ആരുടെ കരവിരുത്?
ചിപ്പികളുടെ ആകൃതി
കടൽത്തട്ടിലെ ശക്തമായ സമ്മർദത്തെ ചെറുത്തുനിൽക്കാനും പരുക്കൻ ചുറ്റുപാടുകളിൽ ജീവിക്കാനും കട്ടിയുള്ള പുറന്തോട് ചിപ്പിവർഗത്തിൽപ്പെട്ട ജീവികളെ സഹായിക്കുന്നു. പരമാവധി സംരക്ഷണം ഉറപ്പുവരുത്തുന്ന ഈ പുറന്തോടുകളെക്കുറിച്ച് എഞ്ചിനീയർമാർ പഠിച്ചുകൊണ്ടിരിക്കുകയാണ്. ചിപ്പികളുടെയും ശംഖുകളുടെയും ആകൃതിയിൽനിന്നും ഘടനയിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഏറ്റവും സുരക്ഷിതമായ വാഹനങ്ങളും കെട്ടിടങ്ങളും നിർമിക്കാനാകുമെന്ന് അവർ കരുതുന്നു.
സവിശേഷത: രണ്ടു തരം പുറന്തോടുകളെക്കുറിച്ച് എഞ്ചിനീയർമാർ പഠിച്ചു. പരന്ന ചിപ്പികളെക്കുറിച്ചും സ്ക്രൂവിന്റെ ആകൃതിയിലുള്ള ഉരുണ്ട ശംഖുകളെക്കുറിച്ചും.
പരന്ന ചിപ്പികളുടെ കാര്യത്തിൽ, വരമ്പുകൾ പോലെയുള്ള അവയുടെ പുറംഭാഗം മർദത്തെ അറ്റങ്ങളിലേക്കും വിജാഗിരിപോലെ പ്രവർത്തിക്കുന്ന ഭാഗത്തേക്കും തിരിച്ചുവിടുന്നു. എന്നാൽ സ്ക്രൂവിന്റെ ആകൃതിയിലുള്ള ശംഖുകളുടെ കാര്യത്തിലാണെങ്കിൽ അവയുടെ പുറംഭാഗത്തുള്ള പിരിവുകൾ മർദത്തെ അതിന്റെ മധ്യഭാഗത്തേക്കും വീതിയുള്ള അറ്റത്തേക്കും തിരിച്ചുവിടുന്നു. ഈ രണ്ടുതരം ചിപ്പികളുടെയും ആകൃതിയുടെ പ്രത്യേകത മർദത്തെ ഏറ്റവും ബലമുള്ള ഭാഗങ്ങളിൽ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. അതായത് പുറന്തോടിന് എന്തെങ്കിലും പരിക്ക് പറ്റിയാലും ആ ജീവിക്ക് അപകടം പറ്റാനുള്ള സാധ്യത വളരെ കുറവായിരിക്കും.
ഗവേഷകർ ഈ ചിപ്പികളുടെയും ശംഖുകളുടെയും ആകൃതിയും ഘടനയും അനുകരിച്ച്, അർധഗോളാകൃതിയിലും കോണാകൃതിയിലും ഉള്ള മാതൃകകൾ ഉണ്ടാക്കി. വരമ്പുകളും പിരിവുകളും ഇല്ലാതെയാണ് ഈ കൃത്രിമമാതൃകകൾ ഉണ്ടാക്കിയത്. എന്നിട്ട് ഇവയുടെയും ശരിക്കുമുള്ള ചിപ്പികളുടെയും, മർദം താങ്ങാനുള്ള ശേഷി താരതമ്യം ചെയ്യുന്ന പരീക്ഷണങ്ങൾ നടത്തി. യഥാർഥചിപ്പികൾക്ക് കൃത്രിമമായി ഉണ്ടാക്കിയ മാതൃകകളെക്കാൾ ഇരട്ടി മർദം താങ്ങാൻ കഴിഞ്ഞു. അവയുടെ പുറന്തോടിന്റെ സങ്കീർണമായ ഘടനയാണ് ഇതിനു സഹായിച്ചതെന്ന് ഈ ഗവേഷണം തെളിയിച്ചു.
ഈ ഗവേഷണത്തെക്കുറിച്ച് ഒരു ശാസ്ത്രമാസിക (Scientific American) ഇങ്ങനെ അഭിപ്രായപ്പെട്ടു: “ചിപ്പികളുടെ ആകൃതിയിലുള്ള ഒരു കാർ എന്നെങ്കിലും വിപണിയിൽ ഇറങ്ങിയാൽ അതായിരിക്കും കാണാൻ ഏറ്റവും ഭംഗിയുള്ള കാർ! അത് യാത്രക്കാർക്ക് പരമാവധി സുരക്ഷിതത്വവും ഉറപ്പുവരുത്തും!”
നിങ്ങൾക്ക് എന്തു തോന്നുന്നു? ചിപ്പികളുടെ സങ്കീർണമായ ഈ ആകൃതി പരിണമിച്ച് ഉണ്ടായതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ?