യശയ്യ 7:1-25
7 യഹൂദാരാജാവായ ഉസ്സീയയുടെ മകനായ യോഥാമിന്റെ മകനായ ആഹാസിന്റെ+ കാലത്ത്, സിറിയൻ രാജാവായ രസീനും ഇസ്രായേൽരാജാവായ, രമല്യയുടെ മകൻ പേക്കഹും+ യരുശലേമിനോടു യുദ്ധം ചെയ്യാൻ വന്നു. എന്നാൽ അതു പിടിച്ചടക്കാൻ അയാൾക്കു* കഴിഞ്ഞില്ല.+
2 “സിറിയ എഫ്രയീമുമായി സഖ്യം ചേർന്നിരിക്കുന്നു” എന്നു ദാവീദുഗൃഹം അറിഞ്ഞു.
അപ്പോൾ ആഹാസിന്റെയും ജനത്തിന്റെയും ഹൃദയം കാറ്റിൽപ്പെട്ട കാട്ടുമരങ്ങൾപോലെ വിറയ്ക്കാൻതുടങ്ങി.
3 അപ്പോൾ യഹോവ യശയ്യയോടു പറഞ്ഞു: “നീയും നിന്റെ മകനായ ശെയാർ-യാശൂബും* കൂടെ,+ അലക്കുകാരന്റെ നിലത്തേക്കുള്ള പ്രധാനവീഥിക്കടുത്ത്, മുകളിലുള്ള കുളത്തിന്റെ+ കനാൽ അവസാനിക്കുന്നിടത്ത്, ചെന്ന് ആഹാസിനെ കാണണം.
4 നീ അവനോടു പറയണം: ‘പേടിക്കേണ്ടാ, ശാന്തനായിരിക്കുക! സിറിയൻ രാജാവായ രസീന്റെയും രമല്യയുടെ+ മകന്റെയും ഉഗ്രകോപം നിമിത്തം നിന്റെ ഹൃദയം തളർന്നുപോകരുത്. അവർ പുകഞ്ഞുതീരാറായ രണ്ടു തീക്കൊള്ളികൾ മാത്രമാണ്.
5 എഫ്രയീമിനോടും രമല്യയുടെ മകനോടും ചേർന്ന് സിറിയ നിനക്ക് എതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നു. അവർ പറയുന്നു:
6 “നമുക്ക് യഹൂദയുടെ നേരെ ചെന്ന് അതിനെ പിച്ചിച്ചീന്താം;* അതിനെ കീഴ്‌പെടുത്തി* താബെയേലിന്റെ മകനെ രാജാവാക്കാം.”+
7 “‘പരമാധികാരിയാം കർത്താവായ യഹോവ പറയുന്നു:
“അതു വിജയിക്കില്ല,അങ്ങനെ സംഭവിക്കില്ല.
8 സിറിയയുടെ തല ദമസ്കൊസുംദമസ്കൊസിന്റെ തല രസീനും അല്ലോ.
വെറും 65 വർഷത്തിനുള്ളിൽഎഫ്രയീം തകർന്ന് തരിപ്പണമാകും;
അത് ഒരു ജനതയല്ലാതായിത്തീരും.+
9 എഫ്രയീമിന്റെ തല ശമര്യയും+ശമര്യയുടെ തല രമല്യയുടെ പുത്രനും+ അല്ലോ.
ശക്തമായ വിശ്വാസമില്ലെങ്കിൽനിങ്ങളുടെ രാജ്യം സുസ്ഥിരമായിരിക്കില്ല.”’”
10 യഹോവ ആഹാസിനോടു തുടർന്ന് പറഞ്ഞു:
11 “നിന്റെ ദൈവമായ യഹോവയോട് ഒരു അടയാളം ചോദിച്ചുകൊള്ളൂ.+ അതു പാതാളത്തോളം* ആഴമുള്ളതാണെങ്കിലും ആകാശത്തോളം ഉയരമുള്ളതാണെങ്കിലും നിനക്കു ചോദിക്കാം.”
12 പക്ഷേ ആഹാസ് പറഞ്ഞു: “ഇല്ല, ഞാൻ ചോദിക്കില്ല, ഞാൻ യഹോവയെ പരീക്ഷിക്കില്ല.”
13 അപ്പോൾ യശയ്യ പറഞ്ഞു: “ദാവീദുഗൃഹമേ, കേൾക്കൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിച്ച് നിങ്ങൾക്കു മതിയായില്ലേ? ഇനി ദൈവത്തിന്റെ ക്ഷമയുംകൂടി പരീക്ഷിക്കണോ?+
14 അതുകൊണ്ട് യഹോവതന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: ഇതാ, യുവതി* ഗർഭിണിയായി ഒരു മകനെ പ്രസവിക്കും.+ അവൾ അവന് ഇമ്മാനുവേൽ* എന്നു പേരിടും.+
15 തിന്മ തള്ളിക്കളഞ്ഞ് നന്മ തിരഞ്ഞെടുക്കാനുള്ള അറിവാകുമ്പോഴേക്കും അവനു വെണ്ണയും തേനും ആയിരിക്കും കഴിക്കാനുണ്ടാകുക.
