യോഹന്നാൻ എഴുതിയത് 8:12-59
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ലോകത്തിന്റെ വെളിച്ചം: യേശു ഇവിടെ ഒരു അലങ്കാരപ്രയോഗം നടത്തുകയായിരുന്നു. താൻ വെളിച്ചമാണെന്നു യേശു പറയുന്നതു കേട്ടപ്പോൾ കൂടാരോത്സവത്തിനു സ്ത്രീകളുടെ മുറ്റത്ത് കത്തിച്ചിരുന്ന നാലു കൂറ്റൻ തണ്ടുവിളക്കുകളായിരിക്കാം കേൾവിക്കാരുടെ മനസ്സിലേക്കു വന്നത്. (യോഹ 7:2; അനു. ബി11 കാണുക.) ആ വിളക്കുകൾ വളരെ അകലേക്കുപോലും പ്രകാശം ചൊരിഞ്ഞിരുന്നു. ഇനി, “ലോകത്തിന്റെ വെളിച്ചം” എന്ന ഈ പദപ്രയോഗം യശയ്യയുടെ വാക്കുകളും നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. കാരണം, ‘കൂരിരുട്ടു നിറഞ്ഞ ദേശത്ത് താമസിക്കുന്നവർ’ “വലിയൊരു വെളിച്ചം” കാണുമെന്നും യഹോവയുടെ “ദാസൻ” എന്നു വിളിച്ചിരിക്കുന്നയാൾ ‘ജനതകൾക്കു വെളിച്ചമാകും’ എന്നും യശയ്യ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യശ 9:1, 2; 42:1, 6; 49:6) യേശു ഗിരിപ്രഭാഷണത്തിൽ തന്റെ അനുഗാമികളെ ‘ലോകത്തിന്റെ വെളിച്ചം’ എന്നു വിളിച്ചപ്പോഴും ഇതേ അലങ്കാരപ്രയോഗം ഉപയോഗിച്ചു. (മത്ത 5:14) ‘ലോകത്തിന്റെ വെളിച്ചം’ (ഇവിടെ ‘ലോകം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന കോസ്മൊസ് എന്ന ഗ്രീക്കുപദം മുഴു മനുഷ്യകുലത്തെയുമാണു കുറിക്കുന്നത്.) എന്ന പദപ്രയോഗം, മിശിഹയെ ‘ജനതകളുടെ വെളിച്ചം’ എന്നു വിളിച്ച യശയ്യയുടെ വാക്കുകളുമായി നന്നായി യോജിക്കുന്നു. വാസ്തവത്തിൽ യശ 49:6-ലെ പ്രവചനം, ക്രിസ്തുവിന്റെ എല്ലാ അനുഗാമികൾക്കുമുള്ള ഒരു കല്പനയാണെന്നും അവർ തുടർന്നും ജനതകളുടെ വെളിച്ചമായിരിക്കണമെന്നും പ്രവൃ 13:46, 47-ൽ പൗലോസും ബർന്നബാസും വ്യക്തമാക്കി. യേശുവിന്റെയും യേശുവിന്റെ അനുഗാമികളുടെയും ശുശ്രൂഷ ആളുകൾക്ക് ആത്മീയവെളിച്ചം പകരുകയും വ്യാജമതോപദേശങ്ങളുടെ അടിമത്തത്തിൽനിന്ന് അവരെ സ്വതന്ത്രരാക്കുകയും ചെയ്യുമായിരുന്നു.
അയച്ച പിതാവ്: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “അയച്ചവൻ” എന്നാണു കാണുന്നത്. എന്നാൽ “പിതാവ്” എന്ന പദം ഉപയോഗിക്കുന്നതിനെയാണു പുരാതനമായ മിക്ക കൈയെഴുത്തുപ്രതികളും പിന്താങ്ങുന്നത്.
