യോഹ​ന്നാൻ എഴുതി​യത്‌ 9:1-41

9  യേശു പോകു​മ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യ​നെ കണ്ടു. 2  ശിഷ്യ​ന്മാർ യേശു​വി​നോ​ടു ചോദിച്ചു: “റബ്ബീ,+ ആരു പാപം ചെയ്‌തി​ട്ടാണ്‌ ഇയാൾ അന്ധനായി ജനിച്ചത്‌? ഇയാളോ ഇയാളു​ടെ മാതാപിതാക്കളോ?” 3  യേശു പറഞ്ഞു: “ഇയാളോ ഇയാളു​ടെ മാതാ​പി​താ​ക്ക​ളോ പാപം ചെയ്‌തിട്ടല്ല. ഇതു ദൈവത്തിന്റെ പ്രവൃ​ത്തി​കൾ ഇയാളി​ലൂ​ടെ വെളിപ്പെടാൻവേണ്ടിയാണ്‌.+ 4  എന്നെ അയച്ച വ്യക്തി​യു​ടെ പ്രവൃ​ത്തി​കൾ പകൽ തീരു​ന്ന​തി​നു മുമ്പേ നമ്മൾ ചെയ്യണം.+ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത രാത്രി വരുന്നു. 5  ഞാൻ ലോക​ത്തു​ള്ളി​ട​ത്തോ​ളം ലോകത്തിന്റെ വെളിച്ചമാണ്‌.”+ 6  ഇതു പറഞ്ഞ​ശേഷം യേശു നിലത്ത്‌ തുപ്പി ഉമിനീ​രു​കൊണ്ട്‌ മണ്ണു കുഴച്ച്‌ ആ മനുഷ്യന്റെ കണ്ണുക​ളിൽ തേച്ചു.+ 7  എന്നിട്ട്‌ അയാളോട്‌, “ശിലോഹാം (“അയയ്‌ക്കപ്പെട്ടത്‌” എന്ന്‌ അർഥം.) കുളത്തിൽ പോയി കഴുകുക” എന്നു പറഞ്ഞു. അയാൾ ചെന്ന്‌ കഴുകി, കാഴ്‌ച കിട്ടി മടങ്ങിവന്നു.+ 8  മുമ്പ്‌ അയാളെ ഒരു യാചക​നാ​യി കണ്ടിട്ടു​ള്ള​വ​രും അയൽക്കാരും, “ഇത്‌ അവിടെ ഭിക്ഷ യാചി​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ളല്ലേ” എന്നു ചോദിച്ചു. 9  “അതു ശരിയാ​ണ​ല്ലോ” എന്നു ചിലരും “അല്ല, ഇയാൾ അതു​പോ​ലി​രി​ക്കു​ന്നെന്നേ ഉള്ളൂ” എന്നു വേറെ ചിലരും പറയുന്നുണ്ടായിരുന്നു. എന്നാൽ ആ മനുഷ്യൻ അവരോടെല്ലാം, “അതു ഞാൻത​ന്നെ​യാണ്‌” എന്നു പറഞ്ഞു. 10  അവർ അയാളോട്‌, “അപ്പോൾ എങ്ങനെ​യാ​ണു നിന്റെ കണ്ണു തുറന്നത്‌” എന്നു ചോദിച്ചു. 11  “യേശു എന്നു പേരുള്ള ഒരാൾ മണ്ണു കുഴച്ച്‌ എന്റെ കണ്ണുക​ളിൽ തേച്ചിട്ട്‌, ‘ശിലോഹാമിൽ പോയി കഴുകുക’+ എന്ന്‌ എന്നോടു പറഞ്ഞു. ഞാൻ ചെന്ന്‌ കഴുകി കാഴ്‌ച കിട്ടി” എന്ന്‌ അയാൾ പറഞ്ഞു. 12  അപ്പോൾ അവർ, “എന്നിട്ട്‌ ആ മനുഷ്യൻ എവിടെ” എന്നു ചോദിച്ചു. “എനിക്ക്‌ അറിയില്ല” എന്ന്‌ അയാൾ പറഞ്ഞു. 13  മുമ്പ്‌ അന്ധനാ​യി​രുന്ന ആ മനുഷ്യ​നെ അവർ പരീശ​ന്മാ​രു​ടെ അടു​ത്തേക്കു കൊണ്ടുപോയി. 14  യേശു മണ്ണു കുഴച്ച്‌ അയാൾക്കു കാഴ്‌ച കൊടുത്തത്‌+ ഒരു ശബത്തുദിവസമായിരുന്നു.