യോഹന്നാൻ എഴുതിയ ഒന്നാമത്തെ കത്ത് 2:1-29
2 എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങൾക്ക് എഴുതുന്നത്. എന്നാൽ ആരെങ്കിലും ഒരു പാപം ചെയ്തുപോയാൽ പിതാവിന്റെ അടുത്ത് നമുക്കൊരു സഹായിയുണ്ട്,* നീതിമാനായ യേശുക്രിസ്തു.+
2 യേശു നമ്മുടെ പാപങ്ങൾക്ക്+ ഒരു അനുരഞ്ജനബലിയായി.*+ എന്നാൽ ഈ ബലി നമ്മുടെ പാപങ്ങൾക്കു മാത്രമല്ല, ലോകത്തിന്റെ മുഴുവൻ പാപങ്ങൾക്കുകൂടിയുള്ളതാണ്.+
3 യേശുവിന്റെ* കല്പനകൾ അനുസരിക്കുന്നെങ്കിൽ നമ്മൾ യേശുവിനെ* അറിയുന്നു എന്നു വ്യക്തം.
4 “ഞാൻ യേശുവിനെ* അറിയുന്നു” എന്നു പറയുകയും യേശുവിന്റെ* കല്പനകൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്നയാൾ നുണയനാണ്, അയാളിൽ സത്യമില്ല.
5 ഒരാൾ ദൈവത്തിന്റെ* വാക്കുകൾ അനുസരിക്കുന്നെങ്കിൽ അയാൾ ദൈവത്തെ യഥാർഥമായി സ്നേഹിക്കുന്നെന്നു വ്യക്തമാണ്.+ നമ്മളും അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മൾ ദൈവവുമായി* യോജിപ്പിലായിരിക്കും.+
6 ദൈവവുമായി* യോജിപ്പിലാണെന്നു പറയുന്നയാൾ യേശു നടന്നതുപോലെതന്നെ നടക്കാൻ ബാധ്യസ്ഥനാണ്.+
7 പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങൾക്ക് എഴുതുന്നത് ഒരു പുതിയ കല്പനയല്ല, ആദ്യംമുതൽ നിങ്ങൾക്കുണ്ടായിരുന്ന ഒരു പഴയ കല്പനയാണ്.+ നിങ്ങൾ കേട്ടിട്ടുള്ള വചനംതന്നെയാണ് ആ പഴയ കല്പന.
8 എന്നാൽ ഞാൻ നിങ്ങൾക്ക് ഒരു പുതിയ കല്പന എഴുതുകയാണെന്നും പറയാം; യേശുവും നിങ്ങളും പാലിച്ച കല്പനതന്നെ; ഇപ്പോൾ ഇരുട്ടു നീങ്ങി യഥാർഥവെളിച്ചം പ്രകാശിക്കുന്നല്ലോ.+
9 വെളിച്ചത്തിലാണെന്നു പറയുകയും അതേസമയം സഹോദരനെ വെറുക്കുകയും+ ചെയ്യുന്നയാൾ ഇപ്പോഴും ഇരുട്ടിലാണ്.+
10 സഹോദരനെ സ്നേഹിക്കുന്നയാൾ വെളിച്ചത്തിൽ വസിക്കുന്നു.+ യാതൊന്നും അയാളെ വിശ്വാസത്തിൽനിന്ന് വീഴിക്കില്ല.*
11 എന്നാൽ സഹോദരനെ വെറുക്കുന്നയാൾ ഇരുട്ടിൽ വസിക്കുന്നു, ഇരുട്ടിൽ നടക്കുന്നു.+ ഇരുട്ട് അയാളെ അന്ധനാക്കിയതുകൊണ്ട് താൻ എവിടേക്കാണു പോകുന്നതെന്ന് അയാൾക്ക് അറിയില്ല.+
12 കുഞ്ഞുങ്ങളേ, യേശുവിന്റെ പേരിനെപ്രതി നിങ്ങളുടെ പാപങ്ങൾക്കു ക്ഷമ ലഭിച്ചിരിക്കുന്നതുകൊണ്ട്+ ഞാൻ നിങ്ങൾക്ക് എഴുതുന്നു.
13 പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുന്നതുകൊണ്ട് ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവാക്കളേ, നിങ്ങൾ ദുഷ്ടനെ കീഴടക്കിയതുകൊണ്ട്+ ഞാൻ നിങ്ങൾക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുന്നതുകൊണ്ട്+ ഞാൻ നിങ്ങൾക്ക് എഴുതുന്നു.
14 പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുന്നതുകൊണ്ട് ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവാക്കളേ, നിങ്ങൾ ശക്തരായതുകൊണ്ടും+ ദൈവത്തിന്റെ വചനം നിങ്ങളിൽ നിലനിൽക്കുന്നതുകൊണ്ടും+ ദുഷ്ടനെ നിങ്ങൾ കീഴടക്കിയതുകൊണ്ടും+ ഞാൻ നിങ്ങൾക്ക് എഴുതുന്നു.
15 ലോകത്തെയോ ലോകത്തിലുള്ളവയെയോ സ്നേഹിക്കരുത്.+ ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ അയാൾക്കു പിതാവായ ദൈവത്തോടു സ്നേഹമില്ല.+
16 കാരണം ജഡത്തിന്റെ* മോഹം,+ കണ്ണിന്റെ മോഹം,+ വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കൽ* ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിൽനിന്നുള്ളതല്ല, ലോകത്തിൽനിന്നുള്ളതാണ്.
