ശമുവേൽ ഒന്നാം ഭാഗം 6:1-21

6  യഹോ​വ​യു​ടെ പെട്ടകം+ ഏഴു മാസം ഫെലി​സ്‌ത്യപ്രദേ​ശ​ത്താ​യി​രു​ന്നു. 2  ഫെലിസ്‌ത്യർ പുരോ​ഹി​ത​ന്മാരെ​യും ഭാവി​ഫലം പറയു​ന്ന​വരെ​യും വിളിച്ച്‌+ ഇങ്ങനെ ചോദി​ച്ചു: “യഹോ​വ​യു​ടെ പെട്ടകം ഞങ്ങൾ എന്തു ചെയ്യണം? ഞങ്ങൾ എങ്ങനെ​യാണ്‌ അത്‌ അതിന്റെ സ്ഥലത്തേക്കു മടക്കി അയയ്‌ക്കേ​ണ്ടതെന്നു പറഞ്ഞാ​ലും.” 3  അപ്പോൾ അവർ പറഞ്ഞു: “ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ ഉടമ്പടിപ്പെ​ട്ടകം നിങ്ങൾ മടക്കി അയയ്‌ക്കുന്നെ​ങ്കിൽ അതു വെറുതേ കൊടു​ത്തു​വി​ട​രുത്‌. ഒരു അപരാ​ധ​യാ​ഗത്തോടൊ​പ്പം മാത്രമേ നിങ്ങൾ അതു മടക്കി അയയ്‌ക്കാ​വൂ.+ എങ്കിലേ നിങ്ങൾ സുഖം പ്രാപി​ക്കു​ക​യു​ള്ളൂ. ആ ദൈവ​ത്തി​ന്റെ കൈ നിങ്ങളെ വിട്ടു​മാ​റാ​ത്തത്‌ എന്തു​കൊണ്ടെന്നു നിങ്ങൾക്ക്‌ അപ്പോൾ മനസ്സി​ലാ​കു​ക​യും ചെയ്യും.” 4  അപ്പോൾ അവർ ചോദി​ച്ചു: “അപരാ​ധ​യാ​ഗ​മാ​യി എന്താണു ഞങ്ങൾ ആ ദൈവ​ത്തിന്‌ അയയ്‌ക്കേ​ണ്ടത്‌?” അപ്പോൾ അവർ പറഞ്ഞു: “ഫെലി​സ്‌ത്യപ്ര​ഭു​ക്ക​ന്മാ​രു​ടെ എണ്ണത്തിന്‌ അനുസൃതമായി+ സ്വർണംകൊ​ണ്ടുള്ള അഞ്ചു മൂലക്കു​രു,* സ്വർണംകൊ​ണ്ടുള്ള അഞ്ച്‌ എലികൾ എന്നിവ അയയ്‌ക്കണം. കാരണം, നിങ്ങ​ളെ​യും നിങ്ങളു​ടെ പ്രഭു​ക്ക​ന്മാരെ​യും ക്ലേശി​പ്പി​ച്ചത്‌ ഒരേ ബാധയാ​ണ​ല്ലോ. 5  നിങ്ങൾ നിങ്ങളു​ടെ മൂലക്കു​രു​വി​ന്റെ രൂപങ്ങ​ളും ദേശത്ത്‌ നാശം വിതയ്‌ക്കുന്ന എലിക​ളു​ടെ രൂപങ്ങ​ളും ഉണ്ടാക്കുകയും+ ഇസ്രായേ​ലി​ന്റെ ദൈവത്തെ ബഹുമാ​നി​ക്കു​ക​യും വേണം. അപ്പോൾ, ആ ദൈവം നിങ്ങളുടെ​യും നിങ്ങളു​ടെ ദൈവ​ത്തിന്റെ​യും നിങ്ങളു​ടെ ദേശത്തിന്റെ​യും മേൽനി​ന്ന്‌ തന്റെ ഭാരമുള്ള കൈ പിൻവ​ലിച്ചേ​ക്കാം.+ 6  ഈജിപ്‌തുകാരും ഫറവോ​നും തങ്ങളുടെ ഹൃദയം കഠിന​മാ​ക്കി​യ​തുപോ​ലെ നിങ്ങൾ എന്തിനു നിങ്ങളു​ടെ ഹൃദയം കഠിന​മാ​ക്കണം?+ ഇസ്രായേ​ലി​ന്റെ ദൈവം അവരോ​ടു കഠിന​മാ​യി പെരുമാറിയപ്പോൾ+ അവർക്ക്‌ ഇസ്രായേ​ലി​നെ വിട്ടയ​യ്‌ക്കേ​ണ്ടി​വ​ന്നി​ല്ലേ? ഇസ്രായേ​ല്യർ അവിടം വിട്ട്‌ പോകു​ക​യും ചെയ്‌തു.