ദിനവൃത്താന്തം രണ്ടാം ഭാഗം 4:1-22
4 പിന്നെ ശലോമോൻ ചെമ്പുകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി.+ അതിന് 20 മുഴം നീളവും 20 മുഴം വീതിയും 10 മുഴം ഉയരവും ഉണ്ടായിരുന്നു.
2 ശലോമോൻ ലോഹംകൊണ്ട് വൃത്താകൃതിയിലുള്ള ഒരു കടൽ*+ വാർത്തുണ്ടാക്കി. അതിന് അഞ്ചു മുഴം ഉയരവും പത്തു മുഴം വ്യാസവും ഉണ്ടായിരുന്നു. അളവുനൂൽകൊണ്ട് അളന്നാൽ അതിന്റെ ചുറ്റളവ് 30 മുഴം വരുമായിരുന്നു.+
3 അതിന്റെ വക്കിനു താഴെ ചുറ്റോടുചുറ്റും, ഒരു മുഴത്തിൽ പത്ത് എന്ന കണക്കിൽ കായ്കളുടെ ആകൃതിയിലുള്ള അലങ്കാരപ്പണിയുണ്ടായിരുന്നു.+ രണ്ടു നിരയിലുള്ള ഈ അലങ്കാരപ്പണി കടലിന്റെ ഭാഗമായി വാർത്തുണ്ടാക്കിയിരുന്നു.
4 അത് 12 കാളകളുടെ+ പുറത്താണു വെച്ചിരുന്നത്. അവയിൽ മൂന്നെണ്ണം വടക്കോട്ടും മൂന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം തെക്കോട്ടും മൂന്നെണ്ണം കിഴക്കോട്ടും തിരിഞ്ഞിരുന്നു. അവയ്ക്കു മുകളിലാണു കടൽ സ്ഥാപിച്ചിരുന്നത്. കാളകളുടെയെല്ലാം പിൻഭാഗം കടലിന്റെ മധ്യത്തിലേക്കായിരുന്നു.
5 നാലു വിരൽ കനത്തിലാണു* കടൽ പണിതത്. അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെ, വിരിഞ്ഞ ലില്ലിപ്പൂവിന്റെ ആകൃതിയിലായിരുന്നു. ആ കടലിൽ 3,000 ബത്ത്* വെള്ളം കൊള്ളുമായിരുന്നു.*
6 ശലോമോൻ പത്തു വലിയ പാത്രങ്ങളും ഉണ്ടാക്കി; അഞ്ചെണ്ണം വലതുവശത്തും അഞ്ചെണ്ണം ഇടതുവശത്തും വെച്ചു.+ അവർ ദഹനയാഗത്തിനുള്ള വസ്തുക്കൾ അതിൽ ഇട്ട് കഴുകുമായിരുന്നു.+ എന്നാൽ കടലിൽ സൂക്ഷിച്ചിരുന്ന വെള്ളം പുരോഹിതന്മാർക്കു കഴുകാനുള്ളതായിരുന്നു.+
7 നിർദേശമനുസരിച്ച്+ ശലോമോൻ സ്വർണംകൊണ്ട് പത്തു തണ്ടുവിളക്ക് ഉണ്ടാക്കി+ ദേവാലയത്തിന് അകത്ത് വെച്ചു—അഞ്ചെണ്ണം വലതുവശത്തും അഞ്ചെണ്ണം ഇടതുവശത്തും.+
8 ശലോമോൻ പത്തു മേശ ഉണ്ടാക്കി ദേവാലയത്തിൽ വെച്ചു—അഞ്ചെണ്ണം വലതുവശത്തും അഞ്ചെണ്ണം ഇടതുവശത്തും.+ സ്വർണംകൊണ്ട് 100 കുഴിയൻപാത്രങ്ങളും ഉണ്ടാക്കി.
9 പിന്നെ പുരോഹിതന്മാരുടെ+ മുറ്റവും+ വലിയ മുറ്റവും+ ഉണ്ടാക്കി. അതിനു വാതിലുകൾ ഉണ്ടാക്കി അവ ചെമ്പുകൊണ്ട് പൊതിഞ്ഞു.
