ലേവ്യ 6:1-30
6 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു:
2 “തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതോ തന്റെ പക്കൽ നിക്ഷേപിച്ചതോ ആയ എന്തെങ്കിലുമായി ബന്ധപ്പെട്ട് ഒരാൾ അയൽക്കാരനെ വഞ്ചിച്ച് പാപം ചെയ്യുകയും+ അങ്ങനെ, യഹോവയോട് അവിശ്വസ്തത കാണിക്കുകയും+ ചെയ്യുന്നെന്നിരിക്കട്ടെ. അല്ലെങ്കിൽ, ഒരാൾ അയൽക്കാരനിൽനിന്ന് എന്തെങ്കിലും കട്ടെടുക്കുകയോ അയൽക്കാരനെ ചതിക്കുകയോ ചെയ്യുന്നു.
3 അതുമല്ലെങ്കിൽ അവന് എന്തെങ്കിലും കളഞ്ഞുകിട്ടുകയും അതു സംബന്ധിച്ച് നുണ പറയുകയും ചെയ്യുന്നു. ഇതുപോലുള്ള ഏതെങ്കിലും പാപം ചെയ്തിട്ട് അതെപ്പറ്റി അവൻ കള്ളസത്യം ചെയ്താൽ+ അവൻ ചെയ്യേണ്ടത് ഇതാണ്:
4 അവൻ പാപം ചെയ്ത് കുറ്റക്കാരനായെങ്കിൽ താൻ മോഷ്ടിച്ചതോ അന്യായമായി കൈവശപ്പെടുത്തിയതോ വഞ്ചിച്ചെടുത്തതോ തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതോ തനിക്കു കളഞ്ഞുകിട്ടിയതോ ആയ വസ്തു തിരികെ കൊടുക്കണം.
5 ഇനി, അവൻ എന്തിനെയെങ്കിലും സംബന്ധിച്ച് കള്ളസത്യം ചെയ്തിട്ടുണ്ടെങ്കിൽ അതു മടക്കിക്കൊടുക്കണം. അവൻ മുതലും അതിന്റെ അഞ്ചിലൊന്നുംകൂടെ ചേർത്ത് മുഴുവൻ നഷ്ടപരിഹാരവും കൊടുക്കണം.+ കുറ്റം തെളിയിക്കപ്പെടുന്ന ദിവസം അവൻ അത് ഉടമസ്ഥനു കൊടുക്കണം.
6 മതിപ്പുവിലയനുസരിച്ച്, ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെ അപരാധയാഗമായി യഹോവയ്ക്ക് അർപ്പിക്കാൻ പുരോഹിതന്റെ അടുത്ത് കൊണ്ടുവരുകയും വേണം.+
7 പുരോഹിതൻ യഹോവയുടെ മുന്നിൽവെച്ച് അവനു പാപപരിഹാരം വരുത്തും. അങ്ങനെ അവന്റെ മേൽ കുറ്റം വരുത്തിവെച്ച അവന്റെ ഏതൊരു പ്രവൃത്തിക്കും ക്ഷമ കിട്ടും.”+
8 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു:
9 “അഹരോനോടും പുത്രന്മാരോടും ഇങ്ങനെ കല്പിക്കുക: ‘ദഹനയാഗത്തിന്റെ നിയമം ഇതാണ്:+ ദഹനയാഗവസ്തു യാഗപീഠത്തിലുള്ള അഗ്നികുണ്ഡത്തിൽ രാത്രി മുഴുവൻ, അതായത് രാവിലെവരെ, ഇരിക്കണം. യാഗപീഠത്തിൽ തീ കത്തിക്കൊണ്ടിരിക്കുകയും വേണം.
10 പുരോഹിതൻ ലിനൻകൊണ്ടുള്ള ഔദ്യോഗികവേഷവും+ നഗ്നത മറയ്ക്കേണ്ടതിനു ലിനൻകൊണ്ടുള്ള അടിവസ്ത്രവും+ ധരിച്ചശേഷം, യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ച ദഹനയാഗത്തിന്റെ ചാരം*+ നീക്കം ചെയ്ത് യാഗപീഠത്തിന്റെ ഒരു വശത്ത് വെക്കണം.
