യഹസ്‌കേൽ 41:1-26
41 പിന്നെ, പുറത്തെ വിശുദ്ധമന്ദിരത്തിലേക്ക്* എന്നെ കൊണ്ടുപോയി. അദ്ദേഹം വശങ്ങളിലുള്ള തൂണുകൾ അളന്നു. ഇപ്പുറത്തുള്ളതിന്റെ വീതി ആറു മുഴം;* അപ്പുറത്തുള്ളതിനും ആറു മുഴം.
2 പ്രവേശനകവാടത്തിനു പത്തു മുഴം വീതിയുണ്ടായിരുന്നു. പ്രവേശനകവാടത്തിന്റെ വശങ്ങളിലുള്ള ചുവരുകൾ* ഒരു വശത്തുള്ളത് അഞ്ചു മുഴം; മറുവശത്തുള്ളതും അഞ്ചു മുഴം. അദ്ദേഹം അതിന്റെ നീളം അളന്നു. അതു 40 മുഴമായിരുന്നു; വീതി 20 മുഴവും.
3 പിന്നെ, അദ്ദേഹം അകത്ത്* ചെന്ന് പ്രവേശനകവാടത്തിന്റെ വശത്തുള്ള തൂൺ അളന്നു. അതിനു രണ്ടു മുഴം കനമുണ്ടായിരുന്നു. പ്രവേശനകവാടത്തിന്റെ വീതി ആറു മുഴവും. പ്രവേശനകവാടത്തിന്റെ വശങ്ങളിലുള്ള ചുവരുകൾ* ഏഴു മുഴം.
4 അടുത്തതായി അദ്ദേഹം പുറത്തെ വിശുദ്ധമന്ദിരത്തിന് അഭിമുഖമായുള്ള മുറി അളന്നു. അതിന് 20 മുഴം നീളവും 20 മുഴം വീതിയും ഉണ്ടായിരുന്നു.+ അദ്ദേഹം എന്നോടു പറഞ്ഞു: “ഇതാണ് അതിവിശുദ്ധം.”+
5 തുടർന്ന്, അദ്ദേഹം ദേവാലയത്തിന്റെ ചുവർ അളന്നു. അതിന് ആറു മുഴം കനമുണ്ടായിരുന്നു. ദേവാലയത്തിനു ചുറ്റുമുള്ള അറകളുടെ വീതി നാലു മുഴം.+
6 അറകൾ ഒന്നിനു മീതെ ഒന്നായി മൂന്നു നിലയായിട്ടായിരുന്നു, ഓരോ നിലയിലും 30 അറകൾ. അറകളെ താങ്ങിനിറുത്താൻ ദേവാലയത്തിന്റെ ചുവരിൽ ചുറ്റും പടികളുണ്ടായിരുന്നു. പക്ഷേ, ഈ താങ്ങ് ദേവാലയത്തിന്റെ ചുവരിന് അകത്തേക്കു കയറിയിരുന്നില്ല.+
7 ദേവാലയത്തിന്റെ ഇരുവശത്തും ചുറ്റിച്ചുറ്റി മുകളിലോട്ടു പോകുന്ന ഒരു വഴിയുണ്ടായിരുന്നു.*+ മുകളിലോട്ടു പോകുംതോറും അതിന്റെ വീതി കൂടിക്കൂടിവന്നു. താഴത്തെ നിലയിൽനിന്ന് നടുക്കുള്ള നില വഴി മുകളിലത്തെ നിലയിലേക്കു പോകുന്ന ഒരാൾക്കു നിലകൾ കഴിയുംതോറും വിസ്താരം വർധിച്ചുവരുന്നതു കാണാം.
8 ദേവാലയത്തിനു ചുറ്റും ഉയർത്തിക്കെട്ടിയ ഒരു തറ ഞാൻ കണ്ടു. പാർശ്വഭാഗത്തെ അറകളുടെ അടിത്തറ, മൂലവരെ ആറു മുഴത്തിന്റെ ഒരു മുഴക്കോൽ തികച്ചുണ്ടായിരുന്നു.
9 അറകളുടെ പുറത്തെ ചുവരിന്റെ വീതി അഞ്ചു മുഴം. അറകളുടെ പുറത്ത് അടച്ചുകെട്ടില്ലാത്ത ഒരു തിണ്ണയുണ്ടായിരുന്നു.* ദേവാലയത്തിന്റെ ഭാഗമായിരുന്നു അതും.
