സങ്കീർത്തനം 102:1-28
നിരാശയിലാണ്ടിരിക്കുന്ന* പീഡിതന്റെ പ്രാർഥന; യഹോവയുടെ മുന്നിൽ ആകുലതകൾ പകരുന്നു.+
102 യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ;+സഹായത്തിനായുള്ള എന്റെ നിലവിളി തിരുസന്നിധിയിൽ എത്തട്ടെ.+
2 കഷ്ടകാലത്ത് അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കരുതേ.+
അങ്ങയുടെ ചെവി എന്നിലേക്കു ചായിക്കേണമേ;*ഞാൻ വിളിക്കുമ്പോൾ വേഗം ഉത്തരം തരേണമേ.+
3 എന്റെ നാളുകൾ പുകപോലെ മാഞ്ഞുപോകുന്നല്ലോ;എന്റെ അസ്ഥികൾ അടുപ്പുപോലെ കത്തിക്കരിഞ്ഞിരിക്കുന്നു.+
4 ആഹാരം കഴിക്കാൻ മറന്നിട്ട്‌എന്റെ ഹൃദയം വാടിക്കരിഞ്ഞ പുല്ലുപോലെയായി.+
5 ഉച്ചത്തിലുള്ള എന്റെ ഞരക്കം നിമിത്തം+ഞാൻ എല്ലും തോലും ആയി.+
6 ഞാൻ വിജനഭൂമിയിലെ ഞാറപ്പക്ഷിപോലെ,നാശാവശിഷ്ടങ്ങൾക്കിടയിലെ നത്തുപോലെ.
7 എനിക്ക് ഉറക്കമില്ലാതായി;*ഞാൻ പുരമുകളിൽ തനിച്ച് ഇരിക്കുന്ന പക്ഷിയെപ്പോലെ.+
8 ദിവസം മുഴുവൻ ശത്രുക്കൾ എന്നെ നിന്ദിക്കുന്നു.+
എന്നെ പരിഹസിക്കുന്നവർ എന്റെ പേര് ശാപവാക്കായി ഉപയോഗിക്കുന്നു.
9 ചാരമാണ് എന്റെ അപ്പം;+എന്റെ പാനീയത്തിൽ കണ്ണീർ കലർന്നിരിക്കുന്നു;+
10 അങ്ങയുടെ ക്രോധവും ധാർമികരോഷവും അല്ലോ കാരണം;അങ്ങ് എന്നെ പൊക്കിയെടുത്തത് എറിഞ്ഞുകളയാനാണല്ലോ.
11 എന്റെ നാളുകൾ മാഞ്ഞുപോകുന്ന* നിഴൽപോലെ;+ഞാൻ പുല്ലുപോലെ വാടിപ്പോകുന്നു.+
12 എന്നാൽ യഹോവേ, അങ്ങ് എന്നേക്കുമുള്ളവൻ;+അങ്ങയുടെ കീർത്തി* തലമുറതലമുറയോളം നിലനിൽക്കും.+
13 അങ്ങ് എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും, തീർച്ച!+അവളോടു പ്രീതി കാണിക്കാനുള്ള സമയമായല്ലോ;+അതെ, നിശ്ചയിച്ച സമയമായി.+
14 അങ്ങയുടെ ദാസന്മാർക്ക് അവളുടെ കല്ലുകളോടു പ്രിയം തോന്നുന്നല്ലോ,+അവിടെയുള്ള പൊടിയോടുപോലും സ്നേഹവും.+
15 ജനതകൾ യഹോവയുടെ പേരിനെയുംഭൂരാജാക്കന്മാരെല്ലാം അങ്ങയുടെ മഹത്ത്വത്തെയും ഭയപ്പെടും.+
16 കാരണം, യഹോവ സീയോനെ പുതുക്കിപ്പണിയും,+ദൈവം മഹത്ത്വത്തോടെ പ്രത്യക്ഷനാകും.+
17 അഗതികളുടെ പ്രാർഥനയ്ക്കു ദൈവം ചെവി ചായിക്കും,+അവരുടെ പ്രാർഥനകൾ തള്ളിക്കളയില്ല.+
18 ഇതു വരുംതലമുറയ്ക്കായി എഴുതിയത്;+ഉണ്ടാകാനിരിക്കുന്ന* ഒരു ജനത അങ്ങനെ യാഹിനെ സ്തുതിക്കട്ടെ.
19 ദൈവം ഉന്നതങ്ങളിലുള്ള തന്റെ വിശുദ്ധസ്ഥലത്തുനിന്ന് താഴേക്കു നോക്കുന്നു;+സ്വർഗത്തിൽനിന്ന് യഹോവ ഭൂമിയെ വീക്ഷിക്കുന്നു;
20 തടവുകാരുടെ നെടുവീർപ്പു കേൾക്കേണ്ടതിനും+മരണത്തിനു വിധിക്കപ്പെട്ടവരെ വിടുവിക്കേണ്ടതിനും തന്നെ.+
21 അങ്ങനെ, ജനതകളും രാജ്യങ്ങളുംയഹോവയെ സേവിക്കാൻ കൂടിവരുമ്പോൾ+
22 യഹോവയുടെ പേര് സീയോനിലും+ദൈവസ്‌തുതികൾ യരുശലേമിലും മുഴങ്ങും.
23 ദൈവം അകാലത്തിൽ എന്റെ ബലം കവർന്നു,എന്റെ ദിനങ്ങൾ വെട്ടിച്ചുരുക്കി.
24 ഞാൻ പറഞ്ഞു: “ദൈവമേ,തലമുറതലമുറയോളം ജീവിക്കുന്ന അങ്ങ്+പാതി വഴിക്ക് എന്റെ ജീവനെടുത്തുകളയരുതേ.
25 പണ്ടുപണ്ട് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു;അങ്ങയുടെ കൈകൾ ആകാശം സൃഷ്ടിച്ചു.+
26 അവ നശിക്കും; പക്ഷേ, അങ്ങ് നിലനിൽക്കും;വസ്‌ത്രംപോലെ അവയെല്ലാം പഴകിപ്പോകും.
ഉടുപ്പുപോലെ അങ്ങ് അവയെ മാറ്റും, അവ ഇല്ലാതാകും.
27 എന്നാൽ, അങ്ങയ്‌ക്കു മാറ്റമില്ല; അങ്ങയുടെ ആയുസ്സിന് അന്തമില്ല.+
28 അങ്ങയുടെ ദാസരുടെ മക്കൾ സുരക്ഷിതരായി കഴിയും;അവരുടെ സന്തതികൾ തിരുസന്നിധിയിൽ സുസ്ഥിരരായിരിക്കും.”+
അടിക്കുറിപ്പുകള്‍
^ അഥവാ “തളർന്നിരിക്കുന്ന.”
^ അഥവാ “അങ്ങ് കുനിഞ്ഞ് ശ്രദ്ധിക്കേണമേ.”
^ മറ്റൊരു സാധ്യത “ഞാൻ മെലിഞ്ഞുണങ്ങിയിരിക്കുന്നു.”
^ അഥവാ “നീളം കൂടിവരുന്ന.”
^ അഥവാ “പേര്.” അക്ഷ. “സ്മാരകം.”
^ അക്ഷ. “സൃഷ്ടിക്കപ്പെടാനിരിക്കുന്ന.”