11 പിന്നെ വസ്ത്രം മാറി+ വേറെ വസ്ത്രം ധരിച്ചിട്ട് ചാരം എടുത്ത് പാളയത്തിനു പുറത്ത് ശുദ്ധിയുള്ള ഒരു സ്ഥലത്തേക്കു കൊണ്ടുപോകണം.+
12 യാഗപീഠത്തിൽ തീ കത്തിക്കൊണ്ടിരിക്കണം. അത് അണഞ്ഞുപോകരുത്. പുരോഹിതൻ ദിവസവും രാവിലെ അതിൽ വിറകു+ കത്തിച്ച് ദഹനയാഗവസ്തു അതിനു മുകളിൽ ക്രമത്തിൽ നിരത്തിവെക്കുകയും സഹഭോജനബലികളുടെ കൊഴുപ്പ് അതിൽ വെച്ച് ദഹിപ്പിക്കുകയും* വേണം.+
13 യാഗപീഠത്തിൽ തീ എപ്പോഴും കത്തിക്കൊണ്ടിരിക്കണം. അത് അണഞ്ഞുപോകരുത്.
14 “‘ധാന്യയാഗത്തിന്റെ+ നിയമം ഇതാണ്: അഹരോന്റെ പുത്രന്മാർ യാഗപീഠത്തിനു മുന്നിൽ യഹോവയുടെ സന്നിധിയിൽ ഇത് അർപ്പിക്കണം.
15 അവരിൽ ഒരാൾ ധാന്യയാഗത്തിന്റെ നേർത്ത ധാന്യപ്പൊടിയിൽനിന്ന് ഒരു കൈ നിറയെ പൊടിയും ധാന്യയാഗത്തിന്റെ മുകളിലുള്ള കുറച്ച് എണ്ണയും കുന്തിരിക്കം മുഴുവനും എടുക്കണം. എന്നിട്ട്, അതു പ്രസാദിപ്പിക്കുന്ന* സുഗന്ധമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. മുഴുവൻ യാഗത്തിന്റെയും പ്രതീകമായി* യഹോവയ്ക്ക് അർപ്പിക്കുന്നതാണ് ഇത്.+
16 അതിൽ ബാക്കിവരുന്നത് അഹരോനും പുത്രന്മാരും കഴിക്കണം.+ പുളിപ്പില്ലാത്ത അപ്പമായി വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് അതു കഴിക്കണം. സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തുവെച്ച് അവർ അതു കഴിക്കണം.+
17 ചുടാനുള്ള മാവിൽ പുളിപ്പിക്കുന്നതൊന്നും ചേർക്കരുത്.+ എനിക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗങ്ങളിൽനിന്ന് അവരുടെ ഓഹരിയായി ഞാൻ അതു കൊടുത്തിരിക്കുന്നു.+ പാപയാഗവും അപരാധയാഗവും പോലെതന്നെ ഇതും ഏറ്റവും വിശുദ്ധമായ ഒന്നാണ്.+
18 അഹരോന്യവംശത്തിലെ ആണുങ്ങളെല്ലാം അതു കഴിക്കണം.+ അത് യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗങ്ങളിൽനിന്ന് അവർക്കുള്ള സ്ഥിരമായ ഓഹരിയായിരിക്കും.+ നിങ്ങളുടെ തലമുറകളിലുടനീളം അത് അങ്ങനെയായിരിക്കണം. അവയിൽ* മുട്ടുന്നതെല്ലാം വിശുദ്ധമാകും.’”
19 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു:
20 “അഹരോനെ അഭിഷേകം*+ ചെയ്യുന്ന ദിവസം അവനും പുത്രന്മാരും യഹോവയ്ക്ക് അർപ്പിക്കേണ്ട യാഗം ഇതാണ്: ഒരു ഏഫായുടെ പത്തിലൊന്ന്*+ അളവ് നേർത്ത ധാന്യപ്പൊടി പതിവായുള്ള ധാന്യയാഗമായി+ പകുതി രാവിലെയും പകുതി വൈകുന്നേരവും അർപ്പിക്കണം.