+ 15  അതു​കൊണ്ട്‌ അയാൾക്കു കാഴ്‌ച കിട്ടി​യത്‌ എങ്ങനെ​യാ​ണെന്നു പരീശ​ന്മാ​രും ചോദിക്കാൻതുടങ്ങി. അയാൾ അവരോ​ടു പറഞ്ഞു: “ആ മനുഷ്യൻ മണ്ണു കുഴച്ച്‌ എന്റെ കണ്ണുക​ളിൽ തേച്ചു. കഴുകി​യ​പ്പോൾ എനിക്കു കാഴ്‌ച കിട്ടി.” 16  അപ്പോൾ പരീശ​ന്മാ​രിൽ ചിലർ പറഞ്ഞു: “ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവനല്ല. കാരണം അവൻ ശബത്ത്‌ ആചരിക്കുന്നില്ല.”+ മറ്റുള്ളവരാകട്ടെ, “പാപിയായ ഒരു മനുഷ്യന്‌ എങ്ങനെ ഇതു​പോ​ലുള്ള അടയാ​ളങ്ങൾ ചെയ്യാൻ പറ്റും”+ എന്നു ചോദിച്ചു. അങ്ങനെ, അവർക്കി​ട​യിൽ ഭിന്നിപ്പുണ്ടായി.+ 17  അവർ പിന്നെ​യും ആ അന്ധനോ​ടു ചോദിച്ചു: “ആ മനുഷ്യ​നെ​പ്പറ്റി നീ എന്തു പറയുന്നു? നിന്റെ കണ്ണുക​ളല്ലേ അയാൾ തുറന്നത്‌?” അപ്പോൾ അയാൾ, “അദ്ദേഹം ഒരു പ്രവാ​ച​ക​നാണ്‌”+ എന്നു പറഞ്ഞു. 18  കാഴ്‌ച ലഭിച്ചവന്റെ മാതാ​പി​താ​ക്കളെ വിളിച്ച്‌ ചോദിക്കുന്നതുവരെ, അയാൾ അന്ധനാ​യി​രു​ന്നെ​ന്നും പിന്നീ​ടാ​ണു കാഴ്‌ച കിട്ടി​യ​തെ​ന്നും ജൂതന്മാർ വിശ്വസിച്ചില്ല. 19  അവർ അവരോ​ടു ചോദിച്ചു: “ജന്മനാ അന്ധനാ​യി​രു​ന്നെന്നു നിങ്ങൾ പറയുന്ന നിങ്ങളു​ടെ മകൻ ഇവൻതന്നെയാണോ? എങ്കിൽപ്പി​ന്നെ ഇവന്‌ ഇപ്പോൾ കാണാൻ പറ്റുന്നത്‌ എങ്ങനെയാണ്‌?” 20  അയാളു​ടെ മാതാ​പി​താ​ക്കൾ പറഞ്ഞു: “ഇവൻ ഞങ്ങളുടെ മകനാ​ണെ​ന്നും ഇവൻ ജന്മനാ അന്ധനാ​യി​രു​ന്നെ​ന്നും ഞങ്ങൾക്ക്‌ അറിയാം. 21  എന്നാൽ ഇവനു കാഴ്‌ച കിട്ടി​യത്‌ എങ്ങനെ​യാ​ണെ​ന്നോ ഇവന്റെ കണ്ണുകൾ തുറന്നത്‌ ആരാ​ണെ​ന്നോ ഞങ്ങൾക്ക്‌ അറിയില്ല. അവനോ​ടു​തന്നെ ചോദിക്ക്‌. അവൻ പറയട്ടെ. അതിനുള്ള പ്രായം അവനുണ്ടല്ലോ.” 22  ജൂതന്മാ​രെ പേടി​ച്ചി​ട്ടാണ്‌ അവന്റെ മാതാ​പി​താ​ക്കൾ ഇങ്ങനെ പറഞ്ഞത്‌.+ കാരണം അവൻ ക്രിസ്‌തു​വാ​ണെന്ന്‌ അംഗീ​ക​രി​ക്കു​ന്ന​വരെ സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്ക​ണ​മെന്നു ജൂതന്മാർ നേര​ത്തേ​തന്നെ തീരുമാനിച്ചുറച്ചിരുന്നു.+ 23  അതു​കൊ​ണ്ടാണ്‌ അവന്റെ മാതാപിതാക്കൾ, “അവനോടുതന്നെ ചോദിക്ക്‌, അതിനുള്ള പ്രായം അവനു​ണ്ട​ല്ലോ” എന്നു പറഞ്ഞത്‌. 24  അങ്ങനെ, അന്ധനാ​യി​രുന്ന മനുഷ്യ​നെ രണ്ടാമ​തും വിളിച്ച്‌ അവർ പറഞ്ഞു: “ദൈവത്തിനു മഹത്ത്വം കൊടുക്ക്‌. ആ മനുഷ്യൻ ഒരു പാപി​യാ​ണെന്നു ഞങ്ങൾക്ക്‌ അറിയാം.” 