യോശുവ 9:1-27
9 സംഭവിച്ചതിനെക്കുറിച്ച് യോർദാന്റെ പടിഞ്ഞാറുള്ള എല്ലാ രാജാക്കന്മാരും,+ അതായത് ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിങ്ങനെ മലനാട്ടിലും ഷെഫേലയിലും ഉള്ളവരും മഹാസമുദ്രത്തിന്റെ* തീരദേശത്തെല്ലായിടത്തുമുള്ളവരും+ ലബാനോന്റെ മുന്നിലുള്ളവരും, കേട്ടപ്പോൾ
2 യോശുവയോടും ഇസ്രായേലിനോടും പോരാടാൻ അവർ ഒരു സഖ്യം രൂപീകരിച്ചു.+
3 യോശുവ യരീഹൊയോടും+ ഹായിയോടും+ ചെയ്തതിനെക്കുറിച്ച് ഗിബെയോൻനിവാസികൾ+ കേട്ടപ്പോൾ
4 അവർ ബുദ്ധിപൂർവം പ്രവർത്തിച്ചു. പഴകിയ ചാക്കുകളിൽ ഭക്ഷണസാധനങ്ങൾ ഇട്ട് അവർ കഴുതപ്പുറത്ത് കയറ്റി. തുന്നിച്ചേർത്ത പഴകിയ വീഞ്ഞുതുരുത്തികളും എടുത്തു.
5 തേഞ്ഞുതീർന്ന, തുന്നിപ്പിടിപ്പിച്ച ചെരിപ്പുകളാണ് അവർ കാലിലിട്ടിരുന്നത്. അവർ ധരിച്ചിരുന്ന വസ്ത്രങ്ങളാകട്ടെ കീറിപ്പറിഞ്ഞവയും. ഭക്ഷണമായി അവർ കരുതിയ അപ്പമെല്ലാം ഉണങ്ങി പൊടിയാറായിരുന്നു.
6 അവർ ഗിൽഗാൽപ്പാളയത്തിൽ+ യോശുവയുടെ അടുത്ത് ചെന്ന് യോശുവയോടും ഇസ്രായേൽപുരുഷന്മാരോടും പറഞ്ഞു: “ഞങ്ങൾ ഒരു ദൂരദേശത്തുനിന്ന് വരുകയാണ്. ഇപ്പോൾ ഞങ്ങളോട് ഒരു ഉടമ്പടി ചെയ്താലും.”
7 എന്നാൽ, ഇസ്രായേൽപുരുഷന്മാർ ആ ഹിവ്യരോടു+ പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ അടുത്ത് താമസിക്കുന്നവരല്ലെന്ന് ആരു കണ്ടു. ആ സ്ഥിതിക്കു ഞങ്ങൾ നിങ്ങളോട് എങ്ങനെ ഒരു ഉടമ്പടി ചെയ്യും?”+
8 അപ്പോൾ അവർ യോശുവയോട്, “ഞങ്ങൾ അങ്ങയുടെ ദാസരാണ്”* എന്നു പറഞ്ഞു.
അപ്പോൾ യോശുവ അവരോട്, “നിങ്ങൾ ആരാണ്, എവിടെനിന്ന് വരുന്നു” എന്നു ചോദിച്ചു.
9 അതിന് അവർ പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവയുടെ പേരിനോടുള്ള ആദരവ് കാരണം വളരെ ദൂരെയുള്ള ഒരു ദേശത്തുനിന്ന് വരുന്നവരാണ് ഈ ദാസർ.+ കാരണം, ആ ദൈവത്തിന്റെ കീർത്തിയെക്കുറിച്ചും ഈജിപ്തിൽ ആ ദൈവം ചെയ്ത എല്ലാ കാര്യങ്ങളെക്കുറിച്ചും+ ഞങ്ങൾ കേട്ടിരിക്കുന്നു.
10 കൂടാതെ, യോർദാന് അക്കരെയുണ്ടായിരുന്ന* രണ്ട് അമോര്യരാജാക്കന്മാരോട്, ഹെശ്ബോൻരാജാവായ സീഹോനോടും+ അസ്താരോത്തിലെ ബാശാൻരാജാവായ ഓഗിനോടും,+ ചെയ്ത എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു.
