ശാസ്ത്രജ്ഞർക്കു മനസ്സിലാകാത്തത്
പ്രപഞ്ചത്തിന്റെ മിക്ക മേഖലകളെക്കുറിച്ചും ശാസ്ത്രജ്ഞർ പഠിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു. എന്നിട്ടും പല പ്രധാനചോദ്യങ്ങൾക്കും ഉത്തരം തരാൻ അവർക്കു കഴിയുന്നില്ല.
പ്രപഞ്ചത്തിന്റെയും ജീവന്റെയും തുടക്കത്തെക്കുറിച്ച് വിശദീകരിക്കാൻ ശാസ്ത്രജ്ഞർക്കു കഴിയുന്നുണ്ടോ? ഇല്ല. ചിലർ പറയുന്നതു പ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയ്ക്കു പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ച് വിശദീകരിക്കാൻ അറിയാമെന്നാണ്. എങ്കിലും ഡാർട്മത് കോളേജിലെ ഒരു ജ്യോതിശാസ്ത്ര പ്രൊഫസ്സറും ഒരു അജ്ഞേയവാദിയും ആയ മാർസെലോ ഗ്ലെയ്സർ പറയുന്നത് ഇതാണ്: “പ്രപഞ്ചത്തിന്റെ തുടക്കത്തെക്കുറിച്ച് ഞങ്ങൾ ഇതുവരെ വിശദീകരിച്ചിട്ടേ ഇല്ല.”
ജീവന്റെ തുടക്കത്തെക്കുറിച്ച് സയൻസ് ന്യൂസ് (ഇംഗ്ലീഷ്) മാസിക പറഞ്ഞത് ഇതാണ്: “ഭൂമിയിൽ ജീവൻ ഉണ്ടായത് എങ്ങനെയാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലായിരിക്കും. കാരണം ഭൂമിയുടെ തുടക്കത്തിൽ എന്താണു സംഭവിച്ചതെന്നു കാണിക്കുന്ന ഫോസിലുകളും ശിലകളും പണ്ടേ അപ്രത്യക്ഷമായി.” ഇതിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം? ശാസ്ത്രത്തിന് ഉത്തരം തരാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ചോദ്യമാണു പ്രപഞ്ചത്തിന്റെയും ജീവന്റെയും തുടക്കം എങ്ങനെയാണ് എന്നത്.
പക്ഷേ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഭൂമിയിലെ ജീവൻ രൂപകല്പന ചെയ്തതാണെങ്കിൽ ആരാണ് അതിന്റെ രൂപരചയിതാവ്?’ ഇനി ഈ ചോദ്യങ്ങളും നിങ്ങളുടെ മനസ്സിലേക്കു വന്നേക്കാം: ‘ജ്ഞാനവും സ്നേഹവും ഉള്ള ഒരു സ്രഷ്ടാവുണ്ടെങ്കിൽ മനുഷ്യർ കഷ്ടപ്പെടാൻ സ്രഷ്ടാവ് അനുവദിക്കുന്നത് എന്തുകൊണ്ടാണ്? ഇത്രയധികം മതങ്ങളുള്ളത് എന്തുകൊണ്ടാണ്? മോശമായ കാര്യങ്ങൾ ചെയ്യാൻ സ്രഷ്ടാവ് തന്റെ ആരാധകരെ അനുവദിക്കുന്നത് എന്തുകൊണ്ടാണ്?’
ഇതിനുള്ള ഉത്തരം ശാസ്ത്രത്തിനു തരാൻ കഴിയില്ല. എന്നുവെച്ച് ഉത്തരം കിട്ടില്ല എന്നല്ല. പലർക്കും ബൈബിളിൽനിന്ന് ഇവയ്ക്കുള്ള തൃപ്തികരമായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
ബൈബിൾ പഠിക്കാൻ സമയമെടുത്ത ചില ശാസ്ത്രജ്ഞർ തങ്ങൾ ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നതായി പറയുന്നുണ്ട്. അതിന്റെ കാരണം അറിയാൻ jw.org സന്ദർശിക്കുക. അതിൽ “ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ” എന്ന് സെർച്ച് ചെയ്യുക.