മുഖ്യലേഖനം
ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ—ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ
“കാതടപ്പിക്കുന്ന ഒരു സ്ഫോടനശബ്ദം കേട്ട് ഞാൻ തറയിലേക്കു വീണതുപോലെയായി. ഓഫീസ് ആകെ പുക നിറഞ്ഞു. ആ കൂറ്റൻ കെട്ടിടം തീയിൽ അമരാൻ തുടങ്ങി.”—ജോഷ്വ.
ഭൂകമ്പം. . . കൊടുങ്കാറ്റ്. . . ഭീകരാക്രമണം. . . സ്കൂളിലെ അക്രമം! ഈ വാക്കുകൾ കൂടെക്കൂടെ വാർത്തകളുടെ തലക്കെട്ടാകാറുണ്ട്. എന്തായാലും ഒരു ദുരന്തവാർത്ത വായിക്കുന്നതും അതിന് ഇരയാകുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു ദുരന്തം ഉണ്ടാകുന്നതിനു മുമ്പും ദുരന്തസമയത്തും ദുരന്തത്തിനു ശേഷവും ജീവൻ രക്ഷിക്കാൻ എന്തൊക്കെ ചെയ്യാനാകും?
ദുരന്തത്തിനു മുമ്പ്—തയ്യാറെടുക്കുക!
ആരും ദുരന്തങ്ങളിൽനിന്ന് ഒഴിവുള്ളവരല്ല. മുന്നമേ തയ്യാറെടുക്കുന്നതാണ് ജീവൻ രക്ഷിക്കാനുള്ള ഒരു പ്രധാനമാർഗം. പക്ഷേ, എങ്ങനെ തയ്യാറെടുക്കാനാകും?
-
മാനസികമായി തയ്യാറാകുക. ദുരന്തങ്ങൾ ഉണ്ടാകുമെന്നും നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവൻ അപകടത്തിലാകാൻ സാധ്യതയുണ്ടെന്നും മനസ്സിലാക്കുക. ദുരന്തം വരുമ്പോൾ തയ്യാറെടുക്കാമെന്നു വിചാരിച്ചാൽ വൈകിപ്പോകും!
-
നിങ്ങളുടെ പ്രദേശത്ത് സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക. സുരക്ഷിതസ്ഥാനങ്ങൾ എവിടെയാണെന്നു മനസ്സിലാക്കുക. നിങ്ങൾ താമസിക്കുന്ന സ്ഥലം, നിങ്ങളുടെ വീട് ഇവയൊക്കെ പരമാവധി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക. തീപ്പെട്ടി, കൊതുകുതിരികൾ, മണ്ണെണ്ണ എന്നിങ്ങനെ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിച്ച് ഉപയോഗിക്കുക.
-
അവശ്യസാധനങ്ങൾ കരുതിവെക്കുക. വൈദ്യുതി, ജലവിതരണം, ടെലിഫോൺസേവനം, ഗതാഗതസംവിധാനങ്ങൾ എന്നിവയൊക്കെ തടസ്സപ്പെട്ടേക്കാം. നിങ്ങളുടെ വാഹനത്തിൽ എപ്പോഴും ഇന്ധനം പകുതിയെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഭക്ഷണം, വെള്ളം, അവശ്യസാധനങ്ങൾ അടങ്ങിയ ഒരു ബാഗ് എന്നിവ തയ്യാറാക്കിവെക്കുക.—“ വേണ്ടതെല്ലാം നിങ്ങൾ കരുതിവെച്ചിട്ടുണ്ടോ?” എന്ന ചതുരം കാണുക.
-
അടുത്തും അകലെയും ഉള്ള സുഹൃത്തുക്കളുടെ ഫോൺനമ്പർ സൂക്ഷിച്ചുവെക്കുക.
