ദിനവൃത്താന്തം ഒന്നാം ഭാഗം 21:1-30
21 പിന്നെ സാത്താൻ* ഇസ്രായേലിനു നേരെ തിരിഞ്ഞ് ഇസ്രായേലിന്റെ എണ്ണമെടുക്കാൻ ദാവീദിനെ പ്രേരിപ്പിച്ചു.+
2 അങ്ങനെ ദാവീദ് യോവാബിനോടും+ ജനത്തിന്റെ തലവന്മാരോടും പറഞ്ഞു: “നിങ്ങൾ ചെന്ന് ബേർ-ശേബ മുതൽ ദാൻ+ വരെയുള്ള ഇസ്രായേല്യരെ എണ്ണി അത് എത്രയാണെന്ന് എന്നെ അറിയിക്കുക.”
3 എന്നാൽ യോവാബ് പറഞ്ഞു: “യഹോവ തന്റെ ജനത്തെ 100 മടങ്ങായി വർധിപ്പിക്കട്ടെ! പക്ഷേ എന്റെ യജമാനനായ രാജാവേ, അവരെല്ലാം ഇപ്പോൾത്തന്നെ അങ്ങയുടെ ദാസന്മാരല്ലേ. പിന്നെ എന്തിനാണ് യജമാനൻ ഇങ്ങനെ ചെയ്യുന്നത്? അങ്ങ് എന്തിന് ഇസ്രായേലിനു മേൽ കുറ്റം വരുത്തിവെക്കുന്നു!”
4 പക്ഷേ യോവാബിനു രാജാവ് പറഞ്ഞത് അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബ് പോയി ഇസ്രായേൽ മുഴുവൻ സഞ്ചരിച്ച് യരുശലേമിൽ മടങ്ങിയെത്തി.+
5 പേര് രേഖപ്പെടുത്തിയവരുടെ എണ്ണം യോവാബ് ദാവീദിനെ അറിയിച്ചു. വാളെടുക്കാൻ പ്രാപ്തരായ 11,00,000 പേരാണ് ഇസ്രായേലിലുണ്ടായിരുന്നത്; യഹൂദയിൽ 4,70,000 പേരും.+
6 എന്നാൽ രാജകല്പനയോടു കടുത്ത അമർഷം തോന്നിയതുകൊണ്ട്+ യോവാബ് ലേവി ഗോത്രത്തെയും ബന്യാമീൻ ഗോത്രത്തെയും എണ്ണിയില്ല.+
7 എന്നാൽ ജനത്തിന്റെ എണ്ണമെടുത്തതു സത്യദൈവത്തിന് ഇഷ്ടമായില്ല; ദൈവം ഇസ്രായേലിനെ ശിക്ഷിച്ചു.
8 ദാവീദ് അപ്പോൾ ദൈവത്തോട് അപേക്ഷിച്ചു: “ഞാൻ ഒരു മഹാപാപം ചെയ്‌തു.+ അങ്ങ് ഈ ദാസന്റെ തെറ്റു ക്ഷമിക്കേണമേ.+ ഞാൻ വലിയ മണ്ടത്തരം ചെയ്തുപോയി.”+
9 പിന്നെ യഹോവ ദാവീദിന്റെ ദിവ്യദർശിയായ ഗാദിനോടു+ പറഞ്ഞു:
10 “നീ ചെന്ന് ദാവീദിനോട് ഇങ്ങനെ പറയണം: ‘യഹോവ പറയുന്നു: “ഞാൻ നിന്റെ മുന്നിൽ മൂന്നു കാര്യങ്ങൾ വെക്കുന്നു. അതിൽ ഒന്നു തിരഞ്ഞെടുക്കുക; അതു ഞാൻ നിന്റെ മേൽ വരുത്തും.”’”
11 അങ്ങനെ ഗാദ് ദാവീദിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “യഹോവ പറയുന്നത് ഇതാണ്:
12 ‘ഒന്നുകിൽ മൂന്നു വർഷം ദേശത്ത് ക്ഷാമം+ ഉണ്ടാകും. അല്ലെങ്കിൽ മൂന്നു മാസം നിന്റെ ശത്രുക്കൾ നിന്നെ വേട്ടയാടുകയും നിങ്ങൾ അവരുടെ വാളിന് ഇരയായിത്തീരുകയും+ ചെയ്യും. അതുമല്ലെങ്കിൽ യഹോവയുടെ വാളുമായി (അതായത് മാരകമായ ഒരു പകർച്ചവ്യാധിയുമായി)+ യഹോവയുടെ ദൂതൻ മൂന്നു ദിവസം ഇസ്രായേൽ ദേശത്ത് എല്ലായിടത്തും ഒരു സംഹാരം+ നടത്തും. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം.’ ആലോചിച്ച് തീരുമാനിക്കുക. എന്നെ അയച്ചവനോട് എനിക്കു മറുപടി പറയാനാണ്.”
13 ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ ആകെ വിഷമത്തിലാണ്. യഹോവതന്നെ എന്നെ ശിക്ഷിക്കട്ടെ. ദൈവത്തിന്റെ കരുണ വളരെ വലുതാണല്ലോ.+ ഒരു കാരണവശാലും ഞാൻ മനുഷ്യരുടെ കൈയിൽ അകപ്പെടാൻ ഇടവരുത്തരുതേ.”+
14 അങ്ങനെ യഹോവ ഇസ്രായേലിൽ മാരകമായ ഒരു പകർച്ചവ്യാധി+ അയച്ചു; 70,000 ഇസ്രായേല്യർ മരിച്ചുപോയി.+
15 കൂടാതെ യരുശലേമിനെ നശിപ്പിക്കാൻ സത്യദൈവം ഒരു ദൈവദൂതനെ അയച്ചു. പക്ഷേ ദൂതൻ സംഹരിക്കാൻ ഒരുങ്ങിയപ്പോൾ ആ ദുരന്തത്തെക്കുറിച്ച് യഹോവയ്ക്കു ഖേദം* തോന്നി.+ അതുകൊണ്ട് നാശം വരുത്തുന്ന ദൈവദൂതനോടു ദൈവം പറഞ്ഞു: “മതി,+ ഇനി നിന്റെ കൈ താഴ്‌ത്തൂ.” അപ്പോൾ യഹോവയുടെ ദൂതൻ യബൂസ്യനായ+ ഒർന്നാന്റെ+ മെതിക്കളത്തിന് അടുത്ത് നിൽക്കുകയായിരുന്നു.
16 ദാവീദ് നോക്കിയപ്പോൾ അതാ, യഹോവയുടെ ദൂതൻ ഊരിപ്പിടിച്ച വാളുമായി ആകാശത്തിനും ഭൂമിക്കും മധ്യേ നിൽക്കുന്നു!+ യരുശലേമിനു നേർക്കു വാൾ നീട്ടിപ്പിടിച്ചുനിൽക്കുന്ന ദൂതനെ കണ്ടപ്പോൾ, ദാവീദും കൂടെയുള്ള മൂപ്പന്മാരും വിലാപവസ്‌ത്രം+ ധരിച്ച് കമിഴ്ന്നുവീണ് നമസ്കരിച്ചു.+
17 ദാവീദ് സത്യദൈവത്തോടു പറഞ്ഞു: “ജനത്തെ എണ്ണാൻ പറഞ്ഞതു ഞാനല്ലേ? ഞാനല്ലേ പാപം ചെയ്‌തത്? തെറ്റുകാരൻ ഞാനല്ലേ?+ ഈ ആടുകൾ എന്തു പിഴച്ചു? എന്റെ ദൈവമായ യഹോവേ, അങ്ങയുടെ കൈ എന്റെ മേലും എന്റെ പിതൃഭവനത്തിന്മേലും പതിക്കട്ടെ. അങ്ങയുടെ ജനത്തെ അങ്ങ് ശിക്ഷിക്കരുതേ.”+
18 യബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക എന്നു ദാവീദിനോടു പറയാൻ യഹോവയുടെ ദൂതൻ ഗാദിനോടു+ കല്പിച്ചു.+
19 അങ്ങനെ യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി.
20 ഇതിനിടെ, ഗോതമ്പു മെതിക്കുകയായിരുന്ന ഒർന്നാൻ തിരിഞ്ഞുനോക്കിയപ്പോൾ ദൈവദൂതനെ കണ്ടു. ഒർന്നാന്റെകൂടെയുണ്ടായിരുന്ന നാല് ആൺമക്കളും അപ്പോൾ ഓടിയൊളിച്ചു.
