സഭാപ്രസംഗകൻ 9:1-18
9 അങ്ങനെ, ഇതെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച ഞാൻ ഈ നിഗമനത്തിലെത്തി: നീതിമാന്മാരും ബുദ്ധിമാന്മാരും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കൈയിലാണ്.+ തങ്ങൾ ജനിക്കുന്നതിനു മുമ്പുണ്ടായിരുന്ന സ്നേഹവും വെറുപ്പും മനുഷ്യർ അറിയുന്നില്ല.
2 നീതിമാനും ദുഷ്ടനും,+ നല്ലവനും ശുദ്ധനും അശുദ്ധനും, ബലി അർപ്പിക്കുന്നവനും ബലി അർപ്പിക്കാത്തവനും എല്ലാം ഒടുവിൽ സംഭവിക്കുന്നത് ഒന്നുതന്നെ.+ നല്ലവനും പാപിയും ഒരുപോലെ; ആണയിടുന്നവനും ആണയിടാൻ പേടിക്കുന്നവനും ഒരുപോലെ.
3 സൂര്യനു കീഴെ നടക്കുന്ന ദുഃഖകരമായ ഒരു കാര്യം ഇതാണ്: എല്ലാവർക്കും ഒടുവിൽ സംഭവിക്കുന്നത് ഒന്നുതന്നെയായതുകൊണ്ട്+ മനുഷ്യരുടെ ഹൃദയത്തിൽ തിന്മ നിറഞ്ഞിരിക്കുന്നു. ജീവിതകാലം മുഴുവൻ അവർക്കു ഹൃദയത്തിൽ ഭ്രാന്താണ്. പിന്നെ അവർ മരിക്കുന്നു!*
4 ജീവിച്ചിരിക്കുന്ന ഏതൊരാൾക്കും പ്രതീക്ഷയ്ക്കു വകയുണ്ട്. ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായയാണല്ലോ ഏറെ നല്ലത്.+
5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു.+ പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല.+ അവർക്കു മേലാൽ പ്രതിഫലവും കിട്ടില്ല. കാരണം അവരെക്കുറിച്ചുള്ള ഓർമകളെല്ലാം മാഞ്ഞുപോയിരിക്കുന്നു.+
6 മാത്രമല്ല, അതോടെ അവരുടെ സ്നേഹവും വെറുപ്പും അസൂയയും നശിച്ചുപോയി. സൂര്യനു കീഴെ നടക്കുന്ന ഒന്നിലും മേലാൽ അവർക്ക് ഒരു ഓഹരിയുമില്ല.+
7 നീ പോയി ആനന്ദത്തോടെ നിന്റെ ഭക്ഷണം കഴിക്കുക, ആനന്ദഹൃദയത്തോടെ നിന്റെ വീഞ്ഞു കുടിക്കുക.+ കാരണം, സത്യദൈവം ഇതിനോടകംതന്നെ നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നു.+
8 നിന്റെ വസ്ത്രം എപ്പോഴും വെൺമയുള്ളതായിരിക്കട്ടെ.* നിന്റെ തലയിൽ എണ്ണ പുരട്ടാൻ വിട്ടുപോകരുത്.+
9 സൂര്യനു കീഴെ ദൈവം നിനക്കു തന്നിട്ടുള്ള വ്യർഥമായ ജീവിതകാലത്ത് ഉടനീളം നിന്റെ പ്രിയപത്നിയുടെകൂടെ ജീവിതം ആസ്വദിക്കുക.+ നിന്റെ ഈ വ്യർഥനാളുകളിലെല്ലാം നിനക്കുള്ളതും സൂര്യനു കീഴെ നീ ചെയ്യുന്ന കഠിനാധ്വാനത്തിനു നിനക്കു കിട്ടേണ്ടതും ആയ ഓഹരി അതാണ്.+
10 ചെയ്യുന്നതെല്ലാം നിന്റെ കഴിവ് മുഴുവൻ ഉപയോഗിച്ച് ചെയ്യുക. കാരണം, നീ പോകുന്ന ശവക്കുഴിയിൽ*+ പ്രവൃത്തിയും ആസൂത്രണവും അറിവും ജ്ഞാനവും ഒന്നുമില്ല.
