യോഹന്നാൻ എഴുതിയ ഒന്നാമത്തെ കത്ത് 4:1-21
4 പ്രിയപ്പെട്ടവരേ, ദൈവത്തിൽനിന്നുള്ളതെന്നു തോന്നുന്ന എല്ലാ പ്രസ്താവനകളും* നിങ്ങൾ വിശ്വസിക്കരുത്.+ അവ* ദൈവത്തിൽനിന്നുതന്നെയാണോ എന്നു പരിശോധിക്കണം.+ കാരണം ലോകത്തിൽ ഒരുപാടു കള്ളപ്രവാചകന്മാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.+
2 ഒരു പ്രസ്താവന ദൈവത്തിൽനിന്നുള്ളതാണോ എന്ന് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു മനുഷ്യനായി* വന്നെന്ന് അംഗീകരിക്കുന്ന ഏതൊരു പ്രസ്താവനയും ദൈവത്തിൽനിന്നുള്ളതാണ്.+
3 യേശുവിനെ അംഗീകരിക്കാത്ത പ്രസ്താവനകൾ ദൈവത്തിൽനിന്നുള്ളതല്ല.+ അവ ക്രിസ്തുവിരുദ്ധനിൽനിന്നുള്ളതാണ്. അവർ അത്തരം പ്രസ്താവനകൾ നടത്തുമെന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.+ അവ ഇപ്പോൾത്തന്നെ ലോകത്തുണ്ട്.+
4 കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവരാണ്. നിങ്ങൾ അവരെ ജയിച്ചടക്കിയിരിക്കുന്നു.+ കാരണം, നിങ്ങളുമായി യോജിപ്പിലായിരിക്കുന്നവൻ+ ലോകവുമായി യോജിപ്പിലായിരിക്കുന്നവനെക്കാൾ+ വലിയവനാണ്.
5 അവർ ലോകത്തുനിന്നുള്ളവരാണ്.+ അതുകൊണ്ട് ലോകത്തുനിന്ന് ഉത്ഭവിച്ച കാര്യങ്ങൾ അവർ സംസാരിക്കുന്നു, ലോകം അവരുടെ വാക്കു കേൾക്കുകയും ചെയ്യുന്നു.+
6 എന്നാൽ നമ്മൾ ദൈവത്തിൽനിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവൻ നമ്മുടെ വാക്കു കേൾക്കുന്നു.+ ദൈവത്തിൽനിന്നല്ലാത്തവൻ നമ്മുടെ വാക്കു കേൾക്കുന്നില്ല.+ ഇതിലൂടെ സത്യമായ പ്രസ്താവന ഏതാണെന്നും വ്യാജമായ പ്രസ്താവന ഏതാണെന്നും തിരിച്ചറിയാം.+
7 പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്നേഹിക്കാം.+ കാരണം സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നു, ദൈവത്തെ അറിയുകയും ചെയ്യുന്നു.+
8 എന്നാൽ സ്നേഹിക്കാത്തവർ ദൈവത്തെ അറിഞ്ഞിട്ടില്ല; കാരണം ദൈവം സ്നേഹമാണ്.+
9 തന്റെ ഏകജാതനിലൂടെ+ നമുക്കു ജീവൻ ലഭിക്കാൻവേണ്ടി ദൈവം ആ മകനെ ലോകത്തേക്ക് അയച്ചു. ഇതിലൂടെ ദൈവത്തിനു നമ്മളോടുള്ള സ്നേഹം വെളിപ്പെട്ടിരിക്കുന്നു.+
10 നമ്മൾ ദൈവത്തെ സ്നേഹിച്ചിട്ടല്ല, പകരം നമ്മളോടുള്ള സ്നേഹം കാരണമാണു ദൈവം തന്റെ മകനെ നമ്മുടെ പാപങ്ങൾക്ക് ഒരു അനുരഞ്ജനബലിയായി*+ അയച്ചത്. ഇതാണ് യഥാർഥസ്നേഹം.