ഖജനാവിൽവെച്ചാണ്: അഥവാ “സംഭാവനപ്പെട്ടികളുടെ അടുത്തുവെച്ചാണ്.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന അതേ ഗ്രീക്കുപദമാണ് മർ 12:41, 43-ലും ലൂക്ക 21:1-ലും കാണുന്നത്. അവിടെ അതു പരിഭാഷപ്പെടുത്തിയിരിക്കുന്നതു “സംഭാവനപ്പെട്ടികൾ” എന്നാണ്. സാധ്യതയനുസരിച്ച് ഈ ഗ്രീക്കുപദം, ദേവാലയത്തിൽ സ്ത്രീകളുടെ മുറ്റത്ത്, 13 സംഭാവനപ്പെട്ടികൾ ഉണ്ടായിരുന്ന സ്ഥലത്തെയാണു കുറിക്കുന്നത്. (അനു. ബി11 കാണുക.) ഈ സംഭാവനപ്പെട്ടികളിൽനിന്നുള്ള പണമൊക്കെ ശേഖരിച്ചുവെക്കുന്ന ഒരു പ്രധാനഖജനാവും ദേവാലയത്തിലുണ്ടായിരുന്നതായി കരുതപ്പെടുന്നു. പക്ഷേ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നത് ആ പ്രധാനഖജനാവിനെക്കുറിച്ചായിരിക്കാൻ സാധ്യതയില്ല.—മർ 12:41-ന്റെ പഠനക്കുറിപ്പു കാണുക.
ഞങ്ങൾ അവിഹിതബന്ധത്തിൽ ഉണ്ടായവരല്ല: അഥവാ “ഞങ്ങൾ ജാരസന്തതികളല്ല.” തങ്ങൾ ദൈവത്തിന്റെയും അബ്രാഹാമിന്റെയും നിയമാനുസൃതമക്കളാണെന്നും അതുകൊണ്ടുതന്നെ അബ്രാഹാമിനു നൽകിയ വാഗ്ദാനങ്ങളുടെ അവകാശികളാണെന്നും വാദിക്കുകയായിരുന്നു ആ ജൂതന്മാർ.
അവിഹിതബന്ധത്തിൽ: അഥവാ “ലൈംഗിക അധാർമികതയാൽ.” ഗ്രീക്കിൽ, പോർണിയ.—മത്ത 5:32-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ലൈംഗിക അധാർമികത” എന്നതും കാണുക.
അവൻ ആദ്യംമുതലേ: അഥവാ “അവന്റെ തുടക്കംമുതലേ.” അതായത്, പിശാച് കൊലപാതകിയും നുണയനും ദൈവത്തെക്കുറിച്ച് പരദൂഷണം പറയുന്നവനും ആയിത്തീർന്ന സമയംമുതൽ.—1യോഹ 3:8, അടിക്കുറിപ്പ്.
ഒരു ശമര്യക്കാരൻ: ‘ശമര്യക്കാരൻ’ എന്ന പദം ജൂതന്മാർ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്, വെറുപ്പിന്റെയും നിന്ദയുടെയും പര്യായമായിട്ടാണ്.—ലൂക്ക 10:33-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ശമര്യക്കാർ” എന്നതും കാണുക.
അബ്രാഹാം അതു കാണുകയും . . . ചെയ്തു: അതായത്, വിശ്വാസമെന്ന കണ്ണാൽ കണ്ടു.—എബ്ര 11:13; 1പത്ര 1:11.
താൻ അബ്രാഹാമിനെ കണ്ടെന്നോ?: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “അബ്രാഹാം നിന്നെ കണ്ടെന്നോ” എന്നാണു കാണുന്നത്. എന്നാൽ ഈ ബൈബിളിൽ കാണുന്ന പരിഭാഷയെയാണ് ആധികാരികമായ മിക്ക ആദ്യകാല കൈയെഴുത്തുപ്രതികളും പിന്താങ്ങുന്നത്.
