വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടും​ബ​ങ്ങൾക്കു​വേണ്ടി | ദാമ്പത്യം

പ്രശ്‌നങ്ങൾ എങ്ങനെ ചർച്ച ചെയ്യാം?

പ്രശ്‌നങ്ങൾ എങ്ങനെ ചർച്ച ചെയ്യാം?

വെല്ലു​വി​ളി

നിങ്ങളും ഇണയും ഒരു പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ ചർച്ച ചെയ്യു​ക​യാ​ണെ​ന്നി​രി​ക്കട്ടെ. ചർച്ച തീരു​ന്ന​തോ​ടെ നിങ്ങൾ തമ്മിലുള്ള അകലം കൂടു​ന്ന​താ​യി​ട്ടാ​ണോ സാധാരണ തോന്നാറ്‌? എങ്കിലും പ്രതീ​ക്ഷ​യ്‌ക്കു വകയുണ്ട്‌. ആദ്യമാ​യി, സ്‌ത്രീ​യും പുരു​ഷ​നും ആശയവി​നി​മയം ചെയ്യുന്ന രീതി​യി​ലെ വ്യത്യാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾ കുറച്ച്‌ കാര്യങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ട​തുണ്ട്‌. a

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

സാധാ​ര​ണ​യാ​യി സ്‌ത്രീ​കൾക്ക്‌ ഒരു പ്രശ്‌ന​ത്തി​ന്റെ പരിഹാ​രം കേൾക്കു​ന്ന​തി​നു മുമ്പേ അതെക്കു​റിച്ച്‌ ഉള്ളിലു​ള്ളതു മുഴുവൻ പറയാ​നാണ്‌ ഇഷ്ടം. ശരിക്കും പറഞ്ഞാൽ, സംസാ​രി​ക്കു​ന്ന​തു​ത​ന്നെ​യാ​ണു പലപ്പോ​ഴും പരിഹാ​രം.

“എന്റെ വികാ​രങ്ങൾ തുറന്ന്‌ പ്രകടി​പ്പി​ച്ചു​ക​ഴി​യു​മ്പോൾ, ഭർത്താവ്‌ എന്നെ മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്ന്‌ അറിയു​മ്പോൾ, എനിക്ക്‌ ആശ്വാസം തോന്നും. അതി​നെ​ക്കു​റിച്ച്‌ പറഞ്ഞു​ക​ഴി​ഞ്ഞാൽ എനിക്കു തൃപ്‌തി​യാ​കും. സാധാ​ര​ണ​യാ​യി ഞങ്ങൾ സംസാ​രി​ച്ചു​ക​ഴിഞ്ഞ്‌ ഏതാനും മിനി​ട്ടു​കൾക്കു​ള്ളിൽത്തന്നെ എനിക്ക്‌ ആ വ്യത്യാ​സം അനുഭ​വ​പ്പെ​ടാ​റുണ്ട്‌.”—സിർപ്പ. b

“എന്റെ മനസ്സി​ലു​ള്ളതു മുഴുവൻ ഭർത്താ​വി​നോ​ടു തുറന്നു​പ​റ​യാ​തെ എനിക്കു മുന്നോ​ട്ടു പോകാ​നാ​കില്ല. എല്ലാം തുറന്നു​പ​റ​യു​ന്നത്‌ എനിക്ക്‌ ഒരു പരിഹാ​ര​മാണ്‌.”—ഈ-ജിൻ.

“അത്‌ ഒരു കുറ്റാ​ന്വേ​ഷണം നടത്തു​ന്ന​തു​പോ​ലെ​യാണ്‌. ആ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്ന​തി​നി​ടെ അതിലെ ഓരോ വിശദാം​ശ​ങ്ങ​ളും വിശക​ലനം ചെയ്‌ത്‌ പ്രശ്‌ന​ത്തി​ന്റെ യഥാർഥ​കാ​രണം മനസ്സി​ലാ​ക്കാ​നാ​യി​രി​ക്കും ഞാൻ ശ്രമി​ക്കു​ന്നത്‌.”—ലൂർദ്‌സ്‌.

