ചു.+ യഹോവ ഒരു ചെറിയ മരത്തിന്റെ അടുത്തേക്കു മോശയെ നയിച്ചു. മോശ അതു പിഴുത് വെള്ളത്തിൽ എറിഞ്ഞപ്പോൾ വെള്ളം മധുരമുള്ളതായി.
അവിടെവെച്ച് ദൈവം അവർക്കുവേണ്ടി ഒരു നിയമം ഉണ്ടാക്കി, ന്യായവിധിക്കുള്ള ഒരു മാനദണ്ഡവും വ്യവസ്ഥ ചെയ്തു. അവിടെയായിരിക്കെ ദൈവം അവരെ പരീക്ഷിച്ചു.+
26 ദൈവം പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുകയും ദൈവമുമ്പാകെ ശരിയായ കാര്യങ്ങൾ ചെയ്യുകയും ദൈവത്തിന്റെ കല്പനകൾക്കു ചെവി കൊടുക്കുകയും ദൈവത്തിന്റെ ചട്ടങ്ങളെല്ലാം പാലിക്കുകയും+ ചെയ്യുന്നെങ്കിൽ ഈജിപ്തുകാർക്കു ഞാൻ വരുത്തിയ രോഗങ്ങളിൽ ഒന്നുപോലും നിങ്ങൾക്കു വരുത്തില്ല.+ കാരണം യഹോവ എന്ന ഞാൻ നിങ്ങളെ സുഖപ്പെടുത്തുന്നവനാണ്.”+
27 അതിനു ശേഷം അവർ ഏലീമിൽ എത്തി. അവിടെ 12 നീരുറവകളും 70 ഈന്തപ്പനകളും ഉണ്ടായിരുന്നു. അതുകൊണ്ട് അവർ അവിടെ വെള്ളത്തിന് അരികെ പാളയമടിച്ചു.
അടിക്കുറിപ്പുകള്
^ യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അക്ഷ. “വീണ്ടെടുത്ത.”
^ അക്ഷ. “പ്രസവവേദന.”
^ അഥവാ “ഷെയ്ഖുമാർ.” ഇവർ ഗോത്രാധിപന്മാരായിരുന്നു.
^ അഥവാ “സ്വേച്ഛാധികാരികളെ.”
^ അർഥം: “കയ്പ്.”