കുടുംബങ്ങൾക്കുവേണ്ടി | യുവജനങ്ങൾ
ഒരു ത്രില്ലിനുവേണ്ടി സാഹസികമായ കാര്യങ്ങൾ ചെയ്യണോ?
ബുദ്ധിമുട്ട്
“തുരങ്കത്തിലൂടെ പാഞ്ഞുപോകുന്ന ഒരു ട്രെയിനിന്റെ തൊട്ടടുത്ത് ഞാൻ നിന്നു. അപ്പോഴുണ്ടായ ആ ചോരത്തിളപ്പിന്റെ ത്രില്ലിൽ എന്റെ പ്രശ്നങ്ങളെല്ലാം മാഞ്ഞുപോകുന്നതായി തോന്നി.”—ലിയോൺ. a
“ചെങ്കുത്തായ പാറക്കെട്ടുകളിൽനിന്ന് വെള്ളത്തിലേക്കു കുതിച്ചു ചാടുമ്പോൾ ഏതാനും നിമിഷത്തേക്ക് ഞാൻ എല്ലാത്തിൽനിന്നും സ്വതന്ത്രയായതുപോലെ എനിക്കു തോന്നും. ഞാൻ അത് ആസ്വദിച്ചു, പക്ഷേ, ചിലപ്പോഴൊക്കെ എനിക്കു പേടി തോന്നിയിട്ടുമുണ്ട്.”—ലാരിസ്സ.
ലിയോണിനെയും ലാരിസ്സയെയും പോലെ പല ചെറുപ്പക്കാരും ഒരു ത്രില്ലിനുവേണ്ടി അങ്ങേയറ്റം പോകാൻ തയ്യാറാകുന്നു, ചിലപ്പോൾ അപകടകരമായ കാര്യങ്ങൾ ചെയ്തുകൊണ്ടുപോലും! നിങ്ങൾക്കും അങ്ങനെ തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഈ ലേഖനം നിങ്ങളെ സഹായിക്കും.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ത്രില്ലിനുവേണ്ടി കാര്യങ്ങൾ ചെയ്യുന്നത് ഒരു ആസക്തിയായി മാറിയേക്കാം. ഞൊടിനേരത്തേക്ക് നിങ്ങൾക്ക് ഒരു ആവേശം തോന്നിയേക്കാം. പക്ഷേ, അതു കഴിയുമ്പോൾ കൂടുതൽ ത്രില്ലുള്ള എന്തെങ്കിലും വേണമെന്നു തോന്നാൻ തുടങ്ങും. ലിയോണിനെപ്പോലെ ചെയ്യാറുണ്ടായിരുന്ന മാർക്കോ പറയുന്നു: “ഒരു നിമിഷത്തേക്ക് എനിക്ക് ഭയങ്കര സന്തോഷം തോന്നും. പക്ഷേ, പെട്ടെന്നുതന്നെ അതിലും ത്രില്ലുള്ള എന്തെങ്കിലും വേണം എന്നു ഞാൻ ചിന്തിക്കും. ഇത് ഒരു തുടർക്കഥയായി മാറി.”
ഓടുന്ന കാറുകളിൽ പിടിച്ച് അതിവേഗത്തിൽ സ്കേറ്റിങ് ചെയ്യാറുണ്ടായിരുന്ന ജസ്റ്റിൻ പറയുന്നത് ഇങ്ങനെയാണ്: “അപ്പോൾ തോന്നുന്ന ആ ത്രില്ലിൽ അത് വീണ്ടും വീണ്ടും ചെയ്യാൻ എനിക്കു തോന്നും. ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ, അത് എന്നെ കൊണ്ടെത്തിച്ചത് ആശുപത്രിക്കിടക്കയിലായിരുന്നു!”
കൂട്ടുകാർ നിർബന്ധിക്കുമ്പോൾ നിങ്ങൾ ചിന്തിക്കാതെ പ്രവർത്തിച്ചേക്കാം. മാർവിൻ എന്നു പേരുള്ള ചെറുപ്പക്കാരൻ പറയുന്നു: “ഉയരമുള്ള ഒരു കെട്ടിടത്തിൽ അള്ളിപ്പിടിച്ചുകയറാൻ എന്റെ കൂട്ടുകാർ എന്നോടു പറഞ്ഞു. ‘പോയി ചെയ്യെടാ, നിനക്ക് അതു പറ്റും’ എന്നു പറഞ്ഞ് അവർ എന്നെ നിർബന്ധിച്ചു. എനിക്കു പേടി തോന്നി. മതിലിൽ പിടിച്ചുകയറാൻ ശ്രമിച്ചപ്പോൾ ഞാൻ ശരിക്കും വിറയ്ക്കുകയായിരുന്നു.” മുമ്പ് കണ്ട ലാരിസ്സ പറയുന്നു: “മറ്റുള്ളവർ ചെയ്യുന്നതൊക്കെ ഞാനും ചെയ്തു. ശരിക്കും പറഞ്ഞാൽ ഒഴുക്കിനൊപ്പം നീന്തുകയായിരുന്നു ഞാൻ.”
ഇന്റർനെറ്റിലൂടെയും ഇക്കാര്യത്തിനായുള്ള സമ്മർദം വന്നേക്കാം. ത്രില്ലിനുവേണ്ടി സാഹസം കാണിക്കുന്നവരെ വാഴ്ത്തിപ്പറഞ്ഞും അപകടസാധ്യതകളെ നിസ്സാരീകരിച്ചും അവർ സമ്മർദം ചെലുത്തും. അങ്ങനെയുള്ള വീരകൃത്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുമ്പോൾ അത് വൈറലാകുന്നു. അത് ചെയ്യുന്നവർ പ്രശസ്തരായിത്തീരുകയും ചെയ്യുന്നു.
ഉദാഹരണത്തിന് സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ മതിലുകളോ വീടുകളോ കോണിപ്പടികളോ പോലുള്ള തടസ്സങ്ങൾ ചാടിക്കയറി മറികടന്ന് ഓടുന്ന രംഗങ്ങൾ ചിത്രീകരിക്കുന്ന ചില വീഡിയോകൾ വളരെ പ്രചാരം നേടാറുണ്ട്. ഇത് കാണുന്ന നിങ്ങൾ തെറ്റായ രണ്ടു നിഗമനങ്ങളിൽ എത്തിച്ചേരും: (1) അപകടസാധ്യത വളരെ കുറവാണ്. (2) എല്ലാവരും ഇത് ചെയ്യുന്നുണ്ട്.
ഇങ്ങനെ ചിന്തിക്കുന്നതിന്റെ ഫലമോ? ജീവൻ അപകടത്തിലാക്കുന്ന കാര്യങ്ങൾ പരീക്ഷിച്ചുനോക്കാൻ നിങ്ങൾക്കും ആഗ്രഹം തോന്നിയേക്കാം.സാഹസം കാണിക്കാതെതന്നെ നിങ്ങളുടെ കഴിവുകൾ പരീക്ഷിക്കാൻ സുരക്ഷിതമായ വഴികളുണ്ട്. “കായികപരിശീലനം അൽപ്പപ്രയോജനമുള്ളതാണ്” എന്നു ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ് 4:8) പക്ഷേ ‘സുബോധത്തോടെ ജീവിക്കാനും’ ബൈബിൾ മുന്നറിയിപ്പു തരുന്നുണ്ട്. (തീത്തോസ് 2:12) അത് എങ്ങനെ ചെയ്യാം?
നിങ്ങൾക്കു ചെയ്യാനാകുന്നത്
ഭവിഷ്യത്തുകൾ തിരിച്ചറിയുക. ബൈബിൾ പറയുന്നു: “വിവേകിയായ മനുഷ്യൻ അറിവ് നേടി കാര്യങ്ങൾ ചെയ്യുന്നു; എന്നാൽ വിഡ്ഢി തന്റെ വിഡ്ഢിത്തം തുറന്നുകാട്ടുന്നു.” (സുഭാഷിതങ്ങൾ 13:16) ഒരു കാര്യം ചെയ്യുന്നതിനു മുമ്പ് അതിന്റെ ഭവിഷ്യത്തുകൾ കണക്കിലെടുക്കുക. സ്വയം ചോദിക്കുക: ‘ഇക്കാര്യം ചെയ്യുമ്പോൾ ഞാൻ എന്റെ ജീവൻ വെച്ച് കളിക്കുകയാണോ, ഇത് എനിക്ക് ഗുരുതരമായ അപകടം വരുത്തിവെക്കുമോ?’—ബൈബിൾതത്ത്വം: സുഭാഷിതങ്ങൾ 14:15.
ജീവനെ ആദരിക്കുന്ന കൂട്ടുകാരെ തിരഞ്ഞെടുക്കുക. നല്ല കൂട്ടുകാർ നിങ്ങൾക്ക് അത്ര താത്പര്യമില്ലാത്ത കാര്യങ്ങളോ അപകടം വരുത്തിവെക്കുന്ന കാര്യങ്ങളോ ചെയ്യാൻ നിർബന്ധിക്കില്ല. ലാരിസ്സ പറയുന്നു: “ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒരു ശരിയായ തിരഞ്ഞെടുപ്പ് നടത്താൻ കാര്യഗൗരവമുള്ള നല്ല കൂട്ടുകാർ എന്നെ സഹായിച്ചു. എന്റെ കൂട്ടുകാർ മാറിയപ്പോൾ എന്റെ ജീവിതവും മാറി.”—ബൈബിൾതത്ത്വം: സുഭാഷിതങ്ങൾ 13:20.
സ്വയം ചോദിക്കുക: ‘ഇക്കാര്യം ചെയ്യുമ്പോൾ ഞാൻ എന്റെ ജീവൻ വെച്ച് കളിക്കുകയാണോ, ഇത് എനിക്ക് ഗുരുതരമായ അപകടം വരുത്തിവെക്കുമോ?’
ജീവൻ അപകടപ്പെടുത്താതെ നിങ്ങളുടെ കഴിവുകൾ ആസ്വദിക്കുക. “സ്വന്തം പെരുമാറ്റച്ചട്ടങ്ങളും അതിർവരമ്പുകളും ഉണ്ടാക്കിയെടുക്കാൻ പഠിക്കുന്നത്” വളർച്ചയുടെ ഭാഗമാണെന്ന് കൗമാരത്തിലെ അപകടകരമായ സ്വഭാവരീതികളെപ്പറ്റി വിശദീകരിക്കുന്ന ഒരു പുസ്തകം പറയുന്നു. സുരക്ഷാ ഉപകരണങ്ങളും ആവശ്യത്തിന് മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് നിങ്ങളുടെ കഴിവുകൾ സുരക്ഷിതമായ വിധത്തിൽ പരീക്ഷിക്കാനാകും.
സ്വന്തം പ്രാപ്തികൾ വിലമതിക്കാൻ പഠിക്കുക. ജീവിതത്തിലെ പ്രതിസന്ധികളെ നിങ്ങൾ വിദഗ്ധമായി കൈകാര്യം ചെയ്യുമ്പോഴാണ് ആളുകൾക്ക് നിങ്ങളോട് ആദരവ് തോന്നുന്നത്. അല്ലാതെ ഒരു ത്രില്ലിനുവേണ്ടി നിങ്ങൾ ചെയ്യുന്ന സാഹസം കണ്ടിട്ടല്ല. ലാരിസ്സ പറയുന്നു: “പാറക്കെട്ടുകളിൽനിന്ന് താഴേക്കു ചാടുന്നത് ഒരു തുടക്കം മാത്രമായിരുന്നു. സ്വയം അപകടം വരുത്തിവെക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് പിന്നീട് എന്റെ ജീവിതത്തിന്റെതന്നെ ഭാഗമായി. പറ്റില്ല എന്നു പറയാൻ ഞാൻ പഠിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു!”
ചുരുക്കിപ്പറഞ്ഞാൽ: ഒരു ത്രില്ലിനുവേണ്ടി സാഹസികമായ കാര്യങ്ങൾ ചെയ്ത് അപകടം വരുത്തിവെക്കുന്നതിനെക്കാൾ ഏറെ നല്ലത്, ചിന്തിച്ച് ന്യായബോധത്തോടെ കളികളും വിനോദവും ഒക്കെ തിരഞ്ഞെടുക്കുന്നതാണ്.—ബൈബിൾതത്ത്വം: സുഭാഷിതങ്ങൾ 15:24.
a ഈ ലേഖനത്തിലെ ചില പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.