യിരെമ്യ 35:1-19
35 യഹൂദാരാജാവായ യോശിയയുടെ മകൻ യഹോയാക്കീമിന്റെ+ കാലത്ത് യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി:
2 “നീ രേഖാബ്യഗൃഹത്തിൽ+ ചെന്ന് അവരോടു സംസാരിക്കണം. അവരെ യഹോവയുടെ ഭവനത്തിലെ ഒരു ഊണുമുറിയിലേക്കു* കൂട്ടിക്കൊണ്ടുവന്ന് കുടിക്കാൻ വീഞ്ഞു കൊടുക്കുക.”
3 അങ്ങനെ ഞാൻ ഹബസിന്യയുടെ മകനായ യിരെമ്യയുടെ മകൻ യയസന്യയെയും അവന്റെ സഹോദരന്മാരെയും എല്ലാ പുത്രന്മാരെയും രേഖാബ്യഗൃഹത്തിലുള്ള എല്ലാവരെയും
4 യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവന്നു. ദൈവപുരുഷനായ ഇഗ്ദല്യയുടെ മകനായ ഹാനാന്റെ പുത്രന്മാരുടെ ഊണുമുറിയിലേക്കാണു ഞാൻ അവരെ കൊണ്ടുവന്നത്. വാതിൽക്കാവൽക്കാരനായ ശല്ലൂമിന്റെ മകൻ മയസേയയുടെ ഊണുമുറിയുടെ മുകളിലുള്ള, പ്രഭുക്കന്മാരുടെ ഊണുമുറിക്കടുത്തായിരുന്നു ആ മുറി.
5 പിന്നെ ഞാൻ വീഞ്ഞു നിറച്ച പാനപാത്രങ്ങളും കപ്പുകളും രേഖാബ്യഗൃഹത്തിലെ പുരുഷന്മാരുടെ മുന്നിൽ വെച്ചിട്ട്, “കുടിക്കൂ” എന്ന് അവരോടു പറഞ്ഞു.
6 പക്ഷേ അവർ പറഞ്ഞു: “ഞങ്ങൾ വീഞ്ഞു കുടിക്കില്ല. കാരണം, ഞങ്ങളുടെ പൂർവികനായ രേഖാബിന്റെ മകൻ യഹോനാദാബ്*+ ഞങ്ങളോട് ഇങ്ങനെ ആജ്ഞാപിച്ചിട്ടുണ്ട്: ‘നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ ഒരിക്കലും വീഞ്ഞു കുടിക്കരുത്.
7 നിങ്ങൾ വീടു പണിയുകയോ വിത്തു വിതയ്ക്കുകയോ മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയോ നിങ്ങൾക്കു സ്വന്തമായി മുന്തിരിത്തോട്ടമുണ്ടായിരിക്കുകയോ അരുത്; പകരം, എന്നും കൂടാരങ്ങളിൽ താമസിക്കണം. അങ്ങനെയെങ്കിൽ, നിങ്ങൾ വിദേശികളായി താമസിക്കുന്ന ദേശത്ത് നിങ്ങൾക്കു ദീർഘകാലം ജീവിക്കാം.’
8 അതുകൊണ്ട് ഞങ്ങൾ ജീവിതത്തിൽ ഒരിക്കൽപ്പോലും വീഞ്ഞു കുടിച്ചിട്ടില്ല. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രീപുത്രന്മാരും ഞങ്ങളുടെ പൂർവികനായ രേഖാബിന്റെ മകൻ യഹോനാദാബ് ആജ്ഞാപിച്ചതെല്ലാം ഇപ്പോഴും കേട്ടനുസരിക്കുന്നു.
9 താമസിക്കാൻ ഞങ്ങൾ വീടു പണിയാറില്ല. ഞങ്ങൾക്കു മുന്തിരിത്തോട്ടങ്ങളോ വയലുകളോ വിത്തോ ഇല്ല.
10 ഞങ്ങൾ ഇപ്പോഴും കൂടാരങ്ങളിൽ താമസിക്കുകയും ഞങ്ങളുടെ പൂർവികനായ യഹോനാദാബ്* കല്പിച്ചതെല്ലാം അനുസരിക്കുകയും ചെയ്യുന്നു.
11 പക്ഷേ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവ് ദേശത്തിന് എതിരെ വന്നപ്പോൾ,+ ‘വരൂ! കൽദയരുടെയും സിറിയക്കാരുടെയും സൈന്യത്തിന്റെ കൈയിൽനിന്ന് രക്ഷപ്പെടാൻ നമുക്ക് യരുശലേമിലേക്കു പോകാം’ എന്നു ഞങ്ങൾ പറഞ്ഞു. അങ്ങനെയാണു ഞങ്ങൾ യരുശലേമിൽ എത്തിയത്.”
