സങ്കീർത്തനം 39:1-13
സംഗീതസംഘനായകന്, യദൂഥൂന്റേത്.*+ ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
39 ഞാൻ പറഞ്ഞു: “നാവുകൊണ്ട് പാപം ചെയ്യാതിരിക്കാൻഞാൻ പ്രത്യേകം ശ്രദ്ധിക്കും.+
ദുഷ്ടൻ അടുത്തുള്ളിടത്തോളംഞാൻ വായ് മൂടിക്കെട്ടി അധരങ്ങളെ കാക്കും.+
2 ഞാൻ മൂകനും നിശ്ശബ്ദനും ആയിരുന്നു;+നല്ല കാര്യങ്ങളെക്കുറിച്ചുപോലും ഞാൻ മൗനം പാലിച്ചു.എന്നാൽ, എന്റെ വേദന അതികഠിനമായിരുന്നു.*
3 എന്റെ ഹൃദയം എന്റെ ഉള്ളിൽ നീറിപ്പുകഞ്ഞു;*
ചിന്തിക്കുംതോറും* തീ കത്തിക്കൊണ്ടിരുന്നു.
അപ്പോൾ, എന്റെ നാവ് സംസാരിച്ചുതുടങ്ങി:
4 “യഹോവേ, എന്റെ അവസാനം എന്താകുമെന്നുംഎനിക്ക് എത്ര ദിവസംകൂടെയുണ്ടെന്നും അറിയാൻ സഹായിക്കേണമേ;+അപ്പോൾ, എന്റെ ജീവിതം എത്ര ഹ്രസ്വമാണെന്നു ഞാൻ അറിയുമല്ലോ.
5 ശരിക്കും, അങ്ങ് എനിക്കു കുറച്ച്* ദിവസങ്ങളല്ലേ തന്നിട്ടുള്ളൂ;+എന്റെ ആയുസ്സ് അങ്ങയുടെ മുന്നിൽ ഒന്നുമല്ല.+
സുരക്ഷിതനാണെന്നു തോന്നുന്നെങ്കിൽപ്പോലും ഏതു മനുഷ്യനും ഒരു ശ്വാസം മാത്രം!+ (സേലാ)
6 എല്ലാ മനുഷ്യരും വെറും നിഴൽപോലെ നടക്കുന്നു;
അവൻ പാഞ്ഞുനടക്കുന്നതു* വെറുതേയാണ്.
അവൻ സമ്പത്തു വാരിക്കൂട്ടുന്നു; പക്ഷേ, അത് ആർ അനുഭവിക്കുമെന്ന് അവന് അറിയില്ല.+
7 അപ്പോൾപ്പിന്നെ യഹോവേ, എനിക്കു പ്രത്യാശ വെക്കാൻ എന്താണുള്ളത്?
അങ്ങാണ് എന്റെ ഏകപ്രത്യാശ.
8 എന്റെ സർവലംഘനങ്ങളിൽനിന്നും എന്നെ രക്ഷിക്കേണമേ.+
വിഡ്‌ഢി എന്നെ ഒരു പരിഹാസപാത്രമാക്കാൻ അനുവദിക്കരുതേ.
9 ഞാൻ മൂകനായിത്തന്നെയിരുന്നു;എനിക്കു വായ് തുറക്കാനായില്ല;+കാരണം അങ്ങായിരുന്നു ഇതിന്റെ പിന്നിൽ.+
10 അങ്ങ് വരുത്തിയ രോഗം എന്നിൽനിന്ന് നീക്കേണമേ.
അങ്ങയുടെ കൈ എന്നെ അടിച്ചതിനാൽ ഞാൻ തളർന്ന് അവശനായിരിക്കുന്നു.
11 മനുഷ്യന്റെ തെറ്റിനു ശിക്ഷ നൽകി അങ്ങ് അവനെ തിരുത്തുന്നു;+അവനു വിലപ്പെട്ടതെല്ലാം പുഴു അരിക്കുന്നതുപോലെ അങ്ങ് തിന്നുനശിപ്പിക്കുന്നു.
അതെ, എല്ലാ മനുഷ്യരും ഒരു ശ്വാസം മാത്രം!+ (സേലാ)
12 യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ;സഹായത്തിനായുള്ള എന്റെ നിലവിളി ശ്രദ്ധിക്കേണമേ.+
എന്റെ കണ്ണീർ കാണാതിരിക്കരുതേ.
കാരണം, എന്റെ എല്ലാ പൂർവികരെയുംപോലെ അങ്ങയുടെ മുന്നിൽഞാൻ വെറുമൊരു വഴിപോക്കനാണ്,*+ വന്നുതാമസിക്കുന്ന ഒരു വിദേശി.+
13 മരണത്തിൽ യാത്രയാകുന്നതിനു മുമ്പ്‌ഞാൻ ഉന്മേഷവാനാകേണ്ടതിന് അങ്ങയുടെ രൂക്ഷമായ നോട്ടം എന്നിൽനിന്ന് പിൻവലിക്കേണമേ.”
അടിക്കുറിപ്പുകള്‍
^ അഥവാ “തീവ്രമായി.”
^ അക്ഷ. “ചൂടായി.”
^ അഥവാ “നെടുവീർപ്പിട്ടപ്പോൾ.”
^ അക്ഷ. “നാലു വിരൽ കനത്തിലുള്ള.”
^ അക്ഷ. “ബഹളം വെക്കുന്നത്.”
^ അഥവാ “കുടിയേറ്റക്കാരനാണ്.”