11 പിന്നീട്, സൂര്യനു കീഴെ ഞാൻ ഇതും കണ്ടു: വേഗമുള്ളവർ ഓട്ടത്തിലും ബലമുള്ളവർ പോരാട്ടത്തിലും എപ്പോഴും വിജയിക്കുന്നില്ല.+ എപ്പോഴും ജ്ഞാനികൾക്കല്ല ഭക്ഷണം, ബുദ്ധിമാന്മാർക്കല്ല സമ്പത്ത്.+ അറിവുള്ളവർ എപ്പോഴും വിജയിക്കുന്നുമില്ല.+ കാരണം, സമയവും അപ്രതീക്ഷിതസംഭവങ്ങളും അവരെയെല്ലാം പിടികൂടുന്നു.
12 മനുഷ്യൻ അവന്റെ സമയം അറിയുന്നില്ലല്ലോ.+ മത്സ്യം നാശകരമായ വലയിൽപ്പെടുന്നതുപോലെയും പക്ഷികൾ കെണിയിൽപ്പെടുന്നതുപോലെയും അപ്രതീക്ഷിതമായി ദുരന്തം ആഞ്ഞടിക്കുമ്പോൾ മനുഷ്യമക്കൾ കെണിയിൽ അകപ്പെട്ടുപോകുന്നു.
13 സൂര്യനു കീഴെ ഞാൻ ജ്ഞാനത്തെക്കുറിച്ച് മറ്റൊരു കാര്യം നിരീക്ഷിച്ചു. എനിക്ക് അതിൽ മതിപ്പു തോന്നി:
14 ഏതാനും പുരുഷന്മാരുള്ള ഒരു ചെറിയ നഗരമുണ്ടായിരുന്നു. ബലവാനായ ഒരു രാജാവ് ആ നഗരത്തിന് എതിരെ വന്ന് അതിനെ വളഞ്ഞ് ശക്തമായ ഉപരോധം ഏർപ്പെടുത്തി.
15 ദരിദ്രനെങ്കിലും ബുദ്ധിമാനായ ഒരു മനുഷ്യൻ അവിടെയുണ്ടായിരുന്നു. തന്റെ ജ്ഞാനത്താൽ അവൻ ആ നഗരം സംരക്ഷിച്ചു. ആ ദരിദ്രനെ പക്ഷേ ആരും ഓർത്തില്ല.+
16 ഞാൻ എന്നോടുതന്നെ പറഞ്ഞു: ‘ബലത്തെക്കാൾ നല്ലതു ജ്ഞാനമാണെങ്കിലും+ ഒരു ദരിദ്രന്റെ ജ്ഞാനത്തിന് ആരും വില കല്പിക്കുന്നില്ല. അവന്റെ വാക്കുകൾ ആരും ചെവിക്കൊള്ളുന്നില്ല.’+
17 മൂഢന്മാരുടെ ഇടയിൽ ഭരണം നടത്തുന്നവന്റെ ആക്രോശത്തിനു ചെവി കൊടുക്കുന്നതിനെക്കാൾ ബുദ്ധിയുള്ളവന്റെ ശാന്തമായ വചനങ്ങൾ ശ്രദ്ധിക്കുന്നതാണു നല്ലത്.
18 യുദ്ധായുധങ്ങളെക്കാൾ ജ്ഞാനം നല്ലത്. പക്ഷേ ഒരൊറ്റ പാപി മതി ഏറെ നന്മ നശിപ്പിക്കാൻ.+
അടിക്കുറിപ്പുകള്
^ അക്ഷ. “അതിനു ശേഷമോ—മരിച്ചവരോടു ചേരുന്നു.”
^ അതായത്, സന്തോഷസൂചകമായ ശോഭയുള്ള വസ്ത്രം; വിലാപവസ്ത്രമല്ല.