യശയ്യ 9:1-21
9 എന്നാൽ ദേശം കഷ്ടത അനുഭവിച്ച കാലത്തുണ്ടായിരുന്നത്ര മൂടൽ അന്നുണ്ടായിരിക്കില്ല. അതായത്, സെബുലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും അവജ്ഞയോടെ പെരുമാറിയിരുന്ന കാലത്തുണ്ടായിരുന്നത്ര മൂടൽ അന്ന് അനുഭവിക്കേണ്ടിവരില്ല.+ എന്നാൽ പിന്നീടൊരു സമയത്ത് യോർദാൻ പ്രദേശത്തുള്ള തീരദേശപാതയ്ക്കും ജനതകളുടെ ഗലീലയ്ക്കും ബഹുമതി ലഭിക്കാൻ ദൈവം ഇടയാക്കും.
2 അന്ധകാരത്തിൽ നടന്ന ആളുകൾവലിയൊരു വെളിച്ചം കണ്ടിരിക്കുന്നു.
കൂരിരുട്ടു നിറഞ്ഞ ദേശത്ത് താമസിക്കുന്നവരുടെ മേൽവെളിച്ചം പ്രകാശിച്ചിരിക്കുന്നു.+
3 അങ്ങ് ആ ജനതയെ വർധിപ്പിച്ചിരിക്കുന്നു;അങ്ങ് അതിനെ ആനന്ദംകൊണ്ട് നിറച്ചിരിക്കുന്നു.
കൊയ്ത്തുകാലത്ത് ജനം സന്തോഷിക്കുന്നതുപോലെയും,കൊള്ളവസ്തുക്കൾ പങ്കിടുമ്പോൾ ആളുകൾ ആനന്ദിക്കുന്നതുപോലെയും,അവർ അങ്ങയുടെ മുന്നിൽ ആനന്ദിക്കുന്നു.
4 കാരണം, മിദ്യാനെ തോൽപ്പിച്ച കാലത്ത്+ ചെയ്തതുപോലെ,അവരുടെ ചുമലിലെ ഭാരമുള്ള നുകങ്ങൾ അങ്ങ് തകർത്തുകളഞ്ഞു,അവരുടെ തോളിലുള്ള കോലും അവരെക്കൊണ്ട് വേല ചെയ്യിച്ചിരുന്നവരുടെ വടിയും ഒടിച്ചുകളഞ്ഞു.
5 ഭൂമി കുലുക്കി നീങ്ങുന്ന സൈന്യത്തിന്റെ ചെരിപ്പുകളുംരക്തത്തിൽ കുതിർന്ന വസ്ത്രങ്ങളും തീക്കിരയാകും.
6 നമുക്ക് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു,+നമുക്ക് ഒരു മകനെ കിട്ടിയിരിക്കുന്നു,ഭരണാധിപത്യം* അവന്റെ തോളിൽ ഇരിക്കും.+
അതുല്യനായ ഉപദേശകൻ,+ ശക്തനാം ദൈവം,+ നിത്യപിതാവ്, സമാധാനപ്രഭു എന്നെല്ലാം അവനു പേരാകും.
7 ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യത്തിലും ഉള്ളഅവന്റെ ഭരണത്തിന്റെ* വളർച്ചയ്ക്കുംസമാധാനത്തിനും അവസാനമുണ്ടാകില്ല.+അതിനെ സുസ്ഥിരമാക്കാനും+ നിലനിറുത്താനുംഇന്നുമുതൽ എന്നെന്നുംഅവൻ നീതിയോടും ന്യായത്തോടും+ കൂടെ ഭരിക്കും.
സൈന്യങ്ങളുടെ അധിപനായ യഹോവയുടെ തീക്ഷ്ണത അതു സാധ്യമാക്കും.
8 യഹോവ യാക്കോബിന് എതിരെ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നു,അത് ഇസ്രായേലിനു നേരെ വന്നിരിക്കുന്നു.+
9 സകല ജനവും—എഫ്രയീമും ശമര്യനിവാസികളും—അത് അറിയും;അവർ ഹൃദയത്തിൽ അഹങ്കരിച്ച് ധിക്കാരത്തോടെ ഇങ്ങനെ പറയുന്നല്ലോ:
10 “ഇഷ്ടികകൾ വീണുപോയി,എന്നാൽ ചെത്തിയൊരുക്കിയ കല്ലുകൾകൊണ്ട് ഞങ്ങൾ പണിയും.+
അത്തി മരങ്ങൾ വെട്ടിക്കളഞ്ഞിരിക്കുന്നു,എന്നാൽ അവയ്ക്കു പകരം ഞങ്ങൾ ദേവദാരുക്കൾ നടും.”