11 പ്രിയപ്പെട്ടവരേ, ദൈവം നമ്മളെ ഇങ്ങനെ സ്നേഹിച്ചതുകൊണ്ട് നമ്മളും പരസ്പരം സ്നേഹിക്കാൻ ബാധ്യസ്ഥരാണ്.+
12 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല.+ നമ്മൾ പരസ്പരം സ്നേഹിക്കുന്നെങ്കിൽ ദൈവം നമ്മളിൽ വസിക്കുന്നു; ദൈവത്തിന്റെ സ്നേഹം നമ്മളിൽ പൂർണമായിരിക്കുന്നു.+
13 ദൈവം തന്റെ ആത്മാവിനെ നമുക്കു നൽകിയിരിക്കുന്നതുകൊണ്ട് നമ്മൾ ദൈവവുമായും ദൈവം നമ്മളുമായും യോജിപ്പിലാണെന്നു നമ്മൾ മനസ്സിലാക്കുന്നു.
14 പിതാവ് പുത്രനെ ലോകത്തിന്റെ രക്ഷകനായി+ അയച്ചു എന്നതു ഞങ്ങൾ കണ്ട് മനസ്സിലാക്കിയിരിക്കുന്നു; ഞങ്ങൾ അതെക്കുറിച്ച് ആളുകളോടു പറയുകയും ചെയ്യുന്നു.
15 യേശു ദൈവപുത്രനാണെന്ന് അംഗീകരിക്കുന്നയാൾ+ ദൈവവുമായും ദൈവം അയാളുമായും യോജിപ്പിലാണ്.+
16 ദൈവത്തിനു ഞങ്ങളോടുള്ള സ്നേഹം ഞങ്ങൾ തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.+
ദൈവം സ്നേഹമാണ്.+ സ്നേഹത്തിൽ നിലനിൽക്കുന്നയാൾ ദൈവവുമായും ദൈവം അയാളുമായും യോജിപ്പിലാണ്.+
17 ന്യായവിധിദിവസം ധൈര്യത്തോടെ* നമുക്കു ദൈവത്തെ സമീപിക്കാൻ കഴിയുംവിധം+ സ്നേഹം നമ്മളിൽ പൂർണമായിരിക്കുന്നു. കാരണം ഈ ലോകത്ത് നമ്മൾ ക്രിസ്തുയേശുവിനെപ്പോലെതന്നെയാണ്.
18 സ്നേഹമുള്ളിടത്ത് ഭയമില്ല.+ ഭയം നമ്മളെ പിന്നോട്ട് വലിക്കുന്നു. എന്നാൽ സമ്പൂർണസ്നേഹം ഭയത്തെ അകറ്റിക്കളയുന്നു.* ഭയപ്പെടുന്നയാൾ സ്നേഹത്തിൽ പൂർണനല്ല.+
19 ദൈവം ആദ്യം നമ്മളെ സ്നേഹിച്ചതുകൊണ്ടാണു നമ്മൾ സ്നേഹിക്കുന്നത്.+
20 “ഞാൻ ദൈവത്തെ സ്നേഹിക്കുന്നു” എന്നു പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നയാൾ നുണയനാണ്.+ കാണുന്ന സഹോദരനെ സ്നേഹിക്കാത്തയാൾ+ കാണാത്ത ദൈവത്തെ എങ്ങനെ സ്നേഹിക്കും?+
21 ദൈവത്തെ സ്നേഹിക്കുന്നയാൾ സഹോദരനെയും സ്നേഹിക്കണം എന്നു ദൈവം നമ്മളോടു കല്പിച്ചിരിക്കുന്നു.+
അടിക്കുറിപ്പുകള്
^ അക്ഷ. “ആ ആത്മാക്കൾ.”
^ അക്ഷ. “പ്രിയപ്പെട്ടവരേ, ഏത് ആത്മാവിനെയും.”
^ അക്ഷ. “ജഡത്തിൽ.”
^ അഥവാ “നമുക്കു പാപപരിഹാരത്തിനുള്ള ബലിയായി; പാപം ചെയ്ത നമുക്കു ദൈവവുമായി രമ്യതയിലാകാനുള്ള ഒരു മാർഗമായി.”
^ അഥവാ “ആത്മവിശ്വാസത്തോടെ.”
^ അഥവാ “ഓടിച്ചുകളയുന്നു.”