ശമുവേൽ രണ്ടാം ഭാഗം 11:1-27
11 വർഷാരംഭത്തിൽ,* രാജാക്കന്മാർ യുദ്ധത്തിനു പോകാറുള്ള സമയത്ത്, അമ്മോന്യരെ നശിപ്പിക്കാൻ ദാവീദ് യോവാബിനെയും ദാസന്മാരെയും, മുഴുവൻ ഇസ്രായേൽസൈന്യത്തെയും അയച്ചു. അവർ രബ്ബയെ+ ഉപരോധിച്ചു. ദാവീദ് പക്ഷേ, യരുശലേമിൽത്തന്നെ കഴിഞ്ഞു.+
2 ഒരു ദിവസം വൈകുന്നേരം ദാവീദ് കിടക്കയിൽനിന്ന് എഴുന്നേറ്റ് കൊട്ടാരത്തിന്റെ മട്ടുപ്പാവിലൂടെ വെറുതേ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. അപ്പോൾ, ഒരു സ്‌ത്രീ കുളിക്കുന്നതു കണ്ടു. അവൾ അതീവസുന്ദരിയായിരുന്നു.
3 ആ സ്ത്രീയെക്കുറിച്ച് അന്വേഷിക്കാൻ ദാവീദ് ആളയച്ചു. അയാൾ വന്ന് ദാവീദിനോടു പറഞ്ഞു: “എലീയാമിന്റെ+ മകളും ഹിത്യനായ+ ഊരിയാവിന്റെ+ ഭാര്യയും ആയ ബത്ത്-ശേബയാണ്+ അത്.”
4 തുടർന്ന്, ബത്ത്-ശേബയെ കൊണ്ടുവരാൻ+ ദാവീദ് ദൂതന്മാരെ അയച്ചു. അങ്ങനെ, അവൾ ദാവീദിന്റെ അടുത്ത് വന്നു. ദാവീദ് ബത്ത്-ശേബയുമായി ബന്ധപ്പെട്ടു.+ (ബത്ത്-ശേബ അവളുടെ അശുദ്ധിയിൽനിന്ന്* ശുദ്ധി വരുത്തുന്ന സമയത്തായിരുന്നു ഈ സംഭവം.)+ അതിനു ശേഷം, ബത്ത്-ശേബ വീട്ടിലേക്കു മടങ്ങി.
5 ബത്ത്-ശേബ ഗർഭിണിയായി. അപ്പോൾ അവൾ, “ഞാൻ ഗർഭിണിയാണ്” എന്ന് അറിയിച്ചുകൊണ്ട് ദാവീദിന് ഒരു സന്ദേശം കൊടുത്തയച്ചു.
6 ഉടനെ ദാവീദ്, “ഹിത്യനായ ഊരിയാവിനെ എന്റെ അടുത്തേക്ക് അയയ്‌ക്കുക” എന്നു യോവാബിനു സന്ദേശം അയച്ചു. അങ്ങനെ, യോവാബ് ഊരിയാവിനെ ദാവീദിന്റെ അടുത്തേക്ക് അയച്ചു.
7 ഊരിയാവ് വന്നപ്പോൾ, യോവാബും സൈന്യവും എങ്ങനെയിരിക്കുന്നെന്നും യുദ്ധഭൂമിയിലെ സ്ഥിതിഗതികൾ എന്തെന്നും ഒക്കെ ദാവീദ് അയാളോടു ചോദിച്ചു.
8 തുടർന്ന്, ദാവീദ് ഊരിയാവിനോട്, “വീട്ടിൽ പോയി അൽപ്പം വിശ്രമിച്ചുകൊള്ളൂ”* എന്നു പറഞ്ഞു. ഊരിയാവ് കൊട്ടാരത്തിൽനിന്ന് ഇറങ്ങിയതിനു പിന്നാലെ രാജാവ് അയാൾക്ക് ഒരു സമ്മാനം* കൊടുത്തയച്ചു.
9 പക്ഷേ, ഊരിയാവ് വീട്ടിൽ പോകാതെ യജമാനന്റെ മറ്റെല്ലാ ദാസന്മാരുടെയുംകൂടെ കൊട്ടാരത്തിന്റെ വാതിൽക്കൽ കിടന്നുറങ്ങി.