11 അതുകൊണ്ട്, ഞങ്ങളുടെ മൂപ്പന്മാരും ദേശത്തെ എല്ലാ ആളുകളും ഞങ്ങളോടു പറഞ്ഞു: ‘വഴിയാത്രയ്ക്കു വേണ്ട ഭക്ഷണസാധനങ്ങൾ എടുത്ത് അവരെ ചെന്ന് കാണുക. അവരോടു പറയണം: “ഞങ്ങൾ നിങ്ങളുടെ ദാസരായിരിക്കും.+ ഇപ്പോൾ ഞങ്ങളുമായി ഒരു ഉടമ്പടി ചെയ്താലും.”’+
12 നിങ്ങളെ കാണാൻ ഞങ്ങൾ വീട്ടിൽനിന്ന് പുറപ്പെട്ടപ്പോൾ യാത്രയ്ക്കിടെ കഴിക്കാൻ ചൂടോടെ എടുത്തതായിരുന്നു ഈ അപ്പം. പക്ഷേ ഇപ്പോൾ കണ്ടോ, ഇത് ഉണങ്ങി പൊടിയാറായിരിക്കുന്നു.+
13 ഞങ്ങൾ ഈ വീഞ്ഞുതുരുത്തികൾ നിറച്ചപ്പോൾ അവ പുതിയവയായിരുന്നു. പക്ഷേ, ഇപ്പോൾ അവ പൊട്ടിയിരിക്കുന്നു.+ വളരെ ദൂരം യാത്ര ചെയ്തതുകൊണ്ട് ഞങ്ങളുടെ വസ്ത്രങ്ങൾ പഴകിക്കീറുകയും ചെരിപ്പുകൾ തേഞ്ഞുതീരുകയും ചെയ്തിരിക്കുന്നു.”
14 അപ്പോൾ, ഇസ്രായേൽപുരുഷന്മാർ അവർ കൊണ്ടുവന്ന ഭക്ഷണസാധനങ്ങളിൽ കുറച്ച് എടുത്തു.* പക്ഷേ, അവർ യഹോവയോടു ചോദിച്ചില്ല.+
15 അങ്ങനെ, അവരെ ജീവനോടെ വെച്ചുകൊള്ളാമെന്നു യോശുവ അവരോട് ഉടമ്പടി ചെയ്ത് അവരുമായി സമാധാനത്തിലായി.+ അതേ കാര്യംതന്നെ ഇസ്രായേൽസമൂഹത്തിലെ തലവന്മാർ അവരോട് ആണയിട്ട് പറയുകയും ചെയ്തു.+
16 അവരോട് ഉടമ്പടി ചെയ്ത് മൂന്നു ദിവസം കഴിഞ്ഞപ്പോൾ, അവർ തങ്ങളുടെ അടുത്ത്, ചുറ്റുവട്ടത്തുതന്നെ, താമസിക്കുന്നവരാണെന്ന് ഇസ്രായേല്യർ കേട്ടു.
17 അപ്പോൾ, ഇസ്രായേല്യർ പുറപ്പെട്ടു; മൂന്നാം ദിവസം അവരുടെ നഗരങ്ങളിൽ എത്തി. ഗിബെയോൻ,+ കെഫീര, ബേരോത്ത്, കിര്യത്ത്-യയാരീം+ എന്നിവയായിരുന്നു അവരുടെ നഗരങ്ങൾ.
18 പക്ഷേ, ഇസ്രായേൽസമൂഹത്തിലെ തലവന്മാർ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവരോട് ആണയിട്ടിരുന്നതുകൊണ്ട്+ ഇസ്രായേല്യർ അവരെ ആക്രമിച്ചില്ല. അതുകൊണ്ട്, ഇസ്രായേൽസമൂഹം മുഴുവനും തലവന്മാർക്കെതിരെ പിറുപിറുത്തുതുടങ്ങി.
