സങ്കീർത്തനം 29:1-11
ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
29 വീരപുത്രന്മാരേ, യഹോവ അർഹിക്കുന്നതു കൊടുക്കുവിൻ,യഹോവയുടെ മഹത്ത്വത്തിനും ശക്തിക്കും അനുസൃതമായി കൊടുക്കുവിൻ.+
2 യഹോവയ്ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ;
വിശുദ്ധവസ്ത്രാലങ്കാരത്തോടെ* യഹോവയുടെ മുന്നിൽ വണങ്ങുവിൻ.*
3 വെള്ളത്തിന്മീതെ യഹോവയുടെ ശബ്ദം മുഴങ്ങുന്നു;തേജോമയനായ ദൈവത്തിന്റെ ഇടിമുഴക്കം!+
യഹോവ പെരുവെള്ളത്തിന്മീതെയാണ്.+
4 യഹോവയുടെ സ്വരം ശക്തം;+യഹോവയുടെ ശബ്ദം പ്രൗഢഗംഭീരം.
5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ പിളർക്കുന്നു;അതെ, ലബാനോനിലെ ദേവദാരുക്കളെ യഹോവ തകർത്തെറിയുന്നു.+
6 ലബാനോൻ* കാളക്കുട്ടിയെപ്പോലെയുംസീറിയോൻ+ കാട്ടുപോത്തിൻകുട്ടിയെപ്പോലെയും തുള്ളിച്ചാടാൻ ദൈവം ഇടയാക്കുന്നു.
7 യഹോവയുടെ ശബ്ദം തീജ്വാലകളുടെ അകമ്പടിയോടെ വരുന്നു;+
8 യഹോവയുടെ ശബ്ദം വിജനഭൂമിയെ* പ്രകമ്പനം കൊള്ളിക്കുന്നു;+യഹോവ കാദേശ്വിജനഭൂമിയെ+ വിറപ്പിക്കുന്നു.
9 യഹോവയുടെ ശബ്ദം കേൾക്കുമ്പോൾ പേടമാൻ പേടിച്ച് പ്രസവിക്കുന്നു,ആ ശബ്ദം കാടുകളെ വെളുപ്പിക്കുന്നു.+
ദൈവത്തിന്റെ ആലയത്തിലുള്ള എല്ലാവരും “മഹത്ത്വം!” എന്ന് ആർപ്പിടുന്നു.
10 യഹോവ പ്രളയജലത്തിന്മീതെ* സിംഹാസനസ്ഥൻ;+യഹോവ എന്നും രാജാവായി സിംഹാസനത്തിൽ ഇരിക്കുന്നു.+
11 യഹോവ തന്റെ ജനത്തിനു ശക്തി പകരും.+
സമാധാനം നൽകി യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കും.+
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “അവന്റെ വിശുദ്ധിയുടെ മാഹാത്മ്യം നിമിത്തം.”
^ അഥവാ “യഹോവയെ ആരാധിക്കുവിൻ!”
^ തെളിവനുസരിച്ച് ലബാനോൻമലനിരകൾ.
^ അഥവാ “ആകാശസമുദ്രത്തിന്മീതെ.”