-
രക്ഷപ്പെടാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും പരിശീലിക്കുകയും ചെയ്യുക. നിങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽനിന്ന് പെട്ടെന്ന് പുറത്തുകടക്കാനുള്ള വഴികൾ അറിഞ്ഞിരിക്കുക. കുട്ടികൾ പഠിക്കുന്ന സ്കൂളിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. നിങ്ങളുടെ വീടിന് അടുത്തുള്ള ഒരു സ്ഥലവും കുറച്ച് അകലെയുള്ള ഒരു സ്ഥലവും, ഒരു സ്കൂളോ പാർക്കോ മറ്റോ, മുന്നമേ കണ്ടുവെക്കുക. ഒരു ദുരന്തമുണ്ടാകുമ്പോൾ കുടുംബാംഗങ്ങൾക്കെല്ലാം അവിടെ കൂടിവരാനാകും. മുന്നമേ നിശ്ചയിച്ചിരിക്കുന്ന ആ സ്ഥലങ്ങളിലേക്ക് കുടുംബാംഗങ്ങൾ നടന്നുപോയി പരിശീലിക്കുന്നതു നന്നായിരിക്കുമെന്ന് അധികാരികൾ പറയുന്നു.
-
പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും ഉൾപ്പെടെ എല്ലാവരെയും സഹായിക്കാൻ തയ്യാറായിരിക്കുക.
ദുരന്തസമയത്ത്—പെട്ടെന്ന് പ്രവർത്തിക്കുക
ലേഖനത്തിന്റെ തുടക്കത്തിൽ കണ്ട ജോഷ്വ പറയുന്നു: “തീപിടിത്തമുണ്ടായപ്പോൾ ആർക്കും ഒരു പരിഭ്രമവും തോന്നിയില്ല. എല്ലാവരും ആങ്ങിത്തൂങ്ങിനിൽക്കുകയായിരുന്നു. ചിലർ കമ്പ്യൂട്ടർ ഓഫ് ചെയ്യുന്നു, വേറെ ചിലർ കുപ്പിയിൽ വെള്ളം നിറയ്ക്കുന്നു. കൂട്ടത്തിൽ ഒരാൾ പറഞ്ഞു: ‘തിടുക്കം കൂട്ടേണ്ടാ, എന്താ സംഭവിക്കുന്നതെന്ന് നോക്കാം.’” ആളുകൾ ഇങ്ങനെ മടിച്ചുനിന്നപ്പോൾ ജോഷ്വ അലറിവിളിച്ചു: “എല്ലാവരും
ഇപ്പോൾത്തന്നെ പുറത്തുകടക്കണം, വേഗമാകട്ടെ!” അതുവരെ സംശയിച്ചുനിന്നവരെല്ലാം അപ്പോൾ ജോഷ്വയോടൊപ്പം താഴേക്ക് ഓടി. “ആരെങ്കിലും വീണാൽ അവരെ എഴുന്നേൽപ്പിച്ചിട്ട് വീണ്ടും ഓടണം. നമ്മൾ എന്തായാലും പുറത്തു കടക്കും” എന്ന് ജോഷ്വ എല്ലാവരോടും പറഞ്ഞുകൊണ്ടിരുന്നു.-
തീപിടിത്തം. തറയോടു ചേർന്ന് ഇഴഞ്ഞോ നിരങ്ങിയോ ഏറ്റവും അടുത്തുള്ള വാതിലിലൂടെ എത്രയും പെട്ടെന്ന് പുറത്തുകടക്കുക. പുക കാരണം ഒന്നും കാണാൻ കഴിഞ്ഞെന്നുവരില്ല. തീപിടിത്തത്തിൽ സംഭവിക്കുന്ന മരണങ്ങളിൽ മിക്കതും പുക ശ്വസിക്കുന്നതിനാൽ ഉണ്ടാകുന്നതാണ്. സാധനങ്ങളൊന്നും എടുക്കാൻ നിൽക്കരുത്. ഏതാനും സെക്കന്റുകളുടെ വ്യത്യാസത്തിൽ നഷ്ടപ്പെടുന്നത് നിങ്ങളുടെ ജീവൻ ആയിരിക്കും!