+ 7  അതുകൊണ്ട്‌ ഇപ്പോൾ, പുതിയ ഒരു വണ്ടിയും അതോടൊ​പ്പം ഇതുവരെ നുകം വെച്ചി​ട്ടി​ല്ലാ​ത്ത​തും കിടാ​വു​ള്ള​തും ആയ രണ്ടു പശുക്കളെ​യും ഒരുക്കുക. എന്നിട്ട്‌, പശുക്കളെ വണ്ടിയിൽ കെട്ടുക. പക്ഷേ, കിടാ​ക്കളെ അവയുടെ അടുത്തു​നിന്ന്‌ തിരികെ വീട്ടി​ലേക്കു കൊണ്ടുപോ​കണം. 8  യഹോവയുടെ പെട്ടകം എടുത്ത്‌ വണ്ടിയിൽ വെക്കുക. അപരാ​ധ​യാ​ഗ​മാ​യി നിങ്ങൾ ആ ദൈവ​ത്തിന്‌ അയയ്‌ക്കുന്ന സ്വർണംകൊ​ണ്ടുള്ള ഉരുപ്പ​ടി​കൾ ഒരു പെട്ടി​യി​ലാ​ക്കി പെട്ടക​ത്തി​ന്റെ അടുത്ത്‌ വെക്കണം.+ എന്നിട്ട്‌, ആ പശുക്കളെ അയയ്‌ക്കുക. 9  പക്ഷേ, അവയുടെ പോക്കു നിരീ​ക്ഷി​ക്കണം. അതു ബേത്ത്‌-ശേമെശിലേക്കുള്ള+ വഴിയി​ലൂ​ടെ അതിന്റെ സ്വന്തം സ്ഥലത്തേക്കു പോകുന്നെ​ങ്കിൽ ഇസ്രായേ​ലി​ന്റെ ദൈവം​തന്നെ​യാ​ണു നമ്മളോ​ട്‌ ഈ മഹാ​ദോ​ഷം ചെയ്‌തത്‌. എന്നാൽ, സംഭവി​ക്കു​ന്നത്‌ അങ്ങനെ​യല്ലെ​ങ്കിൽ നമ്മളെ പ്രഹരി​ച്ചത്‌ ആ ദൈവ​ത്തി​ന്റെ കൈയല്ല, മറിച്ച്‌ അതു യാദൃ​ച്ഛി​ക​മാ​യി സംഭവി​ച്ച​താണെന്നു നമ്മൾ മനസ്സി​ലാ​ക്കും.” 10  അവർ അങ്ങനെ​തന്നെ ചെയ്‌തു. കിടാ​വുള്ള രണ്ടു പശുക്കളെ അവർ വണ്ടിയിൽ കെട്ടി. കിടാ​ക്കളെ​യോ കൊണ്ടുപോ​യി വീട്ടിലെ തൊഴു​ത്തി​ലും കെട്ടി. 11  തുടർന്ന്‌, അവർ യഹോ​വ​യു​ടെ പെട്ടക​വും സ്വർണംകൊ​ണ്ടുള്ള എലികൾ, തങ്ങളുടെ മൂലക്കു​രു​ക്ക​ളു​ടെ രൂപങ്ങൾ എന്നിവ അടങ്ങിയ പെട്ടി​യും വണ്ടിയിൽ വെച്ചു. 12  പശുക്കൾ ബേത്ത്‌-ശേമെ​ശിലേ​ക്കുള്ള വഴിയി​ലൂ​ടെ നേരെ മുന്നോ​ട്ടു പോയി.+ അവ ഇടത്തോ​ട്ടോ വലത്തോ​ട്ടോ തിരി​യാ​തെ, അമറി​ക്കൊ​ണ്ട്‌ പ്രധാ​ന​വീ​ഥി​യി​ലൂടെ​തന്നെ നടന്നു. ഫെലി​സ്‌ത്യപ്ര​ഭു​ക്ക​ന്മാ​രും അവയുടെ പിന്നാലെ ബേത്ത്‌-ശേമെ​ശി​ന്റെ അതിർത്തി​വരെ നടന്നു​ചെന്നു. 13  ബേത്ത്‌-ശേമെ​ശി​ലെ ആളുകൾ താഴ്‌വാ​ര​ത്തിൽ ഗോതമ്പു കൊയ്യു​ക​യാ​യി​രു​ന്നു. അവർ തല ഉയർത്തി നോക്കി​യപ്പോൾ പെട്ടകം കണ്ടു. അവർക്കു സന്തോഷം അടക്കാ​നാ​യില്ല. 14  വണ്ടി ബേത്ത്‌-ശേമെ​ശു​കാ​ര​നായ യോശു​വ​യു​ടെ നിലത്ത്‌ ഒരു വലിയ കല്ലിന്റെ അടുത്ത്‌ വന്ന്‌ നിന്നു. അപ്പോൾ, അവർ വണ്ടിയു​ടെ തടി വെട്ടി​ക്കീ​റി പശുക്കളെ+ യഹോ​വ​യ്‌ക്കു ദഹനയാ​ഗ​മാ​യി അർപ്പിച്ചു. 