യശയ്യ 56:1-12
56 യഹോവ ഇങ്ങനെ പറയുന്നു:
“നീതി ഉയർത്തിപ്പിടിക്കുക,+ ശരിയായതു ചെയ്യുക,ഞാൻ ഉടൻ രക്ഷ നൽകും;എന്റെ നീതി വെളിപ്പെടും.+
2 ഇങ്ങനെ ചെയ്യുന്ന മനുഷ്യനുംഇതിനോടു പറ്റിനിൽക്കുന്ന മനുഷ്യപുത്രനും സന്തുഷ്ടൻ;ശബത്ത് അശുദ്ധമാക്കാതെ അത് ആചരിക്കുന്നവനും+തിന്മയൊന്നും ചെയ്യാതെ കൈ സൂക്ഷിക്കുന്നവനും സന്തുഷ്ടൻ.
3 യഹോവയോടു ചേരുന്ന ഒരു അന്യദേശക്കാരൻ,+‘യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് വേർപെടുത്തുമെന്ന് ഉറപ്പാണ്’ എന്നു പറയരുത്.
‘ഞാൻ ഒരു ഉണക്കമരമാണ്’ എന്നു ഷണ്ഡനും* പറയരുത്.”
4 കാരണം, എന്റെ ശബത്തുകളെല്ലാം ആചരിക്കുകയും എനിക്ക് ഇഷ്ടമുള്ളതു ചെയ്യുകയും എന്റെ ഉടമ്പടിയോടു പറ്റിനിൽക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോട് യഹോവ പറയുന്നു:
5 “ഞാൻ എന്റെ ഭവനത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും അവർക്കൊരു സ്മാരകവും പേരും നൽകും,പുത്രന്മാരെക്കാളും പുത്രിമാരെക്കാളും ശ്രേഷ്ഠമായ ഒന്ന്!
ഞാൻ അവർക്കു ശാശ്വതമായ ഒരു പേര് നൽകും,ഒരിക്കലും നശിച്ചുപോകാത്ത ഒരു പേര് കൊടുക്കും.
6 യഹോവയ്ക്കു ശുശ്രൂഷ ചെയ്യാനും യഹോവയുടെ നാമത്തെ സ്നേഹിക്കാനും+ദൈവത്തിന്റെ ദാസരാകാനും വേണ്ടിദൈവത്തിന്റെ അടുത്ത് വന്നിരിക്കുന്ന അന്യദേശക്കാരെയെല്ലാം,അതെ, ശബത്ത് അശുദ്ധമാക്കാതെ അത് ആചരിക്കുകയുംഎന്റെ ഉടമ്പടിയോടു പറ്റിനിൽക്കുകയും ചെയ്യുന്ന അന്യദേശക്കാരെയെല്ലാം,
7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്കു കൊണ്ടുവരും,+എന്റെ പ്രാർഥനാലയത്തിൽ അവർക്കും ആഹ്ലാദം നൽകും.
അവരുടെ സമ്പൂർണദഹനയാഗങ്ങളും ബലികളും എന്റെ യാഗപീഠത്തിൽ ഞാൻ സ്വീകരിക്കും.
എന്റെ ഭവനം സകല ജനതകളുടെയും പ്രാർഥനാലയം എന്ന് അറിയപ്പെടും.”+
8 ചിതറിപ്പോയ ഇസ്രായേല്യരെ കൂട്ടിച്ചേർക്കുന്നവനും+ പരമാധികാരിയാം കർത്താവും ആയ യഹോവ പ്രഖ്യാപിക്കുന്നു:
“ഇതുവരെ കൂട്ടിച്ചേർത്തവരോടൊപ്പം ഞാൻ മറ്റുള്ളവരെയും അവനിലേക്കു കൂട്ടിച്ചേർക്കും.”+
9 കാട്ടിലെ മൃഗങ്ങളേ, ദേശത്തെ വന്യമൃഗങ്ങളേ,നിങ്ങളെല്ലാം വന്ന് ഭക്ഷിക്കൂ.+
10 അവന്റെ കാവൽക്കാർ അന്ധരാണ്;+ അവർ ആരും ശ്രദ്ധിച്ചില്ല.+
അവരെല്ലാം കുരയ്ക്കാൻ കഴിവില്ലാത്ത ഊമനായ്ക്കളാണ്.+
അവർ കിതച്ചുകൊണ്ട് നിലത്ത് കിടക്കുന്നു; ഏതു നേരവും കിടന്നുറങ്ങാനാണ് അവർക്ക് ഇഷ്ടം.
11 അവർ ആർത്തി മൂത്ത നായ്ക്കളാണ്;എത്ര തിന്നാലും അവർക്കു തൃപ്തിയാകുന്നില്ല.
അവർ വകതിരിവില്ലാത്ത ഇടയന്മാരാണ്.+
എല്ലാവരും തോന്നിയ വഴിക്കു പോയിരിക്കുന്നു.ഒന്നൊഴിയാതെ എല്ലാവരും അന്യായമായി നേട്ടം ഉണ്ടാക്കാൻ നോക്കുന്നു.
12 അവർ പറയുന്നു: “വരൂ, ഞാൻ കുറച്ച് വീഞ്ഞ് എടുക്കാം.നമുക്കു മതിവരുവോളം മദ്യം കുടിക്കാം.+
ഇന്നത്തെപ്പോലെയായിരിക്കും നാളെയും; അല്ലെങ്കിൽ ഇതിലും മെച്ചമായിരിക്കും!”