10 “ഊരിയാവ് വീട്ടിൽ പോയില്ല” എന്ന വാർത്ത ദാവീദിന്റെ ചെവിയിലെത്തി. അപ്പോൾ, ദാവീദ് ഊരിയാവിനോടു ചോദിച്ചു: “നീ ഒരു യാത്ര കഴിഞ്ഞ് എത്തിയതല്ലേ? എന്താ വീട്ടിൽ പോകാത്തത്?”
11 അപ്പോൾ ഊരിയാവ് പറഞ്ഞു: “പെട്ടകവും+ ഇസ്രായേലും യഹൂദയും കൂടാരങ്ങളിലായിരിക്കുമ്പോൾ, എന്റെ യജമാനനായ യോവാബും എന്റെ യജമാനന്റെ ദാസന്മാരും വെളിമ്പ്രദേശത്ത് പാളയമടിച്ചിരിക്കുമ്പോൾ, ഞാൻ എന്റെ വീട്ടിൽ പോയി തിന്നുകുടിച്ച് ഭാര്യയുടെകൂടെ കിടക്കുന്നതു ശരിയാണോ?+ അങ്ങാണെ, അങ്ങയുടെ ജീവനാണെ ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല!”
12 അപ്പോൾ, ദാവീദ് ഊരിയാവിനോടു പറഞ്ഞു: “ഇന്നുംകൂടെ ഇവിടെ തങ്ങിക്കൊള്ളുക. നാളെ ഞാൻ നിന്നെ പറഞ്ഞയയ്ക്കാം.” അതുകൊണ്ട്, ഊരിയാവ് അന്നും പിറ്റേന്നും യരുശലേമിൽ തങ്ങി.
13 തുടർന്ന്, തന്റെകൂടെ തിന്നുകുടിക്കാൻ ദാവീദ് അയാളെ വിളിപ്പിച്ചു. ദാവീദ് ഊരിയാവിനെ നല്ലവണ്ണം കുടിപ്പിച്ച് ലഹരിപിടിപ്പിച്ചു. പക്ഷേ, വൈകുന്നേരം അയാൾ ചെന്ന് യജമാനന്റെ ദാസന്മാരുടെ ഇടയിൽ തന്റെ കിടക്കയിൽ കിടന്ന് ഉറങ്ങി. അയാൾ വീട്ടിൽ പോയില്ല.
14 രാവിലെ ദാവീദ് യോവാബിന് ഒരു കത്ത് എഴുതി ഊരിയാവിന്റെ കൈയിൽ കൊടുത്തയച്ചു.
15 രാജാവ് അതിൽ ഇങ്ങനെ എഴുതിയിരുന്നു: “പൊരിഞ്ഞ പോരാട്ടം നടക്കുന്നിടത്ത് മുൻനിരയിലായി ഊരിയാവിനെ നിറുത്തുക. എന്നിട്ട്, അയാളുടെ പിന്നിൽനിന്ന് മാറിക്കളയുക. അയാൾ വെട്ടേറ്റ് മരിക്കട്ടെ.”+
16 യോവാബ്, നഗരത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. വീരയോദ്ധാക്കളുള്ള സ്ഥലം എവിടെയെന്ന് അറിയാമായിരുന്ന യോവാബ് ഊരിയാവിനെ അവിടെ നിറുത്തി.
17 നഗരത്തിലെ പുരുഷന്മാർ വന്ന് യോവാബിനോടു പോരാടിയപ്പോൾ ദാവീദിന്റെ ചില ദാസന്മാർ മരിച്ചുവീണു. അക്കൂട്ടത്തിൽ ഹിത്യനായ ഊരിയാവുമുണ്ടായിരുന്നു.+
18 യുദ്ധവാർത്തയെല്ലാം യോവാബ് ദാവീദിനെ അറിയിച്ചു.
19 പക്ഷേ, യോവാബ് ദൂതനോട് ഇങ്ങനെ നിർദേശിച്ചിരുന്നു: “യുദ്ധവാർത്തയെല്ലാം നീ രാജാവിനെ അറിയിച്ചുകഴിയുമ്പോൾ
20 രാജാവ് കോപിച്ച് നിന്നോട് ഇങ്ങനെ പറഞ്ഞേക്കാം: ‘യുദ്ധം ചെയ്യാൻ നിങ്ങൾ നഗരത്തിന്റെ അത്ര അടുത്തേക്കു ചെന്നത് എന്തിനാണ്? മതിലിന്റെ മുകളിൽനിന്ന് അവർ അമ്പ് എയ്യുമെന്ന കാര്യം നിങ്ങൾക്ക് അറിയില്ലായിരുന്നോ?