10 ദേവാലയത്തിനും ഊണുമുറികൾക്കും*+ ഇടയിൽ ഓരോ വശത്തും 20 മുഴം വീതിയുള്ള ഒരു സ്ഥലമുണ്ടായിരുന്നു.
11 പാർശ്വഭാഗത്തെ അറകൾക്കും തിണ്ണയ്‌ക്കും ഇടയിൽ വടക്കുവശത്ത് ഒരു പ്രവേശനകവാടമുണ്ടായിരുന്നു. തെക്കുവശത്തുമുണ്ടായിരുന്നു ഒരു പ്രവേശനകവാടം. തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴം.
12 തുറസ്സായ സ്ഥലത്തിന് അഭിമുഖമായി പടിഞ്ഞാറുള്ള കെട്ടിടത്തിന് 70 മുഴം വീതിയും 90 മുഴം നീളവും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ചുവരിന്റെ കനം ചുറ്റും അഞ്ചു മുഴം.
13 അദ്ദേഹം ദേവാലയം അളന്നു. നീളം 100 മുഴം. തുറസ്സായ സ്ഥലത്തിനും കെട്ടിടത്തിനും* അതിന്റെ ചുവരുകൾക്കും കൂടിയുള്ള നീളവും 100 മുഴം.
14 കിഴക്കോട്ടു ദർശനമുള്ള ദേവാലയത്തിന്റെ മുൻഭാഗത്തിന്റെയും തുറസ്സായ സ്ഥലത്തിന്റെയും വീതി 100 മുഴമായിരുന്നു.
15 പുറകുവശത്തെ തുറസ്സായ സ്ഥലത്തിന് അഭിമുഖമായുള്ള കെട്ടിടത്തിന്റെ നീളവും അതിന്റെ ഇരുവശത്തുമുള്ള വരാന്തകളും അദ്ദേഹം അളന്നു. അത് 100 മുഴം.
അദ്ദേഹം പുറത്തെ വിശുദ്ധമന്ദിരവും അകത്തെ വിശുദ്ധമന്ദിരവും+ മുറ്റത്തെ മണ്ഡപങ്ങളും
16 വാതിൽപ്പടികളും വിസ്താരം കുറഞ്ഞുവരുന്ന ചട്ടക്കൂടുള്ള ജനലുകളും+ ആ മൂന്നു സ്ഥലങ്ങളിലെ വരാന്തകളും അളന്നു. വാതിൽപ്പടിയുടെ അടുത്ത് തറമുതൽ ജനൽവരെ പലകകൾ പതിപ്പിച്ചിരുന്നു.+ ജനലുകൾ മറച്ചിരുന്നു.
17 പ്രവേശനകവാടത്തിന്റെ മുകൾഭാഗവും അകത്തെ ദേവാലയവും പുറത്തുള്ള ഭാഗവും ചുറ്റുമുള്ള ചുവർ മുഴുവനും അളന്നു.
18 കെരൂബിന്റെയും+ ഈന്തപ്പനയുടെയും രൂപങ്ങൾ+ അതിൽ കൊത്തിയിരുന്നു. രണ്ടു കെരൂബുകൾക്കിടയിൽ ഒരു ഈന്തപ്പന എന്ന രീതിയിലായിരുന്നു അവ. ഓരോ കെരൂബിനും രണ്ടു മുഖമുണ്ടായിരുന്നു.
19 അതിന്റെ മനുഷ്യമുഖം ഒരു വശത്തുള്ള ഈന്തപ്പനയുടെ നേരെയും സിംഹമുഖം* മറ്റേ വശത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു.+ ഈ രീതിയിലാണു ദേവാലയത്തിൽ മുഴുവൻ ആ രൂപങ്ങൾ കൊത്തിവെച്ചിരുന്നത്.
20 വിശുദ്ധമന്ദിരത്തിന്റെ ചുവരിൽ തറമുതൽ പ്രവേശനകവാടത്തിന്റെ മുകൾഭാഗംവരെ കെരൂബിന്റെയും ഈന്തപ്പനയുടെയും രൂപങ്ങൾ കൊത്തിയിരുന്നു.