11 യഹോവ രസീന്റെ എതിരാളികളെ അയാൾക്കെതിരെ എഴുന്നേൽപ്പിക്കും,അയാളുടെ ശത്രുക്കളെ അയാൾക്കു നേരെ ഇളക്കിവിടും;
12 കിഴക്കുനിന്ന് സിറിയയും പടിഞ്ഞാറുനിന്ന്* ഫെലിസ്ത്യരും വരും,+അവർ വായ് തുറന്ന് ഇസ്രായേലിനെ വിഴുങ്ങിക്കളയും.+
ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.+
13 തങ്ങളെ അടിക്കുന്നവന്റെ അടുത്തേക്കു ജനം മടങ്ങിവന്നില്ല;അവർ സൈന്യങ്ങളുടെ അധിപനായ യഹോവയെ അന്വേഷിച്ചില്ല.+
14 ഒറ്റ ദിവസംകൊണ്ട് യഹോവ ഇസ്രായേലിൽനിന്ന്തലയും വാലും തളിരും ഞാങ്ങണയും* മുറിച്ചുകളയും.+
15 മൂപ്പനും ആദരണീയനും ആയ പുരുഷനാണു തല;തെറ്റായ ഉപദേശങ്ങൾ നൽകുന്ന പ്രവാചകനാണു വാൽ.+
16 നേതാക്കന്മാർ കാരണം ഈ ജനം അലഞ്ഞുതിരിയുന്നു,അവരുടെ വാക്കു കേൾക്കുന്നവർ ആശയക്കുഴപ്പത്തിലാകുന്നു.
17 അതുകൊണ്ട് യഹോവ അവരുടെ ചെറുപ്പക്കാരിൽ സന്തോഷിക്കില്ല,അവൻ അവർക്കിടയിലെ അനാഥരോടും* വിധവമാരോടും കരുണ കാണിക്കില്ല.അവരെല്ലാം വിശ്വാസത്യാഗികളും ദുഷ്പ്രവൃത്തിക്കാരും അല്ലോ;+എല്ലാ വായും വിഡ്ഢിത്തം വിളിച്ചുപറയുന്നു.
ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.+
18 ദുഷ്ടത തീപോലെ കത്തുന്നു,അതു മുൾച്ചെടികളെയും കളകളെയും വിഴുങ്ങുന്നു.
വനത്തിലെ കുറ്റിക്കാടുകൾക്ക് അതു തീ പിടിപ്പിക്കും,അവ പുകച്ചുരുളുകളായി മുകളിലേക്കു പോകും.
19 സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ഉഗ്രകോപത്തിൽദേശത്തിനു തീ പിടിച്ചിരിക്കുന്നു,ജനം അഗ്നിക്കിരയാകും,
സ്വന്തം സഹോദരനെപ്പോലും ആരും വെറുതേ വിടില്ല.
20 ഒരാൾ തന്റെ വലതുഭാഗം വെട്ടിയെടുക്കും,പക്ഷേ അയാളുടെ വിശപ്പു മാറില്ല;മറ്റൊരാൾ തന്റെ ഇടതുഭാഗം തിന്നും,പക്ഷേ അയാൾക്കു തൃപ്തിവരില്ല.
ഓരോരുത്തരും സ്വന്തം കൈയിലെ മാംസം കടിച്ചുതിന്നും.
21 മനശ്ശെ എഫ്രയീമിനെയുംഎഫ്രയീം മനശ്ശെയെയും വിഴുങ്ങും.
അവർ യഹൂദയ്ക്കെതിരെ ഒന്നിക്കും.+
ഇവയെല്ലാം കാരണം, ദൈവത്തിന്റെ കോപം ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നു;അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോഴും പിൻവലിച്ചിട്ടില്ല.+
അടിക്കുറിപ്പുകള്
^ അഥവാ “ഗവൺമെന്റ്.”
^ അഥവാ “ഗവൺമെന്റിന്റെ.”
^ അക്ഷ. “പിന്നിൽനിന്ന്.”
^ മറ്റൊരു സാധ്യത “പനയോലയും ഈറ്റയും.”
^ അഥവാ “പിതാവില്ലാത്ത കുട്ടികളോടും.”