21 എണ്ണ ചേർത്ത് അപ്പക്കല്ലിൽ ചുട്ടെടുത്തതായിരിക്കണം ഇത്.+ ഈ ധാന്യയാഗം എണ്ണയിൽ കുതിർത്ത് വേണം കൊണ്ടുവരാൻ. ഇതു കഷണങ്ങളാക്കി യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അർപ്പിക്കണം.
22 അവന്റെ പുത്രന്മാരിൽനിന്ന് അവന്റെ പിൻഗാമിയായി അഭിഷിക്തനാകുന്ന പുരോഹിതൻ+ അത് ഉണ്ടാക്കണം. ദീർഘകാലത്തേക്കുള്ള ഒരു ചട്ടമായിരിക്കട്ടെ ഇത്: ആ ധാന്യയാഗം ദഹിപ്പിച്ച് അതു മുഴുവൻ യഹോവയ്ക്ക് അർപ്പിക്കണം.
23 പുരോഹിതന്റെ എല്ലാ ധാന്യയാഗവും സമ്പൂർണയാഗമായിരിക്കണം. അതു കഴിക്കാൻ പാടില്ല.”
24 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു:
25 “അഹരോനോടും പുത്രന്മാരോടും ഇങ്ങനെ പറയുക: ‘പാപയാഗത്തിന്റെ+ നിയമം ഇതാണ്: ദഹനയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചുതന്നെ+ പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽവെച്ച് അറുക്കണം. ഇത് ഏറ്റവും വിശുദ്ധമായ ഒന്നാണ്.
26 പാപയാഗം അർപ്പിക്കുന്ന പുരോഹിതൻ ഇതു കഴിക്കണം.+ ഒരു വിശുദ്ധസ്ഥലത്തുവെച്ച്, അതായത് സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തുവെച്ച്,+ ആണ് ഇതു കഴിക്കേണ്ടത്.
27 “‘അതിന്റെ മാംസത്തിൽ മുട്ടുന്നതെല്ലാം വിശുദ്ധമായിത്തീരും. അതിന്റെ രക്തം ആരുടെയെങ്കിലും വസ്ത്രത്തിൽ തെറിച്ചാൽ ആ വസ്ത്രം ഒരു വിശുദ്ധസ്ഥലത്തുവെച്ച് കഴുകണം.
28 അതു വേവിക്കാൻ ഉപയോഗിച്ച മൺപാത്രം ഉടച്ചുകളയണം. എന്നാൽ ഒരു ചെമ്പുപാത്രത്തിലാണ് അതു വേവിച്ചതെങ്കിൽ ആ പാത്രം നന്നായി ഉരച്ച് കഴുകിയാൽ മതി.
29 “‘പുരോഹിതന്മാരായ പുരുഷന്മാരെല്ലാം അതു കഴിക്കും.+ അത് ഏറ്റവും വിശുദ്ധമാണ്.+
30 പക്ഷേ വിശുദ്ധസ്ഥലത്ത്+ പാപപരിഹാരം വരുത്താൻ പാപയാഗത്തിൽനിന്നുള്ള കുറച്ച് രക്തം സാന്നിധ്യകൂടാരത്തിനുള്ളിൽ കൊണ്ടുവരുന്നെങ്കിൽ ആ പാപയാഗം കഴിക്കരുത്. അതു ദഹിപ്പിച്ചുകളയണം.
അടിക്കുറിപ്പുകള്
^ അതായത്, ബലിമൃഗങ്ങളുടെ കൊഴുപ്പിൽ കുതിർന്ന ചാരം.
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”
^ അഥവാ “പ്രീതികരമായ; മനം കുളിർപ്പിക്കുന്ന.” അക്ഷ. “ശാന്തമാക്കുന്ന.”
^ അഥവാ “മുഴുവൻ യാഗത്തെയും ഓർമിപ്പിക്കുന്ന (പ്രതിനിധാനം ചെയ്യുന്ന) ഭാഗമായി.”
^ അഥവാ “യാഗവസ്തുക്കളിൽ.”