16 കുട്ടിക്കു തിന്മ തള്ളിക്കളഞ്ഞ് നന്മ തിരഞ്ഞെടുക്കാനുള്ള അറിവാകുന്നതിനു മുമ്പുതന്നെ, നീ ഭയപ്പെടുന്ന ആ രണ്ടു രാജാക്കന്മാരുടെയും ദേശം ശൂന്യവും വിജനവും ആയിത്തീരും.+
17 എഫ്രയീം യഹൂദയിൽനിന്ന് വേർപിരിഞ്ഞതുമുതൽ+ ഇന്നോളം ഉണ്ടായിട്ടില്ലാത്ത തരം കഷ്ടതകളുടെ ഒരു കാലം യഹോവ നിന്റെയും നിന്റെ ജനത്തിന്റെയും നിന്റെ അപ്പന്റെ ഭവനത്തിന്റെയും മേൽ വരുത്തും. അതെ, ദൈവം അസീറിയൻ രാജാവിനെ വിളിച്ചുവരുത്തും.+
18 “അന്ന് യഹോവ ഈജിപ്തിലെ നൈലിന്റെ വിദൂരത്തുള്ള കൈവഴികളിൽനിന്ന് ഈച്ചകളെയും അസീറിയയിൽനിന്ന് തേനീച്ചകളെയും ചൂളമടിച്ച് വിളിക്കും.
19 അവ കൂട്ടമായി വന്ന് ചെങ്കുത്തായ മലഞ്ചെരിവുകളെയും* പാറപ്പിളർപ്പുകളെയും എല്ലാ മുൾപ്പടർപ്പുകളെയും എല്ലാ മേച്ചിൽപ്പുറങ്ങളെയും പൊതിയും.
20 “അന്നു യൂഫ്രട്ടീസിന്റെ കരയിൽനിന്ന് കൂലിക്കെടുത്ത ക്ഷൗരക്കത്തി ഉപയോഗിച്ച്, അതായത് അസീറിയൻ രാജാവിനെ ഉപയോഗിച്ച്,+ യഹോവ അവന്റെ തലമുടിയും കാലിലെ രോമങ്ങളും വടിച്ചുകളയും; താടിരോമവും ക്ഷൗരം ചെയ്തുകളയും.
21 “അന്ന് ഒരാൾ രണ്ട് ആടുകളെയും കാലിക്കൂട്ടത്തിൽനിന്ന് ഒരു പശുവിനെയും ജീവനോടെ രക്ഷിക്കും.
22 എന്നാൽ ധാരാളം പാൽ ലഭിക്കുന്നതുകൊണ്ട് അവൻ വെണ്ണ തിന്നും. ദേശത്ത് ശേഷിച്ചിരിക്കുന്ന എല്ലാവരുടെയും ഭക്ഷണം വെണ്ണയും തേനും മാത്രമായിരിക്കും.
23 “1,000 വെള്ളിക്കാശു വിലവരുന്ന 1,000 മുന്തിരിവള്ളികളുണ്ടായിരുന്നിടത്ത് അന്നു മുൾച്ചെടികളും കളകളും മാത്രമേ കാണൂ.
24 ദേശം മുഴുവൻ മുൾച്ചെടികളും കളകളും നിറഞ്ഞിരിക്കുന്നതിനാൽ ആളുകൾ അമ്പും വില്ലും കൊണ്ടേ അവിടെ പോകൂ.
25 മുമ്പ് കള പറിച്ച് വൃത്തിയാക്കിയിട്ടിരുന്ന മലകളിലേക്കു പോകാൻ നീ അന്നു ഭയപ്പെടും; അവിടെ മുഴുവൻ മുൾച്ചെടികളും കളകളും ആയിരിക്കും. കാളകളും ആടുകളും അവിടെ മേഞ്ഞുനടക്കും.”
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “അവർക്ക്.”
^ അർഥം: “അവശേഷിക്കുന്ന കുറച്ച് പേർ മാത്രം മടങ്ങിവരും.”
^ മറ്റൊരു സാധ്യത “ഭീതിയിലാഴ്ത്താം.”
^ അഥവാ “അതിന്റെ മതിലുകളിൽ പിളർപ്പ് ഉണ്ടാക്കി.” അക്ഷ. “വെട്ടിപ്പൊളിച്ച്.”
^ അഥവാ “കന്യക.”
^ അർഥം: “ദൈവം ഞങ്ങളുടെകൂടെ.”
^ അഥവാ “നീർച്ചാലുകളെയും.”