രാജാക്കന്മാർ ഒന്നാം ഭാഗം 15:1-34
15 നെബാത്തിന്റെ മകനായ യൊരോബെയാം രാജാവിന്റെ+ വാഴ്ചയുടെ 18-ാം വർഷം അബീയാം യഹൂദയിൽ+ രാജാവായി.
2 അബീയാം മൂന്നു വർഷം യരുശലേമിൽ ഭരണം നടത്തി. അബീശാലോമിന്റെ കൊച്ചുമകളായ മാഖയായിരുന്നു+ അബീയാമിന്റെ അമ്മ.
3 പണ്ട് അയാളുടെ അപ്പൻ ചെയ്തിരുന്ന പാപങ്ങളിൽ അയാളും നടന്നു. അയാളുടെ ഹൃദയം പൂർവികനായ ദാവീദിനെപ്പോലെ തന്റെ ദൈവമായ യഹോവയിൽ പൂർണമായിരുന്നില്ല.*
4 എന്നാൽ ദാവീദിനെപ്രതി+ ദൈവമായ യഹോവ, അബീയാമിനു ശേഷം ഒരു മകനെ എഴുന്നേൽപ്പിച്ചുകൊണ്ടും യരുശലേമിനെ നിലനിറുത്തിക്കൊണ്ടും യരുശലേമിൽ അയാൾക്ക് ഒരു വിളക്കു നൽകി.+
5 കാരണം ദാവീദ് യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു. ഹിത്യനായ ഊരിയാവിന്റെ കാര്യത്തിൽ ഒഴികെ,+ തന്റെ ജീവിതകാലത്ത് ദൈവം തന്നോടു കല്‌പിച്ച ഒരു കാര്യത്തിലും ദാവീദ് വീഴ്‌ച വരുത്തിയില്ല.
6 രഹബെയാമിന്റെ ജീവിതകാലത്തെല്ലാം രഹബെയാമും യൊരോബെയാമും തമ്മിൽ യുദ്ധമുണ്ടായിരുന്നു.+
7 അബീയാമിന്റെ ബാക്കി ചരിത്രം, അബീയാം ചെയ്‌ത എല്ലാ കാര്യങ്ങളും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്‌തകത്തിൽ+ രേഖപ്പെടുത്തിയിട്ടുണ്ട്. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധമുണ്ടായിരുന്നു.+
8 അബീയാം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ അബീയാമിനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്‌തു. മകൻ ആസ+ അടുത്ത രാജാവായി.+
9 ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ ഭരണത്തിന്റെ 20-ാം വർഷം ആസ യഹൂദയിൽ വാഴ്‌ച ആരംഭിച്ചു.
10 ആസ 41 വർഷം യരുശലേമിൽ ഭരണം നടത്തി. അബീശാലോമിന്റെ കൊച്ചുമകളായ മാഖയായിരുന്നു+ ആസയുടെ മുത്തശ്ശി.
11 പൂർവികനായ ദാവീദിനെപ്പോലെ ആസ യഹോവയുടെ മുമ്പാകെ ശരിയായതു പ്രവർത്തിച്ചു.+
12 ആസ ദേശത്തുനിന്ന് ആലയവേശ്യാവൃത്തി ചെയ്തുപോന്ന പുരുഷന്മാരെ+ പുറത്താക്കി; പൂർവികർ ഉണ്ടാക്കിയ എല്ലാ മ്ലേച്ഛവിഗ്രഹങ്ങളും*+ നീക്കം ചെയ്‌തു.
13 മുത്തശ്ശിയായ മാഖ+ പൂജാസ്‌തൂപത്തെ* ആരാധിക്കാൻവേണ്ടി ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയതുകൊണ്ട് മാഖയെ അമ്മമഹാറാണി* എന്ന സ്ഥാനത്തുനിന്ന് നീക്കുകപോലും ചെയ്‌തു. മാഖ ഉണ്ടാക്കിയ ആ മ്ലേച്ഛവിഗ്രഹം ആസ വെട്ടിനുറുക്കി+ കിദ്രോൻ താഴ്‌വരയിൽവെച്ച്+ ചുട്ടുകരിച്ചു.