19 അപ്പോൾ, എല്ലാ തലവന്മാരും സമൂഹത്തോടു മുഴുവൻ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ നമ്മൾ അവരോട് ആണയിട്ടതുകൊണ്ട് അവരെ ഉപദ്രവിച്ചുകൂടാ.
20 നമുക്ക് അവരെ ജീവനോടെ വെക്കാം. അല്ലാത്തപക്ഷം, നമ്മൾ അവരോട് ആണയിട്ടിട്ടുള്ളതുകൊണ്ട് നമുക്കെതിരെ ദൈവകോപമുണ്ടാകും.”+
21 തലവന്മാർ ഇങ്ങനെയും പറഞ്ഞു: “അവർ ജീവനോടിരിക്കട്ടെ. പക്ഷേ, അവർ മുഴുസമൂഹത്തിനുംവേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരും ആയിരിക്കും.” ഇങ്ങനെയാണു തലവന്മാർ അവർക്കു വാക്കു കൊടുത്തിരുന്നത്.
22 യോശുവ അവരെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ ഇടയിൽത്തന്നെ താമസിക്കുന്നവരായിട്ടും, ‘വളരെ ദൂരെനിന്നുള്ളവരാണ്’ എന്നു പറഞ്ഞ് എന്തിനാണു ഞങ്ങളെ പറ്റിച്ചത്?+
23 ഇപ്പോൾമുതൽ നിങ്ങൾ ശപിക്കപ്പെട്ടവരാണ്.+ എന്റെ ദൈവത്തിന്റെ ഭവനത്തിനുവേണ്ടി വിറകു ശേഖരിക്കുകയും വെള്ളം കോരുകയും ചെയ്തുകൊണ്ട് നിങ്ങൾ എല്ലായ്പോഴും ഒരു അടിമയുടെ സ്ഥാനത്തായിരിക്കും.”
24 അപ്പോൾ, അവർ യോശുവയോടു പറഞ്ഞു: “ദേശം മുഴുവൻ നിങ്ങൾക്കു തരണമെന്നും നിങ്ങളുടെ മുന്നിൽനിന്ന് അതിലെ നിവാസികളെയെല്ലാം നിശ്ശേഷം നശിപ്പിക്കണമെന്നും+ അങ്ങയുടെ ദൈവമായ യഹോവ തന്റെ ദാസനായ മോശയോടു കല്പിച്ചെന്ന് അങ്ങയുടെ ഈ ദാസർക്കു വ്യക്തമായി അറിവുകിട്ടിയിരുന്നു. അതുകൊണ്ട്, നിങ്ങൾ നിമിത്തം ഞങ്ങൾ പ്രാണഭയത്തിലായി.+ അതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ചെയ്തത്.+
25 ഇനി, ഞങ്ങൾ അങ്ങയുടെ കാരുണ്യത്തിലാണ്.* അങ്ങയ്ക്കു നല്ലതും ശരിയും എന്നു തോന്നുന്നതെന്തും ഞങ്ങളോടു ചെയ്തുകൊള്ളുക.”
26 അതുതന്നെയാണ് യോശുവ അവരോടു ചെയ്തതും. ഇസ്രായേല്യരുടെ കൈയിൽനിന്ന് യോശുവ അവരെ രക്ഷിച്ചു. അവർ അവരെ കൊന്നില്ല.
27 പക്ഷേ, ആ ദിവസം യോശുവ അവരെ ഇസ്രായേൽസമൂഹത്തിനും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തെ+ യാഗപീഠത്തിനും വേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരും ആക്കി.+ അവർ ഇന്നുവരെ അങ്ങനെതന്നെ കഴിയുന്നു.+
അടിക്കുറിപ്പുകള്
^ അതായത്, മെഡിറ്ററേനിയൻ കടൽ.
^ അഥവാ “അടിമകളാണ്.”
^ അതായത്, കിഴക്കുവശത്ത്.
^ അഥവാ “പരിശോധിച്ചു.”
^ അക്ഷ. “അങ്ങയുടെ കൈകളിലാണ്.”