മുഖ്യലേഖനം
ശീലങ്ങൾ ചൊൽപ്പടിയിലാക്കാൻ
-
ഓസ്റ്റിന്റെ അലാറം അടിച്ചു. ഉറക്കച്ചടവ് ഇനിയും വിട്ടിട്ടില്ല. പക്ഷേ അവൻ കിടക്കയിൽനിന്ന് ചാടിയെഴുന്നേറ്റു. തലേ രാത്രിതന്നെ എടുത്തുവെച്ചിരുന്ന വ്യായാമവസ്ത്രം ധരിച്ച് കുറച്ച് ദൂരം ഓടാൻ ഇറങ്ങി. കഴിഞ്ഞ ഒരു വർഷമായി ആഴ്ചയിൽ മൂന്നു തവണ ഇതു പതിവാണ്.
-
ലോരി ഭർത്താവുമായി ഒരു വഴക്കു കഴിഞ്ഞതേയുള്ളൂ. നിരാശയും ദേഷ്യവും സഹിക്കവയ്യാതെ അവൾ അടുക്കളയിലേക്കു പാഞ്ഞുചെന്നു. എന്നിട്ട് ചോക്ലേറ്റ് മിഠായികളുടെ കൂടു തുറന്ന് അതു മുഴുവൻ തിന്നുതീർത്തു. എപ്പോൾ മനപ്രയാസമുണ്ടായാലും ലോരി ഇതാണു ചെയ്യാറ്.
ഓസ്റ്റിന്റെയും ലോരിയുടെയും പെരുമാറ്റത്തിൽ എന്തെങ്കിലും സാമ്യം കാണുന്നുണ്ടോ? അവർ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും രണ്ടു പേരെയും ആഴമായി സ്വാധീനിക്കുന്ന ഒരു കാര്യമുണ്ട്—ശീലങ്ങളുടെ ശക്തി.
നിങ്ങളുടെ കാര്യമോ? ജീവിതത്തിൽ ഏതെങ്കിലും നല്ല ശീലങ്ങൾ വളർത്തിയെടുക്കണമെന്നു നിങ്ങൾക്കുണ്ടോ? പതിവായി വ്യായാമം ചെയ്യണമെന്നോ ആവശ്യത്തിന് ഉറങ്ങണമെന്നോ പ്രിയപ്പെട്ടവരെ കൂടെക്കൂടെ വിളിക്കണമെന്നോ ഒക്കെ നിങ്ങൾക്ക് ആഗ്രഹം കാണും.
അല്ലെങ്കിൽ ഏതെങ്കിലും ദുശ്ശീലം മാറ്റാനായിരിക്കും നിങ്ങളുടെ ശ്രമം. സിഗരറ്റ് വലിക്കുന്നതോ രുചി കൂട്ടാൻ കൃത്രിമപദാർഥങ്ങൾ ചേർത്തുണ്ടാക്കുന്ന ഭക്ഷണം കണക്കിലധികം കഴിക്കുന്നതോ ഇന്റർനെറ്റിൽ അമിതമായി സമയം ചെലവഴിക്കുന്നതോ ഒക്കെ നിറുത്തണമെന്നു നിങ്ങൾക്ക് ആഗ്രഹം കാണും.
ഒരു ദുശ്ശീലം മാറ്റുന്നതു വളരെ പ്രയാസമാണെന്നുള്ളതു ശരിയാണ്. നല്ല തണുപ്പുള്ള ഒരു ദിവസം ഇളംചൂടുള്ള ഒരു കിടക്ക കിട്ടുന്നതുപോലെയാണു ദുശ്ശീലങ്ങൾ എന്നു പറയാം. അതിൽ കയറിക്കൂടാൻ വളരെ സുഖമാണ്, എന്നാൽ ഇറങ്ങിപ്പോരാൻ അത്ര എളുപ്പമല്ല.
അതുകൊണ്ട് നിങ്ങൾക്കു ദോഷം ചെയ്യുന്നതിനു പകരം ഗുണം ചെയ്യുന്ന രീതിയിൽ നിങ്ങളുടെ ശീലങ്ങളെ എങ്ങനെ നിയന്ത്രിച്ചുനിറുത്താം? ബൈബിളിൽ കാണുന്ന ചില തത്ത്വങ്ങൾ അടിസ്ഥാനമാക്കിയുള്ള മൂന്നു നിർദേശങ്ങൾ നമുക്കു നോക്കാം. (g16-E No. 4)