14 എന്നാൽ ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലങ്ങൾ+ അപ്പോഴുമുണ്ടായിരുന്നു. എങ്കിലും ജീവിതകാലം മുഴുവൻ ആസയുടെ ഹൃദയം യഹോവയിൽ ഏകാഗ്രമായിരുന്നു.*
15 ആസയും അപ്പനും വിശുദ്ധീകരിച്ച വസ്തുക്കളെല്ലാം,+ സ്വർണവും വെള്ളിയും പല തരം ഉപകരണങ്ങളും, ആസ യഹോവയുടെ ഭവനത്തിലേക്കു കൊണ്ടുവന്നു.
16 ആസയും ഇസ്രായേൽരാജാവായ ബയെശയും+ തമ്മിൽ പതിവായി യുദ്ധമുണ്ടായിരുന്നു.
17 യഹൂദാരാജാവായ ആസയുടെ അടുത്തേക്ക് ആരും വരുകയോ അവിടെനിന്ന് ആരും പോകുകയോ* ചെയ്യാതിരിക്കാൻ ഇസ്രായേൽരാജാവായ ബയെശ യഹൂദയ്ക്കു നേരെ വന്ന് രാമ+ പണിയാൻതുടങ്ങി.*+
18 അപ്പോൾ ആസ യഹോവയുടെ ഭവനത്തിലെ ഖജനാവിലും രാജാവിന്റെ കൊട്ടാരത്തിലെ ഖജനാവിലും ശേഷിച്ചിരുന്ന മുഴുവൻ സ്വർണവും വെള്ളിയും എടുത്ത് അയാളുടെ ഭൃത്യന്മാരെ ഏൽപ്പിച്ചു. ആസ അവ ദമസ്കൊസിൽ താമസിച്ചിരുന്ന സിറിയയിലെ രാജാവിന്,+ ഹെസ്യോന്റെ മകനായ തബ്രിമ്മോന്റെ മകൻ ബൻ-ഹദദിന്, കൊടുത്തയച്ചു. എന്നിട്ട് ആസ പറഞ്ഞു:
19 “ഞാനും താങ്കളും തമ്മിലും എന്റെ അപ്പനും താങ്കളുടെ അപ്പനും തമ്മിലും സഖ്യമുണ്ടല്ലോ.* ഞാൻ ഇതാ, താങ്കൾക്കു സമ്മാനമായി സ്വർണവും വെള്ളിയും കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശ എന്നെ വിട്ട് പോകണമെങ്കിൽ താങ്കൾ ബയെശയുമായുള്ള സഖ്യം ഉപേക്ഷിച്ച് എന്നെ സഹായിക്കണം.”
20 ആസയുടെ അഭ്യർഥനപ്രകാരം ബൻ-ഹദദ് സൈന്യാധിപന്മാരെ ഇസ്രായേൽനഗരങ്ങൾക്കു നേരെ അയച്ചു. അവർ ഈയോൻ,+ ദാൻ,+ ആബേൽ-ബേത്ത്-മാഖ എന്നിവയും കിന്നേരെത്ത് മുഴുവനും നഫ്താലി ദേശമൊക്കെയും പിടിച്ചടക്കി.
21 ഇത് അറിഞ്ഞ ഉടനെ ബയെശ രാമ പണിയുന്നതു നിറുത്തി തിർസയിലേക്കു+ മടങ്ങി അവിടെ താമസിച്ചു.
22 അപ്പോൾ ആസ യഹൂദയിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി. ഒരാളെപ്പോലും ഒഴിവാക്കിയില്ല. അവർ രാമയിലേക്കു ചെന്ന് ബയെശ പണിക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും എടുത്തുകൊണ്ടുപോന്നു. അത് ഉപയോഗിച്ച് ആസ രാജാവ് മിസ്‌പയും+ ബന്യാമീനിലെ ഗേബയും+ പണിതു.*
23 ആസയുടെ ബാക്കി ചരിത്രം, അദ്ദേഹത്തിന്റെ വീരകൃത്യങ്ങളെക്കുറിച്ചും അദ്ദേഹം ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പണിത* നഗരങ്ങളെക്കുറിച്ചും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വാർധക്യകാലത്ത് ആസയ്‌ക്കു കാലിൽ ഒരു അസുഖം ബാധിച്ചു.+
24 ആസ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. ആസയെ അവരോടൊപ്പം ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്‌തു. ആസയുടെ മകൻ യഹോശാഫാത്ത്+ അടുത്ത രാജാവായി.