17 ലോകവും അതിന്റെ മോഹങ്ങളും+ നീങ്ങിപ്പോകുന്നു. എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നയാൾ എന്നും ജീവിക്കും.+
18 കുഞ്ഞുങ്ങളേ, ഇത് അവസാനനാഴികയാണ്. ക്രിസ്തുവിരുദ്ധൻ* വരുന്നെന്നു+ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ അനേകം ക്രിസ്തുവിരുദ്ധർ വന്നിരിക്കുന്നതുകൊണ്ട്+ ഇത് അവസാനനാഴികയാണെന്നു നമുക്ക് അറിയാം.
19 അവർ നമുക്കിടയിൽനിന്ന് പോയവരാണെങ്കിലും നമ്മളെപ്പോലുള്ളവരായിരുന്നില്ല.*+ നമ്മളെപ്പോലുള്ളവരായിരുന്നെങ്കിൽ അവർ നമ്മുടെകൂടെ നിന്നേനേ. എന്നാൽ അവർ നമ്മളെ വിട്ട് പോയതുകൊണ്ട് എല്ലാവരും നമ്മളെപ്പോലുള്ളവരല്ല എന്ന കാര്യം വ്യക്തമാകുന്നു.+
20 എന്നാൽ പരിശുദ്ധൻ നിങ്ങളെ അഭിഷേകം ചെയ്തിരിക്കുന്നു;+ നിങ്ങൾക്കെല്ലാം സത്യം അറിയുകയും ചെയ്യാം.
21 നിങ്ങൾ സത്യം അറിയാത്തതുകൊണ്ടല്ല,+ നിങ്ങൾ അത് അറിയുന്നതുകൊണ്ടും അസത്യമായതൊന്നും സത്യത്തിൽനിന്ന് ഉത്ഭവിക്കാത്തതുകൊണ്ടും+ ആണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്.
22 യേശുവാണു ക്രിസ്തു എന്ന് അംഗീകരിക്കാത്തവനല്ലാതെ മറ്റാരാണു നുണയൻ?+ പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണു ക്രിസ്തുവിരുദ്ധൻ.+
23 പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല.+ പുത്രനെ അംഗീകരിക്കുന്നവനോ+ പിതാവുമുണ്ട്.+
24 ആദ്യംമുതൽ നിങ്ങൾ കേട്ടതു നിങ്ങളിൽ നിലനിൽക്കണം.+ ആദ്യംമുതൽ കേട്ടതു നിങ്ങളിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ പുത്രനോടും പിതാവിനോടും യോജിപ്പിലായിരിക്കും.
25 കൂടാതെ, ദൈവം* നമുക്കു നിത്യജീവൻ എന്ന വാഗ്ദാനവും തന്നിരിക്കുന്നു.+
26 നിങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നവർ കാരണമാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങൾക്ക് എഴുതുന്നത്.
27 ദൈവത്തിൽനിന്ന് ലഭിച്ച അഭിഷേകം നിങ്ങളിൽ നിലനിൽക്കുന്നതുകൊണ്ട്+ ആരും നിങ്ങളെ ഒന്നും പഠിപ്പിക്കേണ്ടതില്ല. ദൈവത്തിൽനിന്നുള്ള അഭിഷേകം വ്യാജമല്ല, സത്യമാണ്. അതു നിങ്ങളെ എല്ലാം പഠിപ്പിക്കുന്നു.+ അതിനാൽ അതു നിങ്ങളെ പഠിപ്പിച്ചതുപോലെ, യേശുവുമായി* യോജിപ്പിലായിരിക്കുക.+
28 അതുകൊണ്ട് കുഞ്ഞുങ്ങളേ, യേശു* വെളിപ്പെടുമ്പോൾ നമുക്ക് ആത്മധൈര്യമുണ്ടായിരിക്കാനും+ യേശുവിന്റെ* സാന്നിധ്യത്തിൽ നമ്മൾ ലജ്ജിച്ച് മാറിനിൽക്കാതിരിക്കാനും യേശുവുമായി* യോജിപ്പിലായിരിക്കുക.
29 യേശു* നീതിമാനാണെന്നു നിങ്ങൾക്ക് അറിയാമെങ്കിൽ നീതി പ്രവർത്തിക്കുന്ന എല്ലാവരും ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നെന്നും നിങ്ങൾക്ക് ഉറപ്പാക്കാം.+
അടിക്കുറിപ്പുകള്
^ അഥവാ “അഭിഭാഷകനുണ്ട്.”
^ അഥവാ “യേശു നമുക്കു പാപപരിഹാരത്തിനുള്ള ബലിയായി; യേശു, പാപം ചെയ്ത നമുക്കു ദൈവവുമായി രമ്യതയിലാകാനുള്ള ഒരു മാർഗമായി.”
^ അക്ഷ. “അവന്റെ.”
^ അക്ഷ. “അവനെ.”
^ അക്ഷ. “അവനെ.”
^ അക്ഷ. “അവന്റെ.”
^ അക്ഷ. “അവന്റെ.”
^ അക്ഷ. “അവനുമായി.”
^ അക്ഷ. “അവനുമായി.”
^ മറ്റൊരു സാധ്യത “അയാൾ ആരെയും വിശ്വാസത്തിൽനിന്ന് വീഴിക്കില്ല.”
^ അഥവാ “വസ്തുവകകളെക്കുറിച്ച് വീമ്പിളക്കൽ.”
^ അഥവാ “എതിർക്രിസ്തു.”
^ അഥവാ “നമുക്കുള്ളവരായിരുന്നില്ല.”
^ അക്ഷ. “അവൻ.”
^ മറ്റൊരു സാധ്യത “ദൈവവുമായി.”
^ മറ്റൊരു സാധ്യത “ദൈവം.”
^ മറ്റൊരു സാധ്യത “ദൈവത്തിന്റെ.”
^ മറ്റൊരു സാധ്യത “ദൈവവുമായി.”
^ അക്ഷ. “അവൻ.”