10 വലതുവശത്ത് തെക്കുകിഴക്കായി കടൽ സ്ഥാപിച്ചു.+
11 ഇതുകൂടാതെ ഹീരാം, വീപ്പകളും കോരികകളും കുഴിയൻപാത്രങ്ങളും ഉണ്ടാക്കി.+
അങ്ങനെ ശലോമോൻ രാജാവിനുവേണ്ടി ഹീരാം സത്യദൈവത്തിന്റെ ഭവനത്തിലെ ഈ പണികളെല്ലാം പൂർത്തിയാക്കി:+
12 രണ്ടു തൂണുകൾ,+ അവയ്ക്കു മുകളിൽ കുടത്തിന്റെ ആകൃതിയിലുള്ള രണ്ടു മകുടങ്ങൾ; തൂണുകൾക്കു മുകളിലുള്ള രണ്ടു മകുടങ്ങളെ പൊതിയാൻ രണ്ടു വലപ്പണികൾ;+
13 തൂണുകൾക്കു മുകളിൽ കുടത്തിന്റെ ആകൃതിയിലുള്ള രണ്ടു മകുടങ്ങളെ പൊതിയാൻ രണ്ടു വലപ്പണികളിലായി 400 മാതളപ്പഴങ്ങൾ+ (ഓരോ വലപ്പണിയിലും രണ്ടു നിര മാതളപ്പഴങ്ങൾ വീതമുണ്ടായിരുന്നു.);+
14 പത്ത് ഉന്തുവണ്ടികൾ,* അവയിൽ പത്തു പാത്രങ്ങൾ;+
15 കടൽ, അതിനു കീഴിലെ 12 കാളകൾ.+
16 ഇവ കൂടാതെ വീപ്പകൾ, കോരികകൾ, മുൾക്കരണ്ടികൾ+ എന്നിവയും അവയുടെ അനുബന്ധ ഉപകരണങ്ങളും ഹീരാം-ആബി+ യഹോവയുടെ ഭവനത്തിനുവേണ്ടി ശലോമോൻ രാജാവിനു മിനുക്കിയ ചെമ്പുകൊണ്ട് ഉണ്ടാക്കിക്കൊടുത്തു.
17 രാജാവ് അവ യോർദാൻ പ്രദേശത്ത് സുക്കോത്തിനും+ സെരേദയ്ക്കും ഇടയ്ക്കുള്ള സ്ഥലത്തെ ബലമുള്ള കളിമണ്ണിൽ വാർത്തെടുത്തു.
18 ശലോമോൻ ഈ ഉപകരണങ്ങളെല്ലാം വൻതോതിൽ ഉണ്ടാക്കി. ഉപയോഗിച്ച ചെമ്പിന് ഒരു കണക്കുമുണ്ടായിരുന്നില്ല.+
19 സത്യദൈവത്തിന്റെ ഭവനത്തിനുവേണ്ട എല്ലാ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കി:+ സ്വർണയാഗപീഠം;+ കാഴ്ചയപ്പം*+ വെക്കാനുള്ള മേശകൾ;+
20 അകത്തെ മുറിയുടെ മുന്നിലായി ചട്ടപ്രകാരം കത്തിച്ചുവെക്കാൻ തനിത്തങ്കംകൊണ്ടുള്ള തണ്ടുവിളക്കുകളും+ അവയുടെ ദീപങ്ങളും;
21 വിശേഷപ്പെട്ട തനിത്തങ്കംകൊണ്ടുള്ള പൂക്കൾ, ദീപങ്ങൾ, കൊടിലുകൾ;
22 തനിത്തങ്കംകൊണ്ടുള്ള കുഴിയൻപാത്രങ്ങൾ, തിരി കെടുത്താനുള്ള കത്രികകൾ, പാനപാത്രങ്ങൾ, കത്തിയ തിരി ഇടാനുള്ള പാത്രങ്ങൾ; സ്വർണംകൊണ്ടുള്ള പ്രവേശനകവാടം,+ അതിവിശുദ്ധത്തിന്റെ അകത്തെ വാതിലുകൾ,+ ദേവാലയഭവനത്തിന്റെ വാതിലുകൾ.
അടിക്കുറിപ്പുകള്
^ അഥവാ “ജലസംഭരണി.”
^ അഥവാ “3,000 ബത്തായിരുന്നു അതിന്റെ സംഭരണശേഷി.”
^ അഥവാ “വെള്ളം കൊണ്ടുപോകാനുള്ള പത്തു വണ്ടികൾ.”
^ അഥവാ “അടുക്കിവെച്ചിരിക്കുന്ന അപ്പം.”