21 വിശുദ്ധമന്ദിരത്തിന്റെ കട്ടിളക്കാലുകൾ* ചതുരത്തിലുള്ളതായിരുന്നു.+ വിശുദ്ധസ്ഥലത്തിനു* മുന്നിൽ
22 തടികൊണ്ടുള്ള യാഗപീഠംപോലെ+ എന്തോ ഒന്നുണ്ടായിരുന്നു. അതിന്റെ ഉയരം മൂന്നു മുഴം; നീളം രണ്ടു മുഴവും. അതിനു മൂലക്കാലുകളുണ്ടായിരുന്നു. തടികൊണ്ടുള്ളതായിരുന്നു അതിന്റെ ചുവടും* വശങ്ങളും. അദ്ദേഹം എന്നോടു പറഞ്ഞു: “ഇതാണ് യഹോവയുടെ സന്നിധിയിലുള്ള മേശ.”+
23 പുറത്തെ വിശുദ്ധമന്ദിരത്തിനും വിശുദ്ധസ്ഥലത്തിനും രണ്ടു കതകു വീതമുണ്ടായിരുന്നു.+
24 കതകുകൾക്കു തിരിയുന്ന രണ്ടു പാളിയുണ്ടായിരുന്നു. ഓരോ കതകിനും രണ്ടു പാളി.
25 ചുവരിലേതുപോലെ വിശുദ്ധമന്ദിരത്തിന്റെ കതകുകളിലും കെരൂബിന്റെയും ഈന്തപ്പനയുടെയും രൂപങ്ങൾ കൊത്തിയിരുന്നു.+ പുറത്ത്, മണ്ഡപത്തിന്റെ മുന്നിൽ മുകളിലായി മുന്നോട്ടു തള്ളിനിൽക്കുന്ന, തടികൊണ്ടുള്ള ഒരു ഭാഗമുണ്ടായിരുന്നു.
26 മണ്ഡപത്തിന്റെ ഇരുവശങ്ങളിലും വിസ്താരം കുറഞ്ഞുവരുന്ന ചട്ടക്കൂടുള്ള ജനലുകളും+ ഈന്തപ്പനയുടെ രൂപങ്ങളും ഉണ്ടായിരുന്നു. കൂടാതെ, ദേവാലയത്തിന്റെ പാർശ്വഭാഗത്തെ അറകളിലും മുന്നോട്ടു തള്ളിനിൽക്കുന്ന, തടികൊണ്ടുള്ള ഭാഗത്തും അവയുണ്ടായിരുന്നു.
അടിക്കുറിപ്പുകള്‍
^ അക്ഷ. “ദേവാലയത്തിലേക്ക്.” 41-ഉം 42-ഉം അധ്യായങ്ങളിൽ ഇതു പുറത്തെ വിശുദ്ധമന്ദിരത്തെയോ (വിശുദ്ധത്തെയോ) വിശുദ്ധമന്ദിരത്തെ മൊത്തമായോ (വിശുദ്ധവും അതിവിശുദ്ധവും അടങ്ങുന്ന ദേവാലയത്തെയോ) കുറിക്കുന്നു.
^ അക്ഷ. “പ്രവേശനകവാടത്തിന്റെ വശങ്ങൾ.”
^ അതായത്, അകത്തെ വിശുദ്ധമന്ദിരത്തിലേക്ക്, അഥവാ അതിവിശുദ്ധത്തിലേക്ക്.
^ അക്ഷ. “പ്രവേശനകവാടത്തിന്റെ വീതി.”
^ ഇതു പിരിയൻ ഗോവണികളായിരിക്കാനാണു സാധ്യത.
^ ദേവാലയത്തെ ചുറ്റിയുള്ള വീതി കുറഞ്ഞ ഒരു നടപ്പാതയായിരിക്കാനാണു സാധ്യത.
^ അഥവാ “അറകൾക്കും.”
^ അതായത്, വിശുദ്ധമന്ദിരത്തിന്റെ പടിഞ്ഞാറുള്ള കെട്ടിടം.
^ അഥവാ “സടയുള്ള, വളർച്ചയെത്തിയ സിംഹത്തിന്റെ മുഖം.”
^ അക്ഷ. “കട്ടിളക്കാൽ.” ഇതു വിശുദ്ധത്തിലേക്കുള്ള പ്രവേശനകവാടമായിരിക്കാനാണു സാധ്യത.
^ ഇത് അതിവിശുദ്ധമായിരിക്കാനാണു സാധ്യത.
^ അക്ഷ. “നീളവും.”