-
ഭൂകമ്പം. ബലമുള്ള ഏതെങ്കിലും ഫർണിച്ചറിന്റെ അടിയിലോ വീടിനുള്ളിലെ ഭിത്തിയുടെ അടുത്തോ അഭയം തേടുക. തുടർച്ചലനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണം. അതുകൊണ്ട് എത്രയും പെട്ടെന്ന് കെട്ടിടത്തിൽനിന്ന് പുറത്ത് കടക്കുകയും ദൂരേക്ക് മാറിപ്പോകുകയും വേണം. പരിശീലനം കിട്ടിയ രക്ഷാപ്രവർത്തകർ ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞായിരിക്കും എത്തുക. അതുകൊണ്ട് മറ്റുള്ളവരെ രക്ഷിക്കാൻ നിങ്ങളാലാകുന്നത് ചെയ്യുക.
-
സുനാമി. കടൽ പെട്ടെന്ന് ഉൾവലിയുമ്പോൾ ഉടൻതന്നെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറിപ്പോകുക. കൂറ്റൻ തിരമാലകൾ ഒന്നിനു പിറകേ ഒന്നായി ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുക.
-
ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്. എത്രയും പെട്ടെന്ന് ഒരു സുരക്ഷിതസ്ഥാനത്തേക്ക് ഓടുക.
-
വെള്ളപ്പൊക്കം. വെള്ളം കെട്ടിനിൽക്കുന്ന കെട്ടിടങ്ങളിൽ കയറരുത്. വെള്ളത്തിലൂടെ നടന്നുനീങ്ങാനോ വണ്ടിയോടിക്കാനോ ശ്രമിക്കരുത്. വെള്ളത്തിൽ മാലിന്യങ്ങളുണ്ടാകും. അതുപോലെ പാറക്കഷണങ്ങളും മരക്കൊമ്പുകളും പോലുള്ള അവശിഷ്ടങ്ങൾ, തുറന്നിരിക്കുന്ന മാൻഹോളുകൾ, പൊട്ടിവീണ വൈദ്യുതകമ്പികൾ എന്നിങ്ങനെ മറഞ്ഞിരിക്കുന്ന അപകടങ്ങളുമുണ്ടാകും.
-
നിങ്ങൾക്ക് അറിയാമോ? രണ്ട് അടി (60 സെ.മീ) പൊക്കത്തിൽ ഒഴുകുന്ന വെള്ളത്തിന് ഒരു കാറിനെത്തന്നെ ഒഴുക്കിക്കൊണ്ടുപോകാനാകും! വെള്ളപ്പൊക്കത്തിൽ സംഭവിക്കുന്ന മരണങ്ങളിൽ മിക്കതും ഉണ്ടാകുന്നത് ഒഴുകുന്ന വെള്ളത്തിലൂടെ വണ്ടിയോടിക്കാൻ ശ്രമിക്കുമ്പോഴാണ്.
-
സ്ഥലം വിട്ടുപോകാൻ അധികാരികൾ ആവശ്യപ്പെടുമ്പോൾ എത്രയും പെട്ടെന്ന് അനുസരിക്കുക. നിങ്ങൾ എവിടെയാണെന്ന് ഉറ്റവരെയും സുഹൃത്തുക്കളെയും അറിയിക്കുക. അല്ലെങ്കിൽ നിങ്ങളെ അന്വേഷിച്ചുപോയി അവരുടെ ജീവൻ അപകടത്തിലായേക്കാം.
-
നിങ്ങൾക്ക് അറിയാമോ? മെസേജ് അയയ്ക്കുന്നതായിരിക്കും ഫോൺ വിളിക്കുന്നതിനെക്കാൾ നല്ലത്.
-
വീടിനകത്തോ സുരക്ഷിതസ്ഥാനത്തോ തങ്ങാനാണ് അധികാരികൾ നിർദേശിക്കുന്നതെങ്കിൽ പുറത്ത് ഇറങ്ങാതിരിക്കുക. രാസദുരന്തമോ ജൈവദുരന്തമോ ആണവദുരന്തമോ ഉണ്ടാകുന്നെങ്കിൽ വീടിനുള്ളിൽത്തന്നെ കഴിയുക. കതകുകളും ജനലുകളും വെന്റിലേഷനുകളും എല്ലാം അടച്ചുഭദ്രമാക്കുക. ആണവദുരന്തമാണ് ഉണ്ടാകുന്നതെങ്കിൽ കെട്ടിടത്തിന്റെ ഏറ്റവും അടിയിലുള്ള ഭാഗത്ത് പോയിരിക്കുക. ആണവവികിരണം ഏൽക്കുന്നത് കുറയ്ക്കാൻ ഇതു സഹായിക്കും. ടിവിയിലും റേഡിയോയിലും വരുന്ന പ്രാദേശികവാർത്തകൾ ശ്രദ്ധിക്കുക. അപകടഭീഷണി മാറിയെന്ന് അധികൃതർ അറിയിക്കുന്നതുവരെ വീടിനകത്തുതന്നെ കഴിയുക.
ദുരന്തത്തിനു ശേഷം—സുരക്ഷിതത്വം ഉറപ്പുവരുത്തുക!
രോഗങ്ങളും മറ്റ് അപകടങ്ങളും ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
-
കഴിയുമെങ്കിൽ സുഹൃത്തുക്കളോടൊപ്പം ആയിരിക്കാൻ ശ്രമിക്കുക. അതാണ് ദുരിതാശ്വാസക്യാമ്പിൽ ആയിരിക്കുന്നതിലും നല്ലത്.
-
താമസസ്ഥലം വൃത്തിയായി സൂക്ഷിക്കുക.
-
ദുരന്തത്തിനു ശേഷം അവശിഷ്ടങ്ങൾ നീക്കം ചെയ്യുമ്പോൾ സ്വന്തം സുരക്ഷയ്ക്കുള്ള മുൻകരുതലുകൾ സ്വീകരിക്കുക. കഴിയുമെങ്കിൽ കൈയുറകൾ, കട്ടിയുള്ള ഷൂസ്, ഹെൽമെറ്റ്, പൊടിയടിക്കാതിരിക്കാനുള്ള മാസ്ക് എന്നിവ ധരിക്കുക. വൈദ്യുതകമ്പികളും കണ്ണിൽപ്പെടാത്ത തീക്കനലുകളും ഒക്കെ അപകടം വരുത്തിയേക്കാമെന്ന് ഓർക്കുക.
-
സാധാരണദിനചര്യ നിലനിറുത്താൻ പരമാവധി ശ്രമിക്കുക. നിങ്ങൾ ശാന്തതയുള്ളവരും പ്രതീക്ഷ കൈവിടാത്തവരും ആണെന്ന് നിങ്ങളുടെ കുട്ടികൾ കാണട്ടെ. എന്നും ചെയ്യാറുള്ളതുപോലെ സ്കൂളിലെ പാഠങ്ങൾ പഠിക്കുക, കളിക്കുക, കുടുംബം ഒരുമിച്ച് ആരാധന നടത്തുക. ദുരന്തത്തെക്കുറിച്ചുള്ള വാർത്തകൾ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കരുത്. നിങ്ങളുടെ ദേഷ്യവും നിരാശയും ഒക്കെ കുടുംബാംഗങ്ങളോടു തീർക്കാൻ ശ്രമിക്കുകയും ചെയ്യരുത്. സഹായം സ്വീകരിക്കുക, മറ്റുള്ളവരെ സഹായിക്കുക.