പുരു​ഷ​ന്മാ​രു​ടെ ചിന്ത മുഴുവൻ പരിഹാ​ര​ത്തെ​ക്കു​റി​ച്ചാണ്‌. അതു മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. കാരണം പ്രശ്‌ന​പ​രി​ഹാ​രം നിർദേ​ശി​ക്കു​മ്പോൾ തന്നെ​ക്കൊണ്ട്‌ ഉപകാ​ര​മുണ്ട്‌ എന്നു പുരു​ഷനു തോന്നു​ന്നു. സഹായ​ത്തി​നു​വേണ്ടി ഭാര്യക്കു തന്നെ ആശ്രയി​ക്കാം എന്നു കാണി​ക്കാ​നുള്ള ഭർത്താ​വി​ന്റെ ഒരു രീതി​യാ​ണു പരിഹാ​രം പറഞ്ഞു​കൊ​ടു​ക്കു​ന്നത്‌. അതു​കൊണ്ട്‌ ആ പരിഹാ​രം പെട്ടെന്നു സ്വീക​രി​ച്ചി​ല്ലെ​ങ്കിൽ ഭർത്താ​ക്ക​ന്മാർ ആകെ അമ്പരന്നു​പോ​യേ​ക്കാം. “പരിഹാ​രം വേണ്ടെ​ങ്കിൽ എന്തിനാണ്‌ ഒരു പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ നീ എന്നോടു സംസാ​രി​ക്കാൻ വരുന്ന​തെന്ന്‌ എനിക്കു പിടി​കി​ട്ടു​ന്നില്ല” എന്നു ഭർത്താ​വായ കിർക്ക്‌ പറയുന്നു.

പക്ഷേ, “ഉപദേശം കൊടു​ക്കു​ന്ന​തി​നു മുമ്പ്‌ കാര്യം മനസ്സി​ലാ​ക്കി​യി​രി​ക്കണം” എന്നാണു വിവാ​ഹ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചുള്ള ഒരു പുസ്‌തകം (The Seven Principles for Making Marriage Work) മുന്നറി​യി​പ്പു തരുന്നത്‌. അതു തുടർന്ന്‌ പറയുന്നു: “ഒരു പരിഹാ​ര​ത്തെ​ക്കു​റിച്ച്‌ പറയു​ന്ന​തി​നു മുമ്പ്‌ നിങ്ങളു​ടെ പങ്കാളി​യു​ടെ വിഷമം നിങ്ങൾക്കു നന്നായി മനസ്സി​ലാ​കു​ന്നു​ണ്ടെ​ന്നും അതിൽ മനസ്സലിവ്‌ തോന്നു​ന്നു​ണ്ടെ​ന്നും പങ്കാളി​ക്കു വ്യക്തമാ​കണം. മിക്ക സാഹച​ര്യ​ങ്ങ​ളി​ലും നിങ്ങളു​ടെ ഇണയ്‌ക്ക്‌ ഒരു പരിഹാ​ര​ത്തി​ന്റെ ആവശ്യമേ കാണില്ല, പകരം ഒരു നല്ല ശ്രോ​താ​വി​നെ​യാ​യി​രി​ക്കും അവൾക്കു വേണ്ടത്‌.”

നിങ്ങൾക്കു ചെയ്യാ​വു​ന്നത്‌

ഭർത്താ​ക്ക​ന്മാർക്കു​വേണ്ടി: ഭാര്യ​യു​ടെ വികാ​രങ്ങൾ മനസ്സി​ലാ​ക്കി സമാനു​ഭാ​വ​ത്തോ​ടെ ശ്രദ്ധി​ക്കു​ന്നത്‌ ഒരു ശീലമാ​ക്കുക. തോമസ്‌ എന്ന ഭർത്താവ്‌ പറയുന്നു: “അവൾക്കു പറയാ​നു​ള്ള​തെ​ല്ലാം കേട്ട​ശേഷം പലപ്പോ​ഴും ‘അതു​കൊണ്ട്‌ ഒരു കാര്യ​വു​മു​ണ്ടാ​യില്ല’ എന്ന്‌ എനിക്കു തോന്നാ​റുണ്ട്‌. പക്ഷേ ശ്രദ്ധി​ക്കുന്ന ഒരു കാത്‌, മിക്ക​പ്പോ​ഴും അതു മാത്ര​മാണ്‌ എന്റെ ഭാര്യക്കു വേണ്ടത്‌.” സ്റ്റീഫൻ എന്നു പേരുള്ള ഒരു ഭർത്താ​വും അതി​നോ​ടു യോജി​ക്കു​ന്നു. അദ്ദേഹം പറയുന്നു: “ഒട്ടും തടസ്സ​പ്പെ​ടു​ത്താ​തെ ഭാര്യക്കു പറയാ​നു​ള്ളതു മുഴുവൻ കേൾക്കു​ന്ന​താ​ണു നല്ലതെന്ന്‌ എനിക്കു തോന്നി​യി​ട്ടുണ്ട്‌. മിക്ക​പ്പോ​ഴും സംസാ​രി​ച്ചു​ക​ഴി​യു​മ്പോൾത്തന്നെ തനിക്ക്‌ ഒത്തിരി ആശ്വാസം തോന്നി​യ​താ​യി അവൾ എന്നോടു പറയാ​റുണ്ട്‌.”