25  അപ്പോൾ അയാൾ പറഞ്ഞു: “ആ മനുഷ്യൻ പാപി​യാ​ണോ എന്നൊ​ന്നും എനിക്ക്‌ അറിയില്ല. പക്ഷേ, ഒരു കാര്യം എനിക്ക്‌ അറിയാം: ഞാൻ അന്ധനായിരുന്നു. പക്ഷേ ഇപ്പോൾ എനിക്കു കാണാം.” 26  അപ്പോൾ അവർ ചോദിച്ചു: “അയാൾ എന്താണു ചെയ്‌തത്‌? അയാൾ നിന്റെ കണ്ണു തുറന്നത്‌ എങ്ങനെയാണ്‌?” 27  അയാൾ പറഞ്ഞു: “അതു ഞാൻ നിങ്ങ​ളോ​ടു നേരത്തേ പറഞ്ഞതല്ലേ? പക്ഷേ നിങ്ങൾ ശ്രദ്ധിച്ചില്ല. പിന്നെ ഇപ്പോൾ വീണ്ടും ചോദി​ക്കു​ന്നത്‌ എന്തിനാ? എന്താ, നിങ്ങൾക്കും ആ മനുഷ്യന്റെ ശിഷ്യന്മാരാകണമെന്നുണ്ടോ?” 28  അവർ പുച്ഛ​ത്തോ​ടെ പറഞ്ഞു: “നീ അവന്റെ ശിഷ്യനായിരിക്കാം. പക്ഷേ ഞങ്ങൾ മോശ​യു​ടെ ശിഷ്യന്മാരാണ്‌. 29  മോശ​യോ​ടു ദൈവം സംസാ​രി​ച്ചി​ട്ടു​ണ്ടെന്നു ഞങ്ങൾക്ക്‌ അറിയാം. പക്ഷേ ഇയാൾ എവി​ടെ​നിന്ന്‌ വന്നെന്ന്‌ ആർക്ക്‌ അറിയാം?” 30  അപ്പോൾ അയാൾ പറഞ്ഞു: “ആ മനുഷ്യൻ എന്റെ കണ്ണുകൾ തുറന്നി​ട്ടും അദ്ദേഹം എവി​ടെ​നിന്ന്‌ വന്നെന്നു നിങ്ങൾക്കു മനസ്സി​ലാ​കാ​ത്തത്‌ അതിശയംതന്നെ. 31  ദൈവം പാപി​ക​ളു​ടെ പ്രാർഥന കേൾക്കി​ല്ലെന്നു നമുക്ക്‌ അറിയാം.+ എന്നാൽ, ദൈവത്തെ ഭയപ്പെട്ട്‌ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർഥന ദൈവം കേൾക്കും.+ 32  ജന്മനാ അന്ധനായ ഒരാളു​ടെ കണ്ണുകൾ ആരെങ്കി​ലും തുറന്ന​താ​യി ഇന്നുവരെ കേട്ടിട്ടില്ല. 33  ഈ മനുഷ്യൻ ദൈവ​ത്തിൽനി​ന്ന​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇദ്ദേഹ​ത്തിന്‌ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു.”+ 34  അപ്പോൾ അവർ, “അപ്പാടേ പാപത്തിൽ ജനിച്ച നീയാ​ണോ ഞങ്ങളെ പഠിപ്പി​ക്കാൻവ​രു​ന്നത്‌” എന്നു ചോദി​ച്ചു​കൊണ്ട്‌ അയാളെ അവി​ടെ​നിന്ന്‌ പുറത്താക്കി!+ 35  അയാളെ പുറത്താ​ക്കി എന്നു യേശു കേട്ടു. വീണ്ടും അയാളെ കണ്ടപ്പോൾ യേശു ചോദിച്ചു: “നിനക്കു മനുഷ്യ​പു​ത്ര​നിൽ വിശ്വാസമുണ്ടോ?” 36  അപ്പോൾ ആ മനുഷ്യൻ, “ഞാൻ മനുഷ്യ​പു​ത്ര​നിൽ വിശ്വ​സി​ക്കേ​ണ്ട​തിന്‌ അത്‌ ആരാണ്‌ യജമാ​നനേ” എന്നു ചോദിച്ചു. 37  യേശു അയാ​ളോ​ടു പറഞ്ഞു: “നീ ആ മനുഷ്യ​നെ കണ്ടിട്ടുണ്ട്‌. നിന്നോ​ടു സംസാ​രി​ക്കുന്ന ഈ ഞാൻത​ന്നെ​യാണ്‌ അത്‌.”