25 യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ രണ്ടാം വർഷം യൊരോബെയാമിന്റെ മകനായ നാദാബ്+ ഇസ്രായേലിൽ രാജാവായി. അയാൾ രണ്ടു വർഷം ഇസ്രായേൽ ഭരിച്ചു.
26 അയാൾ യഹോവയുടെ മുമ്പാകെ തിന്മ ചെയ്‌ത് അയാളുടെ അപ്പന്റെ വഴികളിലും+ അപ്പൻ ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിലും+ നടന്നു.
27 യിസ്സാഖാർഗൃഹത്തിൽപ്പെട്ട അഹീയയുടെ മകനായ ബയെശ അയാൾക്കെതിരെ ഗൂഢാലോചന നടത്തി. നാദാബും എല്ലാ ഇസ്രായേലും കൂടി ഫെലിസ്ത്യരുടെ അധീനതയിലായിരുന്ന ഗിബ്ബെഥോൻ+ ഉപരോധിച്ച സമയത്ത് അവിടെവെച്ച് ബയെശ നാദാബിനെ കൊന്നു.
28 അങ്ങനെ യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ മൂന്നാം വർഷം ബയെശ നാദാബിനെ കൊന്ന് അടുത്ത രാജാവായി.
29 രാജാവായ ഉടനെ ബയെശ യൊരോബെയാമിന്റെ കുടുംബത്തെ മുഴുവൻ കൊന്നൊടുക്കി. യൊരോബെയാമിന്റെ ആളുകളിൽ മൂക്കിൽ ശ്വാസമുള്ള ഒരാളെയും ബാക്കി വെച്ചില്ല. ദൈവമായ യഹോവ ശീലോന്യനായ തന്റെ ദാസൻ അഹീയയിലൂടെ പറഞ്ഞിരുന്നതുപോലെ+ ദൈവം അവരെ പൂർണമായും നശിപ്പിച്ചു.
30 യൊരോബെയാം ചെയ്തതും അയാൾ ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ചതും ആയ പാപങ്ങൾ കാരണവും അയാൾ ഇസ്രായേലിന്റെ ദൈവമായ യഹോവയെ വളരെയധികം കോപിപ്പിച്ചതു കാരണവും ആണ് ഇങ്ങനെയെല്ലാം സംഭവിച്ചത്.
31 നാദാബിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യങ്ങളും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്‌തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
32 ആസയും ഇസ്രായേൽരാജാവായ ബയെശയും തമ്മിൽ പതിവായി യുദ്ധമുണ്ടായിരുന്നു.+
33 യഹൂദാരാജാവായ ആസയുടെ ഭരണത്തിന്റെ മൂന്നാം വർഷം അഹീയയുടെ മകനായ ബയെശ+ തിർസയിൽ രാജാവായി. 24 വർഷം അയാൾ എല്ലാ ഇസ്രായേലിന്റെയും മേൽ ഭരണം നടത്തി.
34 എന്നാൽ ബയെശ യഹോവയുടെ മുമ്പാകെ തിന്മ ചെയ്‌തുകൊണ്ട്+ യൊരോബെയാമിന്റെ വഴികളിലും അയാൾ ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിലും+ നടന്നു.
അടിക്കുറിപ്പുകള്‍
^ അഥവാ “പൂർണമായി അർപ്പിതമായിരുന്നില്ല.”
^ എബ്രായപദത്തിന് “കാഷ്‌ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
^ അഥവാ “കുലീനവനിത.”
^ അഥവാ “പൂർണമായി അർപ്പിതമായിരുന്നു.”
^ അഥവാ “ആസയുടെ പ്രദേശത്തേക്ക് ആരും പ്രവേശിക്കുകയോ അവിടെനിന്ന് പോകുകയോ.”
^ അഥവാ “സുരക്ഷിതമാക്കാൻതുടങ്ങി; പുനർനിർമിക്കാൻതുടങ്ങി.”
^ അഥവാ “ഉടമ്പടിയുണ്ടല്ലോ.”
^ അഥവാ “സുരക്ഷിതമാക്കി; പുനർനിർമിച്ചു.”
^ അഥവാ “കോട്ടകെട്ടി ഉറപ്പിച്ച; പുനർനിർമിച്ച.”