സെഖര്യ 14:1-21
14 “അതാ, ആ ദിവസം വരുന്നു, യഹോവയുടെ ദിവസം! അന്നു നിങ്ങളിൽനിന്ന്* എടുത്ത കൊള്ളവസ്തുക്കൾ നിങ്ങൾക്കു വീതിച്ചുതരും.
2 യരുശലേമിനോടു യുദ്ധം ചെയ്യാൻ ഞാൻ എല്ലാ ജനതകളെയും ഒരുമിച്ചുകൂട്ടും. അവർ നഗരം പിടിച്ചടക്കും; വീടുകൾ കൊള്ളയടിക്കും; സ്ത്രീകളെ ബലാത്സംഗം ചെയ്യും. നഗരത്തിലെ പകുതി പേരെ അവർ ബന്ദികളായി കൊണ്ടുപോകും. എന്നാൽ ശേഷിക്കുന്നവർ നഗരത്തിൽത്തന്നെ തുടരും, അവരെ അവിടെനിന്ന് നീക്കം ചെയ്യില്ല.
3 “യുദ്ധദിവസത്തിൽ പോരാടുന്നതുപോലെ+ യഹോവ ചെന്ന് ആ ജനതകളോടു യുദ്ധം ചെയ്യും.+
4 യരുശലേമിന് അഭിമുഖമായി കിഴക്കുവശത്ത് നിൽക്കുന്ന ഒലിവുമലയിൽ+ അന്നു ദൈവം തന്റെ കാലുകൾ വെക്കും. ഒലിവുമല കിഴക്കുനിന്ന്* പടിഞ്ഞാറേക്കു* രണ്ടായി പിളർന്നുപോകും. അങ്ങനെ ഒരു വലിയ താഴ്‌വര രൂപപ്പെടും. പകുതി മല വടക്കോട്ടും പകുതി മല തെക്കോട്ടും നീങ്ങും.
5 നിങ്ങൾ എന്റെ മലകളുടെ താഴ്വരയിലേക്ക് ഓടിരക്ഷപ്പെടണം. കാരണം, ആ താഴ്‌വര ആസേൽ വരെ നീണ്ടുകിടക്കും. യഹൂദാരാജാവായ ഉസ്സീയയുടെ കാലത്ത് ഭൂകമ്പം ഉണ്ടായപ്പോൾ ഓടിയതുപോലെ അന്നു നിങ്ങൾക്ക് ഓടേണ്ടിവരും.+ എന്റെ ദൈവമായ യഹോവ വരും; വിശുദ്ധരെല്ലാം കൂടെയുണ്ടായിരിക്കും.+
6 “വിശിഷ്ടമായ വെളിച്ചം അന്നുണ്ടായിരിക്കില്ല+—എല്ലാം തണുത്തുറഞ്ഞിരിക്കും.*
7 അത് യഹോവയുടെ ദിവസം എന്ന് അറിയപ്പെടുന്ന ഒരു ദിവസമായിരിക്കും.+ അതു പകലോ രാത്രിയോ ആയിരിക്കില്ല. സന്ധ്യാസമയത്ത് വെളിച്ചമുണ്ടായിരിക്കും.
8 അന്ന് യരുശലേമിൽനിന്ന്+ ജീവജലം+ ഒഴുകും; പകുതി കിഴക്കേ കടലിലേക്കും*+ പകുതി പടിഞ്ഞാറേ കടലിലേക്കും*+ ചെല്ലും. വേനൽക്കാലത്തും മഞ്ഞുകാലത്തും അത് ഒഴുകിക്കൊണ്ടിരിക്കും.
9 അന്ന് യഹോവ ഭൂമിയുടെ മുഴുവൻ രാജാവായിരിക്കും.+ അന്ന് യഹോവ മാത്രമായിരിക്കും ദൈവം;+ ദൈവത്തിന്റെ പേരും ഒന്നു മാത്രം.+
10 “ദേശം മുഴുവൻ, ഗേബ+ മുതൽ യരുശലേമിനു തെക്ക് രിമ്മോൻ+ വരെ, അരാബപോലെയാകും.+ അവൾ എഴുന്നേൽക്കും; അവളുടെ സ്ഥലത്ത് ആൾത്താമസമുണ്ടാകും.+ അതായത്, ബന്യാമീൻകവാടംമുതൽ+ പ്രഥമകവാടമുള്ള സ്ഥലംവരെയും കോൺകവാടംവരെയും ഹനനേൽ ഗോപുരംമുതൽ+ രാജാവിന്റെ മുന്തിരിച്ചക്കുകൾവരെയും* ആളുകൾ താമസിക്കും.
11 ആളുകൾ അവളിൽ താമസമാക്കും. ഇനി ഒരിക്കലും വിനാശത്തിന്റെ ശാപം അവളുടെ മേൽ വരില്ല.+ യരുശലേമിലുള്ളവർ സുരക്ഷിതരായി കഴിയും.+
12 “യരുശലേമിനോടു യുദ്ധം ചെയ്യുന്ന എല്ലാവരുടെയും മേൽ യഹോവ വരുത്തുന്ന ദുരിതം ഇതായിരിക്കും:+ നിന്ന നിൽപ്പിൽത്തന്നെ അവരുടെ മാംസം അഴുകിപ്പോകും; അവരുടെ കണ്ണുകൾ കൺകുഴിയിൽവെച്ച് ചീഞ്ഞഴുകും; അവരുടെ നാവുകൾ വായിലിരുന്ന് അഴുകിപ്പോകും.