+ 38  അപ്പോൾ അയാൾ, “കർത്താവേ, ഞാൻ വിശ്വ​സി​ക്കു​ന്നു” എന്നു പറഞ്ഞ്‌ യേശു​വി​നെ വണങ്ങി. 39  യേശു പറഞ്ഞു: “കാഴ്‌ചയില്ലാത്തവർ കാണട്ടെ, കാഴ്‌ച​യു​ള്ളവർ അന്ധരായിത്തീരട്ടെ.+ ഇങ്ങനെ​യൊ​രു ന്യായ​വി​ധി നടക്കാൻവേ​ണ്ടി​യാ​ണു ഞാൻ ലോക​ത്തേക്കു വന്നത്‌.”+ 40  അവി​ടെ​യു​ണ്ടാ​യി​രുന്ന പരീശ​ന്മാർ ഇതു കേട്ടിട്ട്‌, “അതിനു ഞങ്ങളും അന്ധരാണോ, അല്ലല്ലോ” എന്നു പറഞ്ഞു.+ 41  യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ അന്ധരാ​യി​രു​ന്നെ​ങ്കിൽ നിങ്ങൾക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാൽ, ‘ഞങ്ങൾക്കു കാണാം’ എന്നു നിങ്ങൾ പറയു​ന്ന​തു​കൊണ്ട്‌ നിങ്ങളു​ടെ പാപം നിലനിൽക്കുന്നു.”+

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

രാത്രി വരുന്നു: ബൈബി​ളിൽ “രാത്രി” എന്ന പദം ചില​പ്പോ​ഴൊ​ക്കെ ആലങ്കാ​രി​കാർഥ​ത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. “രാത്രി” എന്നു പറഞ്ഞ​പ്പോൾ യേശു​വി​ന്റെ മനസ്സിലുണ്ടായിരുന്നത്‌, തന്റെ വിചാ​ര​ണ​യും സ്‌തം​ഭ​ത്തി​ലേ​റ്റ​ലും മരണവും ഉൾപ്പെ​ടുന്ന സമയമാ​യി​രു​ന്നു. കാരണം പിതാവ്‌ ആഗ്രഹിച്ച പ്രവൃ​ത്തി​കൾ ചെയ്യാൻ യേശു​വി​നു പറ്റാതാ​കുന്ന ഒരു സമയമാ​യി​രു​ന്നു അത്‌.​—ഇയ്യ 10:21, 22; സഭ 9:10; ലൂക്ക 22:53-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

ഉമിനീർ: യേശു അത്ഭുത​ക​ര​മാ​യി ആളുകളെ സുഖ​പ്പെ​ടു​ത്താൻ തന്റെ ഉമിനീർ ഉപയോ​ഗി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയുന്ന മൂന്നു ബൈബിൾഭാ​ഗ​ങ്ങ​ളുണ്ട്‌. (മർ 7:31-37; 8:22-26; യോഹ 9:1-7) അന്നു നാട്ടു​ചി​കി​ത്സ​യിൽ ഉമിനീർ ഉപയോ​ഗി​ക്കുന്ന രീതി നിലവി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും യേശു അത്ഭുതങ്ങൾ ചെയ്‌തതു ദൈവാ​ത്മാ​വി​ന്റെ ശക്തിയാ​ലാ​യി​രു​ന്നു. അതു​കൊണ്ട്‌, യേശു​വി​ന്റെ ഉമിനീ​രല്ല ആളുകളെ സുഖ​പ്പെ​ടു​ത്തി​യത്‌. ഇവിടെ, ജന്മനാ അന്ധനായ ആ മനുഷ്യ​നോട്‌ “ശിലോ​ഹാം കുളത്തിൽ പോയി കഴുകുക” എന്നു പറഞ്ഞതാ​യി നമ്മൾ വായി​ക്കു​ന്നു. അതെത്തു​ടർന്നാണ്‌ അദ്ദേഹ​ത്തി​നു കാഴ്‌ച​ശക്തി കിട്ടി​യത്‌. (യോഹ 9:7) കുഷ്‌ഠ​രോ​ഗം മാറി​ക്കി​ട്ടാൻ യോർദാൻ നദിയിൽ കുളി​ക്ക​ണ​മെന്നു നയമാ​നോട്‌ ആവശ്യ​പ്പെ​ട്ടത്‌ അദ്ദേഹ​ത്തി​ന്റെ വിശ്വാ​സം പരി​ശോ​ധി​ച്ച​തു​പോ​ലെ, “ശിലോ​ഹാം കുളത്തിൽ പോയി കഴുകുക” എന്നു പറഞ്ഞത്‌ അന്ധനായ ആ മനുഷ്യ​ന്റെ വിശ്വാ​സ​വും പരി​ശോ​ധി​ക്കു​മാ​യി​രു​ന്നു.