ശമുവേൽ ഒന്നാം ഭാഗം 3:1-21
3 അതേസമയം, ശമുവേൽ ബാലൻ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.+ പക്ഷേ, അക്കാലത്ത് യഹോവയുടെ അരുളപ്പാടുകൾ അപൂർവമായേ കിട്ടിയിരുന്നുള്ളൂ. ദിവ്യദർശനങ്ങൾ+ വിരളമായിരുന്നു.
2 ഒരു ദിവസം ഏലി പതിവ് സ്ഥലത്ത് കിടക്കുകയായിരുന്നു. കാഴ്‌ച മങ്ങിയതുകൊണ്ട് ഏലിക്കു കാണാൻ കഴിഞ്ഞിരുന്നില്ല.+
3 ദൈവത്തിന്റെ വിളക്ക്+ കെടുത്തിയിട്ടില്ലായിരുന്നു. ശമുവേലോ ദൈവത്തിന്റെ പെട്ടകം വെച്ചിരുന്ന യഹോവയുടെ ആലയത്തിൽ* കിടക്കുകയായിരുന്നു.+
4 അപ്പോൾ, യഹോവ ശമുവേലിനെ വിളിച്ചു. അപ്പോൾ ശമുവേൽ, “ഞാൻ ഇതാ” എന്നു വിളികേട്ടു.
5 ശമുവേൽ ഏലിയുടെ അടുത്തേക്ക് ഓടിച്ചെന്ന്, “ഞാൻ ഇതാ. അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. പക്ഷേ ഏലി, “ഇല്ല, ഞാൻ വിളിച്ചില്ല. പോയി കിടന്നുകൊള്ളൂ” എന്നു പറഞ്ഞു. അപ്പോൾ, ശമുവേൽ പോയി കിടന്നു.
6 യഹോവ വീണ്ടും “ശമുവേലേ!” എന്നു വിളിച്ചു. ഉടനെ, ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുത്ത് ചെന്ന്, “ഞാൻ ഇതാ. അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. പക്ഷേ ഏലി, “ഞാൻ വിളിച്ചില്ല മകനേ. പോയി കിടന്നുകൊള്ളൂ” എന്നു പറഞ്ഞു.
7 (ശമുവേലോ അതുവരെ യഹോവയെ അടുത്ത് അറിഞ്ഞിരുന്നില്ല, യഹോവയിൽനിന്നുള്ള സന്ദേശങ്ങൾ അതുവരെ ശമുവേലിനു കിട്ടിയിരുന്നില്ല.)+
8 യഹോവ മൂന്നാം പ്രാവശ്യവും “ശമുവേലേ!” എന്നു വിളിച്ചു. അതു കേട്ട ഉടനെ ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുത്ത് ചെന്ന് “ഞാൻ ഇതാ. അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു.
ബാലനെ വിളിച്ചത് യഹോവയാണെന്ന് അപ്പോൾ ഏലിക്കു മനസ്സിലായി.
9 അതുകൊണ്ട്, ഏലി ശമുവേലിനോടു പറഞ്ഞു: “പോയി കിടന്നുകൊള്ളൂ. ഇനി നിന്നെ വിളിച്ചാൽ, ‘യഹോവേ, പറഞ്ഞാലും. അങ്ങയുടെ ഈ ദാസൻ ശ്രദ്ധിക്കുന്നുണ്ട്’ എന്നു പറയണം.” ശമുവേൽ പോയി കിടന്നു.
10 യഹോവ അവിടെ വന്ന് മുമ്പത്തെപ്പോലെ “ശമുവേലേ! ശമുവേലേ!” എന്നു വിളിച്ചു. അപ്പോൾ ശമുവേൽ, “പറഞ്ഞാലും. അങ്ങയുടെ ദാസൻ ശ്രദ്ധിക്കുന്നുണ്ട്” എന്നു പറഞ്ഞു.
11 യഹോവ ശമുവേലിനോടു പറഞ്ഞു: “ഇതാ! ഞാൻ ഇസ്രായേലിൽ ഒരു കാര്യം ചെയ്യുകയാണ്. അതെക്കുറിച്ച് കേൾക്കുന്നവരുടെയെല്ലാം ചെവി രണ്ടും തരിച്ചുപോകും.+
12 അന്നേ ദിവസം, ഞാൻ ഏലിയുടെ ഭവനത്തെക്കുറിച്ച് പറഞ്ഞതെല്ലാം ആദിയോടന്തം ഏലിക്ക് എതിരെ നടപ്പിലാക്കും.+
13 പുത്രന്മാർ ദൈവത്തെ ശപിക്കുന്ന കാര്യം+ ഏലി അറിഞ്ഞതാണ്;+ പക്ഷേ, അവരെ ശാസിച്ചിട്ടില്ല.+ ഈ തെറ്റു നിമിത്തം ഞാൻ ഏലിയുടെ ഭവനത്തെ എന്നെന്നേക്കുമായി ന്യായം വിധിക്കുമെന്നു നീ ഏലിയോടു പറയണം.
14 അതുകൊണ്ടാണ്, ഏലിയുടെ ഭവനത്തിന്റെ തെറ്റിനു പരിഹാരം വരുത്താൻ ബലികൾക്കോ യാഗങ്ങൾക്കോ ഒരിക്കലും സാധിക്കില്ലെന്ന് ഏലിയുടെ ഭവനത്തോടു ഞാൻ സത്യം ചെയ്‌ത് പറഞ്ഞത്.”+
15 ശമുവേൽ രാവിലെവരെ കിടന്നു. പിന്നെ, ശമുവേൽ യഹോവയുടെ ഭവനത്തിന്റെ വാതിലുകൾ തുറന്നു. ദിവ്യദർശനത്തെക്കുറിച്ച് ഏലിയോടു പറയാൻ ശമുവേലിനു പേടിയായിരുന്നു.
16 പക്ഷേ ഏലി, “ശമുവേലേ, എന്റെ മകനേ!” എന്നു വിളിച്ചു. അപ്പോൾ ശമുവേൽ: “ഞാൻ ഇതാ” എന്നു പറഞ്ഞു.
17 ഏലി ചോദിച്ചു: “ദൈവം നിനക്ക് എന്തു സന്ദേശമാണു തന്നത്? ദയവായി എന്നോട് ഒന്നും ഒളിക്കരുത്. ദൈവം നിന്നോടു പറഞ്ഞതിൽ ഒരു വാക്കെങ്കിലും നീ മറച്ചുവെച്ചാൽ നീ അർഹിക്കുന്നതും അതിൽ അധികവും ദൈവം നിന്നോടു ചെയ്യട്ടെ.”
18 അതുകൊണ്ട്, ശമുവേൽ ഒന്നും മറച്ചുവെക്കാതെ എല്ലാം ഏലിയോടു പറഞ്ഞു. അപ്പോൾ, ഏലി പറഞ്ഞു: “ഇത് യഹോവയുടെ ഇഷ്ടം. ഉചിതമെന്നു തോന്നുന്നതു ദൈവം ചെയ്യട്ടെ.”
19 ശമുവേൽ വളർന്നുവന്നു. യഹോവ ശമുവേലിന്റെകൂടെയുണ്ടായിരുന്നതുകൊണ്ട്+ ശമുവേലിന്റെ ഒരു വാക്കുപോലും നിറവേറാതെപോയില്ല.*
20 ശമുവേൽ യഹോവയുടെ പ്രവാചകനായി നിയമിതനായിരിക്കുന്നെന്ന് ദാൻ മുതൽ ബേർ-ശേബ വരെയുള്ള ഇസ്രായേല്യരെല്ലാം അറിഞ്ഞു.
21 യഹോവ ശീലോയിൽവെച്ച് യഹോവയുടെ ഒരു സന്ദേശത്തിലൂടെ തന്നെത്തന്നെ ശമുവേലിനു വെളിപ്പെടുത്തി. യഹോവ പിന്നെയും പലവട്ടം ശീലോയിൽ പ്രത്യക്ഷനായി.+