യശയ്യ 48:1-22
48 ഇസ്രായേൽ എന്ന പേരിൽ അറിയപ്പെടുന്നവരും,+യഹൂദയുടെ നീരുറവിൽനിന്ന്* ഉത്ഭവിച്ചവരും ആയ യാക്കോബുഗൃഹമേ,സത്യത്തിലും നീതിയിലും അല്ലെങ്കിലും+യഹോവയുടെ പേര് പറഞ്ഞ് സത്യം ചെയ്യുകയും+ഇസ്രായേലിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നയാക്കോബുഗൃഹമേ, ഇതു കേൾക്കുക.
2 വിശുദ്ധനഗരത്തിൽ താമസിക്കുന്നവരെന്ന് അവകാശപ്പെടുകയും+സൈന്യങ്ങളുടെ അധിപനായ യഹോവ എന്നു പേരുള്ള,ഇസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുകയും+ ചെയ്യുന്നവരോടു പറയുന്നത്:
3 “ഞാൻ നാളുകൾക്കു മുമ്പേ നിന്നോടു പണ്ടുള്ള* കാര്യങ്ങൾ പറഞ്ഞു.
എന്റെ വായിൽനിന്ന് അവ പുറപ്പെട്ടു;ഞാൻതന്നെ അക്കാര്യങ്ങൾ അറിയിച്ചു.+
ഞാൻ പെട്ടെന്നു പ്രവർത്തിച്ചു; അങ്ങനെ അവ സംഭവിച്ചു.+
4 നീ വലിയ ദുശ്ശാഠ്യക്കാരനാണെന്ന് എനിക്ക് അറിയാമായിരുന്നു,നിന്റെ കഴുത്ത് ഇരുമ്പുകൊണ്ടുള്ളതും നെറ്റി ചെമ്പുകൊണ്ടുള്ളതും ആണ്.+
5 അതുകൊണ്ട്, ഞാൻ നിന്നോടു പണ്ടുതന്നെ ഇതു പറഞ്ഞു.
‘എന്റെ കൊത്തിയുണ്ടാക്കിയ വിഗ്രഹവും വാർത്തുണ്ടാക്കിയ രൂപവും* ആണ് ഇതു കല്പിച്ചത്,എന്റെ വിഗ്രഹമാണ് ഇതു ചെയ്തത്’ എന്നു നീ പറയാതിരിക്കാൻ,സംഭവിക്കും മുമ്പേ ഞാൻ ഇതെല്ലാം നിന്നെ അറിയിച്ചു.
6 നീ ഇക്കാര്യങ്ങളെല്ലാം കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നു.
നിങ്ങൾ അതു പ്രഖ്യാപിക്കില്ലേ?+
ഇപ്പോൾമുതൽ പുതിയ കാര്യങ്ങളാണു ഞാൻ നിന്നോടു പറയുന്നത്,+നിനക്ക് അറിയില്ലാത്ത പരമരഹസ്യങ്ങളാണു നിന്നെ അറിയിക്കുന്നത്.
7 ‘എനിക്ക് ഇവ മുമ്പേ അറിയാമായിരുന്നു’ എന്നു നീ പറയാതിരിക്കേണ്ടതിന്,പണ്ടല്ല, ഇപ്പോഴാണു ഞാൻ അവയ്ക്കു രൂപം നൽകുന്നത്.അവയെക്കുറിച്ച് നീ ഇതിനു മുമ്പ് കേട്ടിട്ടേ ഇല്ല.
8 ഇല്ല, നീ കേട്ടിട്ടില്ല,+ നിനക്ക് അവയെക്കുറിച്ച് അറിയില്ല,മുമ്പ് നിന്റെ ചെവികൾ തുറന്നിട്ടില്ലായിരുന്നു.
നീ കൊടുംവഞ്ചകനാണെന്നും+ ജനനംമുതൽ അപരാധിയായാണ്+ അറിയപ്പെടുന്നതെന്നുംഎനിക്ക് അറിയാം.
9 എന്നാൽ എന്റെ പേരിനെപ്രതി ഞാൻ എന്റെ കോപം നിയന്ത്രിച്ചുനിറുത്തും,+എന്റെ സ്തുതിക്കായി ഞാൻ എന്നെത്തന്നെ അടക്കിനിറുത്തും,
ഞാൻ നിന്നെ നശിപ്പിക്കില്ല.+
10 ഇതാ, വെള്ളിയെപ്പോലെയല്ലെങ്കിലും ഞാൻ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു,+
കഷ്ടതയുടെ ചൂളയിൽ നിന്നെ ഞാൻ പരീക്ഷിച്ചിരിക്കുന്നു.*+
11 എനിക്കുവേണ്ടി, അതെ, എനിക്കുവേണ്ടിത്തന്നെ ഞാൻ പ്രവർത്തിക്കും,+എന്റെ പേര് അശുദ്ധമാകുന്നതു കണ്ടുനിൽക്കാൻ എനിക്കാകുമോ?+
ഞാൻ എന്റെ മഹത്ത്വം മറ്റാർക്കും കൊടുക്കില്ല.*
12 യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന ഇസ്രായേലേ, എന്റെ വാക്കു കേൾക്കുക.