​—2രാജ 5:10-14.

ശിലോ​ഹാം കുളം: എ.ഡി. ഒന്നാം നൂറ്റാ​ണ്ടോ​ളം പഴക്കമുള്ള ഒരു കുളത്തി​ന്റെ ചില ഭാഗങ്ങൾ, ദേവാ​ലയം സ്ഥിതി ചെയ്‌തി​രുന്ന മലയുടെ തെക്കു​ഭാ​ഗത്ത്‌ കണ്ടെത്തി. ഇതു ശിലോ​ഹാം കുളമാ​ണെന്നു കരുത​പ്പെ​ടു​ന്നു. പുരാതന യരുശ​ലേം നഗരം ആദ്യം സ്ഥിതി ചെയ്‌തി​രുന്ന തെക്കേ മലയുടെ ചുവട്ടിൽ, ടൈറോപ്പിയൻ താഴ്‌വ​ര​യും കിദ്രോൻ താഴ്‌​വര​യും ഒന്നിച്ചു​ചേ​രുന്ന സ്ഥലത്തിന്‌ അടുത്താണ്‌ അതിന്റെ സ്ഥാനം. (അനു. ബി12 കാണുക.) ശിലോ​ഹാം എന്ന പേര്‌ “ശീലോഹ” എന്ന എബ്രാ​യ​പേ​രി​ന്റെ ഗ്രീക്കു​രൂ​പ​മാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ എബ്രാ​യ​പേ​രിന്‌ “അയയ്‌ക്കുക” എന്ന്‌ അർഥമുള്ള ശലാക്‌ എന്ന എബ്രാ​യ​ക്രി​യ​യു​മാ​യി ബന്ധമുണ്ട്‌. അതുകൊണ്ടാണ്‌, യോഹ​ന്നാൻ ശീലോ​ഹാം എന്ന പേരിന്റെ അർഥം, അയയ്‌ക്ക​പ്പെ​ട്ടത്‌ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യത്‌. യരുശ​ലേ​മി​ലെ ജലവി​ത​ര​ണ​സം​വി​ധാ​ന​ത്തി​ന്റെ ഭാഗമായ ഒരു നീർപ്പാ​ത്തിക്ക്‌ അഥവാ കനാലിന്‌, യശ 8:6-ൽ ശീലോഹ എന്ന എബ്രാ​യ​പേര്‌ നൽകിയിരിക്കുന്നിടത്ത്‌, സെപ്‌റ്റുവജിന്റ്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പേര്‌ ശിലോ​ഹാം എന്നാണ്‌. ഇടയ്‌ക്കി​ടെ മാത്രം വെള്ളം പുറ​പ്പെ​ടു​വി​ക്കുന്ന ഗീഹോൻ നീരു​റ​വ​യിൽനി​ന്നാണ്‌ ശിലോ​ഹാം കുളത്തി​ലേക്കു വെള്ളം വന്നിരു​ന്നത്‌. ഇത്തരത്തിൽ ആ നീരുറവ കുളത്തി​ലേക്കു വെള്ളം ‘അയച്ചി​രു​ന്ന​തു​കൊ​ണ്ടാ​കാം’ അതിനു ശിലോ​ഹാം എന്ന പേരു ലഭിച്ചത്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ പല എബ്രാ​യ​പ​രി​ഭാ​ഷ​ക​ളും (അനു. സി4-ൽ J7-14, 16-19, 22 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) യോഹ 9:7-ൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു “ശീലോഹ” എന്ന പദമാണ്‌.

ജൂതന്മാർ: സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ പദം കുറിക്കുന്നത്‌, ജൂതന്മാ​രായ അധികാ​രി​ക​ളെ​യോ ജൂതമ​ത​നേ​താ​ക്ക​ന്മാ​രെ​യോ ആണ്‌.​—യോഹ 7:1-ന്റെ പഠനക്കു​റി​പ്പു കാണുക.

അതിനുള്ള പ്രായം അവനു​ണ്ട​ല്ലോ: അഥവാ, “അവനു പ്രായ​മെ​ത്തി​യ​ല്ലോ.” ഈ പദപ്ര​യോ​ഗം ആണുങ്ങൾക്കു സൈനി​ക​സേ​വ​ന​ത്തി​നു യോഗ്യത നേടാൻ മോശ​യു​ടെ നിയമം അനുശാ​സി​ച്ചി​രുന്ന പ്രായ​പ​രി​ധി​യായ 20 വയസ്സി​നെ​യാ​യി​രി​ക്കാം കുറി​ക്കു​ന്നത്‌. (സംഖ 1:3) അയാളെ കുട്ടി എന്നു വിളി​ക്കാ​തെ ‘ഒരു മനുഷ്യൻ’ എന്നു വിളി​ച്ചി​രി​ക്കു​ന്ന​തും (യോഹ 9:1) അയാൾ ഒരു യാചക​നാ​യി​രു​ന്നു എന്നതും ഈ നിഗമ​ന​ത്തോ​ടു യോജി​ക്കു​ന്നു (യോഹ 9:8). ഇനി, 13 വയസ്സായ ഒരാൾക്കു നിയമ​പ​ര​മാ​യി പ്രായ​പൂർത്തി​യാ​യെന്നു ജൂതസ​മൂ​ഹം അംഗീ​ക​രി​ച്ചി​രു​ന്ന​തു​കൊണ്ട്‌ ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന പ്രായം അതാ​ണെ​ന്നും അഭി​പ്രാ​യ​മുണ്ട്‌.

ജൂതന്മാർ: സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ പദം കുറിക്കുന്നത്‌, ജൂതന്മാ​രായ അധികാ​രി​ക​ളെ​യോ ജൂതമ​ത​നേ​താ​ക്ക​ന്മാ​രെ​യോ ആണ്‌.​—യോഹ 7:1-ന്റെ പഠനക്കു​റി​പ്പു കാണുക.

സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്കുക: അഥവാ “ഭ്രഷ്ട്‌ കല്‌പിക്കുക; സിന​ഗോ​ഗിൽ വരുന്നതു വിലക്കുക.” ഗ്രീക്കി​ലെ ഒരു വിശേ​ഷ​ണ​പ​ദ​മായ അപൊ​സു​ന​ഗോ​ഗൊസ്‌ ഇവി​ടെ​യും യോഹ 12:42; 16:2 എന്നീ വാക്യ​ങ്ങ​ളി​ലും മാത്ര​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇത്തരത്തിൽ സിന​ഗോ​ഗിൽനിന്ന്‌ പുറത്താ​ക്കുന്ന ഒരാളെ സമൂഹം ഒറ്റപ്പെ​ടു​ത്തു​ക​യും ഒഴിവാ​ക്കു​ക​യും ചെയ്‌തി​രു​ന്നു. ഇവരെ പൊതു​വേ പുച്ഛ​ത്തോ​ടെ​യാണ്‌ ആളുകൾ കണ്ടിരു​ന്നത്‌. മറ്റു ജൂതന്മാ​രു​മാ​യുള്ള ബന്ധം ഇത്തരത്തിൽ വിച്ഛേ​ദി​ക്ക​പ്പെ​ടു​ന്നത്‌ ആ കുടും​ബ​ത്തി​ന്മേൽ ഗുരു​ത​ര​മായ സാമ്പത്തി​ക​പ്ര​ത്യാ​ഘാ​തങ്ങൾ വരുത്തി​വെ​ക്കു​മാ​യി​രു​ന്നു. സിന​ഗോ​ഗു​കൾ പ്രധാ​ന​മാ​യും ആളുകളെ പഠിപ്പി​ക്കാൻ ഉദ്ദേശി​ച്ചു​ള്ള​താ​യി​രു​ന്നെ​ങ്കി​ലും ചില​പ്പോ​ഴൊ​ക്കെ അതു പ്രാ​ദേ​ശി​ക​കോ​ട​തി​കൾ സമ്മേളി​ക്കാ​നുള്ള സ്ഥലമാ​യും ഉപയോ​ഗി​ച്ചി​രു​ന്നു. ആളുകൾക്കു ചാട്ടയ​ടി​യും ഭ്രഷ്ടും ഒക്കെ ശിക്ഷയാ​യി വിധി​ക്കാൻ അധികാ​ര​മുള്ള കോട​തി​ക​ളാ​യി​രു​ന്നു അവ.​— മത്ത 10:17-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൈവ​ത്തി​നു മഹത്ത്വം കൊടുക്ക്‌: സത്യം സംസാ​രി​ക്കാൻ ഒരാളെ നിർബ​ന്ധി​ത​നാ​ക്കുന്ന ഒരു പ്രയോ​ഗ​മാണ്‌ ഇത്‌. ആ പ്രയോ​ഗ​ത്തി​ന്റെ അർഥം ഏതാണ്ട്‌ ഇങ്ങനെ​യാണ്‌: “സത്യം പറഞ്ഞ്‌ ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കുക” അഥവാ “ദൈവ​മു​മ്പാ​കെ സത്യം പറയുക.”​—യോശ 7:19 താരത​മ്യം ചെയ്യുക.

യേശു​വി​നെ വണങ്ങി: അഥവാ “യേശു​വി​നെ കുമ്പിട്ട്‌ നമസ്‌കരിച്ചു; യേശു​വി​നെ സാഷ്ടാം​ഗം പ്രണമിച്ചു; യേശു​വി​നോട്‌ ആദരവ്‌ കാണിച്ചു.” ഒരു ദൈവ​ത്തെ​യോ ദേവ​നെ​യോ ആരാധി​ക്കുക എന്ന്‌ അർഥം വരുന്നി​ടത്ത്‌ പ്രൊ​സ്‌കി​നി​യോ എന്ന ഗ്രീക്കു​ക്രിയ “ആരാധി​ക്കുക” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (മത്ത 4:10; ലൂക്ക 4:8) എന്നാൽ ഇവിടെ, ജന്മനാ അന്ധനായ മനുഷ്യ​നു കാഴ്‌ച കിട്ടിയപ്പോൾ, അയാൾ യേശു​വി​നെ ദൈവത്തിന്റെ പ്രതി​നി​ധി​യാ​യി അംഗീ​ക​രിച്ച്‌ വണങ്ങുക മാത്ര​മാ​യി​രു​ന്നു. അയാൾ യേശു​വി​നെ കണ്ടതു ദൈവ​മാ​യോ ദേവനാ​യോ അല്ല, മറിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രുന്ന ‘മനുഷ്യ​പു​ത്ര​നാ​യി​ട്ടാണ്‌.’ യേശു ദൈവ​ത്തിൽനിന്ന്‌ അധികാ​രം കിട്ടിയ മിശി​ഹ​യാ​ണെന്ന്‌ അയാൾക്കു മനസ്സി​ലാ​യി. (യോഹ 9:35) എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ ചിലർ പ്രവാ​ച​ക​ന്മാ​രെ​യോ രാജാ​ക്ക​ന്മാ​രെ​യോ ദൈവത്തിന്റെ മറ്റു പ്രതി​നി​ധി​ക​ളെ​യോ കണ്ടപ്പോൾ വണങ്ങി​യ​താ​യി രേഖയുണ്ട്‌. (1ശമു 25:23, 24; 2ശമു 14:4-7; 1രാജ 1:16; 2രാജ 4:36, 37) കാഴ്‌ച കിട്ടിയ ആ മനുഷ്യൻ യേശുവിന്റെ മുന്നിൽ ചെയ്‌ത​തും അതു​പോ​ലൊ​രു കാര്യ​മാ​യി​രി​ക്കാം. പല സന്ദർഭ​ങ്ങ​ളി​ലും ആളുകൾ യേശു​വി​നെ വണങ്ങിയത്‌, ദൈവ​ത്തിൽനിന്ന്‌ ഒരു സന്ദേശം വെളി​പ്പെ​ടു​ത്തി​ക്കി​ട്ടി​യ​പ്പോ​ഴോ ദൈവാംഗീകാരത്തിന്റെ ഒരു തെളിവ്‌ നേരിൽ കണ്ടപ്പോ​ഴോ അതിനു നന്ദി പ്രകടി​പ്പി​ക്കാ​നാ​യി​രു​ന്നു.​—മത്ത 2:2; 8:2; 14:33; 15:25 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ദൃശ്യാവിഷ്കാരം

ശിലോ​ഹാം കുളം
ശിലോ​ഹാം കുളം

ബൈബി​ളിൽ യോഹ​ന്നാ​ന്റെ പുസ്‌ത​ക​ത്തിൽ മാത്രമേ ശിലോ​ഹാം കുള​ത്തെ​ക്കു​റിച്ച്‌ പറഞ്ഞി​ട്ടു​ള്ളൂ. യരുശ​ലേ​മിൽ ഈ കുളമു​ണ്ടാ​യി​രു​ന്നത്‌ ഇന്നത്തെ ബിർകെത്‌ സിൽവാൻ എന്ന ചെറിയ കുളത്തി​ന്റെ സ്ഥാനത്താ​ണെന്നു വർഷങ്ങ​ളോ​ളം വിശ്വ​സി​ച്ചി​രു​ന്നു. എന്നാൽ 2004-ൽ ഈ ചെറിയ കുളത്തിന്‌ ഏതാണ്ട്‌ 100 മീറ്റർ (330 അടി) തെക്കു​കി​ഴ​ക്കാ​യി അതി​നെ​ക്കാൾ വലി​യൊ​രു കുളത്തി​ന്റെ അവശി​ഷ്ടങ്ങൾ കണ്ടെത്തി. അവിടെ ഉത്‌ഖ​നനം നടത്തി​യ​പ്പോൾ കണ്ടെത്തിയ നാണയങ്ങൾ, റോമിന്‌ എതിരെ ജൂതവി​പ്ലവം നടന്ന കാല​ത്തേ​താണ്‌ (എ.ഡി. 66-നും 70-നും ഇടയ്‌ക്ക്‌.). റോമാ​ക്കാർ യരുശ​ലേം നശിപ്പി​ക്കു​ന്ന​തു​വരെ ആ കുളം ഉപയോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്നു എന്നാണ്‌ അതു തെളി​യി​ക്കു​ന്നത്‌. ഈ വലിയ കുളം യോഹ 9:7-ൽ പറഞ്ഞി​രി​ക്കുന്ന ശിലോ​ഹാം കുളം​ത​ന്നെ​യാ​ണെന്ന്‌ ഇന്നു പൊതു​വേ അംഗീ​ക​രി​ക്ക​പ്പെ​ടു​ന്നു. ഈ ഫോ​ട്ടോ​യിൽ കാണു​ന്ന​തു​പോ​ലെ, ആ കുളത്തിന്‌ അതിന്റെ അടിത്ത​ട്ടു​വരെ (ഇപ്പോൾ മണ്ണു മൂടി​ക്കി​ട​ക്കുന്ന അടിത്ത​ട്ടിൽ ചെടി​ക​ളും മറ്റും വളർന്നു​നിൽക്കു​ന്നു.) ചെല്ലുന്ന പടവു​ക​ളു​ണ്ടാ​യി​രു​ന്നു. വീതി കൂടിയ പടിക​ളും ഇടയ്‌ക്കി​ടെ കാണാം. അതു​കൊ​ണ്ടു​തന്നെ കുളത്തി​ലെ വെള്ളത്തി​ന്റെ അളവ്‌ കൂടി​യാ​ലും കുറഞ്ഞാ​ലും ബുദ്ധി​മു​ട്ടി​ല്ലാ​തെ ആളുകൾക്ക്‌ അതിൽ ഇറങ്ങാ​മാ​യി​രു​ന്നു.

1. ശിലോ​ഹാം കുളം

2. ദേവാ​ലയം സ്ഥിതി ചെയ്‌തി​രുന്ന സ്ഥലം