ദേശങ്ങളും ആളുകളും
കസാഖ്സ്ഥാനിലേക്ക് ഒരു യാത്ര
കസാഖുകൾ പരമ്പരാഗതമായി നാടോടികളാണ്. കന്നുകാലികളെ മേയ്ക്കുന്ന ചിലർ കാലാവസ്ഥ മാറുന്നതനുസരിച്ച് മൃഗങ്ങളുമായി പലപല മേച്ചിൽപ്പുറങ്ങൾ തേടിപ്പോകും. വേനൽക്കാലമാകുമ്പോൾ അവർ മൃഗങ്ങളുമായി തണുപ്പുള്ള ഉയർന്ന പ്രദേശങ്ങളിലേക്കും മഞ്ഞുകാലത്തിന്റെ വരവോടെ ചൂടുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കും യാത്രയാകും.
ചില കസാഖുകൾ പരിഷ്കൃതനഗരങ്ങളിലാണ് താമസിക്കുന്നത്. എങ്കിലും അവരുടെ ആചാരങ്ങളിലും ഭക്ഷണരീതികളിലും കരകൗശലവസ്തുക്കളിലും ഒക്കെ പരമ്പരാഗതമായ ആ നാടോടിജീവിതത്തിന്റെ അംശങ്ങൾ നിഴലിച്ചുകാണാം. കവിതകൾ, പാട്ടുകൾ, പ്രാദേശികവാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീതം എന്നിവയുടെ സമ്പന്നമായൊരു പൈതൃകം കസാഖ് ജനതയ്ക്കുണ്ട്.
നാടോടികൾ പരമ്പരാഗതമായി താമസിക്കുന്ന വീടുകളെയാണ് യുർത് എന്നു വിളിക്കുന്നത്. മാറ്റിമാറ്റി സ്ഥാപിക്കാൻ പറ്റുമെന്നതാണ് ഈ വീടുകളുടെ പ്രത്യേകത. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിന്റെ
ഒരു പ്രതീകമായി മാറിയിരിക്കുന്നു ഈ വീടുകൾ. ഇടയന്മാർക്ക് ഇപ്പോഴും പ്രിയം യുർത്തുകളോടാണ്. പക്ഷേ, നഗരങ്ങളിലെ കസാഖുകൾ എന്തെങ്കിലും ആഘോഷങ്ങൾക്കാണ് യുർത്തുകൾ ഉപയോഗിക്കുന്നത്. വിനോദസഞ്ചാരികൾക്കുള്ള സൗകര്യപ്രദമായ താമസസ്ഥലങ്ങളായും ഇവ ഉപയോഗിക്കാറുണ്ട്. ചിത്രത്തുന്നൽ, നെയ്ത്തുപണികൾ, പരവതാനി നിർമാണം എന്നീ കാര്യങ്ങളിലുള്ള കസാഖ് സ്ത്രീകളുടെ വൈദഗ്ധ്യത്തിന്റെ ഒരു നേർക്കാഴ്ചയാണ് യുർത്തുകളുടെ ഉൾഭാഗം.നാട്ടിൻപുറങ്ങളിലെ കസാഖ് കുടുംബങ്ങൾ തങ്ങളുടെ കുതിരകളെ വിലപ്പെട്ട ഒരു നിധിപോലെയാണ് കണക്കാക്കുന്നത്. കുതിരകളെ വിശേഷിപ്പിക്കാനായി 21 വാക്കുകളെങ്കിലുമുണ്ട് കസഖ് ഭാഷയിൽ! ഓരോ വാക്കിനും നേരിയ അർഥവ്യത്യാസങ്ങളേയുള്ളൂ. കുതിരയുടെ നിറത്തെ വിശേഷിപ്പിക്കാനോ? 30-ലധികം വാക്കുകളും പദപ്രയോഗങ്ങളും! ഒരു നല്ല കുതിരയെ സമ്മാനമായി കിട്ടുന്നതും കൊടുക്കുന്നതും ഇപ്പോഴും അവിടത്തുകാർക്ക് ഒരു അഭിമാനംതന്നെയാണ്. ഗ്രാമപ്രദേശങ്ങളിലെ ആൺകുട്ടികൾ ചെറുപ്പത്തിലേതന്നെ കുതിരസവാരി പഠിക്കാറുണ്ട്.
മാംസവിഭവങ്ങളാണ് കസാഖുകളുടെ ഇഷ്ടഭക്ഷണം. മസാലയും എരിവും ഒക്കെ പൊതുവെ കുറവായിരിക്കും. കസാഖുകളുടെ ഇഷ്ടപാനീയങ്ങളിൽ ഒന്നാണ് കുതിരപ്പാലിൽനിന്ന് ഉണ്ടാക്കുന്ന കുമിസ്സ്. ഇത് ആരോഗ്യത്തിനു നല്ലതാണെന്ന് പറയാറുണ്ട്. മറ്റൊന്നാണ് ഒട്ടകപ്പാലിൽനിന്ന് ഉണ്ടാക്കുന്ന ശുബത്. അൽപ്പം പുളിയുള്ള കൊഴുത്ത ഒരു പാനീയമാണ് ഇത്.
അൽമാട്ടിയിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസ് സന്ദർശിക്കാനും അവിടെ ചുറ്റിക്കാണാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നു.