യഹസ്‌കേൽ 11:1-25

11  ഒരു ആത്മാവ്‌* എന്നെ എടുത്ത്‌ യഹോ​വ​യു​ടെ ഭവനത്തി​ന്റെ കിഴക്കേ കവാടത്തിൽ+ കൊണ്ടു​വന്നു. കിഴ​ക്കോ​ട്ടു ദർശന​മുള്ള ആ കവാട​ത്തി​ന്റെ മുന്നിൽ 25 പുരു​ഷ​ന്മാ​രെ ഞാൻ കണ്ടു. ജനത്തിന്റെ പ്രഭുക്കന്മാരായ+ അസ്സൂരി​ന്റെ മകൻ യയസന്യ​യും ബനയയു​ടെ മകൻ പെലത്യ​യും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. 2  അപ്പോൾ ദൈവം എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ, ഈ നഗരത്തിൽ* ഗൂഢത​ന്ത്രങ്ങൾ മനഞ്ഞ്‌ ദുരു​പ​ദേശം കൊടു​ക്കു​ന്നത്‌ ഇവരാണ്‌. 3  ‘വീടുകൾ പണിയാ​നുള്ള സമയമല്ലേ ഇത്‌?+ ഈ നഗരം* പാചകക്കലവും*+ നമ്മൾ മാംസ​വും’ എന്നാണ്‌ അവർ പറയു​ന്നത്‌. 4  “അതു​കൊണ്ട്‌ അവർക്കെ​തി​രെ പ്രവചി​ക്കൂ! മനുഷ്യ​പു​ത്രാ, പ്രവചി​ക്കൂ!”+ 5  അപ്പോൾ യഹോ​വ​യു​ടെ ആത്മാവ്‌ എന്റെ മേൽ വന്നു.+ ദൈവം എന്നോടു പറഞ്ഞു: “നീ ഇങ്ങനെ പറയണം: ‘യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഇസ്രാ​യേൽഗൃ​ഹമേ, നീ പറഞ്ഞതു ശരിയാ​ണ്‌. നിന്റെ ചിന്ത എന്താ​ണെന്ന്‌ എനിക്ക്‌ അറിയാം. 6  നീ കാരണം ഈ നഗരത്തിൽ അനേകർ മരിച്ചു​വീ​ണു. ഇവളുടെ തെരു​വു​കൾ നീ ശവം​കൊണ്ട്‌ നിറച്ചു.”’”+ 7  “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘നീ നഗരത്തി​ലെ​ങ്ങും ചിതറി​ച്ചി​ട്ടി​രി​ക്കുന്ന ശവശരീ​ര​ങ്ങ​ളാ​ണു മാംസം. നഗരം പാചക​ക്ക​ല​വും.+ പക്ഷേ നിന്നെ അതിൽനി​ന്ന്‌ എടുത്ത്‌ മാറ്റും.’” 8  “‘വാളി​നെ​യല്ലേ നീ പേടി​ക്കു​ന്നത്‌?+ വാൾത്തന്നെ ഞാൻ നിന്റെ നേരെ വരുത്തും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 9  ‘നിന്നെ ഞാൻ അവളുടെ ഇടയിൽനി​ന്ന്‌ പുറത്ത്‌ കൊണ്ടു​വന്ന്‌ വിദേ​ശി​ക​ളു​ടെ കൈയിൽ ഏൽപ്പി​ക്കും; നിന്റെ മേൽ ന്യായ​വി​ധി നടപ്പാ​ക്കും.+ 10  നീ വാളിന്‌ ഇരയാ​കും.+ ഇസ്രാ​യേ​ലി​ന്റെ അതിർത്തി​യിൽവെച്ച്‌ ഞാൻ നിന്നെ വിധി​ക്കും.+ അങ്ങനെ ഞാൻ യഹോ​വ​യാ​ണെന്നു നീ അറി​യേ​ണ്ടി​വ​രും.+ 11  നഗരം നിനക്ക്‌ ഒരു പാചക​ക്ക​ല​മാ​യി​രി​ക്കില്ല. നീ അതിലെ മാംസ​വു​മാ​കില്ല. ഇസ്രാ​യേ​ലി​ന്റെ അതിർത്തി​യിൽവെച്ച്‌ ഞാൻ നിന്നെ വിധി​ക്കും. 