പരീക്ഷി​ച്ചു​നോ​ക്കുക: അടുത്ത പ്രാവ​ശ്യം ഭാര്യ​യു​മാ​യി ഒരു പ്രശ്‌നം ചർച്ച ചെയ്യു​മ്പോൾ, അവൾ ആവശ്യ​പ്പെ​ടാ​തെ​തന്നെ ഉപദേശം കൊടു​ക്കാൻ തോന്നി​യാ​ലും അതു ചെയ്യാ​തി​രി​ക്കുക. അവളുടെ മുഖത്തു​തന്നെ നോക്കി അവൾ പറയു​ന്നതു നന്നായി ശ്രദ്ധി​ക്കുക. പറയുന്ന കാര്യ​ങ്ങ​ളോ​ടു യോജി​ക്കു​ന്നെന്നു കാണി​ക്കാൻ തലയാ​ട്ടുക. കേട്ടതു മനസ്സി​ലാ​യെന്നു കാണി​ക്കാൻ അവൾ പറഞ്ഞ കാര്യങ്ങൾ ചുരു​ക്ക​മാ​യൊ​ന്നു പറയുക. “ഞാൻ അവളെ മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ഞാൻ അവളുടെ ഭാഗത്താ​ണെ​ന്നും ഉള്ള ഉറപ്പു മാത്രമേ ചില​പ്പോൾ അവൾക്കു വേണ്ടൂ” എന്നു ഭർത്താ​വായ ചാൾസ്‌ പറയുന്നു.—ബൈബിൾത​ത്ത്വം: യാക്കോബ്‌ 1:19.

ഭാര്യ​മാർക്കു​വേണ്ടി: എന്താണു വേണ്ട​തെന്നു വ്യക്തമാ​യി പറയുക. ഒരു ഭാര്യ​യായ എലെനി പറയുന്നു: “നമുക്ക്‌ എന്താണു വേണ്ട​തെന്ന്‌ ഇണ അപ്പപ്പോൾ മനസ്സി​ലാ​ക്ക​ണ​മെ​ന്നാ​ണു നമ്മുടെ ആഗ്രഹം. പക്ഷേ ചില സമയങ്ങ​ളിൽ നമ്മൾ അതു വായ്‌ തുറന്ന്‌ പറയേ​ണ്ടി​വ​രും.” ഭാര്യ​യായ ഈനെ​സി​ന്റെ നിർദേശം ഇതാണ്‌: “എനിക്കു വേണ​മെ​ങ്കിൽ ഇങ്ങനെ പറയാം: ‘ഒരു കാര്യം എന്നെ വല്ലാതെ അലട്ടു​ന്നുണ്ട്‌. അതൊന്നു കേൾക്കാ​മോ? അതിനു പരിഹാ​ര​മൊ​ന്നും പറഞ്ഞി​ല്ലെ​ങ്കി​ലും എന്റെ ഉള്ളിലു​ള്ളത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കി​യാൽ മാത്രം മതി.’”

