യഹസ്കേൽ 9:1-11
9 ദൈവം ഞാൻ കേൾക്കെ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “നഗരത്തെ ശിക്ഷിക്കാനുള്ളവരെ വിളിച്ചുകൂട്ടൂ! ഓരോരുത്തനും നശിപ്പിക്കാനുള്ള ആയുധവും ഏന്തി വരട്ടെ!”
2 വടക്കോട്ടു ദർശനമുള്ള മുകളിലത്തെ കവാടത്തിന്റെ+ ദിശയിൽനിന്ന് ആറു പുരുഷന്മാർ വരുന്നതു ഞാൻ കണ്ടു. തകർക്കാനുള്ള ആയുധം ഓരോരുത്തനും പിടിച്ചിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ ലിനൻവസ്ത്രം ധരിച്ച ഒരാളുണ്ടായിരുന്നു. അയാളുടെ അരയിൽ സെക്രട്ടറിയുടെ എഴുത്തുപകരണങ്ങളുള്ള ഒരു ചെപ്പുണ്ടായിരുന്നു.* അവർ അകത്ത് വന്ന് ചെമ്പുയാഗപീഠത്തിന്റെ+ അടുത്ത് നിന്നു.
3 അപ്പോൾ ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു+ കെരൂബുകളുടെ മുകളിൽനിന്ന് പൊങ്ങി ഭവനത്തിന്റെ വാതിൽപ്പടിയിലേക്കു നീങ്ങി.+ ലിനൻവസ്ത്രം ധരിച്ച് അരയിൽ സെക്രട്ടറിയുടെ എഴുത്തുപകരണച്ചെപ്പുമായി നിന്നിരുന്ന ആ മനുഷ്യനെ ദൈവം വിളിച്ചു.
4 യഹോവ അയാളോടു പറഞ്ഞു: “യരുശലേംനഗരത്തിലൂടെ സഞ്ചരിച്ച്, അവിടെ നടമാടുന്ന എല്ലാ വൃത്തികേടുകളും+ കാരണം നെടുവീർപ്പിട്ട് ഞരങ്ങുന്ന മനുഷ്യരുടെ+ നെറ്റിയിൽ അടയാളമിടുക.”
5 ദൈവം ഞാൻ കേൾക്കെ മറ്റുള്ളവരോടു പറഞ്ഞു: “അയാളുടെ പിന്നാലെ നഗരത്തിലൂടെ സഞ്ചരിച്ച് സംഹാരം നടത്തൂ! ഒട്ടും കനിവ് തോന്നരുത്. ഒരു അനുകമ്പയും കാണിക്കരുത്.+
6 വയസ്സനെയും ചെറുപ്പക്കാരനെയും കന്യകയെയും കൊച്ചുകുട്ടികളെയും സ്ത്രീകളെയും ഒന്നടങ്കം നിങ്ങൾ കൊന്നുകളയണം.+ പക്ഷേ അടയാളമുള്ള ആരുടെ അടുത്തേക്കും പോകരുത്.+ എന്റെ വിശുദ്ധമന്ദിരത്തിൽനിന്നുതന്നെ സംഹാരം തുടങ്ങൂ!”+ അങ്ങനെ അവർ ഭവനത്തിനു മുന്നിലുള്ള മൂപ്പന്മാരിൽനിന്നുതന്നെ തുടങ്ങി.+
7 അപ്പോൾ ദൈവം അവരോടു പറഞ്ഞു: “ഭവനത്തെ അശുദ്ധമാക്കൂ! മുറ്റം ശവങ്ങൾകൊണ്ട് നിറയ്ക്കൂ!+ പോകൂ!” അങ്ങനെ, അവർ പോയി നഗരത്തിലെ ജനത്തെ സംഹരിച്ചു.
8 അവർ സംഹാരം തുടരുകയും ഞാൻ മാത്രം അവശേഷിക്കുകയും ചെയ്തപ്പോൾ, ഞാൻ കമിഴ്ന്നുവീണ് നിലവിളിച്ചു: “അയ്യോ! പരമാധികാരിയായ യഹോവേ, അങ്ങ് യരുശലേമിനു നേരെ അങ്ങയുടെ ക്രോധം ചൊരിയുന്ന ഈ വേളയിൽ, ഇസ്രായേലിൽ ബാക്കിയുള്ളവരെ ഒന്നൊഴിയാതെ സംഹരിക്കുമോ?”+
9 അപ്പോൾ എന്നോട് ഇങ്ങനെ പറഞ്ഞു: “ഇസ്രായേൽഗൃഹത്തിന്റെയും യഹൂദയുടെയും തെറ്റു വളരെവളരെ വലുതാണ്.+ ദേശം രക്തച്ചൊരിച്ചിൽകൊണ്ട് നിറഞ്ഞിരിക്കുന്നു.+ നഗരത്തിലെങ്ങും വഷളത്തം നടമാടുന്നു.+ ‘യഹോവ ദേശം വിട്ട് പോയി. യഹോവ ഒന്നും കാണുന്നില്ല’ എന്നാണ് അവർ പറയുന്നത്.+
10 അതുകൊണ്ട് എനിക്ക് അവരോട് ഒട്ടും കനിവ് തോന്നില്ല. ഞാൻ ഒരു അനുകമ്പയും കാണിക്കില്ല.+ അവരുടെ ചെയ്തികളുടെ ഭവിഷ്യത്തുകൾ ഞാൻ അവരുടെ തലയിൽത്തന്നെ വരുത്തും.”
11 അപ്പോൾ, ലിനൻവസ്ത്രം ധരിച്ച് അരയിൽ സെക്രട്ടറിയുടെ എഴുത്തുപകരണച്ചെപ്പുമായി നിന്നിരുന്ന ആ മനുഷ്യൻ തിരിച്ചുവരുന്നതു ഞാൻ കണ്ടു. അയാൾ പറഞ്ഞു: “അങ്ങ് കല്പിച്ചതെല്ലാം ഞാൻ അതുപടി ചെയ്തിട്ടുണ്ട്.”
അടിക്കുറിപ്പുകള്
^ അഥവാ “ശാസ്ത്രിയുടെ മഷിച്ചെപ്പുണ്ടായിരുന്നു.”