ഞാനുണ്ടായിരുന്നു: യേശു ‘അബ്രാഹാമിനെ കണ്ടിട്ടുണ്ട്’ എന്നു പറയുന്നതു കേട്ട് ചില ജൂതന്മാർ യേശുവിനെ കല്ലെറിയാൻ തുനിഞ്ഞു. ‘50 വയസ്സുപോലുമായിട്ടില്ലാത്ത’ യേശു അബ്രാഹാമിനെ എങ്ങനെ കാണാനാണ് എന്നായിരുന്നു ആ എതിരാളികളുടെ വാദം. (യോഹ 8:57) താൻ മനുഷ്യനായി വരുന്നതിനും മുമ്പുള്ള കാലത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണു യേശു അതിന് ഉത്തരം കൊടുത്തത്. അബ്രാഹാം ജനിക്കുന്നതിനും മുമ്പേ ശക്തനായ ഒരു ആത്മവ്യക്തിയായി യേശു സ്വർഗത്തിലുണ്ടായിരുന്നു. എന്നാൽ യേശു ഇവിടെ, താൻ ദൈവമാണെന്നു സൂചിപ്പിക്കുകയായിരുന്നു എന്നാണു ചിലരുടെ വാദം. ഇവിടെ കാണുന്ന എഗോ എയ്മി (ചില ഭാഷകളിൽ, “ഞാൻ ആകുന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.) എന്ന പദപ്രയോഗത്തിനു സെപ്റ്റുവജിന്റ് പരിഭാഷയിലെ പുറ 3:14-മായി ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ ഈ രണ്ടു വാക്യങ്ങളും ഒരേ രീതിയിൽ പരിഭാഷപ്പെടുത്തണമെന്നും ആണ് അവരുടെ പക്ഷം. (യോഹ 4:26-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ എയ്മി എന്ന ഗ്രീക്കുക്രിയ സൂചിപ്പിക്കുന്ന അവസ്ഥ, “അബ്രാഹാം ജനിക്കുന്നതിനും മുമ്പേ” ഉള്ളതാണെന്നും അത് അപ്പോഴും ഉണ്ടായിരുന്നെന്നും സന്ദർഭം സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ആ ക്രിയയെ “ഞാൻ ആകുന്നു” എന്നു പരിഭാഷപ്പെടുത്തുന്നതിനെക്കാൾ യോജിക്കുന്നതു “ഞാനുണ്ടായിരുന്നു” എന്നു പരിഭാഷപ്പെടുത്തുന്നതാണ്. ഇതിനെ ഇങ്ങനെ തർജമ ചെയ്യുന്നതിനോടു പല പുരാതനഭാഷാന്തരങ്ങളും ആധുനികപരിഭാഷകളും യോജിക്കുന്നുമുണ്ട്. ‘ഞാൻ ഇത്രയും കാലം നിങ്ങളുടെകൂടെ ഉണ്ടായിരുന്നിട്ടും ഫിലിപ്പോസേ, നിനക്ക് എന്നെ അറിയില്ലേ’ എന്ന യേശുവിന്റെ വാക്കുകൾ കാണുന്ന യോഹ 14:9-ലും എയ്മി എന്ന ഗ്രീക്കുക്രിയയുടെ ഇതേ രൂപമാണു കാണുന്നത്. മിക്ക ഭാഷാന്തരങ്ങളിലും ഈ ഭാഗം ഇങ്ങനെതന്നെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതു സൂചിപ്പിക്കുന്നത്, എയ്മി എന്ന പദം സന്ദർഭമനുസരിച്ച്, ‘ഉണ്ടായിരുന്നു’ എന്നു പരിഭാഷപ്പെടുത്തുന്നതിൽ വ്യാകരണപരമായി ഒരു തെറ്റുമില്ല എന്നാണ്. (വർത്തമാനകാലത്തിലുള്ള ഗ്രീക്കുക്രിയയെ ഭൂതകാലത്തിലുള്ള ക്രിയയായി പരിഭാഷപ്പെടുത്തിയിരിക്കുന്നതിന്റെ മറ്റു ചില ഉദാഹരണങ്ങൾ ലൂക്ക 2:48; യോഹ 1:9; 15:27 എന്നീ വാക്യങ്ങളിൽ കാണാം.) ഇനി, താനും പിതാവും ഒന്നാണെന്നു സൂചിപ്പിക്കാൻ യേശു ശ്രമിച്ചില്ലെന്നാണു യോഹ 8:54, 55-ൽ കാണുന്ന യേശുവിന്റെ ന്യായവാദവും തെളിയിക്കുന്നത്.
യേശുവിനെ എറിയാൻ കല്ല് എടുത്തു: ഏതാണ്ട് രണ്ടു മാസം കഴിഞ്ഞ് ജൂതന്മാർ വീണ്ടും ദേവാലയത്തിൽവെച്ച് യേശുവിനെ കൊല്ലാൻ ശ്രമിക്കുന്നുണ്ട്. (യോഹ 10:31) ദേവാലയം പുതുക്കിപ്പണിയുന്ന ജോലികൾ അപ്പോഴും നടക്കുന്നുണ്ടായിരുന്നതുകൊണ്ട് പണിസ്ഥലത്തുനിന്നായിരിക്കാം അവർക്ക് ആ കല്ലുകൾ കിട്ടിയത്.