12 യിരെമ്യക്ക് യഹോവയിൽനിന്ന് ഈ സന്ദേശം കിട്ടി:
13 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘പോയി യഹൂദാപുരുഷന്മാരോടും യരുശലേമിൽ താമസിക്കുന്നവരോടും ഇങ്ങനെ പറയുക: “എന്റെ സന്ദേശങ്ങൾ അനുസരിക്കാൻ ഞാൻ നിങ്ങളോട് എത്ര വട്ടം പറഞ്ഞതാണ്”+ എന്ന് യഹോവ ചോദിക്കുന്നു.
14 “രേഖാബിന്റെ മകൻ യഹോനാദാബ് തന്റെ പിന്മുറക്കാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചു. അതുകൊണ്ട് അവർ ഇന്നുവരെ വീഞ്ഞു കുടിച്ചിട്ടില്ല. അങ്ങനെ അവർ അവരുടെ പൂർവികൻ പറഞ്ഞതിൽനിന്ന്+ വ്യതിചലിക്കാതെ അവന്റെ ആജ്ഞ അനുസരിച്ചിരിക്കുന്നു. പക്ഷേ ഞാൻ നിങ്ങളോടു വീണ്ടുംവീണ്ടും* പറഞ്ഞിട്ടും നിങ്ങൾ അനുസരിച്ചില്ല.+
15 ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെയെല്ലാം ഈ സന്ദേശവുമായി നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു: ‘ദയവുചെയ്ത് നിങ്ങൾ എല്ലാവരും ദുഷിച്ച കാര്യങ്ങൾ ചെയ്യുന്നതു നിറുത്തി ശരിയായതു ചെയ്യ്!+ മറ്റു ദൈവങ്ങളുടെ പുറകേ പോയി അവയെ സേവിക്കരുത്. അങ്ങനെയെങ്കിൽ, ഞാൻ നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും തന്ന ദേശത്തുതന്നെ നിങ്ങൾക്കു താമസിക്കാം.’+ വീണ്ടുംവീണ്ടും*+ ഞാൻ ഇങ്ങനെ ചെയ്തിട്ടും നിങ്ങൾ ചെവി ചായിക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്തില്ല.
16 രേഖാബിന്റെ മകനായ യഹോനാദാബിന്റെ പിന്മുറക്കാർ അവരുടെ പൂർവികന്റെ ആജ്ഞ അനുസരിച്ചു.+ പക്ഷേ ഈ ജനം എന്നെ ശ്രദ്ധിച്ചിട്ടില്ല.”’”
17 “അതുകൊണ്ട് സൈന്യങ്ങളുടെ ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ, പറയുന്നത് ഇതാണ്: ‘യഹൂദയുടെ മേലും യരുശലേമിൽ താമസിക്കുന്ന എല്ലാവരുടെ മേലും വരുത്തുമെന്നു ഞാൻ മുന്നറിയിപ്പു കൊടുത്ത ദുരന്തങ്ങളെല്ലാം ഞാൻ ഇതാ, അവരുടെ മേൽ വരുത്താൻപോകുന്നു.+ കാരണം, ഞാൻ അവരോടു സംസാരിച്ചിട്ടും അവർ ശ്രദ്ധിച്ചില്ല; ഞാൻ അവരെ പല തവണ വിളിച്ചിട്ടും അവർ വിളി കേട്ടില്ല.’”+
18 യിരെമ്യ രേഖാബ്യഗൃഹത്തിലുള്ളവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘നിങ്ങൾ നിങ്ങളുടെ പൂർവികനായ യഹോനാദാബിന്റെ ആജ്ഞ ഇതുവരെ അനുസരിച്ചു. ഇപ്പോഴും നിങ്ങൾ അവന്റെ ആജ്ഞകളെല്ലാം അനുസരിച്ചുകൊണ്ടിരിക്കുന്നു. അതിൽനിന്ന് നിങ്ങൾ അണുവിട വ്യതിചലിച്ചിട്ടില്ല.
19 അതുകൊണ്ട് ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നു: “എന്റെ സന്നിധിയിൽ സേവിക്കാൻ രേഖാബിന്റെ മകൻ യഹോനാദാബിന്* ഒരിക്കലും ഒരു പിന്മുറക്കാരനില്ലാതെവരില്ല.”’”
അടിക്കുറിപ്പുകള്
^ അഥവാ “ഒരു അറയിലേക്ക്.”
^ അക്ഷ. “യോനാദാബ്.” യഹോനാദാബിന്റെ ഹ്രസ്വരൂപം.
^ അക്ഷ. “യോനാദാബ്.” യഹോനാദാബിന്റെ ഹ്രസ്വരൂപം.
^ അക്ഷ. “നെബൂഖദ്രേസർ.” ഇങ്ങനെയും എഴുതാറുണ്ട്.
^ അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
^ അക്ഷ. “അതിരാവിലെ എഴുന്നേറ്റ്.”
^ അക്ഷ. “യോനാദാബിന്.” യഹോനാദാബിന്റെ ഹ്രസ്വരൂപം.