15  ലേവ്യർ+ യഹോ​വ​യു​ടെ പെട്ടക​വും അതോടൊ​പ്പ​മു​ണ്ടാ​യി​രുന്ന, സ്വർണംകൊ​ണ്ടുള്ള ഉരുപ്പ​ടി​കൾ അടങ്ങിയ പെട്ടി​യും ഇറക്കി ആ വലിയ കല്ലിന്റെ മുകളിൽ വെച്ചു. ബേത്ത്‌-ശേമെശുകാർ+ ആ ദിവസം യഹോ​വ​യ്‌ക്കു ദഹനയാ​ഗ​ങ്ങ​ളും ബലിക​ളും അർപ്പിച്ചു. 16  അതു കണ്ട ആ അഞ്ചു ഫെലി​സ്‌ത്യപ്ര​ഭു​ക്ക​ന്മാർ അന്നുതന്നെ എക്രോ​നിലേക്കു മടങ്ങിപ്പോ​യി. 17  ഫെലിസ്‌ത്യർ യഹോ​വ​യ്‌ക്ക്‌ അപരാ​ധ​യാ​ഗ​മാ​യി അയച്ച സ്വർണ​മൂ​ല​ക്കു​രു​ക്കൾ ഇവയാണ്‌:+ അസ്‌തോ​ദി​നുവേണ്ടി ഒന്ന്‌,+ ഗസ്സയ്‌ക്കു​വേണ്ടി ഒന്ന്‌, അസ്‌കലോ​നുവേണ്ടി ഒന്ന്‌, ഗത്തിനു​വേണ്ടി ഒന്ന്‌,+ എക്രോ​നുവേണ്ടി ഒന്ന്‌.+ 18  സ്വർണംകൊണ്ടുള്ള എലിക​ളു​ടെ എണ്ണമോ അഞ്ചു പ്രഭു​ക്ക​ന്മാ​രു​ടെ കീഴി​ലുള്ള കോട്ട​മ​തി​ലുള്ള നഗരങ്ങൾ, ചുറ്റു​മ​തി​ലി​ല്ലാത്ത ഗ്രാമങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ ഫെലി​സ്‌ത്യ​ന​ഗ​ര​ങ്ങ​ളുടെ​യും എണ്ണമനു​സ​രി​ച്ചാ​യി​രു​ന്നു. അവർ യഹോ​വ​യു​ടെ പെട്ടകം ഇറക്കി​വെച്ച ആ വലിയ കല്ല്‌ ബേത്ത്‌-ശേമെ​ശു​കാ​ര​നായ യോശു​വ​യു​ടെ നിലത്ത്‌ ഒരു സാക്ഷി​യാ​യി ഇന്നും കാണാം. 19  പക്ഷേ, ബേത്ത്‌-ശേമെ​ശു​കാർ യഹോ​വ​യു​ടെ പെട്ടക​ത്തിൽ നോക്കി​യ​തുകൊണ്ട്‌ ദൈവം അവരെ കൊന്നു​ക​ളഞ്ഞു. 50,070 പേരെയാണു* ദൈവം കൊന്നു​വീ​ഴ്‌ത്തി​യത്‌. യഹോവ തങ്ങളുടെ മേൽ ഈ മഹാസം​ഹാ​രം നടത്തി​യ​തുകൊണ്ട്‌ ജനം വിലപി​ച്ചു​തു​ടങ്ങി.+ 20  അവർ ഇങ്ങനെ ചോദി​ച്ചു: “ഈ വിശു​ദ്ധ​ദൈ​വ​മായ യഹോ​വ​യു​ടെ മുന്നിൽ ആർക്കു നിൽക്കാ​നാ​കും?+ ദൈവം നമ്മളെ വിട്ട്‌ മറ്റ്‌ എങ്ങോട്ടെ​ങ്കി​ലും പോയി​രുന്നെ​ങ്കിൽ!”+ 21  അതുകൊണ്ട്‌, അവർ കിര്യത്ത്‌-യയാരീംനിവാസികളുടെ+ അടു​ത്തേക്ക്‌ ദൂതന്മാ​രെ അയച്ച്‌ അവരോ​ടു പറഞ്ഞു: “ഫെലി​സ്‌ത്യർ യഹോ​വ​യു​ടെ പെട്ടകം മടക്കി അയച്ചി​ട്ടുണ്ട്‌. വന്ന്‌ അത്‌ എടുത്തു​കൊ​ണ്ട്‌ പോകൂ!”+

അടിക്കുറിപ്പുകള്‍

അഥവാ “അർശസ്സ്‌.”
അക്ഷ. “70 പുരു​ഷ​ന്മാ​രെ, 50,000 പുരു​ഷ​ന്മാ​രെ ആണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം