റോമിലുള്ളവർക്ക് എഴുതിയ കത്ത് 8:1-39
8 അതുകൊണ്ട് ക്രിസ്തുയേശുവുമായി യോജിപ്പിലായവർക്കു ശിക്ഷാവിധിയില്ല.
2 കാരണം ക്രിസ്തുയേശുവുമായി യോജിപ്പിൽ ജീവിക്കാൻ അവസരം തരുന്ന ദൈവാത്മാവിന്റെ നിയമം പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്ന് നിങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.+
3 ജഡത്തിന്റെ* ബലഹീനത+ കാരണം നിയമത്തിനു ചെയ്യാൻ കഴിയാഞ്ഞതു+ ദൈവം തന്റെ പുത്രനെ അയച്ചുകൊണ്ട്+ സാധിച്ചു. പാപം നീക്കിക്കളയാൻവേണ്ടി പാപമുള്ള ശരീരത്തിന്റെ സാദൃശ്യത്തിൽ+ പുത്രനെ അയച്ചുകൊണ്ട് ദൈവം ജഡത്തിലെ പാപത്തിനു ശിക്ഷ വിധിച്ചു.
4 ജഡത്തെ അനുസരിച്ച് നടക്കാതെ ദൈവാത്മാവിനെ അനുസരിച്ച് നടക്കുന്ന+ നമ്മളിൽ നിയമത്തിന്റെ നീതിയുള്ള വ്യവസ്ഥകൾ നിറവേറാൻവേണ്ടിയായിരുന്നു അത്.+
5 ജഡത്തെ അനുസരിച്ച് ജീവിക്കുന്നവർ ജഡത്തിന്റെ കാര്യങ്ങളിലും+ ആത്മാവിനെ അനുസരിച്ച് ജീവിക്കുന്നവർ ആത്മാവിന്റെ കാര്യങ്ങളിലും+ മനസ്സു പതിപ്പിക്കുന്നു.
6 ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതു മരണത്തിൽ കലാശിക്കുന്നു.+ ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതു ജീവനും സമാധാനവും തരുന്നു.+
7 കാരണം ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സു പതിപ്പിക്കുന്നതു നമ്മളെ ദൈവത്തിന്റെ ശത്രുക്കളാക്കും.+ ജഡം ദൈവത്തിന്റെ നിയമത്തിനു കീഴ്പെടുന്നില്ല. കീഴ്പെടാൻ അതിനു കഴിയുകയുമില്ല.
8 അതുകൊണ്ട് ജഡത്തിന്റെ ഇഷ്ടമനുസരിച്ച് ജീവിക്കുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല.
9 ദൈവത്തിന്റെ ആത്മാവ് ശരിക്കും നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ ജഡത്തിന്റെ ഇഷ്ടമനുസരിച്ചല്ല, ആത്മാവിന്റെ ഇഷ്ടമനുസരിച്ചായിരിക്കും നടക്കുന്നത്.+ എന്നാൽ ക്രിസ്തുവിന്റെ ആത്മാവില്ലാത്തയാൾ* ക്രിസ്തുവിനുള്ളയാളല്ല.
10 ക്രിസ്തു നിങ്ങളുമായി യോജിപ്പിലാണെങ്കിൽ+ പാപം കാരണം നിങ്ങളുടെ ശരീരം മരിച്ചതാണെങ്കിലും നീതി നിമിത്തം ദൈവാത്മാവ് ജീവൻ നൽകും.
11 യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നെങ്കിൽ, ക്രിസ്തുയേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച+ ദൈവം നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിലൂടെ നിങ്ങളുടെ നശ്വരശരീരങ്ങളെയും ജീവിപ്പിക്കും.+
12 അതുകൊണ്ട് സഹോദരങ്ങളേ, ജഡത്തെ അനുസരിച്ച് ജീവിക്കാൻ നമുക്കു ജഡത്തോട് ഒരു കടപ്പാടുമില്ല.+
13 ജഡത്തെ അനുസരിച്ച് ജീവിക്കുകയാണെങ്കിൽ നിങ്ങൾ നിശ്ചയമായും മരിക്കും. എന്നാൽ ആത്മാവിനാൽ ജഡത്തിന്റെ പ്രവൃത്തികളെ നിഗ്രഹിക്കുന്നെങ്കിൽ+ നിങ്ങൾ ജീവിക്കും.+
14 കാരണം ദൈവാത്മാവ് നയിക്കുന്ന എല്ലാവരും ദൈവത്തിന്റെ പുത്രന്മാരാണ്.+
15 നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല നിങ്ങൾക്കു കിട്ടിയത്. തന്റെ പുത്രന്മാരായി നമ്മളെ ദത്തെടുക്കുന്ന ആത്മാവിനെയാണു ദൈവം നിങ്ങൾക്കു നൽകിയിരിക്കുന്നത്. അതേ ആത്മാവ്, “അബ്ബാ,* പിതാവേ”+ എന്നു വിളിച്ചപേക്ഷിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു.
