ദിനവൃത്താന്തം ഒന്നാം ഭാഗം 18:1-17
18 കുറച്ച് കാലം കഴിഞ്ഞ് ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ച് അവരെ അധീനതയിലാക്കി. അവരുടെ കൈയിൽനിന്ന് ഗത്തും+ അതിന്റെ ആശ്രിതപട്ടണങ്ങളും* പിടിച്ചെടുത്തു.
2 അതിനു ശേഷം ദാവീദ് മോവാബിനെ തോൽപ്പിച്ചു.+ മോവാബ്യർ ദാവീദിന്റെ ദാസന്മാരായി. അവർ ദാവീദിനു കപ്പം* കൊടുത്തുപോന്നു.+
3 സോബയിലെ+ രാജാവായ ഹദദേസെർ+ യൂഫ്രട്ടീസ് നദീതീരത്ത്+ അധികാരം സ്ഥാപിക്കാൻ പോയപ്പോൾ, ഹമാത്തിന്+ അടുത്തുവെച്ച് ദാവീദ് അയാളെ തോൽപ്പിച്ചു.
4 അയാളുടെ 1,000 രഥങ്ങളെയും 7,000 കുതിരപ്പടയാളികളെയും 20,000 കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു.+ രഥം വലിക്കുന്ന 100 കുതിരകളുടെ ഒഴികെ ബാക്കി എല്ലാത്തിന്റെയും കുതിഞരമ്പു വെട്ടി.+
5 സോബയിലെ രാജാവായ ഹദദേസെരിനെ സഹായിക്കാൻ ദമസ്കൊസിൽനിന്ന് വന്ന സിറിയക്കാരിൽ 22,000 പേരെ ദാവീദ് കൊന്നു.+
6 പിന്നെ ദാവീദ് സിറിയയിലെ ദമസ്കൊസിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. സിറിയക്കാർ ദാവീദിന്റെ ദാസന്മാരായി ദാവീദിനു കപ്പം കൊടുത്തുപോന്നു. പോയിടത്തൊക്കെ യഹോവ ദാവീദിനു വിജയം നൽകി.+
7 ദാവീദ് ഹദദേസെരിന്റെ ദാസന്മാരിൽനിന്ന് വൃത്താകൃതിയിലുള്ള സ്വർണപ്പരിചകൾ പിടിച്ചെടുത്ത് അവ യരുശലേമിലേക്കു കൊണ്ടുവന്നു.
8 ഹദദേസെരിന്റെ നഗരങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും കുറെ ചെമ്പും പിടിച്ചെടുത്തു. ആ ചെമ്പ് ഉപയോഗിച്ച് ശലോമോൻ കടലും+ തൂണുകളും ഉപകരണങ്ങളും+ നിർമിച്ചു.
9 ദാവീദ് സോബയിലെ+ രാജാവായ ഹദദേസെരിന്റെ+ സൈന്യത്തെ മുഴുവൻ തോൽപ്പിച്ചെന്നു ഹമാത്തിലെ രാജാവായ തോവു കേട്ടു.
10 അയാൾ ഉടനെ മകൻ ഹദോരാമിനെ ദാവീദ് രാജാവിന്റെ അടുത്ത് അയച്ച് സുഖവിവരം തിരക്കുകയും ഹദദേസെരിനോടു പോരാടി വിജയിച്ചതിന് അഭിനന്ദിക്കുകയും ചെയ്തു. (കാരണം ഹദദേസെർ കൂടെക്കൂടെ തോവുവിനോട് ഏറ്റുമുട്ടിയിരുന്നു.) സ്വർണം, വെള്ളി, ചെമ്പ് എന്നിവകൊണ്ടുള്ള കുറെ സമ്മാനങ്ങളും ദാവീദിനു കൊടുത്തു.
11 എല്ലാ ജനതകളിൽനിന്നും—അതായത് ഏദോമിൽനിന്നും മോവാബിൽനിന്നും അമ്മോന്യർ,+ ഫെലിസ്ത്യർ,+ അമാലേക്യർ+ എന്നിവരിൽനിന്നും—പിടിച്ചെടുത്ത വെള്ളിയോടും സ്വർണത്തോടും ഒപ്പം അവയും ദാവീദ് രാജാവ് യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിച്ചു.+
12 സെരൂയയുടെ+ മകനായ അബീശായി+ ഉപ്പുതാഴ്വരയിൽവെച്ച്+ 18,000 ഏദോമ്യരെ കൊന്നു.
13 അദ്ദേഹം ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോമ്യരെല്ലാം ദാവീദിന്റെ ദാസരായി.+ പോയിടത്തൊക്കെ യഹോവ ദാവീദിനു വിജയം കൊടുത്തു.+
14 ദാവീദ് ഇസ്രായേൽ മുഴുവൻ ഭരിച്ച് പ്രജകൾക്കെല്ലാം നീതിയും ന്യായവും നടത്തിക്കൊടുത്തു.+
15 സെരൂയയുടെ മകനായ യോവാബായിരുന്നു സൈന്യാധിപൻ.+ അഹീലൂദിന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ വിവരങ്ങൾ രേഖപ്പെടുത്തിവെക്കാനുള്ള ചുമതല.
16 അഹീതൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹിമേലെക്കും ആയിരുന്നു പുരോഹിതന്മാർ; ശവ്ശയായിരുന്നു സെക്രട്ടറി.
17 യഹോയാദയുടെ മകൻ ബനയയായിരുന്നു കെരാത്യരുടെയും+ പ്ലേത്യരുടെയും+ തലവൻ. രാജാവ് കഴിഞ്ഞാൽ അടുത്ത സ്ഥാനം രാജാവിന്റെ ആൺമക്കൾക്കായിരുന്നു.