ദിനവൃത്താന്തം രണ്ടാം ഭാഗം 14:1-15
14 അബീയ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ അബീയയെ ദാവീദിന്റെ നഗരത്തിൽ+ അടക്കം ചെയ്തു. മകൻ ആസ അടുത്ത രാജാവായി. ആസയുടെ ഭരണകാലത്ത് ദേശത്ത് പത്തു വർഷം സ്വസ്ഥത ഉണ്ടായി.
2 ആസ അദ്ദേഹത്തിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നല്ലതും ശരിയും ആയ കാര്യങ്ങൾ ചെയ്തു.
3 ആസ അന്യദൈവങ്ങളുടെ യാഗപീഠങ്ങളും ആരാധനാസ്ഥലങ്ങളും* നീക്കം ചെയ്യുകയും+ പൂജാസ്തംഭങ്ങൾ ഉടച്ചുകളയുകയും+ പൂജാസ്തൂപങ്ങൾ* വെട്ടിയിടുകയും ചെയ്തു.+
4 ആസ യഹൂദയിലെ ആളുകളോട്, അവരുടെ പൂർവികരുടെ ദൈവമായ യഹോവയെ അന്വേഷിക്കാനും ദൈവത്തിന്റെ നിയമവും കല്പനയും ആചരിക്കാനും ആവശ്യപ്പെട്ടു.
5 ആസ യഹൂദയിലെ എല്ലാ നഗരങ്ങളിൽനിന്നും ആരാധനാസ്ഥലങ്ങളും സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങളും നീക്കിക്കളഞ്ഞു.+ ആസയുടെ ഭരണത്തിൻകീഴിൽ രാജ്യത്ത് സ്വസ്ഥത ഉണ്ടായി.
6 ദേശത്ത് സമാധാനമുണ്ടായിരുന്നതിനാൽ ആസ യഹൂദയിൽ കോട്ടമതിലുള്ള നഗരങ്ങൾ പണിതു.+ അക്കാലത്ത് ആരും ആസയ്ക്കെതിരെ യുദ്ധത്തിനു വന്നില്ല; യഹോവ ആസയ്ക്കു സ്വസ്ഥത നൽകിയിരുന്നു.+
7 ആസ യഹൂദയോടു പറഞ്ഞു: “നമുക്ക് ഈ നഗരങ്ങൾ നിർമിച്ച് അവയ്ക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും+ പണിത് വാതിലുകളും* ഓടാമ്പലുകളും വെച്ച് അവ സുരക്ഷിതമാക്കാം. നമ്മൾ നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട് ദേശം നമ്മുടെ അധീനതയിൽത്തന്നെയുണ്ട്. നമ്മൾ ദൈവത്തെ അന്വേഷിച്ചതുകൊണ്ട് ദൈവം ഇതാ, നമുക്കു ചുറ്റും സ്വസ്ഥത നൽകിയിരിക്കുന്നു.” അങ്ങനെ അവർ നഗരങ്ങൾ പണിതുപൂർത്തിയാക്കി.+
8 ആസയ്ക്കു വലിയ പരിചകളും കുന്തങ്ങളും ഏന്തിയ 3,00,000 പടയാളികൾ യഹൂദയിൽനിന്നും, ചെറുപരിചകളും* വില്ലുകളും ഏന്തിയ* 2,80,000 വീരയോദ്ധാക്കൾ ബന്യാമീനിൽനിന്നും ഉണ്ടായിരുന്നു.+
9 പിന്നീട് എത്യോപ്യക്കാരനായ സേരഹ് 10,00,000 പടയാളികളും 300 രഥങ്ങളും അടങ്ങുന്ന ഒരു സൈന്യവുമായി അവർക്കെതിരെ വന്നു.+ സേരഹ് മാരേശയിൽ+ എത്തിയപ്പോൾ
10 ആസ സൈന്യവുമായി അയാൾക്കു നേരെ ചെന്ന് മാരേശയിലെ സെഫാഥ താഴ്വരയിൽ അണിനിരന്നു.
11 ആസ ദൈവമായ യഹോവയെ വിളിച്ച് ഇങ്ങനെ അപേക്ഷിച്ചു:+ “യഹോവേ, അങ്ങ് സഹായിക്കുന്നവർ ആൾബലമുള്ളവരാണോ ശക്തിയില്ലാത്തവരാണോ എന്നതൊന്നും അങ്ങയ്ക്കൊരു പ്രശ്നമല്ലല്ലോ.+ ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു.*+ അങ്ങയുടെ നാമത്തിലാണു ഞങ്ങൾ ഈ സൈന്യത്തിനു നേരെ വന്നിരിക്കുന്നത്.+ യഹോവേ, അങ്ങാണു ഞങ്ങളുടെ ദൈവം. നശ്വരനായ മനുഷ്യൻ അങ്ങയെക്കാൾ ബലവാനാകരുതേ.”+
12 അങ്ങനെ ആസയുടെയും യഹൂദയുടെയും മുന്നിൽനിന്ന് യഹോവ എത്യോപ്യരെ തോൽപ്പിച്ച് ഓടിച്ചു.+
13 ആസയും കൂടെയുള്ളവരും എത്യോപ്യരെ ഗരാർ വരെ പിന്തുടർന്നു.+ ഒരാൾപ്പോലും ബാക്കിയാകാതെ അവരെല്ലാം മരിച്ചൊടുങ്ങി. യഹോവയുടെയും സൈന്യത്തിന്റെയും മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കു കഴിഞ്ഞില്ല. അതിനു ശേഷം യഹൂദാപുരുഷന്മാർ ധാരാളം കൊള്ളമുതലുമായി മടങ്ങി.
14 അവർ ഗരാരിനു ചുറ്റുമുള്ള നഗരങ്ങളും ആക്രമിച്ചു. യഹോവയിൽനിന്നുള്ള ഭയം നിമിത്തം അവിടെയുള്ളവരെല്ലാം ഭീതിയിലാഴ്ന്നിരുന്നു. ആ നഗരങ്ങളിൽ ധാരാളം വസ്തുവകകളുണ്ടായിരുന്നു; അവയെല്ലാം അവർ കൊള്ളയടിച്ചു.
15 വളർത്തുമൃഗങ്ങളുണ്ടായിരുന്നവരുടെ കൂടാരങ്ങളും അവർ ആക്രമിച്ചു. അങ്ങനെ അവിടെനിന്ന് ധാരാളം ആടുകളെയും ഒട്ടകങ്ങളെയും പിടിച്ചെടുത്ത് അവർ യരുശലേമിലേക്കു മടങ്ങി.
അടിക്കുറിപ്പുകള്
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”
^ അക്ഷ. “രണ്ടു പാളിയുള്ള വാതിലുകളും.”
^ അക്ഷ. “ചെറുപരിചകൾ ഏന്തിയ, വില്ലു ചവിട്ടുന്ന.”
^ സാധാരണയായി വില്ലാളികളാണ് ഇവ ഉപയോഗിച്ചിരുന്നത്.
^ അക്ഷ. “ഊന്നുന്നു.”