21 യരൂബ്ബേശെത്തിന്റെ+ മകനായ അബീമേലെക്കിനെ+ കൊന്നത് ആരാണ്? മതിലിന്റെ മുകളിൽനിന്ന് ഒരു സ്‌ത്രീ തിരികല്ലിന്റെ മേൽക്കല്ല് അയാളുടെ മേൽ ഇട്ടതുകൊണ്ടല്ലേ തേബെസിൽവെച്ച് അയാൾ കൊല്ലപ്പെട്ടത്? നിങ്ങൾ എന്തിനാണു മതിലിനോട് അത്രയും അടുത്ത് ചെന്നത്?’ അപ്പോൾ നീ, ‘അങ്ങയുടെ ദാസൻ ഹിത്യനായ ഊരിയാവും മരിച്ചു’ എന്നു പറയണം.”
22 അങ്ങനെ, ദൂതൻ ചെന്ന് യോവാബ് തന്നോടു പറഞ്ഞയച്ചതെല്ലാം ദാവീദിനെ അറിയിച്ചു.
23 ദൂതൻ ദാവീദിനോടു പറഞ്ഞു: “അവരുടെ ആളുകളോടു ഞങ്ങൾക്ക് എതിർത്ത് നിൽക്കാനായില്ല. അവർ ഞങ്ങളെ എതിരിട്ട് വെളിമ്പ്രദേശംവരെ വന്നു. പക്ഷേ, ഞങ്ങൾ പോരാടി അവരെ തിരിച്ച് നഗരകവാടംവരെ എത്തിച്ചു.
24 വില്ലാളികൾ മതിലിന്റെ മുകളിൽനിന്ന് അങ്ങയുടെ ദാസന്മാരെ എയ്‌തു. അങ്ങനെ, രാജാവിന്റെ ദാസന്മാരിൽ ചിലർ മരിച്ചുപോയി. അങ്ങയുടെ ദാസൻ ഹിത്യനായ ഊരിയാവും മരിച്ചു.”+
25 അപ്പോൾ, ദാവീദ് ദൂതനോടു പറഞ്ഞു: “യോവാബിനോടു നീ ഇങ്ങനെ പറയണം: ‘ഇക്കാര്യം ഓർത്ത് നീ അസ്വസ്ഥനാകേണ്ടാ. കാരണം, യുദ്ധത്തിൽ ആരെങ്കിലുമൊക്കെ വാളിന് ഇരയാകുന്നതു സാധാരണസംഭവമാണ്. നഗരത്തിന് എതിരെയുള്ള പോരാട്ടം ഊർജിതമാക്കി അതിനെ കീഴടക്കുക.’+ അങ്ങനെ, നീ അവനെ പ്രോത്സാഹിപ്പിക്കണം.”
26 ഊരിയാവ് മരിച്ചെന്നു കേട്ടപ്പോൾ ഊരിയാവിന്റെ ഭാര്യ അദ്ദേഹത്തെ ഓർത്ത് വിലപിക്കാൻതുടങ്ങി.
27 വിലാപകാലം കഴിഞ്ഞ ഉടൻ ദാവീദ് ആളയച്ച് അവളെ തന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവൾ ദാവീദിന്റെ ഭാര്യയായി.+ ബത്ത്-ശേബ ഒരു മകനെ പ്രസവിച്ചു. പക്ഷേ, ദാവീദ് ചെയ്‌തത് യഹോവയ്ക്ക് ഒട്ടും ഇഷ്ടമായില്ല.+
അടിക്കുറിപ്പുകള്‍
^ അതായത്, വസന്തം.
^ സാധ്യതയനുസരിച്ച്, അവളുടെ ആർത്തവാശുദ്ധി.
^ അക്ഷ. “നിന്റെ പാദം കഴുകൂ.”
^ അഥവാ “രാജാവിന്റെ പങ്ക്,” അതായത്, ബഹുമാന്യനായ ഒരു അതിഥിക്ക് ആതിഥേയൻ കൊടുത്തയയ്ക്കുന്ന പങ്ക്.