16 നമ്മൾ ദൈവത്തിന്റെ മക്കളാണെന്ന്+ ആ ആത്മാവുതന്നെ നമ്മുടെ ആത്മാവിന്* ഉറപ്പു തരുന്നു.+
17 നമ്മൾ മക്കളാണെങ്കിൽ അവകാശികളുമാണ്. ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളും+ ആണ് നമ്മൾ. എന്നാൽ നമ്മൾ ക്രിസ്തുവിന്റെകൂടെ മഹത്ത്വീകരിക്കപ്പെടണമെങ്കിൽ+ ക്രിസ്തുവിന്റെകൂടെ കഷ്ടം അനുഭവിക്കണം.+
18 നമ്മളിൽ വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തോടു താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴുള്ള കഷ്ടങ്ങളെ വെറും നിസ്സാരമായിട്ടാണു ഞാൻ കണക്കാക്കുന്നത്.+
19 കാരണം സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പെടലിനായി+ അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്.
20 സൃഷ്ടിക്കു വ്യർഥമായൊരു ജീവിതത്തിന്റെ അടിമത്തത്തിലാകേണ്ടിവന്നു.+ സ്വന്തം ഇഷ്ടപ്രകാരമല്ല, പകരം അതിനെ കീഴ്പെടുത്തിയ ദൈവത്തിന്റെ ഇഷ്ടപ്രകാരം. എന്നാൽ പ്രത്യാശയ്ക്കു വകയുണ്ടായിരുന്നു.
21 സൃഷ്ടി ജീർണതയുടെ അടിമത്തത്തിൽനിന്ന് മോചനം നേടി+ ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം നേടും എന്നതായിരുന്നു ആ പ്രത്യാശ.
22 ഇന്നുവരെ സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദന അനുഭവിച്ച് കഴിയുകയാണ് എന്നു നമുക്ക് അറിയാമല്ലോ.
23 ദൈവാത്മാവെന്ന ആദ്യഫലം കിട്ടിയ നമ്മൾപോലും മോചനവിലയാൽ ശരീരത്തിൽനിന്ന് മോചനം നേടി പുത്രന്മാരായി ദത്തെടുക്കപ്പെടാൻ+ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഉള്ളിൽ ഞരങ്ങുന്നു.+
24 ഈ പ്രത്യാശയോടെയാണല്ലോ നമുക്കു രക്ഷ കിട്ടിയത്. എന്നാൽ കാണുന്ന പ്രത്യാശ പ്രത്യാശയല്ല. കാണാവുന്ന ഒന്നിനുവേണ്ടി ഒരാൾ എന്തിനു പ്രത്യാശിക്കണം?
25 കാണാത്തതിനുവേണ്ടി+ പ്രത്യാശിക്കുമ്പോൾ,+ അതിനുവേണ്ടി നമ്മൾ ക്ഷമയോടെ+ ആകാംക്ഷാപൂർവം കാത്തിരിക്കും.
26 അതുപോലെതന്നെ നമ്മൾ ദുർബലരായിരിക്കുമ്പോൾ ദൈവാത്മാവ് നമ്മുടെ സഹായത്തിന് എത്തുന്നു:+ എന്തു പറഞ്ഞ് പ്രാർഥിക്കണമെന്ന് അറിഞ്ഞുകൂടാ എന്നതാണു ചിലപ്പോൾ നമ്മുടെ പ്രശ്നം. എന്നാൽ നമ്മുടെ നിശ്ശബ്ദമായ* ഞരക്കത്തോടൊപ്പം ദൈവാത്മാവ് നമുക്കുവേണ്ടി അപേക്ഷിക്കുന്നു.
27 ദൈവാത്മാവ് സംസാരിക്കുന്നതിന്റെ അർഥം എന്താണെന്നു ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തിന്+ അറിയാം. കാരണം ദൈവേഷ്ടത്തിനു ചേർച്ചയിലാണ് അതു വിശുദ്ധർക്കുവേണ്ടി അപേക്ഷിക്കുന്നത്.
28 ദൈവത്തെ സ്നേഹിക്കുന്നവരുടെ, ദൈവത്തിന്റെ ഉദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടവരുടെ,+ നന്മയ്ക്കുവേണ്ടി ദൈവം തന്റെ പ്രവൃത്തികളെല്ലാം ഏകോപിപ്പിക്കുന്നെന്നു നമുക്ക് അറിയാമല്ലോ.
29 അതുകൊണ്ടാണ് താൻ ആദ്യം അംഗീകാരം കൊടുത്തവരെ തന്റെ പുത്രന്റെ പ്രതിരൂപത്തിലാക്കിയെടുക്കാൻ+ ദൈവം നേരത്തേതന്നെ നിശ്ചയിച്ചത്. അങ്ങനെ യേശു അനേകം സഹോദരന്മാരിൽ+ ഏറ്റവും മൂത്തവനായി.+
30 മാത്രമല്ല താൻ നേരത്തേ നിശ്ചയിച്ചവരെയാണു+ ദൈവം വിളിച്ചത്;+ വിളിച്ചവരെയാണു നീതിമാന്മാരായി പ്രഖ്യാപിച്ചത്;+ നീതിമാന്മാരായി പ്രഖ്യാപിച്ചവരെയാണു മഹത്ത്വീകരിച്ചത്.+
31 അതുകൊണ്ട് ഈ കാര്യങ്ങളെക്കുറിച്ച് നമ്മൾ എന്തു പറയാനാണ്? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാനാകും?+
32 സ്വന്തം പുത്രനെത്തന്നെ നമുക്കെല്ലാംവേണ്ടി തരാൻ ദൈവം മനസ്സു കാണിച്ചെങ്കിൽ+ പുത്രനോടൊപ്പം മറ്റു സകലവും നമുക്കു തരാതിരിക്കുമോ?
33 ദൈവം തിരഞ്ഞെടുത്തവർക്കെതിരെ കുറ്റം ചുമത്താൻ ആർക്കെങ്കിലും പറ്റുമോ?+ അവരെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നതു ദൈവമാണല്ലോ.+
34 അവരെ കുറ്റം വിധിക്കാൻ ആർക്കു കഴിയും? ക്രിസ്തുയേശുവാണല്ലോ മരിച്ച്, അതിലുപരി മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട്, ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്ന്+ നമുക്കുവേണ്ടി അപേക്ഷിക്കുന്നത്.+
35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മളെ വേർപെടുത്താൻ ആർക്കു കഴിയും?+ കഷ്ടതയ്ക്കോ ക്ലേശത്തിനോ ഉപദ്രവത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു സാധിക്കുമോ?+
36 “അങ്ങയെപ്രതി ദിവസം മുഴുവൻ ഞങ്ങൾ കൊല്ലപ്പെടുകയാണ്; കശാപ്പിനുള്ള ആടുകളെപ്പോലെയാണു ഞങ്ങളെ കാണുന്നത്”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
37 എന്നാൽ നമ്മളെ സ്നേഹിച്ചവൻ മുഖാന്തരം ഈ കാര്യങ്ങളിലൊക്കെ നമ്മൾ സമ്പൂർണവിജയം നേടി+ പുറത്ത് വരുന്നു.
38 കാരണം മരണത്തിനോ ജീവനോ ദൂതന്മാർക്കോ ഗവൺമെന്റുകൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ അധികാരങ്ങൾക്കോ+
39 ഉയരത്തിനോ ആഴത്തിനോ മറ്റ് ഏതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മളെ വേർപെടുത്താൻ കഴിയില്ല. ഇക്കാര്യത്തിൽ എനിക്കു പൂർണബോധ്യമുണ്ട്.
അടിക്കുറിപ്പുകള്
^ അതായത്, മനോഭാവമില്ലാത്തയാൾ.
^ “അപ്പാ!” എന്ന് അർഥം വരുന്ന ഒരു എബ്രായ അല്ലെങ്കിൽ അരമായ പദം.
^ അഥവാ “ഹൃദയത്തിന്.”
^ അഥവാ “വാക്കുകളിലൂടെ പ്രകടിപ്പിക്കാത്ത.”