പരീക്ഷി​ച്ചു​നോ​ക്കുക: നിങ്ങളു​ടെ ഭർത്താവ്‌ ഇടയ്‌ക്കു കയറി പരിഹാ​രം നിർദേ​ശി​ക്കു​ക​യാ​ണെ​ങ്കിൽ അദ്ദേഹം നിങ്ങളെ മനസ്സി​ലാ​ക്കു​ന്നി​ല്ലെന്ന്‌ അങ്ങനെ​യങ്ങു നിഗമനം ചെയ്യരുത്‌. അദ്ദേഹം നിങ്ങളു​ടെ ഭാരം കുറയ്‌ക്കാ​നാ​യി​രി​ക്കും നോക്കു​ന്നത്‌. ഭാര്യ​യായ എസ്ഥേർ പറയുന്നു: “അസ്വസ്ഥ​യാ​കു​ന്ന​തി​നു പകരം, എന്റെ ഭർത്താവ്‌ എന്നെ മനസ്സി​ലാ​ക്കു​ന്നു​ണ്ടെ​ന്നും ഞാൻ പറയു​ന്നതു ശ്രദ്ധി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും തിരി​ച്ച​റി​യാൻ ഞാൻ ശ്രമി​ക്കാ​റുണ്ട്‌. ഇതെല്ലാം എന്നെ സഹായി​ക്കാ​നുള്ള അദ്ദേഹ​ത്തി​ന്റെ ശ്രമങ്ങ​ളാ​ണെ​ന്നും ഞാൻ മനസ്സി​ലാ​ക്കു​ന്നു.”—ബൈബിൾത​ത്ത്വം: റോമർ 12:10.

രണ്ടു കൂട്ടർക്കും​വേണ്ടി: ആളുകൾ നമ്മളോട്‌ എങ്ങനെ പെരു​മാ​റ​ണ​മെ​ന്നാ​ണോ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌, അതു​പോ​ലെ​യാ​യി​രി​ക്കാം നമ്മൾ അവരോ​ടും പെരു​മാ​റു​ന്നത്‌. എന്നാൽ ഇണയുടെ പ്രശ്‌നങ്ങൾ ഫലകര​മാ​യി ചർച്ച ചെയ്യണ​മെ​ങ്കിൽ നിങ്ങൾ ചിന്തി​ക്കേ​ണ്ടത്‌, നിങ്ങളു​ടെ ഇണ ഏതു രീതി​യി​ലുള്ള പെരു​മാ​റ്റ​മാ​ണു പ്രതീ​ക്ഷി​ക്കു​ന്ന​തെ​ന്നാണ്‌. (1 കൊരി​ന്ത്യർ 10:24) മീഗൽ എന്നു പേരുള്ള ഭർത്താവ്‌ ഇതെപ്പറ്റി ഇങ്ങനെ​യാ​ണു പറയു​ന്നത്‌: “നിങ്ങൾ ഒരു ഭർത്താ​വാ​ണെ​ങ്കിൽ ഭാര്യ പറയു​ന്നതു ശ്രദ്ധി​ക്കാൻ മനസ്സു​കാ​ണി​ക്കുക. നിങ്ങൾ ഒരു ഭാര്യ​യാ​ണെ​ങ്കിൽ ഭർത്താവ്‌ പറയുന്ന പരിഹാ​രങ്ങൾ ഇടയ്‌ക്കൊ​ക്കെ ശ്രദ്ധി​ക്കു​ക​യും വേണം. ഒരു വിട്ടു​വീ​ഴ്‌ച​യ്‌ക്കു തയ്യാറാ​യാൽ രണ്ടു കൂട്ടർക്കും പ്രയോ​ജനം കിട്ടും.”—ബൈബിൾത​ത്ത്വം: 1 പത്രോസ്‌ 3:8. ◼ (g16-E No. 3)

a ഇവിടെ ചർച്ച ചെയ്യുന്ന ചില വ്യക്തി​ത്വ​സ​വി​ശേ​ഷ​തകൾ എല്ലാ ഭാര്യാ​ഭർത്താ​ക്ക​ന്മാ​രു​ടെ​യും കാര്യ​ത്തിൽ ഒരു​പോ​ലെ​യാ​യി​രി​ക്ക​ണ​മെ​ന്നില്ല. എങ്കിലും ഈ ലേഖന​ത്തിൽ പറഞ്ഞി​രി​ക്കുന്ന തത്ത്വങ്ങൾ, ഇണയെ കുറച്ചു​കൂ​ടെ നന്നായി മനസ്സി​ലാ​ക്കി ആശയവി​നി​മയം നടത്താൻ വിവാ​ഹി​തരെ സഹായി​ക്കും.

b ഈ ലേഖന​ത്തി​ലെ പേരു​കൾക്കു മാറ്റം വരുത്തി​യി​ട്ടുണ്ട്‌.