12  ഞാൻ യഹോ​വ​യാ​ണെന്നു നീ അറി​യേ​ണ്ടി​വ​രും. കാരണം, നീ എന്റെ ചട്ടങ്ങള​നു​സ​രിച്ച്‌ നടക്കു​ക​യോ എന്റെ ന്യായ​വി​ധി​കൾ നടപ്പി​ലാ​ക്കു​ക​യോ ചെയ്യാതെ+ ചുറ്റു​മുള്ള ജനതക​ളു​ടെ ന്യായ​വി​ധി​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ച്ചി​രി​ക്കു​ന്നു.’”+ 13  ഞാൻ പ്രവചിച്ച ഉടനെ ബനയയു​ടെ മകൻ പെലത്യ മരിച്ചു. അപ്പോൾ ഞാൻ കമിഴ്‌ന്നു​വീണ്‌ ഉറക്കെ നിലവി​ളി​ച്ചു: “അയ്യോ, പരമാ​ധി​കാ​രി​യായ യഹോവേ, ഇസ്രാ​യേ​ലിൽ ബാക്കി​യു​ള്ള​വ​രെ​യും​കൂ​ടെ അങ്ങ്‌ ഇല്ലാതാ​ക്കാൻപോ​കു​ക​യാ​ണോ?”+ 14  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 15  “മനുഷ്യ​പു​ത്രാ, യരുശ​ലേ​മിൽ താമസി​ക്കു​ന്നവർ നിന്റെ സഹോ​ദ​ര​ങ്ങ​ളോ​ടും, അതായത്‌ വീണ്ടെ​ടു​ക്കാൻ അവകാ​ശ​മുള്ള നിന്റെ സഹോ​ദ​ര​ങ്ങ​ളോ​ടും, ഇസ്രാ​യേൽഗൃ​ഹം മുഴു​വ​നോ​ടും പറഞ്ഞി​രി​ക്കു​ന്നത്‌ ഇതാണ്‌: ‘യഹോ​വ​യു​ടെ അടു​ത്തേക്കു വരാതെ ദൂരത്തു​തന്നെ കഴിയുക. ദേശം ഞങ്ങളു​ടേ​താണ്‌. ഇതു ഞങ്ങൾക്ക്‌ അവകാ​ശ​മാ​യി കിട്ടി​യ​താണ്‌.’ 16  അതുകൊണ്ട്‌ നീ പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഞാൻ അവരെ ദൂരെ ജനതക​ളു​ടെ ഇടയി​ലേക്ക്‌ ഓടി​ച്ചു​ക​ള​യു​ക​യും പല ദേശങ്ങ​ളി​ലേക്കു ചിതറി​ക്കു​ക​യും ചെയ്‌തു.+ എങ്കിലും, അവർ പോയി​രി​ക്കുന്ന ദേശങ്ങ​ളി​ലെ​ല്ലാം അൽപ്പസ​മ​യ​ത്തേക്കു ഞാൻ അവർക്ക്‌ ഒരു വിശു​ദ്ധ​മ​ന്ദി​ര​മാ​കും.”’+ 17  “അതു​കൊണ്ട്‌ നീ പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ജനങ്ങളു​ടെ ഇടയിൽനി​ന്ന്‌ ഞാൻ നിങ്ങളെ കൂട്ടി​ച്ചേർക്കു​ക​യും ചിതറി​ച്ചു​കളഞ്ഞ ദേശങ്ങ​ളിൽനിന്ന്‌ നിങ്ങളെ ശേഖരി​ക്കു​ക​യും ചെയ്യും. ഇസ്രാ​യേൽ ദേശം ഞാൻ നിങ്ങൾക്കു തരും.+ 18  അവർ അവി​ടേക്കു മടങ്ങി​വന്ന്‌ അവി​ടെ​യുള്ള മ്ലേച്ഛകാ​ര്യ​ങ്ങ​ളും വൃത്തി​കെട്ട ആചാര​ങ്ങ​ളും നീക്കം ചെയ്യും.+ 19  ഞാൻ അവർക്ക്‌ ഒരേ മനസ്സു* കൊടു​ക്കും.