ആരുടെ കരവിരുത്?
ഉറുമ്പിന്റെ കഴുത്ത്
സ്വന്തം ശരീരഭാരത്തെക്കാൾ പല മടങ്ങു ഭാരമുള്ള വസ്തുക്കൾ ചുമക്കാൻ ഉറുമ്പുകൾക്കുള്ള കഴിവ് കണ്ട് മെക്കാനിക്കൽ എഞ്ചിനീയർമാർ അത്ഭുതം കൂറാറുണ്ട്. ഈ കഴിവിനെപ്പറ്റി മനസ്സിലാക്കാൻ യു.എസ്.എ-യിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയർമാർ കമ്പ്യൂട്ടർ മാതൃകകൾ ഉപയോഗിച്ച് ഉറുമ്പുകളുടെ ശരീരത്തിന്റെ ഘടന, ശരീരഭാഗങ്ങളുടെ ചലനങ്ങൾ, മറ്റു ശാരീരികസവിശേഷതകൾ എന്നിവ പഠനവിധേയമാക്കി. ഉറുമ്പുകളുടെ പ്രത്യേകതകൾ അനുകരിച്ച് മറ്റു വസ്തുക്കൾ നിർമിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഉറുമ്പുകളുടെ ശരീരത്തിന്റെ പരിച്ഛേദത്തിന്റെ എക്സ്-റേ ചിത്രങ്ങൾ (micro CT scans) ഉപയോഗിച്ചും, ഭാരം ചുമക്കുമ്പോൾ ഉറുമ്പിന്റെ ശരീരഭാഗങ്ങൾ പ്രയോഗിക്കുന്ന ബലം കൃത്രിമമായി സൃഷ്ടിച്ചും ആണ് അവർ ആ കമ്പ്യൂട്ടർ മാതൃകകൾ തയ്യാറാക്കിയത്.
ഉറുമ്പിന്റെ ശരീരത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണു കഴുത്ത്. ഉറുമ്പ് വായിൽ എടുത്തുകൊണ്ടുപോകുന്ന വസ്തുക്കളുടെ മുഴുവൻ ഭാരവും താങ്ങുന്നതു കഴുത്താണ്. ഉറുമ്പിന്റെ കഴുത്തിനുള്ളിലെ മൃദുവായ കലകൾ അതിന്റെ ഉടലിന്റെയും തലയുടെയും കട്ടിയായ ആവരണവുമായി യോജിപ്പിച്ചിരിക്കുന്ന ഘടന കണ്ടാൽ കോർത്തുപിടിച്ച വിരലുകൾപോലെയിരിക്കും. “ഈ സംവിധാനത്തിന്റെ രൂപവും ഘടനയും കഴുത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്” എന്ന് ഒരു ഗവേഷകൻ പറയുന്നു. “മൃദുവായൊരു വസ്തുവും കടുപ്പമേറിയൊരു വസ്തുവും തമ്മിൽ സവിശേഷമായ രീതിയിൽ ഇങ്ങനെ കൂട്ടിച്ചേർത്തിരിക്കുന്നത്, സാധ്യതയനുസരിച്ച് അവ തമ്മിൽ നന്നായി പിടിച്ചിരിക്കാൻ സഹായിക്കുന്നു. അവയുടെ കഴുത്തിന് ഇത്രയും വലിയ ഭാരം താങ്ങാൻ സാധിക്കുന്നതിനു പിന്നിലെ രഹസ്യം അവയുടെ ശരീരത്തിന്റെ രൂപകല്പനയിലെ ഈയൊരു സവിശേഷതയാകാം.” ഉറുമ്പിന്റെ കഴുത്തിന്റെ പ്രവർത്തനവിധം കുറച്ചുകൂടെ വ്യക്തമായി മനസ്സിലാക്കുന്നത്, മനുഷ്യനിർമിതമായ റോബോട്ടിക് സംവിധാനങ്ങളുടെ രൂപകല്പനയിൽ ഒരു കുതിച്ചുചാട്ടത്തിനു വഴിവെക്കുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ.
നിങ്ങൾക്ക് എന്തു തോന്നുന്നു? ഉറുമ്പിന്റെ കഴുത്തിലെ, അസാധാരണമായ ഒത്തിണക്കത്തോടെ പ്രവർത്തിക്കുന്ന ഈ സങ്കീർണസംവിധാനം പരിണാമപ്രക്രിയയിലൂടെ വന്നതാണോ? അതോ ആരെങ്കിലും രൂപകല്പന ചെയ്തതാണോ? ◼ (g16-E No. 3)