13 “അന്ന് യഹോവ അവർക്കിടയിൽ വലിയ പരിഭ്രാന്തി പടർത്തും. അവർ ഓരോരുത്തരും കൂട്ടുകാരന്റെ കൈയിൽ പിടിക്കും, അവർ പരസ്‌പരം ആക്രമിക്കും.+
14 യരുശലേമിൽ നടക്കുന്ന യുദ്ധത്തിൽ യഹൂദയും ചേരും. ചുറ്റുമുള്ള എല്ലാ രാജ്യങ്ങളുടെയും സമ്പത്തു ശേഖരിക്കപ്പെടും; ധാരാളം സ്വർണവും വെള്ളിയും വസ്ത്രങ്ങളും ശേഖരിച്ചുകൂട്ടും.+
15 “ആ ദുരിതംപോലെ ഒരു ദുരിതം കുതിരകളെയും കോവർകഴുതകളെയും ഒട്ടകങ്ങളെയും കഴുതകളെയും ആ പാളയങ്ങളിലുള്ള സകല മൃഗങ്ങളെയും ബാധിക്കും.
16 “യരുശലേമിന് എതിരെ വന്ന ജനതകളിൽ ശേഷിക്കുന്നവർ, രാജാവും സൈന്യങ്ങളുടെ അധിപനും ആയ യഹോവയുടെ മുമ്പാകെ കുമ്പിടാനും*+ കൂടാരോത്സവം* ആഘോഷിക്കാനും+ വേണ്ടി എല്ലാ വർഷവും വരും.+
17 എന്നാൽ സൈന്യങ്ങളുടെ അധിപനായ യഹോവ എന്ന രാജാവിന്റെ മുമ്പാകെ കുമ്പിടാൻ ഭൂമിയിലെ കുടുംബങ്ങളിൽ ആരെങ്കിലും യരുശലേമിൽ വരാതിരുന്നാൽ അവർക്കു മഴ ലഭിക്കില്ല.+
18 ഈജിപ്‌തിലെ കുടുംബം വന്ന് നഗരത്തിൽ പ്രവേശിച്ചില്ലെങ്കിൽ അവർക്കും മഴ കിട്ടില്ല. കൂടാരോത്സവം ആഘോഷിക്കാൻ വരാത്ത ജനതകളുടെ മേൽ യഹോവ വരുത്തുന്ന ദുരിതങ്ങൾ അവരുടെ മേൽ വരും.
19 ഈജിപ്‌തിന്റെ പാപത്തിനും കൂടാരോത്സവം ആഘോഷിക്കാൻ വരാത്ത എല്ലാ ജനതകളുടെ പാപത്തിനും ലഭിക്കുന്ന ശിക്ഷ ഇതായിരിക്കും.
20 “‘വിശുദ്ധി യഹോവയുടേത്!’+ എന്ന വാക്കുകൾ അന്നു കുതിരകളുടെ മണികളിൽ എഴുതിയിരിക്കും. യഹോവയുടെ ഭവനത്തിലെ കലങ്ങൾ*+ യാഗപീഠത്തിനു മുന്നിലെ പാത്രങ്ങൾപോലെയാകും.+
21 യരുശലേമിലും യഹൂദയിലും ഉള്ള എല്ലാ കലങ്ങളും* വിശുദ്ധമായിരിക്കും, അവ സൈന്യങ്ങളുടെ അധിപനായ യഹോവയുടേതായിരിക്കും. ബലി അർപ്പിക്കാൻ വരുന്നവരെല്ലാം മാംസം വേവിക്കാനായി അവയിൽ ചിലത് ഉപയോഗിക്കും. സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ഭവനത്തിൽ അന്നു കനാന്യർ* ആരുമുണ്ടായിരിക്കില്ല.”+
അടിക്കുറിപ്പുകള്‍
^ അതായത്, 2-ാം വാക്യത്തിൽ പറഞ്ഞിരിക്കുന്ന നഗരത്തിൽനിന്ന്.
^ അഥവാ “സൂര്യോദയത്തിൽനിന്ന്.”
^ അക്ഷ. “കടലിലേക്ക്.”
^ അഥവാ “ചലനമറ്റിരിക്കും.”
^ അതായത്, മെഡിറ്ററേനിയൻ കടൽ.
^ അതായത്, ചാവുകടൽ.
^ അഥവാ “സംഭരണികൾവരെയും.”
^ അഥവാ “താത്കാലിക വാസസ്ഥലങ്ങളുടെ ഉത്സവം.”
^ അഥവാ “യഹോവയെ ആരാധിക്കാനും.”
^ അഥവാ “വാവട്ടമുള്ള പാചകക്കലങ്ങൾ.”
^ അഥവാ “വാവട്ടമുള്ള പാചകക്കലങ്ങളും.”
^ മറ്റൊരു സാധ്യത “വ്യാപാരികൾ.”