ദിനവൃത്താന്തം ഒന്നാം ഭാഗം 14:1-17
14 സോർരാജാവായ ഹീരാം+ ദാവീദിന്റെ അടുത്തേക്കു ദൂതന്മാരെ അയച്ചു. കൂടാതെ ദാവീദിന് ഒരു ഭവനം* പണിയാൻവേണ്ട ദേവദാരുത്തടിയും പണിക്കായി മരപ്പണിക്കാരെയും കൽപ്പണിക്കാരെയും* അയച്ചുകൊടുത്തു.+
2 ദൈവം തന്റെ ജനമായ ഇസ്രായേലിനുവേണ്ടി ദാവീദിന്റെ രാജാധികാരം ഉന്നതമാക്കിയപ്പോൾ,+ യഹോവ ഇസ്രായേലിന്റെ രാജാവായി തന്നെ സ്ഥിരപ്പെടുത്തിയെന്നു+ ദാവീദിനു മനസ്സിലായി.
3 ദാവീദ് യരുശലേമിൽവെച്ച് വേറെ ചില സ്ത്രീകളെയും ഭാര്യമാരായി സ്വീകരിച്ചു.+ ദാവീദിനു കുറെ മക്കൾ ജനിച്ചു.+
4 യരുശലേമിൽവെച്ച് ദാവീദിന് ഉണ്ടായ മക്കൾ+ ഇവരാണ്: ശമ്മൂവ, ശോബാബ്, നാഥാൻ,+ ശലോമോൻ,+
5 യിബ്‌ഹാർ, എലീശൂവ, എൽപേലെത്ത്,
6 നോഗഹ്, നേഫെഗ്, യാഫീയ,
7 എലീശാമ, ബല്യാദ, എലീഫേലെത്ത്.
8 ദാവീദിനെ ഇസ്രായേലിന്റെ മുഴുവൻ രാജാവായി അഭിഷേകം ചെയ്‌തു+ എന്നു കേട്ടപ്പോൾ ഫെലിസ്‌ത്യർ ഒന്നടങ്കം ദാവീദിനെ പിടിക്കാൻ വന്നു.+ അത് അറിഞ്ഞ ദാവീദ് അവരുടെ നേരെ ചെന്നു.
9 ഫെലിസ്‌ത്യർ വന്ന് പല തവണ രഫായീം താഴ്‌വര+ ആക്രമിച്ചു.
10 അപ്പോൾ ദാവീദ് ദൈവത്തോടു ചോദിച്ചു: “ഞാൻ ഫെലിസ്ത്യർക്കു നേരെ ചെല്ലണോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?” യഹോവ ദാവീദിനോട്, “പോകുക, അവരെ ഞാൻ ഉറപ്പായും നിന്റെ കൈയിൽ ഏൽപ്പിക്കും” എന്നു പറഞ്ഞു.+
11 അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ+ ചെന്ന് അവരെ തോൽപ്പിച്ചു. ദാവീദ് പറഞ്ഞു: “ഇരച്ചെത്തുന്ന വെള്ളം പ്രതിബന്ധങ്ങൾ തകർക്കുന്നതുപോലെ സത്യദൈവം എന്റെ കൈകൊണ്ട് എന്റെ ശത്രുക്കളെ തകർത്തിരിക്കുന്നു.” അതുകൊണ്ട് അവർ ആ സ്ഥലത്തിനു ബാൽ-പെരാസീം* എന്നു പേരിട്ടു.
12 ഫെലിസ്‌ത്യർ അവരുടെ ദൈവങ്ങളെ അവിടെ ഉപേക്ഷിച്ചിരുന്നു. ദാവീദിന്റെ ആജ്ഞപ്രകാരം അവ തീയിട്ട് കത്തിച്ചു.+
13 ഫെലിസ്‌ത്യർ വീണ്ടും വന്ന് താഴ്‌വര ആക്രമിച്ചു.+
14 ദാവീദ് വീണ്ടും ദൈവത്തോട് ഉപദേശം ചോദിച്ചു. പക്ഷേ സത്യദൈവം പറഞ്ഞു: “നീ അവരെ മുന്നിൽനിന്ന് ആക്രമിക്കരുത്. പകരം വളഞ്ഞുചുറ്റി അവരുടെ പിന്നിലേക്കു ചെല്ലുക. ബാഖ ചെടികളുടെ മുന്നിൽവെച്ച് വേണം അവരെ നേരിടാൻ.+
15 ബാഖ ചെടികളുടെ മുകളിൽനിന്ന്, ഒരു സൈന്യം നടന്നുനീങ്ങുന്ന ശബ്ദം കേൾക്കുമ്പോൾ നിങ്ങൾ പുറത്ത് വന്ന് അവരെ ആക്രമിക്കണം. ഫെലിസ്ത്യസൈന്യത്തെ സംഹരിക്കാൻ അപ്പോൾ സത്യദൈവം നിങ്ങളുടെ മുമ്പാകെ പുറപ്പെട്ടിരിക്കും.”+
16 സത്യദൈവം കല്‌പിച്ചതുപോലെതന്നെ+ ദാവീദ് ചെയ്‌തു. അവർ ഗിബെയോൻ മുതൽ ഗേസെർ+ വരെ ഫെലിസ്ത്യസൈന്യത്തെ കൊന്നുവീഴ്ത്തി.
17 ദാവീദിന്റെ കീർത്തി എല്ലാ ദേശങ്ങളിലും പരന്നു. ജനതകളെല്ലാം ദാവീദിനെ ഭയപ്പെടാൻ യഹോവ ഇടവരുത്തി.+
അടിക്കുറിപ്പുകള്‍
^ അഥവാ “കൊട്ടാരം.”
^ അഥവാ “ചുവർ നിർമിക്കുന്നവരെയും.”
^ അർഥം: “തകർത്ത് മുന്നേറുന്നതിൽ സമർഥൻ.”