സങ്കീർത്തനം 16:1-11
ദാവീദിന്റെ മിക്താം.*
16 ദൈവമേ, എന്നെ കാത്തുകൊള്ളേണമേ. ഞാൻ അങ്ങയെ അഭയമാക്കിയിരിക്കുന്നല്ലോ.+
2 ഞാൻ യഹോവയോടു പറഞ്ഞു: “അങ്ങ്, എന്റെ നന്മയുടെ ഉറവായ യഹോവയാണ്.
3 ഭൂമുഖത്തെ വിശുദ്ധർ, ആ മഹാന്മാർ,എനിക്ക് ഏറെ ആഹ്ലാദമേകുന്നു.”+
4 മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നവർ തങ്ങളുടെ സങ്കടങ്ങൾ കൂട്ടുന്നു.+
ഞാൻ ഒരിക്കലും രക്തംകൊണ്ടുള്ള പാനീയയാഗങ്ങൾ അവയ്‌ക്ക് അർപ്പിക്കില്ല.എന്റെ ചുണ്ടുകൾ അവയുടെ പേരുകൾ ഉച്ചരിക്കയുമില്ല.+
5 യഹോവയാണ് എന്റെ പങ്ക്, എന്റെ ഓഹരിയും+ എന്റെ പാനപാത്രവും.+
എന്റെ അവകാശസ്വത്തു കാത്തുസൂക്ഷിക്കുന്നത് അങ്ങല്ലോ.
6 മനോഹരമായ സ്ഥലങ്ങളാണ് എനിക്ക് അളന്നുകിട്ടിയത്.
അതെ, എന്റെ അവകാശസ്വത്തിൽ ഞാൻ സംതൃപ്തനാണ്.+
7 എനിക്ക് ഉപദേശം നൽകിയ യഹോവയെ ഞാൻ വാഴ്‌ത്തും.+
രാത്രിയാമങ്ങളിൽപ്പോലും ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ* എന്നെ തിരുത്തുന്നു.+
8 ഞാൻ യഹോവയെ എപ്പോഴും എന്റെ മുന്നിൽ വെക്കുന്നു.+
ദൈവം എന്റെ വലതുഭാഗത്തുള്ളതിനാൽ ഞാൻ ഒരിക്കലും കുലുങ്ങില്ല.+
9 അതുകൊണ്ട്, എന്റെ ഹൃദയം ആർത്തുല്ലസിക്കുന്നു. ഞാൻ* വലിയ ആഹ്ലാദത്തിലാണ്.
ഞാൻ സുരക്ഷിതനായി കഴിയുന്നു.
10 അങ്ങ് എന്നെ ശവക്കുഴിയിൽ* വിട്ടുകളയില്ല;+
അങ്ങയുടെ വിശ്വസ്തനെ ശവക്കുഴി* കാണാൻ അനുവദിക്കില്ല.+
11 അങ്ങ് എനിക്കു ജീവന്റെ പാത കാണിച്ചുതരുന്നു.+
അങ്ങയുടെ സന്നിധിയിൽ* ആഹ്ലാദം അലതല്ലുന്നു.+അങ്ങയുടെ വലതുവശത്ത് എന്നും സന്തോഷമുണ്ട്.
അടിക്കുറിപ്പുകള്‍
^ അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാരങ്ങൾ.” അക്ഷ. “വൃക്കകൾ.”
^ അക്ഷ. “എന്റെ മഹത്ത്വം.”
^ മറ്റൊരു സാധ്യത “ജീർണത.”
^ അക്ഷ. “അങ്ങയുടെ മുഖം നിമിത്തം.”