+ പുതി​യൊ​രു ആത്മാവ്‌*+ അവരുടെ ഉള്ളിൽ വെക്കും. അവരുടെ ശരീര​ത്തിൽനിന്ന്‌ കല്ലു​കൊ​ണ്ടുള്ള ഹൃദയം+ മാറ്റി മാംസം​കൊ​ണ്ടുള്ള ഹൃദയം* വെക്കും.+ 20  അവർ എന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടക്കാ​നും എന്റെ ന്യായ​വി​ധി​കൾ പിൻപറ്റി അവ അനുസ​രി​ക്കാ​നും വേണ്ടി​യാ​ണു ഞാൻ ഇതു ചെയ്യു​ന്നത്‌. അങ്ങനെ, അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവ​വും ആകും.”’ 21  “‘“പക്ഷേ തുടർന്നും മ്ലേച്ഛകാ​ര്യ​ങ്ങൾ ചെയ്യാ​നും വൃത്തി​കെട്ട ആചാരങ്ങൾ അനുഷ്‌ഠി​ക്കാ​നും ആരെങ്കി​ലും ഹൃദയ​ത്തിൽ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കു​ന്നെ​ങ്കിൽ, അവരുടെ ചെയ്‌തി​ക​ളു​ടെ ഭവിഷ്യ​ത്തു​കൾ ഞാൻ അവരുടെ തലയിൽത്തന്നെ വരുത്തും” എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.’” 22  അപ്പോൾ കെരൂ​ബു​കൾ ചിറകു​കൾ ഉയർത്തി. ചക്രങ്ങൾ അവയ്‌ക്ക​രി​കെ​യു​ണ്ടാ​യി​രു​ന്നു.+ ഇസ്രാ​യേ​ലി​ന്റെ ദൈവ​ത്തി​ന്റെ തേജസ്സോ അവയുടെ മുകളി​ലും.+ 23  യഹോവയുടെ തേജസ്സു+ നഗരത്തിൽനി​ന്ന്‌ ഉയർന്ന്‌ നഗരത്തി​നു കിഴക്കുള്ള മലയുടെ മുകളിൽ ചെന്ന്‌ നിന്നു.+ 24  അപ്പോൾ ദൈവാ​ത്മാ​വി​നാ​ലുള്ള ഒരു ദർശന​ത്തിൽ ഒരു ആത്മാവ്‌ എന്നെ എടുത്ത്‌ കൽദയ​യി​ലേക്കു ബന്ദിക​ളാ​യി കൊണ്ടു​പോ​യി​രു​ന്ന​വ​രു​ടെ അടുത്ത്‌ എത്തിച്ചു. ഞാൻ കണ്ട ആ ദിവ്യ​ദർശനം എന്നെ വിട്ട്‌ പോകു​ക​യും ചെയ്‌തു. 25  യഹോവ എനിക്കു കാണി​ച്ചു​തന്ന കാര്യ​ങ്ങ​ളെ​ല്ലാം ബന്ദിക​ളാ​യി കൊണ്ടു​പോ​യി​രുന്ന ജനത്തോ​ടു ഞാൻ പറഞ്ഞു​തു​ടങ്ങി.

അടിക്കുറിപ്പുകള്‍

ദൈവാത്മാവിനെയോ ഒരു ആത്മവ്യ​ക്തി​യെ​യോ ആയിരി​ക്കാം കുറി​ക്കു​ന്നത്‌.
അഥവാ “നഗരത്തി​ന്‌ എതിരെ.”
അക്ഷ. “അവൾ.” അതായത്‌, യരുശ​ലേം നഗരം. അവിടെ തങ്ങൾ സുരക്ഷി​ത​രാ​യി​രി​ക്കു​മെന്നു ജൂതന്മാർ വിചാ​രി​ച്ചു.
അഥവാ “വാവട്ട​മുള്ള പാചക​ക്ക​ല​വും.”
അതായത്‌, ദൈവ​ത്തി​ന്റെ മാർഗ​ദർശ​ന​ത്തോ​ടു പ്രതി​ക​രി​ക്കുന്ന ഹൃദയം.
അഥവാ “ചിന്താ​ഗതി.”
അക്ഷ. “ഒറ്റ ഹൃദയം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം