യിരെമ്യ 27:1-22
27 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീം ഭരണം ആരംഭിച്ച സമയത്ത് യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി:
2 “യഹോവ എന്നോടു പറഞ്ഞത് ഇതാണ്: ‘നീ നുകങ്ങളും അവ കെട്ടാൻ നാടകളും ഉണ്ടാക്കുക. എന്നിട്ട്, അവ നിന്റെ കഴുത്തിൽ വെക്കണം.
3 പിന്നെ, യഹൂദാരാജാവായ സിദെക്കിയയെ കാണാൻ യരുശലേമിൽ വരുന്ന ദൂതന്മാരുടെ കൈവശം അവ ഏദോംരാജാവിനും+ മോവാബുരാജാവിനും+ അമ്മോന്യരാജാവിനും+ സോർരാജാവിനും+ സീദോൻരാജാവിനും+ കൊടുത്തയയ്ക്കുക.
4 അവരുടെ യജമാനന്മാരെ അറിയിക്കാൻ ഈ കല്പനയും അവർക്കു കൊടുക്കണം:
“‘“ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: നിങ്ങളുടെ യജമാനന്മാരോട് ഇങ്ങനെ പറയുക:
5 ‘മഹാശക്തികൊണ്ടും നീട്ടിയ കരംകൊണ്ടും ഭൂമിയെയും മനുഷ്യരെയും ഭൂമുഖത്തുള്ള മൃഗങ്ങളെയും ഉണ്ടാക്കിയതു ഞാനാണ്. എനിക്ക് ഇഷ്ടമുള്ളവർക്ക്* ഞാൻ അതു കൊടുക്കുകയും ചെയ്തിരിക്കുന്നു.+
6 ഇപ്പോൾ ഞാൻ ഈ ദേശമെല്ലാം എന്റെ ദാസനും ബാബിലോണിലെ രാജാവും ആയ നെബൂഖദ്നേസറിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+ കാട്ടുമൃഗങ്ങളെപ്പോലും ഞാൻ അവനു കൊടുത്തിരിക്കുന്നു; അവയും അവനെ സേവിക്കും.
7 പക്ഷേ ഒരിക്കൽ അവന്റെ ഭരണം അവസാനിക്കും. അനേകം ജനതകളും മഹാന്മാരായ രാജാക്കന്മാരും അവനെ അടിമയാക്കും. പക്ഷേ അതുവരെ എല്ലാ ജനതകളും അവനെയും അവന്റെ മകനെയും കൊച്ചുമകനെയും സേവിക്കും.’+
8 “‘“‘ഏതെങ്കിലും ജനതയോ രാജ്യമോ ബാബിലോണിലെ നെബൂഖദ്നേസർ രാജാവിനെ സേവിക്കാൻ കൂട്ടാക്കാതിരുന്നുകൊണ്ട് ബാബിലോൺരാജാവിന്റെ നുകത്തിൻകീഴെ കഴുത്തു വെക്കാൻ വിസമ്മതിച്ചാൽ വാളും+ ക്ഷാമവും മാരകമായ പകർച്ചവ്യാധിയും കൊണ്ട് ഞാൻ അവരെ ശിക്ഷിക്കും; അവന്റെ കൈകൊണ്ട് ഞാൻ അവരെ നശിപ്പിക്കുന്നതുവരെ അതു തുടരും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
9 “‘“‘അതുകൊണ്ട്, “ബാബിലോൺരാജാവിനെ നിങ്ങൾക്കു സേവിക്കേണ്ടിവരില്ല” എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരെയും ഭാവിഫലം പറയുന്നവരെയും സ്വപ്നദർശികളെയും മന്ത്രവാദികളെയും ആഭിചാരകന്മാരെയും* ശ്രദ്ധിക്കരുത്.
10 കാരണം, അവർ നുണകളാണു നിങ്ങളോടു പ്രവചിക്കുന്നത്. നിങ്ങൾ അവരെ ശ്രദ്ധിച്ചാൽ, ദൂരെയുള്ള ഒരു ദേശത്തേക്കു നിങ്ങളെ പിടിച്ചുകൊണ്ടുപോകും. ഞാൻ നിങ്ങളെ ചിതറിച്ച് നശിപ്പിച്ചുകളയും.
11 “‘“‘പക്ഷേ ഏതെങ്കിലും ജനത ബാബിലോൺരാജാവിന്റെ നുകത്തിൻകീഴെ കഴുത്തു വെച്ച് അവനെ സേവിക്കുന്നെങ്കിൽ സ്വദേശത്തുതന്നെ ജീവിക്കാൻ* ഞാൻ അവരെ അനുവദിക്കും. അവർ കൃഷി ചെയ്ത് അവിടെ താമസിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”’”
12 യഹൂദയിലെ സിദെക്കിയ രാജാവിനോടും+ ഞാൻ ഇതേ രീതിയിൽ സംസാരിച്ചു: “ബാബിലോൺരാജാവിന്റെ നുകത്തിൻകീഴെ അങ്ങയുടെ കഴുത്തു വെച്ച് അയാളെയും അയാളുടെ ജനത്തെയും സേവിക്കുന്നെങ്കിൽ, അങ്ങ് ജീവനോടിരിക്കും.+
13 ബാബിലോൺരാജാവിനെ സേവിക്കാത്ത ജനതകൾ വാളും+ ക്ഷാമവും+ മാരകമായ പകർച്ചവ്യാധിയും+ കൊണ്ട് നശിക്കുമെന്ന് യഹോവ പറഞ്ഞിട്ടുള്ളതല്ലേ? അങ്ങയും അങ്ങയുടെ ജനവും എന്തിനു നശിക്കണം?
14 ‘ബാബിലോൺരാജാവിനെ നിങ്ങൾക്കു സേവിക്കേണ്ടിവരില്ല’+ എന്നു നിങ്ങളോടു പറയുന്ന പ്രവാചകന്മാരുടെ വാക്കുകൾ ശ്രദ്ധിക്കരുത്. കാരണം, അവർ നുണകളാണു പ്രവചിക്കുന്നത്.+
15 “‘ഞാൻ അവരെ അയച്ചിട്ടില്ല. എന്നിട്ടും, അവർ എന്റെ നാമത്തിൽ പ്രവചിക്കുന്നു; പ്രവചിക്കുന്നതോ നുണകളും. അതുകൊണ്ട്, നിങ്ങൾ അവരെ ശ്രദ്ധിച്ചാൽ ഞാൻ നിങ്ങളെ ചിതറിച്ച് നശിപ്പിച്ചുകളയും. നിങ്ങളോടു മാത്രമല്ല നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരോടും ഞാൻ അങ്ങനെതന്നെ ചെയ്യും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
16 പുരോഹിതന്മാരോടും ജനത്തോടും ഞാൻ പറഞ്ഞു: “യഹോവ പറയുന്നത് ഇതാണ്: ‘“യഹോവയുടെ ഭവനത്തിലെ ഉപകരണങ്ങൾ ഉടൻതന്നെ ബാബിലോണിൽനിന്ന് തിരികെ കൊണ്ടുവരും!”+ എന്നു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കരുത്. കാരണം, അവർ പ്രവചിക്കുന്നതു നുണകളാണ്.+
17 അവരെ ശ്രദ്ധിക്കരുത്. ബാബിലോൺരാജാവിനെ സേവിക്കുക; എങ്കിൽ, നിങ്ങൾക്കു തുടർന്നും ജീവിക്കാം.+ വെറുതേ എന്തിന് ഈ നഗരം ഒരു നാശകൂമ്പാരമാക്കണം?
18 പക്ഷേ അവർ യഥാർഥപ്രവാചകന്മാരാണെങ്കിൽ, യഹോവയുടെ സന്ദേശം അവരിലുണ്ടെങ്കിൽ, യഹോവയുടെ ഭവനത്തിലും യഹൂദാരാജാവിന്റെ ഭവനത്തിലും* യരുശലേമിലും അവശേഷിച്ചിട്ടുള്ള ഉപകരണങ്ങൾ ബാബിലോണിലേക്കു കൊണ്ടുപോകാതിരിക്കാൻ അവർ സൈന്യങ്ങളുടെ അധിപനായ യഹോവയോടു പ്രാർഥിക്കട്ടെ.’
19 “തൂണുകൾ,+ താമ്രക്കടൽ,*+ ഉന്തുവണ്ടികൾ,+ ഈ നഗരത്തിൽ ബാക്കിയുള്ള ഉപകരണങ്ങൾ എന്നിവയെക്കുറിച്ചും സൈന്യങ്ങളുടെ അധിപനായ യഹോവയ്ക്കു പറയാനുണ്ട്.
20 ബാബിലോൺരാജാവായ നെബൂഖദ്നേസർ യഹൂദാരാജാവായ യഹോയാക്കീമിന്റെ മകൻ യഖൊന്യയെയും യഹൂദയിലെയും യരുശലേമിലെയും എല്ലാ പ്രഭുക്കന്മാരെയും യരുശലേമിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയപ്പോൾ+ കൊണ്ടുപോകാതിരുന്നവയാണ് ഈ ഉപകരണങ്ങൾ.
21 യഹോവയുടെ ഭവനത്തിലും യഹൂദാരാജാവിന്റെ ഭവനത്തിലും* യരുശലേമിലും അവശേഷിക്കുന്ന ഉപകരണങ്ങളെക്കുറിച്ച് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്:
22 ‘“അവയെല്ലാം ബാബിലോണിലേക്കു കൊണ്ടുപോകും.+ അവയുടെ നേർക്കു ഞാൻ എന്റെ ശ്രദ്ധ തിരിക്കുന്നതുവരെ അവ അവിടെത്തന്നെ ഇരിക്കും. പിന്നെ ഞാൻ അവ തിരികെ കൊണ്ടുവന്ന് ഈ സ്ഥലത്ത് പുനഃസ്ഥാപിക്കും”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.’”
അടിക്കുറിപ്പുകള്
^ അക്ഷ. “എന്റെ വീക്ഷണത്തിൽ ആർക്കു കൊടുക്കുന്നതാണോ ശരി അവർക്ക്.”
^ അക്ഷ. “വിശ്രമിക്കാൻ.”
^ അഥവാ “കൊട്ടാരത്തിലും.”
^ അതായത്, ദേവാലയത്തിലെ താമ്രക്കടൽ.
^ അഥവാ “കൊട്ടാരത്തിലും.”