21 ദാവീദ് അടുത്തേക്കു വരുന്നതു കണ്ടപ്പോൾ ഒർന്നാൻ ഉടനെ മെതിക്കളത്തിൽനിന്ന് ഓടിച്ചെന്ന് ദാവീദിന്റെ മുന്നിൽ കമിഴ്ന്നുവീണു.
22 ദാവീദ് അപ്പോൾ ഒർന്നാനോടു പറഞ്ഞു: “ഈ മെതിക്കളവും സ്ഥലവും എനിക്കു വിൽക്കുക;* ഞാൻ ഇവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിയട്ടെ. ജനത്തിന്മേൽ വന്നിരിക്കുന്ന ബാധ നിലയ്‌ക്കാൻ+ അതിന്റെ മുഴുവൻ വിലയും വാങ്ങി അത് എനിക്കു തരണം.”
23 പക്ഷേ ഒർന്നാൻ ദാവീദിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവ് ഇത് എടുത്ത് ഇഷ്ടമുള്ളതെല്ലാം ചെയ്തുകൊള്ളൂ. ദഹനയാഗത്തിന് ആടുമാടുകളും ധാന്യയാഗത്തിനു ഗോതമ്പും ഞാൻ തരാം. വിറകായി ഈ മെതിവണ്ടി+ എടുത്തുകൊള്ളൂ. ഇതെല്ലാം ഞാൻ അങ്ങയ്‌ക്കു തരുന്നു.”
24 എന്നാൽ ദാവീദ് രാജാവ് ഒർന്നാനോടു പറഞ്ഞു: “ഇല്ല, അതിന്റെ മുഴുവൻ വിലയും തന്നിട്ടേ ഞാൻ ഇതു വാങ്ങൂ. ഒർന്നാന്റേതായ എന്തെങ്കിലും എടുത്ത് ഞാൻ യഹോവയ്ക്കു കൊടുക്കുകയോ എനിക്ക് ഒരു ചെലവുമില്ലാതെ ദഹനബലികൾ അർപ്പിക്കുകയോ ഇല്ല.”+
25 അങ്ങനെ ദാവീദ് ആ സ്ഥലത്തിന്റെ വിലയായി 600 ശേക്കെൽ* സ്വർണം ഒർന്നാനു തൂക്കിക്കൊടുത്തു.
26 അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം+ പണിത് ദഹനബലികളും സഹഭോജനബലികളും അർപ്പിച്ചു. ദാവീദ് യഹോവയുടെ പേര് വിളിച്ചപേക്ഷിച്ചപ്പോൾ ആകാശത്തുനിന്ന് ദഹനയാഗപീഠത്തിൽ തീ ഇറക്കി+ ദൈവം ദാവീദിന് ഉത്തരം കൊടുത്തു.
27 അപ്പോൾ യഹോവ ദൂതനോടു വാൾ ഉറയിൽ ഇടാൻ കല്പിച്ചു.+
28 യബൂസ്യനായ ഒർന്നാന്റെ മെതിക്കളത്തിൽവെച്ച് യഹോവ തനിക്ക് ഉത്തരം നൽകിയെന്നു കണ്ടപ്പോൾ ദാവീദ് പിന്നെയും അവിടെ ബലികൾ അർപ്പിച്ചു.
29 എന്നാൽ വിജനഭൂമിയിൽവെച്ച് മോശ ഉണ്ടാക്കിയ യഹോവയുടെ വിശുദ്ധകൂടാരവും ദഹനയാഗപീഠവും അക്കാലത്ത് ഗിബെയോനിലെ ആരാധനാസ്ഥലത്തായിരുന്നു.*+
30 പക്ഷേ യഹോവയുടെ ദൂതന്റെ വാളിനെ ഭയമായിരുന്നതുകൊണ്ട് അവിടെ ചെന്ന് ദൈവത്തോട് അരുളപ്പാടു ചോദിക്കാൻ ദാവീദിനു ധൈര്യം വന്നില്ല.
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “ഒരു എതിരാളി.”
^ അഥവാ “ദുഃഖം.”
^ അക്ഷ. “തരുക.”
^ അക്ഷ. “ഉയർന്ന സ്ഥലത്തായിരുന്നു.”