-
ദുരന്തം നഷ്ടങ്ങൾ വരുത്തിവെക്കുമെന്ന് ഓർക്കുക. ആളുകളെ സാധാരണജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനാണ് ഗവൺമെന്റും ദുരിതാശ്വാസപ്രവർത്തകരും ലക്ഷ്യം വെക്കുന്നത്. അല്ലാതെ നമുക്ക് നഷ്ടമായതെല്ലാം തിരികെത്തരാനല്ല. ദുരന്തത്തെ അതിജീവിക്കാൻ നമുക്ക് ശുദ്ധമായ വെള്ളവും ആഹാരവും വസ്ത്രവും താമസിക്കാൻ ഒരിടവും ആണ് ആവശ്യം.—1 തിമൊഥെയൊസ് 6:7, 8
-
വൈകാരികമുറിവുകൾ തിരിച്ചറിയുക, പരിഹരിക്കുക. ദുരന്തം സൃഷ്ടിച്ച ആദ്യത്തെ ആഘാതം മാറിക്കഴിയുമ്പോഴാണ് അത് ഏൽപ്പിച്ച വൈകാരികമുറിവുകൾ പുറത്തുവരുന്നത്. ഉത്കണ്ഠ, വിഷാദം, മാറിമറിയുന്ന വികാരങ്ങൾ, ചിന്തിക്കാനും പ്രവർത്തിക്കാനും ഉറങ്ങാനും ഉള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കരുതലും സ്നേഹവും ഉള്ള കൂട്ടുകാരോടു നിങ്ങളുടെ വിഷമങ്ങൾ തുറന്നുപറയുക.
ജോലിസ്ഥലത്തുണ്ടായ ആ തീപിടിത്തത്തിൽനിന്ന് ജോഷ്വ രക്ഷപ്പെട്ടെങ്കിലും സഹപ്രവർത്തകരിൽ പലരും മരിച്ചു. മാനസികാരോഗ്യവിദഗ്ധരുടെയും ക്രിസ്തീയസഭയിലെ മേൽവിചാരകന്മാരുടെയും സഹായം അദ്ദേഹത്തിനു കിട്ടി. ജോഷ്വ പറയുന്നു: “എന്റെ ദുഃഖം സ്വാഭാവികമാണെന്നും അത് പതിയെപ്പതിയെ കുറഞ്ഞുവരുമെന്നും അവർ എന്നെ ബോധ്യപ്പെടുത്തി. ആറു മാസം കഴിഞ്ഞപ്പോൾ ദുഃസ്വപ്നങ്ങൾ കാണുന്നത് കുറഞ്ഞു. പക്ഷേ മറ്റു പ്രശ്നങ്ങൾ പിന്നെയും നീണ്ടുനിന്നു.”
ദുരന്തങ്ങൾ നമ്മുടെ നീതിബോധത്തെത്തന്നെ തകിടം മറിക്കും. അതുകൊണ്ടാണ് ദുരന്തങ്ങളുണ്ടാകുമ്പോൾ ചിലർ ദൈവത്തെ കുറ്റപ്പെടുത്തുന്നത്. ജോഷ്വയെപ്പോലെ പലരും ‘അതിജീവിക്കുന്നവരുടെ കുറ്റബോധം’ അനുഭവിക്കുന്നു. ജോഷ്വ പറയുന്നു: “എനിക്ക് കൂടുതൽ ആളുകളെ രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് ഇപ്പോഴും തോന്നാറുണ്ട്. ദൈവം പെട്ടെന്നുതന്നെ ഭൂമിയിലെ അനീതികളെല്ലാം നീക്കി സമ്പൂർണനീതി കൊണ്ടുവരും എന്ന കാര്യം എനിക്ക് വലിയ ആശ്വാസം തരുന്നു. അതുവരെ, എന്റെ ജീവിതത്തിലെ ഓരോ ദിവസവും ഞാൻ വളരെ വിലപ്പെട്ടതായി കരുതുകയും ജീവൻ സംരക്ഷിക്കാൻ വേണ്ട ന്യായമായ കാര്യങ്ങൾ ചെയ്യുകയും ചെയ്യും.”—വെളിപാട് 21:4, 5. a
a ഭാവിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളെയും ദൈവം ദുരിതങ്ങൾ അനുവദിച്ചിരിക്കുന്നതിന്റെ കാരണത്തെയും കുറിച്ച് കൂടുതൽ അറിയാൻ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം കാണുക. ഈ പുസ്തകം www.dan124.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.