ഞാൻ മാറാത്തവനാണ്;+ ഞാനാണ് ആദ്യത്തവൻ; ഞാൻതന്നെയാണ് അവസാനത്തവനും.+
13 എന്റെ കരങ്ങളാണു ഭൂമിക്ക് അടിസ്ഥാനം ഇട്ടത്.+എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു.+
ഞാൻ വിളിക്കുമ്പോൾ അവ എന്റെ മുന്നിൽ വന്ന് നിൽക്കും.
14 നിങ്ങൾ എല്ലാവരും കൂടിവന്ന് ശ്രദ്ധിക്കൂ.
അവരിൽ ആരെങ്കിലും ഇതു പറഞ്ഞിട്ടുണ്ടോ?
യഹോവ അവനെ സ്നേഹിച്ചിരിക്കുന്നു.+
അവൻ ബാബിലോണിനെക്കുറിച്ചുള്ള അവന്റെ ഇഷ്ടം നടപ്പിലാക്കും,+അവന്റെ കൈ കൽദയർക്കെതിരെ വരും.+
15 ഞാൻതന്നെ ഇതു സംസാരിച്ചിരിക്കുന്നു, ഞാൻ അവനെ വിളിച്ചിരിക്കുന്നു.+
ഞാൻ അവനെ കൊണ്ടുവന്നിരിക്കുന്നു, അവന്റെ വഴികൾ വിജയിക്കും.+
16 എന്റെ അടുത്ത് വന്ന് ഇതു കേൾക്കുക.
ആദ്യംമുതൽ രഹസ്യമായല്ല ഞാൻ സംസാരിച്ചത്.+
അതു സംഭവിച്ചപ്പോൾമുതൽ ഞാൻ അവിടെയുണ്ടായിരുന്നു.”
ഇപ്പോൾ ഇതാ, പരമാധികാരിയാം കർത്താവായ യഹോവ എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.
17 ഇസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനും ആയ യഹോവ പറയുന്നു:+
“നിന്റെ പ്രയോജനത്തിനായി* നിന്നെ പഠിപ്പിക്കുകയും+പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്ന,+യഹോവ എന്ന ഞാനാണു നിന്റെ ദൈവം.
18 നീ എന്റെ കല്പനകൾ അനുസരിച്ചാൽ+ എത്ര നന്നായിരിക്കും!
അപ്പോൾ നിന്റെ സമാധാനം നദിപോലെയും+നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും+ ആയിത്തീരും.
19 നിന്റെ സന്തതി* മണൽപോലെയുംനിന്റെ വംശജർ മൺതരികൾപോലെയും വർധിക്കും.+
അവരുടെ പേര് ഒരിക്കലും എന്റെ മുന്നിൽനിന്ന് അറ്റുപോകില്ല; അത് ഒരിക്കലും മായ്ച്ചുകളയില്ല.”
20 ബാബിലോണിൽനിന്ന് പുറത്ത് കടക്കൂ!+
കൽദയരുടെ അടുത്തുനിന്ന് ഓടിപ്പോകൂ!
ആനന്ദഘോഷത്തോടെ ഇതു പ്രഖ്യാപിക്കുക, ഇതു വിളംബരം ചെയ്യുക!+
ഭൂമിയുടെ അതിരുകളോളം ഇത് അറിയിക്കുക.+
ഇങ്ങനെ പറയുവിൻ: “തന്റെ ദാസനായ യാക്കോബിനെ യഹോവ വീണ്ടെടുത്തിരിക്കുന്നു.+
21 ദൈവം മരുഭൂമിയിലൂടെ അവരെ കൊണ്ടുവന്നപ്പോൾ അവർക്കു ദാഹിച്ചില്ല.+
അവർക്കുവേണ്ടി ദൈവം പാറയിൽനിന്ന് വെള്ളം ഒഴുക്കി;ദൈവം പാറ പിളർന്നപ്പോൾ വെള്ളം കുതിച്ചൊഴുകി.”+
22 “ദുഷ്ടന്മാർക്കു സമാധാനമുണ്ടാകില്ല” എന്ന് യഹോവ പറയുന്നു.+
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “യഹൂദയിൽനിന്ന്.”
^ അക്ഷ. “ആദ്യത്തെ.”
^ അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമയും.”
^ അഥവാ “പരിശോധിച്ചിരിക്കുന്നു.” മറ്റൊരു സാധ്യത “തിരഞ്ഞെടുത്തിരിക്കുന്നു.”
^ അഥവാ “മറ്റാരുമായും പങ്കുവെക്കില്ല.”
^ അഥവാ “നന്മയ്ക്കായി.”
^ അക്ഷ. “വിത്ത്.”